TopTop
Begin typing your search above and press return to search.

'എന്റെയീ കൈകളില്‍ നിന്നാണ് ആ ട്രോഫി അവര്‍ കൈക്കലാക്കിയത്'; ഒരിക്കല്‍ കൂടി സിസ്സേ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു കാണും

എന്റെയീ കൈകളില്‍ നിന്നാണ് ആ ട്രോഫി അവര്‍ കൈക്കലാക്കിയത്; ഒരിക്കല്‍ കൂടി സിസ്സേ ഈ വാക്കുകള്‍ ആവര്‍ത്തിച്ചു കാണും

'ആ ട്രോഫി എന്റെ കൈകളില്‍ ആയിരുന്നു. എന്റെയീ കൈകളില്‍ നിന്നാണ് അവരത് കൈക്കലാക്കിയത്' പതിനാറ് കൊല്ലം മുമ്പ് ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ കാമറൂണുമായുള്ള പരാജയത്തിന് ശേഷം സെനഗല്‍ എന്ന ചെറു രാജ്യത്തിന്റെ ക്യാപ്റ്റന്‍ അലിയോ സിസ്സേ പറഞ്ഞ വാക്കുകളായിരുന്നു. ഇന്നലെ അതേ വാക്കുകള്‍ സിസ്സേ ആവര്‍ത്തികാണും. കൊളംബിയോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടപ്പോള്‍ സെനഗലിന്റെ കോച്ചായി തലക്കുനിച്ച് നിന്നത് ആ പഴയ ക്യാപ്റ്റന്‍ സിസ്സേ തന്നെയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ഥി ഹരി കുമാര്‍ സി സെനഗലിനെകുറിച്ചും സിസ്സേയെക്കുറിച്ചും കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ്-

"So sexy ; in his voice , in his look

'സൈഫ് , ആ ട്രോഫി എന്റെ കൈകളില്‍ ആയിരുന്നു. എന്റെയീ കൈകളില്‍ നിന്നാണ് അവരത് കൈക്കലാക്കിയത്.'

2002 ലെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പിന്റെ ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി, കിരീടം കാമറൂണിനു അടിയറവു വെച്ച്, ജയിച്ച ടീമിന്റെ ആഹ്ലാദങ്ങള്‍ക്കിടയില്‍, തോല്‍വിയേറ്റുവാങ്ങിയ ടീമിന്റെ തൂക്കിയാലൊതുങ്ങാത്ത ഹൃദയ ഭാരങ്ങള്‍ക്കിടയിലൂടെ സെനഗല്‍ എന്ന ചെറു രാജ്യത്തിന്റെ ക്യാപ്റ്റന്‍ അലിയോ സിസ്സേ തലകുനിച്ചു നടന്നു. തകര്‍ന്നു പോയ ടീം അംഗങ്ങളെ അയാള്‍ സമാധാനിപ്പിച്ചു, ഉള്ളിലുറഞ്ഞു കൂടിയ തീ പുറത്തുകാണിക്കാതെ. തിരിച്ചു റൂമിലെത്തി, തന്റെ കളിക്കൂട്ടുകാരനോട് , സൈഫ് ദിയയോട് പറഞ്ഞ വാക്കുകള്‍ ആണിത്.

ചരിത്രം തെല്ലുപോലും കരുണയില്ലാതെ ആവര്‍ത്തിക്കപ്പെട്ടിരിക്കുന്നു. ഹൃദയം കൊടുത്തു പോരാടിയിട്ടും, പോയിന്റ് നിലയില്‍ ഒരുമിച്ചായിട്ടും, രണ്ടു മഞ്ഞ കാര്‍ഡിന്റെ കണക്ക് കൂട്ടലുകളില്‍ സെനഗല്‍ എന്ന ടീം 2018 ഫിഫ ലോകകപ്പില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ സെനഗല്‍ ടീമിന് കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നൊരു തിരിച്ചടി. ലോകഫുട്‌ബോളില് മേല്‍വിലാസം തെളിയിക്കാനുള്ള അവസരമാണ് നൂല്‍പ്പാലമകലെ നിന്നും അകന്നുപോയത്. .

അന്നും ഇന്നും ഒരാള്‍, ആലിയോ സിസ്സേ, അയാളുണ്ട്.... നിര്‍വികാരനായി... ഉള്ളിലുറഞ്ഞു കത്തുന്ന കാട്ടുതീ പുറത്തുകാട്ടാതെ, അയാളുണ്ട് ആ ടീമിന്റെ അമരക്കാരനായി.. ഇന്ന് പക്ഷെ അവരുടെ പരിശീലകനായി. എന്നാലും അയാളുടെ കണ്ണുകളില്‍ നിങ്ങള്ക്ക് കാണാം, അടങ്ങാത്ത കാട്ടുതീ...

