TopTop
Begin typing your search above and press return to search.

ചക്കിട്ടപ്പാറ കാത്തിരിക്കുകയാണ്, അവരുടെ ചിന്തൂട്ടനെ

ചക്കിട്ടപ്പാറ കാത്തിരിക്കുകയാണ്, അവരുടെ ചിന്തൂട്ടനെ

"ചിന്തൂട്ടൻ വരാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അവൻ വരുമ്പോൾ ഒരടിപൊളി സ്വീകരണം തന്നെ ഞങ്ങൾ പ്ലാൻ ചെയ്‌തു വെച്ചിട്ടുണ്ട്. അത് എന്താണെന്നൊന്നും ഇപ്പോൾ പറയില്ല അതൊക്കെ സസ്പെൻസാണ്. ജെക്കാർത്തയിൽ നിന്ന് അവൻ ഒന്ന് ഇവിടെ എത്തിയാൽ മതി." ചാക്കിട്ടപ്പാറ ഗ്രാമത്തിലെ മിഥുൻ മാത്യുവിന്റെ വാക്കുകളാണിത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്തുള്ള ചക്കിട്ടപ്പാറ എന്ന ഗ്രാമത്തിന് ഇന്ന് ലോകത്തിനു മുന്നിൽ ഒരു വിലാസമുണ്ടെങ്കിൽ അത് ജിൻസൺ ജോൺസൺ എന്ന ചെറുപ്പക്കാരൻ നേടിക്കൊടുത്തതാണെന്ന് പറയാൻ അവിടുത്തുകാർക്ക് യാതൊരു മടിയുമില്ല. കാരണം അത്രമേൽ അവർ അഭിമാനിക്കുന്നു ജിൻസൺ ജോൺസൺ എന്ന ഇരുപത്തിയേഴുകാരന്റെ വിജയത്തിനു മുന്നിൽ. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കു വേണ്ടി 1500 മീറ്റർ പുരുഷ വിഭാഗത്തിൽ സ്വപ്ന കുതിപ്പുമായാണ് ജിൻസൺ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 3.44.72 സെക്കന്റിൽ മത്സരം പൂർത്തിയാക്കി ജിൻസൺ സ്വർണത്തെ മുത്തമിടുമ്പോൾ ചക്കിട്ടപ്പാറ നിവാസികൾ നെഞ്ചിടിപ്പോടെയാണ് അത് കണ്ടു നിന്നത്. ജിൻസന്റെ വിജയം പലരും പ്രതീക്ഷിച്ചിരുന്നതായിരുന്നെങ്കിലും അതവർക്ക് ഒരു ചരിത്ര നിമിഷം തന്നെ ആയിരുന്നു. ജിൻസന്റെ വിജയം ഒരു നാടിന്റെതായി മാറിയ മുഹൂർത്തമായിരുന്നു അത്.

പേരാമ്പ്രയിൽ നിന്നും എട്ട് കിലോ മീറ്റർ മാറിയാൽ ചക്കിട്ടപ്പാറ എന്ന മലയോര ഗ്രാമമായി. അവിടെ കുളച്ചൽ ജോണ്സണിന്റെയും ഷൈലജയുടെയും രണ്ടു മക്കളിൽ ഇളയവാനാണ് ജിൻസൺ. ജിൻസന്റെ കഠിനാധ്വാനം തന്നെയാണ് ഈ വിജയത്തിനു പിന്നിലെന്ന് ആവർത്തിക്കുന്നു ജിൻസന്റെ പിതാവ് ജോൺസണും ആദ്യ പരിശീലകൻ പീറ്റർ കരിമ്പനക്കുഴിയും.

"സന്തോഷം അതല്ലാതെ എന്താണ് ഞാൻ പറയുക. ഇങ്ങനെ ഒരു മകനെ കിട്ടിയത് തന്നെയാണ് ഞങ്ങളുടെ ഭാഗ്യം. 800 മീറ്ററിൽ അല്പം നിരാശ തോന്നിയിരുന്നെങ്കിലും അതിപ്പോൾ മാറി. എന്റെ മകൻ ആയതു കൊണ്ട് പറയുകയല്ല. ഇത്ര അച്ചടക്കമുള്ള കുട്ടിയെ ഞാൻ കണ്ടിട്ടില്ല." ജിൻസന്റെ പിതാവ് അഭിമാനത്തോടെ പറയുന്നു.

