TopTop
Begin typing your search above and press return to search.

വേദനയായി ഫില്‍ ഹ്യൂസ്, വാര്‍ത്തയായി ധോണി; 2014ലെ ലോക കായിക രംഗം- ഒരു വിശകലനം

വേദനയായി ഫില്‍ ഹ്യൂസ്, വാര്‍ത്തയായി ധോണി; 2014ലെ ലോക കായിക രംഗം- ഒരു വിശകലനം

അലോക്

ഇത് എഴുതാനിരിക്കുമ്പോള്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനവും വന്നു. ഒരു പക്ഷേ 2014 ന്റെ അവസാനം കായികരംഗം കേട്ട ഏറ്റവും വലിയ വാര്‍ത്തയാകും ഇത്. ഇന്ത്യക്കുവേണ്ടി 90 ടെസ്റ്റ് ക്യാപ് അണിഞ്ഞ ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള പടിയിറക്കം. 144 ഇന്നിംഗ്‌സുകളില്‍ നിന്നും ആറു സെഞ്ച്വറിയും 33 അര്‍ദ്ധ സെഞ്ച്വറിയും അടക്കം 4876 റണ്‍സിന്റെ സമ്പാദ്യം. ജാര്‍ഖണ്ഡ് എന്ന പിന്നാക്ക സംസ്ഥാനത്തില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉന്നതിയിലെത്തിയ സാധാരണക്കാന്‍. തന്റെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ ധോണി 2014 ന്റെ അവസാനം അങ്ങനെ സംഭവബഹുലമാക്കി.


പോയ വര്‍ഷത്തിന്റെ കണക്കെടുക്കുമ്പോള്‍ മായാതെ നില്‍ക്കുന്നത് ബ്രസിലില്‍ നിന്നുള്ള ഓര്‍മ്മകളാണ്. ലോകം ഒരുകാല്‍പ്പന്തിനോളം ചെറുതായ വര്‍ഷം. വലിയൊരു ഇടവേളക്കുശേഷം ബ്രസിലിലേക്ക് മടങ്ങിയെത്തിയ ലോക കപ്പ് ആരാധകര്‍ക്ക് അവേശമായി. നേടാനുറച്ചെത്തിയ ബ്രസിലിന് മറ്റൊരു ദുരന്തം സമ്മാനിച്ച് ജര്‍മനി അന്തിമജയം നേടി. സെമിയില്‍ ലോകഫുട്ബോളിലെ ശക്തരായ കാനറികളെ നാണം കെടുത്തിവിട്ട ജര്‍മനി ഫൈനലില്‍ മരിയോ ഗോട്‌സേ നേടിയ ഏകഗോളില്‍ അര്‍ജന്റീനയെ ആണ് തോല്‍പ്പിച്ചത്. ഒരിക്കല്‍കൂടി ജര്‍മ്മനി ലോകത്തിന്റെ നെറുകയില്‍.ഹോളണ്ട് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. കറുത്തകുതിരകളാകാന്‍ വന്ന ബല്‍ജിയവും കൊളംബിയയും മെക്‌സിക്കൊയുമൊക്കെ ഒരുപാട്ദൂരം മുന്നേറാതെ അവസാനിച്ചപ്പോള്‍ ഒരുപാട് താരങ്ങളുടെ ഉയര്‍ച്ചയും ചില പതനങ്ങളഉം കണ്ട ബ്രസില്‍ 2014 ല്‍ ആരാധകര്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരുപാട് നല്ലമുഹൂര്‍ത്തങ്ങളും നല്‍കി. ഗോള്‍ലൈന്‍ ടെക്‌നോളജി, വാനിഷിംഗ് സ്‌പ്രേ, വാട്ടര്‍ ബ്രേക്കുകള്‍, തുടങ്ങിയവയൊക്കെ കണ്ട ആദ്യലോക കപ്പ്. 2014നെ ധന്യമാക്കിയ മാമാങ്കം.

