TopTop
Begin typing your search above and press return to search.

ചെങ്കൊടി പിടിച്ച് ലാല്‍സലാം വിളിച്ച കാലം എനിക്കുമുണ്ടായിരുന്നു; ശ്രീശാന്ത്‌

ചെങ്കൊടി പിടിച്ച് ലാല്‍സലാം വിളിച്ച കാലം എനിക്കുമുണ്ടായിരുന്നു; ശ്രീശാന്ത്‌

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്(ഐസിസി) പോലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പേടിയാണെന്ന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. ബിസിസിഐ തനിക്കെതിരേ അപ്പീല്‍ പോയാലും പിടിച്ചുനില്‍ക്കുമെന്നും ജുഡീഷ്യറിയില്‍ താന്‍ വിശ്വസിക്കുന്നതായും ശ്രീശാന്ത്. മനോരമ ന്യൂസിലെ നേരെ ചൊവ്വയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു ശ്രീശാന്ത് ഈ കാര്യങ്ങള്‍ പറഞ്ഞത്. കേരള ടീമില്‍ എത്താനുള്‍പ്പെടെ താന്‍ ഇനിയും കഠിനാധ്വാനം ചെയ്യേണ്ടി വരുമെന്നും കേരള രഞ്ജി ടീമില്‍ ഗ്രൗണ്ടില്‍ വെള്ളം കൊടുക്കേണ്ടി വന്നാലും തനിക്കതില്‍ വിഷമമില്ലെന്നും ഒരു മനുഷ്യന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചാണ് ഇപ്പോള്‍ നില്‍ക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തെലുങ്ക് വാരിയേഴ്‌സിന്റെ ബൗളിംഗ് കോച്ചായിരുന്ന എന്നെ മത്സരം നടക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ പരിസരത്ത് പോലും നില്‍ക്കാന്‍ സമ്മതിച്ചില്ല. ഞാന്‍ കളിച്ച് വളര്‍ന്ന ഗ്രൗണ്ടാണ് അത്. അന്ന് കരഞ്ഞുകൊണ്ടാണ് സ്‌റ്റേഡിയത്തില്‍ നിന്നും പോയത്. ഐസിസിയ്ക്ക് പോലും ബിസിസിഐയെ പേടിയാണ്. ശ്രീശാന്തുമായി ഒരു വീഡിയോയില്‍ പോലും കണ്ടാല്‍ നടപടിയുണ്ടാകുമെന്ന് കളിക്കാര്‍ക്ക് ബിസിസിഐ മെസേജ് കൊടുത്ത സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശ്രീശാന്ത് പറയുന്നു.

തിഹാര്‍ ജയിലില്‍ കിടന്നപ്പോഴുണ്ടായ അനുഭവങ്ങളും അഭിമുഖത്തില്‍ ശ്രീ പങ്കുവയ്ക്കുന്നുണ്ട്. എന്റെ വീട്ടില്‍ ഞാന്‍ സെറ്റ് ചെയ്തിരിക്കുന്ന ഇന്‍ഡോര്‍ പിച്ചിന്റെ പോലും വലുപ്പമില്ലാത്ത ഒരു സെല്ലില്‍ കൊടുംകുറ്റവാളികളോടും എപ്പോള്‍ വേണമെങ്കിലും ഏത് വിധേനയും സ്വഭാവം മാറാന്‍ സാധ്യതയുള്ള ചില പേടിപ്പിക്കുന്ന വ്യക്തിത്വങ്ങളുടെ കൂടെയുമാണ് ഞാന്‍ താമസിക്കേണ്ടി വന്നത്. രാജ്യത്തിന് വേണ്ടി രണ്ട് ലോകകപ്പുകള്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നുവെന്ന പരിഗണന പോലും തന്നില്ല. ആ സെല്ലിലേക്ക് കയറി ചെന്നപ്പോള്‍ തന്നെ നീ ദേശദ്രോഹിയാണ്, നിന്നെ ഞങ്ങള്‍ കൊല്ലും, നീ ആണാണെങ്കില്‍ ഉറങ്ങെടാ തുടങ്ങിയ വിധത്തിലുള്ള അട്ടഹാസങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. അവിടെ നടന്നത് കൊലപാതക ശ്രമമാണോ അതോ എന്നെ ഉപദ്രവിക്കാന്‍ നടത്തിയ ശ്രമമാണോ എന്ന് എനിക്ക് ഇന്നുമറിയല്ല. അളിയന്‍ മധു ബാലകൃഷ്ണനാണ് എന്നോട് കൊലപാതക ശ്രമത്തെക്കുറിച്ച് പറഞ്ഞത്. അവര്‍ ഓടിവന്നത് കെട്ടിപ്പിടിക്കാനാകാം അല്ലെങ്കില്‍ കൊല്ലാനാകാം. തള്ളിയിട്ടത് പേടിപ്പിക്കാനോ തമാശയ്‌ക്കോ ആകാം എന്തായാലും എന്നെ സംബന്ധിച്ച് വളരെ ദുഃഖകരവുമായും പേടിപ്പിക്കുന്നതുമായ ഒരു അനുഭവമായിരുന്നു തിഹാര്‍ ജെയിലിലെ ആ രാത്രി. അതിലും മോശമായി ജീവിതത്തില്‍ മരണം മാത്രമേ ഒരു മനുഷ്യന് സംഭവിക്കാനുള്ളൂ.