ജിൻസൺ പഠിച്ചതും വളർന്നതും ഒക്കെ ഈ ഗ്രാമത്തിൽ തന്നെയാണ്. അതുകൊണ്ട് തന്നെ അവന്റെ വളർച്ചയുടെ ഓരോ പടികളിലും ചക്കിട്ടപ്പാറക്കാർ കൂടെ ഉണ്ടായിരുന്നു. "നിങ്ങൾക്കൊക്കെ അവൻ ജിൻസൺ ജോൺസൺ ആണ്. ഞങ്ങൾക്കവൻ ചിന്തൂട്ടനാണ്. ഞങ്ങളുടെ നാടിന്റെ അഭിമാനം." ജിൻസന്റെ അയൽവാസിയും സുഹൃത്തുമായ മിഥുൻ മാത്യു പറയുന്നു. "ഒളിമ്പിക്സിൽ പങ്കെടുത്തു വന്ന അവനു ഞങ്ങൾ വലിയ സ്വീകരണമാണ് നൽകിയത്. അപ്പോൾ പിന്നെ മെഡലുമായി വരുന്ന അവനെ എങ്ങനെ സ്വീകരിക്കുമെന്ന് പറയേണ്ട കാര്യമില്ലല്ലോ".

1991 മാർച്ച് 15നായിരുന്നു ജിൻസന്റെ ജനനം. ഒന്നു മുതൽ നാലാം ക്ലാസ്സു വരെ ചക്കിട്ടപ്പാറ സെന്റ്. ആന്റണീസ് എൽ.പി സ്കൂളിലും പിന്നീട് പ്ലസ് ടു വരെ കുളത്തൂവയൽ സെന്റ്.ജോർജ് സ്കൂളിലുമായാണ് ജിൻസൺ പഠിച്ചത്. പ്ലസ് വൺ വരെയുളള കാലയളവിൽ വലിയ വിജയങ്ങളൊന്നും ജിൻസനെ തേടി എത്തിയിരുന്നില്ല. എന്നാലും അന്നത്തെ പരിശീലനം തന്നെയാണ് ജിൻസന്റെ വിജയത്തിനു പിന്നിലെന്ന് പറയുന്നു ജിൻസന്റെ ആദ്യ കോച്ചും ചക്കിട്ടപ്പാറ സർവീസ് ബാങ്കിലെ സെക്രട്ടറിയുമായ പീറ്റർ "പ്ലസ് ടു പഠിക്കുമ്പോഴാണ് ജിൻസൺ എന്റെ അടുക്കൽ കോച്ചിങ്ങിനായി വരുന്നത്. ഹൈസ്‌കൂൾ കാലയളവിൽ പറയത്തക്ക വിജയങ്ങളൊന്നും അവനു നേടാൻ കഴിഞ്ഞിരുന്നില്ല. ജില്ലാ തലത്തിൽ മൂന്നാം സ്ഥാനമായിരുന്നു അതുവരെ. എന്നാലും അന്നേ കഠിനാധ്വാനിയായിരുന്നു. പിന്നീട് അവൻ പ്ലസ് ടുവിന് പഠിക്കുന്ന സമയത്ത്, 2007 ൽ വിജയവാഡയിലും കൊൽക്കത്തയിലും വെച്ചു നടന്ന രണ്ട് നാഷണൽ മത്സരങ്ങളിൽ പങ്കെടുത്ത ജിൻസന് 1500 മീറ്ററിലും 800 മീറ്ററിലും ഒന്നാം സ്ഥാനം നേടിയാണ് തിരിച്ചു വന്നത്" ജിൻസനെ കുറിച്ച് പറയുമ്പോൾ ഏറെ അഭിമാനമുണ്ട് ജിൻസൺ തന്റെ ആദ്യ ഗുരുവായി കാണുന്ന പീറ്ററിന്.

