Top

മെസ്സി- റൊണാള്‍ഡോ യുഗം അവസാനിക്കുന്നു; 'ബാലെന്‍ ഡി ഓര്‍' പുരസ്‌കാരം മോഡ്രിച്ചിന്, എംബാപെ മികച്ച അണ്ടര്‍-21 താരം

മെസ്സി- റൊണാള്‍ഡോ യുഗം അവസാനിക്കുന്നു;
ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിന് പിറകെ ലൂക്ക മോഡ്രിച്ചിനെ തേടി ബാലെന്‍ ഡി ഓര്‍ പുരസ്‌കാരവും. ക്രൊയേഷ്യയെ ക്യാപ്റ്റനായി ലോകകപ്പ് ഫൈനലിലെത്തിച്ചതുടള്‍പ്പെടെ  ഈ വര്‍ഷം താരം കാഴ്ച വച്ച മികച്ച  പ്രകടനങ്ങളാണ് ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഒരു ദശാബ്ദക്കാലത്തെ തേരോട്ടത്തിന് അവസാനമിട്ടത്. ഫ്രാന്‍സ് ഫുട്ബോള്‍ മാസിക നല്‍കുന്ന പുരസ്‌കാരം പാരിസില്‍ നടന്ന ചടങ്ങില്‍ മോഡ്രിച്ച് ഏറ്റുവാങ്ങി.

മോഡ്രിച്ചിന് പുറമെ നോര്‍വെ താരം അഡ ഹെഗ്ബര്‍ഗിന്‍ മികച്ച വനിതാ താരമായും, കിലിയന്‍ എംബാപെയ്ക്ക് മികച്ച അണ്ടര്‍-21 താരമായും തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ നിന്നുള്ള സ്‌പോര്‍ട് ജേണലിസ്റ്റുകള്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത മുപ്പതംഗ പട്ടികയില്‍ നിന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. അവസാന പട്ടികയില്‍ 476 പോയിന്റുമായി രണ്ടാമതെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ബഹുദൂരം പിന്നിലാക്കിയായിരുന്നു മോഡ്രിച്ചിന്റെ മുന്നേറ്റം. 753 പോയിന്റാണ് മോഡ്രിച്ച് സ്വന്തമാക്കിയത്. മൂന്നാമതെത്തിയ അന്റോനിയ്ന്‍ ഗ്രീസ്മാന്‍ 414 പോയിന്റും നേടി. ഫ്രാന്‍സ് താരം കിലിയന്‍ എംബപെയാണ് നാലാമത്. മെസ്സി അഞ്ചാമതായി. 2007ല്‍ ശേഷം ഇതാദ്യമായാണ് മെസ്സിയോ റൊണാള്‍ഡോയോ അല്ലാത്ത ഒരു താരം ബാലെന്‍ ഡി ഓര്‍ പുരസ്‌കാരം നേടുന്നത്. ബ്രസീല്‍ താരം കക്കയ്ക്കായിരുന്നു 2007 ലെ പുരസ്‌കാരം.

പത്തുവര്‍ഷത്തിനിടെ അഞ്ചു തവണ മെസ്സിയും റൊണാള്‍ഡോയും പുരസ്‌കാരം പങ്കിട്ടിരുന്നു. ഇരുവരുടെയും ഒരു പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ചിരുന്നു സെപ്റ്റംബറില്‍ ഫിഫയുടെ ദി ബെസ്റ്റ് പുരസ്‌കാരത്തിലും മോഡ്രിച്ച് അര്‍ഹനായത്. ക്രൊയേഷ്യയ്ക്കായി ലോകകപ്പിലും റയല്‍ മഡ്രിഡിനായി ചാംപ്യന്‍സ് ലീഗിലും പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിലെത്തിച്ചത്.



https://www.azhimukham.com/russia2018-croatia-captain-luka-modric-profile/

https://www.azhimukham.com/sports-luka-modric-named-best-male-player/


Next Story

Related Stories