TopTop
Begin typing your search above and press return to search.

നെയ്മര്‍ എഫക്റ്റ്; ബ്രസീല്‍ ക്വാര്‍ട്ടറില്‍

നെയ്മര്‍ എഫക്റ്റ്; ബ്രസീല്‍ ക്വാര്‍ട്ടറില്‍

റഷ്യയിൽ മെക്സിക്കൻ തിരമാലകൾക്കു മുകളിൽ കാനറികളുടെ ചിറകൊച്ച. എതിരില്ലാത്ത രണ്ടു ഗോളിന് ബ്രസീൽ മെക്സിക്കോയെ മറികടന്നു ലോകകപ്പിന്റെ പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വമ്പന്മാരുടെ വാട്ടർലൂ ആയി മാറുമോ റഷ്യ എന്ന ചോദ്യത്തിന് അല്ലെന്നുത്തരം പറഞ്ഞ മഞ്ഞപ്പടയ്ക്ക് വേണ്ടി നെയ്മറും, ഫെര്‍മിഞ്ഞോയുമാണ് ഗോൾ നേടിയത്. ഇന്നത്തെ ബെൽജിയം ജപ്പാൻ വിജയികളെ ആണ് ബ്രസീൽ ക്വാർട്ടറിൽ നേരിടുക.ഇത് ബ്രസീലിന്റെ പതിനാറാം ക്വാര്‍ട്ടര്‍ പ്രവേശനമാണ്.

നെയ്മറും ഒച്ചാവോയും തമ്മിലുള്ള പോരാട്ടമായിരുന്നു ആദ്യ പകുതിയുടെ ഹൈലൈറ്റ്. മത്സരത്തിലെ ആദ്യ മുന്നേറ്റം നടത്തിയത് മെക്സിക്കോ ആയിരുന്നു. ബ്രസീൽ ഗോൾ മുഖത്തേക്ക് ഗ്വാര്‍ഡഡോയുടെ ക്രോസ് അലിസണ്‍ തട്ടിയകറ്റി. എന്നാൽ പിന്നീട് ഈ ആധിപത്യം നില നിർത്താൻ മെക്സിക്കൻ ടീമിന് കഴിഞ്ഞില്ല. കളിയുടെ അഞ്ചാം മിനുട്ടിൽ നെയ്മറിന്റെ ഒന്നാന്തരം ഷോട്ട് ഒച്ചാവോ രക്ഷപ്പെടുത്തി.

ഒറ്റപ്പെട്ട കൗണ്ടർ അറ്റാക്കിലൂടെ മെക്സിക്കോയും കളം നിറഞ്ഞപ്പോൾ മത്സരം കനത്തു. പതിനഞ്ചാം മിനുട്ടിൽ ബ്രസീലിനെ ഞെട്ടിച്ച് മെക്‌സിക്കോ ലസാനോയുടെ ക്രോസ് ഗോളവസരം സൃഷ്ടിച്ചെങ്കിലും ഹെര്‍ണാണ്ടസിന് പന്ത് വലയിലേക്ക് കണക്റ്റ് ചെയ്യാന്‍ സാധിച്ചില്ല. ജര്‍മ്മനിക്കെതിരെ വിജയ ഗോൾ നേടിയ ലസാനോ ബ്രസീലിനെതിരെയും മികച്ച ഫോമിൽ ആയിരുന്നു.