പ്ലസ് ടു പഠനത്തിന് ശേഷം കോട്ടയത്തെ ബാസിലിയോസ് കോളേജിൽ ഡിഗ്രി പഠനത്തിനായി പോയ ജിൻസന് അവിടെ ഒന്നാം വർഷം പിന്നിടുമ്പോഴേക്കും, 2009 ൽ തന്നെ ഹൈദരാബാദിൽ ഇന്ത്യൻ ആർമിയിലെ ജൂനിയർ കമ്മീഷൻ ഓഫീസറായി ജോലി കിട്ടി. പിന്നീട് പൂനയിലെ സൈനിക സ്‌പോർട്സ് അക്കാദമിയിൽ കണ്ണൂർ സ്വദേശിയായ മുഹമ്മദ് കുഞ്ഞിയായിരുന്നു ജിൻസന്റെ പരിശീലകൻ. ഇപ്പോൾ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ആർ. എസ് ഭാട്യയ്ക്കു കീഴിലായിരുന്നു ജിൻസന്റെ പരിശീലനം. ഏഷ്യൻ ഗ്രാന്റ് പ്രീ പരമ്പരയിൽ 3 സ്വർണങ്ങൾ കരസ്ഥമാക്കിയതോടു കൂടിയാണ് ജിൻസൺ എന്ന കായിക പ്രതിഭയെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 2015 ൽ നടന്ന ഗുവാൻ ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ നേടിയ ജിൻസൺ 2016 ൽ നടന്ന റിയോ ഒളിമ്പിക്സിലും പങ്കെടുത്തിരുന്നു. ഒപ്പം 1500,800 മീറ്ററുകളിൽ ദേശീയ ചാമ്പ്യനുമാണ് ജിൻസൺ ജോൺസൺ എന്ന കോഴിക്കോട്ടുകാരൻ. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുമെന്നത് ജിൻസൺ മാധ്യമങ്ങളോടും മറ്റും മുൻപേ പറഞ്ഞിരുന്നു. തന്റെ കഴിവിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു ഈ ചെറുപ്പക്കാരന്.

"800 മീറ്ററിൽ ഗോൾഡ്‌ മെഡൽ നഷ്ടമായപ്പോളും ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു. ജിൻസന് 1500 ൽ ഗോൾഡ്‌ ഉറപ്പാണെന്ന്. അത് വെറും ഭംഗി വാക്കായിരുന്നില്ല. അവനെ എനിക്ക് അറിയുന്നതല്ലേ.. അത്ര കാൽക്കുലേറ്റ് ചെയ്തേ അവൻ കളിക്കുള്ളൂ." പീറ്റർ പറയുന്നു. ഏത് രാജ്യത്ത് പോയാലും ഏത് മത്സരത്തിൽ പങ്കെടുത്താലും ജിൻസൺ തന്റെ പ്രിയപ്പെട്ട പീറ്റർ സാറിനെ എന്നും വിളിക്കും. അത്രമേൽ അഴമുണ്ട് ഈ ഗുരു ശിഷ്യ ബന്ധത്തിന്. "ഇത്ര സിംപിൾ ആയ ഒരു കായികതാരം വേറെ ഇല്ല. ഒരു ഹെഡ് വെയ്റ്റും അവൻ ഇതു വരെ ആരോടും കാട്ടിയിട്ടില്ല. അത് തന്നെയാണ് അവന്റെ വ്യക്തിത്വവും" പീറ്ററിന്റെ ഈ വാക്കുകൾ ശരി വെക്കുകയാണ് മിഥുനും, "ചക്കിട്ടപ്പാറ ഒരുപാട് കായികതാരങ്ങൾക്ക് ജന്മം നൽകിയ നാടാണ്. എന്നാൽ ചിന്തൂട്ടനെ അവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അവന്റെ എളിമ തന്നെയാണ്."

ജിൻസൺ നേടിയ വിജയങ്ങളെക്കാൾ കൂടുതലാണ് ഇനി നേടാനിരിക്കുന്ന വിജയങ്ങളെന്ന് വിശ്വസിക്കാനാണ് ഓരോ ചക്കിട്ടപ്പാറക്കാരനും ആഗ്രഹിക്കുന്നത്.

ഏഷ്യൻ ഗെയിംസിലെ പന്ത്രണ്ടാം ദിനത്തിൽ ഇന്ത്യയുടെ പന്ത്രണ്ടാമത്തെ സ്വർണ മെഡൽ നേടിയ ജിൻസൺ ഓരോ ഇന്ത്യക്കാരന്റെയും പ്രതീക്ഷയും അഭിമാനവുമാണ്. ചക്കിട്ടപ്പാറ എന്ന മലോയോര ഗ്രാമത്തെ ലോകത്തിനു മുന്നിൽ പ്രശംസിയുടെ കൊടുമുടി കയറ്റിയ ജിൻസൺ ജോൺസൺ വരുന്നതും പ്രതീക്ഷിച്ചു ഒരു നാടും അവിടുത്തെ മുഴുവൻ ജനതയും കാത്തിരിപ്പുണ്ട്.

Next Story

Related Stories