ലോകകപ്പില്‍ മുന്നോട്ടു പോവണം എന്ന് ഏറ്റവുമധികം ആഗ്രഹിച്ച ടീം സെനഗല്‍ ആയിരുന്നു. സാദിയോ മനയുടെ ടീം, അലിയോ സിസ്സേയുടെ കുട്ടികള്‍. ആഫ്രിക്കന്‍ ടീമുകളെ സ്വതവേ പരിചയപ്പെടുത്തുന്ന അലസതയുടെയും, ബുദ്ധിശൂന്യതയുടെയും കാല്പന്തുകളി നിര്‍വചനങ്ങളെ എട്ടായി മടക്കി ചവറ്റു കൊട്ടയിലേക്കെറിഞ്ഞാണ് ഈ തിരിച്ചു പോക്ക്. പറ്റാവുന്നത്രയും സംഘടിതമായി തന്നെ സെനഗല്‍ കാല്‍പ്പന്തു തട്ടി. കുറച്ചു കൂടി പരിചയമുണ്ടെങ്കില്‍ സെനഗല്‍ രണ്ടാം റൗണ്ട് കടന്നേനെ.

ലോകകപ്പിനെത്തിയ 32 ടീമുകളുടെ പരിശീലകരില്‍ രണ്ടു പേര് മാത്രമാണ് കറുത്ത വര്‍ഗക്കാര്‍. സിസ്സയെ കൂടാതെ ടുണീഷ്യന്‍ കോച്ച് നബീല്‍ മാലോല്‍ മാത്രം. വെള്ളക്കാരാണ് പലപ്പോഴും ആഫ്രിക്കന്‍ ടീമുകളുടെ പരിശീലകര്‍ ആയി വരാറുള്ളത്. ലോക ഫുട്‌ബോളിന്റെ കണക്കെടുത്താല്‍ തന്നെ അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ സിസ്സേ വെറും ഒന്‍പതാമത്തെ ആഫ്രിക്കന്‍ കോച്ചാണ്. കഴിഞ്ഞ സീസണുകളില്‍ 92 ഇംഗ്ലീഷ് ടീമുകളില്‍ വെറും 8 ആള്‍ക്കാരാണ് എത്‌നിക് മൈനോറിറ്റി വിഭാഗങ്ങളില്‍ നിന്നും പരിശീലകര്‍ ആയി വന്നിട്ടുള്ളത് എന്ന് പറയുമ്പോള്‍ തന്നെ കാര്യങ്ങളുടെ ഏകദേശ ധാരണ കിട്ടും എന്ന് വിചാരിക്കുന്നു.

സെനഗല്‍ ലോകകപ്പില്‍ ധീരമായ മുദ്രാവാക്യം തന്നെയാണുയര്‍ത്തിയത്. ആഫ്രിക്കന്‍ ടീം, ആഫ്രിക്കന്‍ കോച്ച് എന്ന വിപ്ലവാത്മകമായ മുദ്രാവാക്യം.തൊലിനിറം കറുത്തവന്‍ വെള്ളം കോരിയാല്‍ മാത്രം മതിയെന്നും, കളി പഠിപ്പിക്കാനുള്ള കഴിവ് അവന്‍/അവള്‍ക്കില്ലെന്നുമുള്ള വാദങ്ങളെ സെനഗലും സിസ്സെയും ഏറ്റവും സുന്ദരമായി തിരുത്തി. കറുത്തവന്റെ കളി പഠിപ്പിക്കാനുള്ള ചിന്താശേഷിയും ഭാവനയും ഇത്രയും നാള്‍ ആരാലും ഉപയോഗിക്കാതെ ക്ലാവ് പിടിച്ചിരിക്കുകയായിരുന്നു, നൈജീരിയയുടെ സ്റ്റീഫന്‍ കേശി, കോംഗോയുടെ ഫ്‌ലോറെന്റ് ഇബെന്‍കെ തുടങ്ങിയ വളരെ ചുരുക്കം അപവാദങ്ങള്‍ മാത്രമേ സിസ്സെക്ക് മുന്പുണ്ടായിട്ടുള്ളു. വെറും 16 മില്യണ്‍ മാത്രം ജനങ്ങള്‍ വസിക്കുന്ന , സെക്കുലര്‍ രാജ്യമായ സെനഗല്‍ ലോക ജനതയ്ക്ക് ശക്തമായ സന്ദേശം നല്‍കിയിരിക്കുന്നു.