ഒരു തിരിച്ചുവരവ് ഒപ്പം വരവറിയിച്ച് പുതിയൊരു തലമുറയും. പ്രവചനങ്ങളും പ്രതീക്ഷകളും തെറ്റിയ വര്‍ഷമായിരുന്നു ടെന്നീസ് ലോകത്ത് കടന്നുപോയത്. ഫെഡറര്‍, നദാല്‍, ദോക്കോവിച്ച്, മുറെ; ഈ നാല്‍വര്‍ സംഘത്തെ ചുറ്റിപ്പറ്റിയായിരുന്നു ലോക ടെന്നിസിന്റെ പോയ വര്‍ഷങ്ങള്‍. എന്നാല്‍ അതിനൊരു മാറ്റം കണ്ടു 2014 ല്‍. അട്ടിമറിയിലൂടെ ആയിരുന്നു സീസണിന്റെ തുടക്കം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ നദാലിനെ തോല്‍പ്പിച്ച് സ്റ്റാനിസ്ലാവ് വാവ്‌റിങ്ക കിരിടം നേടുമ്പേള്‍ പതിവുകള്‍ തെറ്റുകയായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ നദാലിന്റെ തിരിച്ചുവരവും കണ്ടു 2014. വിബിള്‍ഡണില്‍ ദോക്കോവിച്ചായിരുന്നു 2014 കീഴടക്കിയത്.യുഎസ് ഓപ്പണില്‍ നിഷിക്കോരിയെ തോല്‍പ്പിച്ച് സിലിച്ച് കിരിടമുയര്‍ത്തി. തോറ്റെങ്കിലും നിഷിക്കോരി കളിമണ്‍ കോര്‍ട്ടുകളില്‍ ഭാവിയുടെ താരം ഇനി താനാണ് എന്ന സൂചന നല്‍കി. വനിതാ വിഭാഗത്തില്‍ നാലു ടൂര്‍ണമെന്റില്‍ നാല് ജേതാക്കളെയാണ് 2014 കണ്ടത്. ഓസ്‌ട്രേലിയവന്‍ ഓപ്പണില്‍ നാ ലിയും ഫ്രഞ്ച് ഓപ്പണില്‍ പെഡ്രോ ക്വിറ്റോവയും വിംബിള്‍ഡണില്‍ ഷറപ്പോവയും യു എസ് ഓപ്പണില്‍ സെറിന വില്യംസും 2014 തങ്ങളുടേതാക്കി.

ലീഗുകള്‍ ഇന്ത്യന്‍ കായികത്തെ ഉയര്‍ത്തിയവര്‍ഷമായിരുന്നു കടന്നുപോയത്. ഫുട്‌ബോളിലും കബഡിയിലും ബാഡ്മിന്റണിലും ടെന്നീസിലും ഹോക്കിയിലുമെല്ലാം ലീഗുകള്‍ വന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉറങ്ങിക്കിടന്ന ഇന്ത്യന്‍ ഫുട്‌ബോളിന് ഉണര്‍വേകി. ആരെയയും അത്ഭുതപ്പെടുത്തി ഗ്യാലറിയില്‍ നിറഞ്ഞ ആരാധകര്‍. നിലവാരമുള്ള ഫുട്‌ബോള്‍ എന്തെന്ന് ഇന്ത്യന്‍ ആരാധകര്‍ കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയിലിരുന്ന് കണ്ടു.കേരളവും ബംഗാളും ഇന്ത്യന്‍ സൂപ്പര്‍ ലിഗിന്റെ കലാശക്കളിയില്‍ ഏറ്റുമുട്ടി. പാരമ്പര്യമുള്ള രണ്ടു ശക്തികളുടെ നിലവാര സമ്പന്നമായ പോരാട്ടം. അങ്ങനെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ലീഗ് കിരീടം ബംഗാളാലേക്കുപോയി. വരുന്ന വര്‍ഷത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതിഹാസങ്ങള്‍ പന്തുതട്ടുമെന്ന സൂചനയും നല്‍കി 2014.