എന്റെ ഗുരുക്കന്മാരായ ഡെന്നിസ് ലില്ലിയും അലന്‍ ഡൊണാള്‍ഡുമാണ്. അവര്‍ രണ്ടുപേരും ഓവര്‍ അഗ്രസീവ് ആണ്. അപ്പോള്‍ അത്തരത്തില്‍ വാശിയുണ്ടെങ്കിലേ വിക്കറ്റ് നേടാന്‍ സാധിക്കൂവെന്ന് ഞാന്‍ കരുതി. 2012ല്‍ കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ഈ അഗ്രസീവ് സ്വഭാവത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തി. അന്ന് ആരെങ്കിലും ഉപദേശിച്ചാലും യുവത്വത്തിന്റെ തെളപ്പില്‍ അവഗണിക്കുകയായിരുന്നു.

ഇന്ന് വിരാട് കോഹ്‌ലി കളിക്കളത്തില്‍ കാണിക്കുന്ന അഗ്രസീവ് കണ്ട് ചെറുപ്പക്കാരായ്ല്‍ ഇങ്ങനെ വേണമെന്നു പറയുന്നവര്‍ താന്‍ കളിക്കളത്തില്‍ അഗ്രസീവായപ്പോള്‍ അതിനെ കുറ്റം പറഞ്ഞവരാണെന്നും ശ്രീശാന്ത് പറയുന്നു. താന്‍ നല്ല പെര്‍ഫോമന്‍സ് നടത്തുമ്പോഴും അഗ്രസീവ് ആകുന്നതിനെയാണ് ഇവിടുത്തെ ചാനലുകള്‍ പോലും ചര്‍ച്ച ചെയ്തിട്ടുള്ളത്. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഞാന്‍ മൂന്ന് വിക്കറ്റ് നേടിയെങ്കിലും അന്ന് ഞാന്‍ കാണിച്ച കോപ്രായങ്ങളാണ് ഇവിടെ ചര്‍ച്ച ചെയ്തത്. വിരാട് കോഹ്‌ലിയെക്കുറിച്ച് ഇവിടെയെല്ലാവരും പറയുന്നത് ചെറുപ്പക്കാരായാല്‍ ഇങ്ങനെ വേണമെന്നും ഇത്തരത്തിലുള്ളവരെയാണ് ഇന്ത്യന്‍ ടീമില്‍ വേണമെന്നുമാണ്. ഞാന്‍ കളിക്കളത്തില്‍ അഗ്രസീവ് ആയപ്പോള്‍ അതിനെ കുറ്റം പറഞ്ഞവരാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്.

സിനിമയും മോഡലിംഗും ചെയ്തതിനെതിരേയും വന്ന വിമര്‍ശനങ്ങളോടും ശ്രീ പ്രതികരിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതോ സിനിമയില്‍ അഭിനയിക്കുന്നതോ ഫോക്കസ് ഇല്ലായ്മകൊണ്ടല്ല. ഞാന്‍ സിനിമയുടെ മോഡലിംഗിന്റെയും ഗ്ലാമര്‍ കണ്ടിട്ടല്ല അത് ചെയ്തത്. എനിക്ക് മോളും മോനും ഉള്‍പ്പെടുന്ന എന്റെ കുടുംബത്തിന്റെ കാര്യം നോക്കണം. ലോണ്‍ അടച്ചു തീര്‍ക്കാനുണ്ട്. ഇതെല്ലാം കാരണമാണ് മോഡലിംഗും സിനിമയും ചെയ്തത്. ക്രിക്കറ്റില്‍ നിന്നും വിലക്കിയപ്പോള്‍ അതില്‍ നിന്നുള്ള വരുമാനം കൂടിയാണ് എനിക്ക് നഷ്ടമായത്.