കാല്‍പന്തുകളിയുടെ വായ്പ്പാട്ടില്‍ പാണന്മാര്‍ ഏറെ പാടിയ 2002 ലോകകപ്പിലെ സെനഗല്‍ അട്ടിമറിക്കു ശേഷമാണ് 2003 ല്‍ അവിടെ ഒരു യൂത്ത് അക്കാഡമി തുടങ്ങുന്നത്. ഇന്ന് ലോകകപ്പിനെത്തിയ 23 ല്‍ 12 കളിക്കാര്‍ 'ഡയമ്പെര്‍ ' അഥവാ 'ചാമ്പ്യന്‍സ് 'എന്ന് വിളിക്കുന്ന ആ അക്കാഡമിയുടെ സംഭാവനയാണ് എന്നോര്‍ക്കുക. റഷ്യയിലേക്ക് പുറപ്പെടും മുന്‍പ് 'തെരങ്കയുടെ സിംഹങ്ങള്‍ ' പരിശീലിക്കുവാന്‍ തിരഞ്ഞെടുത്തതും ഇതേ ഡയമ്പെര്‍ തന്നെ.

കളി പഠിക്കുന്ന 137 മക്കള്‍ക്കു പ്രചോദനമാവാന്‍ ദേശീയ ടീമിനെ ഡയമ്പെറിലേക്കു വിട്ടത് മുതല്‍, തന്റെ ഗോള്‍കീപ്പിങ് കോച്ച്, സഹപരിശീലകര്‍, തുടങ്ങി വേണ്ടപ്പെട്ട എല്ലായിടത്തും കറുത്തവരെ മാത്രം വിളിച്ചത് വരെ സിസ്സേയുടെ നിലപാടാണ് , ശക്തമായ രാഷ്ട്രീയ നിലപാട് ... ഈ ലോകകപ്പില്‍ എത്തിയ ഏറ്റവും കുറഞ്ഞ പ്രായമുള്ള, എന്നാല്‍ ഏറ്റവും കുറഞ്ഞ വേതനം കൈപ്പറ്റുന്ന സിസ്സേയുടെ അടിമുടി വിപ്ലവാത്മകമായ നിലപാട്.

2018 ലോകകപ്പില്‍ ഇതേവരെ ഏറ്റവും വൈറല്‍ ആയത് , ചുരുണ്ട നീളന്‍ മുടിയും, സൂപ്പര്‍ ഫിറ്റ് ശരീരവുമായി റോക്ക് സ്റ്റാര്‍ ലുക്ക് ഉള്ള സിസ്സേയാണ് . സിസ്സേ 'സൂപ്പര്‍ സെക്‌സി ' ആവുന്നത് പക്ഷെ ബാഹ്യമായ സൗന്ദര്യം കൊണ്ടല്ല , അതിലുപരി അയാളുയര്‍ത്തി പിടിക്കുന്ന വിപ്ലവാത്മകമായ നിലപാടുകള്‍ കൊണ്ടാണ്.

തങ്ങള്‍ക്കും ക്വാളിറ്റി പരിശീലകര്‍ ഉണ്ടെന്നും , ലോക ഫുട്‌ബോള്‍ ല്‍ തന്റേതായ ഇടം പിടിക്കുവാന്‍ തക്കവണ്ണം കഴിവ് ആഫ്രിക്കയ്ക്കുണ്ടെന്നുമാണ് സിസെ ഉറക്കെയുറക്കെ വിളിച്ചു പറയുന്നത്.

ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കിനാവുകള്‍ കൊയ്യുവാന്‍ കരുത്തുള്ള പുതു തലമുറ ആഫ്രിക്കന്‍ കണ്ണിയുടെ ആദ്യ കൊളുത്താണ് സിസെ... വസന്തം വിരിയുക തന്നെ ചെയ്യും എന്നുള്ളതിന്റെ സാക്ഷ്യപത്രം.

'ഒരു നാള്‍ ഞാനത് നേടും , കളിക്കാരനായി പറ്റില്ലായെങ്കില്‍ പരിശീലകനായി...'

ഇത് സൈഫിനോട് സിസെ പറഞ്ഞ വാക്കുകള്‍ ആണത്രേ, ഒരുനാള്‍ അയാള്‍ അത് നേടട്ടെ...."

https://www.azhimukham.com/russia2018-senegal-out-worldcup-japan-into-prequarter/

https://www.azhimukham.com/viral-sports-mexican-fans-celebrate-southkorea-victory-over-germany/

https://www.azhimukham.com/russia2018-prequarter-matches-overview/

https://www.azhimukham.com/sports-russia-2018-majority-teams-from-europ/

https://www.azhimukham.com/sports-russia2018-mohammed-salah-legend-playing-final-match/


Next Story

Related Stories