ഇന്ത്യന്‍ ക്രിക്കറ്റ് തകര്‍ച്ചയോടെയാണ് 2014 ന് തുടക്കമിട്ടത് ന്യൂസിലാന്റ് പര്യടനത്തിന് പുറപ്പെട്ട ടീം ഇന്ത്യ തോറ്റമ്പിയാണ് തിരിച്ചെത്തിയത്. പിന്നെ ഇംഗ്ലണ്ടിലേക്ക് പോയ ഇന്ത്യ ചരിത്രനേട്ടവുമായി മടങ്ങി. വെസ്റ്റ്ഇന്ത്യന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചയും 2014 കണ്ടു. വേതന പ്രശ്‌നത്തെ ചൊല്ലി ഇന്ത്യന്‍ പര്യടനം പൂര്‍ത്തിയാക്കാതെ അവര്‍ മടങ്ങിയത് 2014 ന്റെ ക്രിക്കറ്റ് ചരിത്രത്തിലെ കറുത്തപാടായി. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമൊക്കെ തകരാതെ നിന്നപ്പോള്‍ ശ്രീലങ്കയും പാകിസ്താനും ന്യൂസിലാന്റുമൊക്കെ സ്ഥിരത കാട്ടിയില്ലെങ്കിലും ചീത്തപ്പേര് കേള്‍പ്പിച്ചില്ല.കായികരംഗത്തെ മുഴുവന്‍ സങ്കടച്ചുഴിയിലാക്കി കൊണ്ട് 2014 ഒരു മരണത്തിനും സാക്ഷിയായി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ ഫില്‍ ഹ്യൂസ് ആബര്‍ട്ടിന്റെ ബൗണ്‍സര്‍ കഴുത്തിനുപിന്നിലേറ്റ് മൈതാനത്ത് കുഴഞ്ഞുവീഴുന്നതും മൂന്നുദിവസത്തിനുശേഷം ആശുപത്രിയില്‍വെച്ച് മരണത്തിന്റെ മൈതാനത്തേക്ക് കടന്നുപോയതും ആരുടെയും മനസ്സുകളില്‍ നിന്ന് മായില്ല. മൈതാനത്ത് രക്തസാക്ഷിയാകേണ്ടിവന്ന പ്രതിഭാധനനായിരുന്നു ഫില്‍ ഹ്യൂസിന് ആദരാഞ്ജലികള്‍.

ക്ലബ്ബ് ഫുട്‌ബോളില്‍ മാഞ്ചസ്റ്റര്‍ സിറ്റി കരുത്തു കാട്ടി. ഫോട്ടോഫിനിഷില്‍ ചെല്‍സിയെ പിന്നിലാക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടാവകാശികളായി.സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനേയും ബാഴ്‌സലോണയേയും മറികടന്ന് അത്‌ലറ്റികോ മാഡ്രിഡ് സ്വന്തമാക്കി തങ്ങളുടേതാക്കി ഈ വര്‍ഷം.


കോമണ്‍വെല്‍ത്ത് ഗെയിസില്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഇന്ത്യ. ഏഷ്യന്‍ ഗെയിംസിലും സ്ഥാനം പിന്നില്‍ തന്നെ. പക്ഷേ കോമണ്‍വെല്‍ത്ത്ഗെയിംസില്‍ ഡിസ്‌കസില്‍ സ്വര്‍ണം നേടിയ വികാസ് ഗൗഡയും സ്‌ക്വാഷില്‍ ചരിത്രനേട്ടം കുറിച്ച് ജോഷ്‌നാ ചിന്നപ്പയും 2014 ന്റെ താരങ്ങളായി. ഏഷ്യന്‍ ഗെയിംസും 2014 നെ സമ്പന്നമാക്കി. ചൈന എതിരാളികളില്ലാതെയാണ് ഒന്നാം സ്ഥാനം നേടിയത്. എന്നാല്‍ വെങ്കലമെഡല്‍ സ്വീകരിക്കാന്‍ മടിച്ച ഇന്ത്യന്‍ ബോക്‌സിംഗ്താരം സരിതാ ദേവിയായിരുന്നു ഇഞ്ചിയോണില്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.ഒരു വര്‍ഷത്തിന്റെ കായിക കണക്കെടുപ്പ് പൂര്‍ണമല്ല. ചികഞ്ഞുനോക്കിയാല്‍ ഇനിയുമുണ്ട് കണ്ടെടുക്കാന്‍ ഏറെ. വരും വര്‍ഷം ഇതിനെക്കാള്‍ സമ്പന്നവും നേട്ടവും നിറഞ്ഞതാകട്ടെ കായികം എന്ന പ്രതീക്ഷയോടെ...(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are personal

Next Story

Related Stories