ഇരുപത്തിരണ്ടാം മിനുട്ടിൽ വീണ്ടും നെയ്മറുടെ ഷോട്ട് ഒച്ചാവോ തടഞ്ഞിട്ടു. ആറ് മിനുറ്റിനിടെ കാനറികളുടെ 4 അവസരങ്ങളാണ് മെക്സിക്കൻ പ്രതിരോധവും, ഒച്ചാവോയും തടഞ്ഞത്. മുപ്പത്തിമൂന്നാം മിനുട്ടിൽ ഇടതു വിങ്ങിലൂടെ മുന്നേറി പോസ്റ്റ് ലക്ഷ്യമാക്കി ഗബ്രിയേല്‍ ജീസസിന്റെ ഷോട്ട്. ഒച്ചോവയുടെ സേവില്‍ വീണ്ടും മെക്‌സിക്കോ രക്ഷപ്പെടുന്നു. ബ്രസീൽ മെക്സിക്കോ പ്രീ ക്വാർട്ടറിൽ ആദ്യ മഞ്ഞ കാർഡ് പുറത്തെടുത്തത് മുപ്പത്തിയെട്ടാം മിനുട്ടിൽ. നെയ്മറിനെ ഫൗള്‍ ചെയ്തതിനു മെക്സിക്കൻ ഡിഫൻഡർ ആല്‍വരസിന് ആണ് കാർഡ് ലഭിച്ചത്. ഒപ്പം ബ്രസീലിനു അനുകൂലമായി ഫ്രീ കിക്കും. കിക്ക്‌ എടുത്ത നെയ്മർക്ക് വീണ്ടും പിഴച്ചു. പന്ത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും ഗോൾ രഹിത സമനിലയിൽ.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കുട്ടീഞ്ഞോയുടെ ബുള്ളറ്റ് ഷോട്ട് സേവ് ചെയ്തു കൊണ്ട് ഒച്ചാവോ ഗോളടിക്കാൻ അനുവദിക്കില്ലെന്ന സൂചന നൽകിയിലെങ്കിലും നാലു മിനുട്ടിനുള്ളിൽ മെക്സിക്കൻ ഗോളിക്ക് തോൽവി സമ്മതിക്കേണ്ടി വന്നു. അതും സാക്ഷാൽ നെയ്മറിന്റെ മുന്നിൽ. മത്സരത്തിന് അന്‍പത്തിയൊന്നാം മിനുട്ട് പ്രായം ബോക്‌സിന്റെ ഇടതുഭാഗത്തുനിന്നും വില്ല്യന്‍ നല്‍കിയ അളന്നുമുറിച്ചുള്ള പാസ് വലയിലേക്ക് തട്ടിയിടേണ്ട ജോലിയെ നെയ്മറിനുണ്ടായുള്ളു. ബ്രസീല്‍ ഒരു ഗോളിന് മുന്നിൽ സ്‌കോർ 1 - 0. ലോകകപ്പില്‍ ബ്രസീലിന്റെ 227-ാം ഗോള്‍. ആകെ ഗോള്‍ വേട്ടയില്‍ ജര്‍മനിയെ മറികടന്നു ഫുട്ബാൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി കാനറികൾ.

സമനില ഗോളിന് വേണ്ടിയുള്ള മെക്സിക്കോയുടെ ശ്രമങ്ങൾ എല്ലാം അലിസാൻ എന്ന മഞ്ഞപ്പടയുടെ പരിചയ സമ്പന്നനായ പ്രതിരോധനിരക്കാരന്റെ മുന്നിൽ അവസാനിച്ചു. ഗോള്‍ മടക്കാന്‍ മെക്‌സിക്കോ ഹെര്‍ണാണ്ടസിനെ കയറ്റി റൗളിനെ ഇറക്കി. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച പ്രതിരോധനിരകളിൽ ഒന്നായി ബ്രസീൽ മാറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. മെക്സിക്കോയുടെ ഗോളിനായുള്ള ശ്രമങ്ങളെല്ലാം കാനറികളുടെ ഡിഫന്‍ഡര്‍മാര്‍ സമർത്ഥമായി പ്രതിരോധിച്ചു. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഫെര്‍മിഞ്ഞോയുടെ ഗോളിൽ മെക്സിക്കോയുടെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചതോടെ, റാഫേൽ മാർക്വേസിന്റെ കുട്ടികളുടെ സമനില പ്രതീക്ഷ മങ്ങി. നെയ്മർ ഒരുക്കിയ നീക്കത്തിനൊടുവിൽ ആണ് ക്ലോസ് റേഞ്ച് ഷോട്ടിൽ ഫെര്‍മിഞ്ഞോ ലോകകപ്പിലെ ആദ്യ ഗോൾ കണ്ടെത്തിയത്. അവസാന സ്‌കോർ 2 - 0.


Next Story

Related Stories