ഹൈക്കോടതി വിധി തനിക്ക് അനുകൂലമായി വന്നിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു അന്വേഷണവും ഉണ്ടായില്ലെന്നും ശ്രീ പറയുന്നു. അതേസമയം അമിത് ഷായടക്കം ബിജെപി കേന്ദ്ര നേതാക്കള്‍ തനിക്ക് സന്ദേശങ്ങള്‍ അയച്ചെന്നും ശ്രീ വ്യക്തമാക്കി. ഒരു ബിജെപിക്കാരനായല്ലാതെ ഒരു മലയാളിയായി എന്നെ കാണണമെന്നാണ് അപേക്ഷയെന്നും ശ്രീശാന്ത്. ബിജെപിയില്‍ ചേരുന്നത് തന്നെ കേന്ദ്രസര്‍ക്കാരിന്റെ അധികാരം ആ സാഹചര്യത്തില്‍ ആവശ്യമായതിനാലാണ്. അത്രയും പ്രശസ്തിയില്‍ നിന്നും പ്രശ്‌നങ്ങളുണ്ടായപ്പോള്‍ ബിജെപിയാണ് എന്നെ പിന്തുണച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ കോണ്‍ഗ്രസ് പാര്‍ട്ടിയോ എന്നോട് മത്സരിക്കുന്നുണ്ടോയെന്ന് ചോദിച്ചില്ല. അവര്‍ ചോദിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ചിലപ്പോള്‍ സമ്മതക്കുമായിരുന്നുവെന്നും ശ്രീശാന്ത്. വീട്ടില്‍ അച്ഛന്‍ കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാരനാണ്. അമ്മ കോണ്‍ഗ്രസ് അനുഭാവിയാണ്. ടിഎന്‍ സീമ വലിയച്ഛന്റെ മകളാണ്. കേസിന്റെ സമയത്ത് സഹായിച്ച കെവി തോമസ് സര്‍ കോണ്‍ഗ്രസ് ആണ്. അമ്മയുടെ അനുജത്തി ആഷ സനല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്.

ആറ് ഏഴ് വര്‍ഷം കൂടി ഇനിയും ക്രിക്കറ്റ് കളിക്കാനാകുമെന്നാണ് പ്രതീക്ഷ. നല്ലൊരു ഇന്‍വെസ്റ്റര്‍ വന്നിട്ടുണ്ട്. അതിലൂടെ കൊച്ചിയില്‍ ശ്രീശാന്ത് ക്രിക്കറ്റ് അക്കാദമി തുടങ്ങുകയാണ് ലക്ഷ്യം. അതിന് എല്ലാവരുടെയും പിന്തുണ വേണം. അതിനാല്‍ തന്നെ ഒരു ബിജെപിക്കാരനായി മുദ്രകുത്തി എന്നെ മാറ്റി നിര്‍ത്തരുത്. ഒരു പാര്‍ട്ടിയോടും എനിക്ക് വിരോധമില്ല. 1988-90 കാലഘട്ടത്തില്‍ അച്ഛന്‍ സാക്ഷരതാ മിഷന്‍ പ്രചരണത്തിനിറങ്ങുമ്പോള്‍ അച്ഛന്റെ കൂടെ ചെങ്കൊടി പിടിച്ച് ലാല്‍സലാം എന്ന മുദ്രാവാക്യം വിളിച്ച കാലം എനിക്കുമുണ്ടായിരുന്നു; ശ്രീശാന്ത് പറയുന്നു.

ദിലീപ് കേസില്‍ കുറ്റം തെളിയിക്കാതെ ഒന്നും പറയാനാകില്ല. ഒന്നും രണ്ടും വര്‍ഷമല്ല ഞാന്‍ അനുഭവിച്ചത്. എന്റെ കരിയര്‍ ഇപ്പോഴും തുലാസിലാണ്. ഈ സാഹചര്യത്തില്‍ ദീലീപ് ചേട്ടനും കുടുംബാംഗങ്ങളും അനുഭവിക്കുന്ന വേദനയെന്താണെന്ന് എനിക്കറിയാം. കുറ്റം തെളിയുന്നത് വരെ ദിലീപിനെ ക്രൂശിക്കുന്നത് തെറ്റാണ്; ശ്രീശാന്ത് തന്റെ നിലപാട് വ്യക്തമാക്കി.


Next Story

Related Stories