TopTop
Begin typing your search above and press return to search.

ഫുട്‌ബോള്‍ പ്രൊഫസര്‍ ആഴ്സണ്‍ വെങ്ങര്‍ പടിയിറങ്ങുമ്പോള്‍

ഫുട്‌ബോള്‍ പ്രൊഫസര്‍ ആഴ്സണ്‍ വെങ്ങര്‍ പടിയിറങ്ങുമ്പോള്‍

ആഴ്സണല്‍ എന്ന ഇംഗ്ലീഷ് ക്ലബ്ബിനെ യൂറോപ്പിന്റെ ഗ്‌ളാമര്‍ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തിയ പരിശീലകന്‍ ആഴ്സന്‍ വെങര്‍ ഇരുപത്തിരണ്ട് വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശേഷം ആര്‍സനലില്‍ നിന്ന് പടിയിറങ്ങുന്നു. ഫ്രഞ്ചുകാരനായ വെങ്ങര്‍ എഫ് സി ഡട്ടന്‍ഹാം ക്ലബ്ബിനു വേണ്ടി കളിച്ചു കൊണ്ടാണ് തന്റെ ഫുട്ബാള്‍ ജീവിതം ആരംഭിക്കുന്നത്.

നാന്‍സി, മൊണാക്കോ, നേഗായ ഗ്രാമപസ് തുടങ്ങിയ ടീമുകളുടെ പരിശീലക സ്ഥാനത്തു നിന്നും 1996 ല്‍ ആണ് വെങ്ങര്‍ ആഴ്സണലിന്റെ പരിശീലക ചുമതല ഏറ്റെടുക്കുന്നത്. ഫുട്ബോള്‍ ടീമെന്ന നിലയില്‍ ആര്‍സനലിന് ക്ലബുകള്‍ക്കിടയില്‍ സ്വന്തമായ ഇടം നേടിയെടുക്കാന്‍ കഴിഞ്ഞത് ആഴ്സണിന്റെ പ്രവര്‍ത്തനകാലത്തായിരുന്നു എന്നത് അദ്ദേഹത്തിന് അഭിമാനിക്കാവുന്ന വസ്തുതയാണ്.

1996ല്‍ ആഴ്സനലിന്റെ പരിശീലകസ്ഥാനമേറ്റെടുത്ത ശേഷം ടീമിനെ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളിലൊന്നാക്കി മാറ്റാന്‍ വെങര്‍ക്കു സാധിച്ചു. 68കാരനായ വെങര്‍ക്കു കീഴില്‍ ഗണ്ണേഴ്സ് മൂന്നു തവണ പ്രീമിയര്‍ ലീഗില്‍ ജേതാക്കളായിട്ടുണ്ട്. കൂടാതെ ഏഴ് എഫ്എ കപ്പുകളും വെങറുടെ അക്കൗണ്ടിലുണ്ട്. 1998, 2002 വര്‍ഷങ്ങളില്‍ ആഴ്സനലിനെ പ്രീമിയര്‍ ലീഗിലും എഫ്എ കപ്പിലും ചാംപ്യന്‍മാരാക്കാനും അദ്ദേഹത്തിനു സാധിച്ചിരുന്നു, 1228 മല്‍സരങ്ങളില്‍ ആഴ്സനല്‍ വെങറുടെ കീഴില്‍ ഗണ്ണേഴ്സ് അണിനിരന്നപ്പോള്‍ അതില്‍ 704 മല്‍സരങ്ങള്‍ വിജയിക്കുകയും 279 മല്‍സരങ്ങള്‍ സമനിലയിലെത്തുകയും 245 മല്‍സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു.

വെങ്ങറുടെ പ്രതിഭ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ പ്രധാന ശിഷ്യന്മാരുടെ വര്‍ത്തമാന കാലത്തിലേക്ക് കണ്ണോടിക്കുമ്പോഴാണ്. പാട്രിക് വിയേര ന്യൂയോര്‍ക്ക് ക്ലബ്ബിന്റെ പരിശീലകനും, മാര്‍ട്ടിന്‍ കിയോനും, ഡെന്നിസ് ബെര്‍ഗ് കാമ്പും പരിശീലകരാവാനുള്ള ഒരുക്കത്തിലുമാണ്. മാത്രമല്ല ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ പെടുത്താവുന്ന തിയറി ഹെന്റി, ലുങ്‌ബെര്‍ഗ, പിറസ, വാന്‍പേഴ്‌സി, ഫാബ്രിഗസ്, നസ്‌റി, സാഞ്ചസ്, പാട്രിക് വിയേര, അര്‍ഷാവിന്‍ തുടങ്ങി ലോകോത്തര താരങ്ങളെല്ലാം വെങ്ങറുടെ ശിഷ്യന്മാരായി ആഴ്സണലില്‍ ഉണ്ടായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പരിശീലകനായിരുന്ന വ്യക്തി എന്ന ബഹുമതിയോടെയാണ് വെങര്‍ ആഴ്സനലിനോട് വിടപറയുന്നത്. 823 പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ തന്ത്രങ്ങളോതിയ വെങര്‍ക്ക് വിജയങ്ങളുടെ കണക്കില്‍ സര്‍ അലക്സ് ഫെര്‍ഗൂസന് താഴെ രണ്ടാം സ്ഥാനമാണുള്ളത്. ഫെര്‍ഗൂസന്‍ 528 പ്രീമിയര്‍ ലീഗ് വിജയങ്ങള്‍ ആഘോഷിച്ചപ്പോള്‍ 473 വിജയങ്ങളാണ് വെങര്‍ക്ക് നേടിക്കൊടുക്കാനായത്.

എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ വെങ്ങര്‍ ക്ലബ് അധികൃതര്‍ക്കും, സഹ പ്രവര്‍ത്തകര്‍ക്കും, കളിക്കാര്‍ക്കും ഒപ്പം ആരാധകര്‍ക്കും ഉള്ള നന്ദിയും കടപ്പാടും അറിയിച്ചു.

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിന്റെ മുന്‍ പരിശീലകന്‍ അലക്‌സ് ഫെര്‍ഗുസണ്‍ എളുപ്പം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത് തുടര്‍ന്ന ആഴ്സണലിന് ഈ വര്‍ഷം കിരീടങ്ങള്‍ ഒന്നും നേടാന്‍ കഴിഞ്ഞിട്ടില്ല എന്നത് വിടവാങ്ങല്‍ വേളയില്‍ ഒരു കരടായി തുടരുമെങ്കിലും കാര്‍ക്കശ്യക്കാരനായ ഈ ഫ്രഞ്ചുകാരന്റെ പരിശീലന കാലം ഫുട്ബാള്‍ ലോകം എന്നും സ്മരിക്കും എന്നുറപ്പ്.

Next Story

Related Stories