TopTop
Begin typing your search above and press return to search.

മോദി പൂജയെക്കാള്‍ തീവ്രം ബിസിസിഐയുടെ വിരാട് പൂജ; നേരിട്ടനുഭവിച്ചെന്നു രാമചന്ദ്ര ഗുഹ

മോദി പൂജയെക്കാള്‍ തീവ്രം ബിസിസിഐയുടെ വിരാട് പൂജ; നേരിട്ടനുഭവിച്ചെന്നു രാമചന്ദ്ര ഗുഹ

കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരാധിക്കുന്നതിനേക്കാള്‍ തീവ്രതയോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍ വിരാട് കോഹ്ലിയെ പൂജിക്കുന്നുണ്ടെന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ബിസിസിഐയുടെ ഭരണനിര്‍വഹണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റിയില്‍ നേരത്തെ അംഗമായിരുന്നു ഗുഹ. ബോര്‍ഡിലും ടീം മാനേജ്‌മെന്റിലും കോഹ്ലിക്കുള്ള സ്വാധീനം കുറയ്ക്കണമെന്നും അദ്ദേഹം ടെലിഗ്രാഫില്‍ എഴുതിയ കോളത്തില്‍ ആവശ്യപ്പെട്ടു. ബിസിസിഐയുടെ ഭരണകര്‍ത്താക്കളും ടീം സെലക്ടര്‍മാരും കോച്ചിംഗ് സ്റ്റാഫും കോഹ്ലിയുടെ മുന്നില്‍ വെറും 'പിഗ്മികളാണെന്നും' അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിസിസിഐയില്‍ ഉണ്ടായിരുന്ന നാലുമാസക്കാലം തനിക്ക് കോഹ്ലിയുടെ അധീശത്വ മനോഭാവത്തെ കുറിച്ച് നേരിട്ടറിയാന്‍ അവസരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ബിസിസിഐ ഭാരവാഹികള്‍ കോഹ്ലിയോട് പൂര്‍ണ വിധേയത്വമാണ് കാണിക്കുന്നത്. ഇന്ത്യന്‍ നായകന്റെ പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ പോലും കോഹ്ലിക്കെതിരെ അഭിപ്രായം പറയാന്‍ അവര്‍ക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ടീമിന്റെ ഭാവി സന്ദര്‍ശന പരിപാടികള്‍, ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പോലും കോഹ്ലിയുടെ സമ്മതം വേണമെന്ന് അവരില്‍ ചിലര്‍ ശഠിച്ചിരുന്നതായും ഗുഹ പറയുന്നു. കോഹ്ലിയും ബിസിസിഐ ഭാരവാഹികളും തമ്മിലുള്ള ബന്ധം യജമാനനും ഭൃത്യനും തമ്മിലുള്ളതിന് സമാനമാണെന്നും അദ്ദേഹം കളിയാക്കി.

അഴിമതിയും കൂട്ടുകച്ചവടവും നടമാടുന്ന ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു ഒഴിയാബാധയായി താരാധിപത്യവും കടന്നുകയറുകയാണ്. അനില്‍ കുംബ്ലയെ കോച്ച് സ്ഥാനത്ത് നിന്നും നീക്കിയ രീതിയില്‍ നിന്നും ഇത് വ്യക്തമാണ്. കളിക്കളത്തില്‍ മഹത്തായ നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുംബ്ലെ സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന ആളാണ്. ഇതാണ് അദ്ദേഹത്തെ മാറ്റാനും കളിക്കളത്തിലെ നേട്ടങ്ങളുടെ കാര്യത്തില്‍ തന്നെക്കാള്‍ വളരെ പിറകിലുള്ളയാളും പരിശീലകനെന്ന നിലയില്‍ യാതൊരു മുന്‍പരിചയവും ഇല്ലാത്ത വ്യക്തിയുമായ ശാസ്ത്രിയെ പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ കോഹ്ലിയെ പ്രേരിപ്പിച്ചത്. കോഹ്ലിയുടെ മേല്‍ക്കോയ്മ വ്യക്തിത്വത്തിന്റെ ശക്തിയില്‍ തന്റെ സ്വാതന്ത്ര്യവും അധികാരങ്ങളും സിഒഎ അദ്ധ്യക്ഷന്‍ വിനോദ് റായ് പണയം വെച്ചെന്നും ഗുഹ ആരോപിച്ചു. കോഹ്ലിയുടെ പിടിവാശിയെ തുടര്‍ന്നാണ് കൂടുതല്‍ പരിശീലന പരിചയമുള്ള ടോം മൂഡി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ പരിശീലക സ്ഥാനത്തേക്ക് വരാതിരുന്നത്. നാട്ടില്‍ കളിക്കുമ്പോള്‍ ഇതിന്റെ കുഴപ്പങ്ങള്‍ വ്യക്തമാകില്ലെന്നും എന്നാല്‍ വിദേശസാഹചര്യങ്ങളില്‍ കളിയ്ക്കുമ്പോള്‍ ഇത്തരം പോരായ്മകള്‍ മറച്ചുവെക്കാനാവില്ലെന്നും ഗുഹ ചൂണ്ടിക്കാട്ടി.

പരിശീലന മത്സരങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയും ടീം തിരഞ്ഞെടുപ്പല്‍ സെലക്ടര്‍മാര്‍ കൂടുതല്‍ ബുദ്ധിയും ധൈര്യവും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 2-0ത്തിന് പിന്നിലാവില്ലായിരുന്നു എന്ന് അദ്ദേഹം വിലയിരുത്തുന്നു. രണ്ട് ടെസ്റ്റിലും അജിങ്ക്യ രഹാനെയും സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കളിപ്പിക്കുകയും ശ്രീലങ്കയ്ക്ക് എതിരായ തെരുവ് ക്രിക്കറ്റിന് പകരം ദക്ഷിണാഫ്രിക്കയില്‍ പരിശീലന മത്സരം കളിക്കുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിതിഗതികള്‍ വ്യത്യസ്തമായേനെ. ധനപരമായ ലോക ക്രിക്കറ്റിന്റെ കേന്ദ്രമായിരിക്കാം ബിസിസിഐ. എന്നാല്‍ അത് കായിക മികവിന്റെ പേരിലല്ല. മുന്‍കാലങ്ങളിലെ മികച്ച കളിക്കാരെ സെലക്ടര്‍മാരായി തിരഞ്ഞെടുക്കണമെന്നും ഗുഹ നിര്‍ദ്ദേശിച്ചു. ടീം നായകന്മാരുടെ അനാവശ്യ അധീശത്വം തടയുന്നതിന് ഇതുവഴി സാധിക്കുമെന്നും രാമചന്ദ്ര ഗുഹ പറയുന്നു.

http://www.azhimukham.com/sports-teamindia-huge-defeat-in-foreign-land-analysis/


Next Story

Related Stories