TopTop
Begin typing your search above and press return to search.

ഐപിഎല്‍ താരങ്ങളല്ല; വിദേശ പിച്ചിലെ സാഹചര്യങ്ങളെ അതിജീവിക്കുന്ന പരിചയ സമ്പന്നരാണ് ലോകകപ്പില്‍ ഇന്ത്യക്കാവശ്യം

ഐപിഎല്‍ താരങ്ങളല്ല; വിദേശ പിച്ചിലെ സാഹചര്യങ്ങളെ അതിജീവിക്കുന്ന പരിചയ സമ്പന്നരാണ് ലോകകപ്പില്‍ ഇന്ത്യക്കാവശ്യം

ഐസിസി ഏകദിന ലോകകപ്പ് മെയില്‍ ആരംഭിക്കാനിരിക്കെ ടീമുകള്‍ സാധ്യത ഇലവനെ തെരഞ്ഞെടുക്കുന്ന ചര്‍ച്ചകളിലാണ്. ഐപിഎല്‍ മത്സരങ്ങളിലെ മികച്ച പ്രകടനങ്ങള്‍ ഒരു പക്ഷെ ചിലതാരങ്ങള്‍ക്ക് ലോകകപ്പ് ടീമിലേക്കുള്ള വാതിലായി മാറിയേക്കാമെങ്കിലും പരിചയ സമ്പന്നതയും ഏകദനിന മത്സരങ്ങളിലെ മികവും കണക്കിലെടുത്താകും ഇന്ത്യന്‍ ടീം സെലക്ഷന്‍. ടീമിനെ പറ്റി ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും ബാറ്റിംഗ് ഓര്‍ഡറിലടക്കം ചില മാറ്റങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നു. കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യന്‍ ക്യംപ് ഏറെ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു. നാലാം നമ്പറില്‍ ബാറ്റിംഗ് ചെയ്യേണ്ടത് ആര് എന്നത്. സാധാരണയായി മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിറം മങ്ങുന്ന മത്സരങ്ങളില്‍ മധ്യനിരയ്ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോകുന്നത് ഇന്ത്യന്‍ പരാജയങ്ങള്‍ക്ക് വഴിവെയ്ക്കാറുണ്ട്.

അതുകൊണ്ട് ടീമില്‍ ഏറെ കുറെ സ്ഥാനം ഉറപ്പിച്ച എം.എസ് ധോണിയെ മാത്രം ഇക്കാര്യത്തില്‍ ആശ്രയിക്കുക പ്രയാസമാണ്. ധോണി കളിച്ചില്ലെങ്കിലും സ്ഥിരതയോടെ മധ്യനിരയില്‍ കളിക്കുന്ന പരിചയ സമ്പന്നനായ മറ്റൊരു താരത്തെ കണ്ടെത്തുക എന്നതാണ് ശ്രമകരമായ ജോലി. യുവരാജ് സിംഗ് അടക്കമുള്ള താരങ്ങള്‍ ടീമില്‍ ഉണ്ടായിരുന്ന സമയത്ത് ഇന്ത്യയുടെ മധ്യനിര മികച്ചതായിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ മധ്യനിരയെ അത്രക്കങ് പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല. വിജയ് ശങ്കര്‍ അടക്കമുള്ള താരങ്ങളെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ക്കൊത്ത് ഉയരുമോ എന്നതാണ് മുന്നിലുളള മറ്റൊരു ചോദ്യം.

ഐപിഎലില്‍ കേരളത്തിന്റെ സഞ്ജു വി സാംസണ്‍ അടക്കമുള്ള താരങ്ങള്‍ ഐപിഎലില്‍ മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ചവെയ്ക്കുന്നുവെങ്കിലും സ്ഥിരത ഇല്ലായ്മയാണ് മറ്റൊരു വെല്ലുവിളി. മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ടീമുകളില്‍ ഓള്‍റൗണ്ടര്‍മാരും മാച്ച് വിന്നര്‍മാരും കുറവല്ല. അതുകൊണ്ട് തന്നെ ഓള്‍റൗണ്ട് മികവുള്ള താരങ്ങളെ തന്നെയാകും ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യത ഏറെയുള്ളത്. ഇങ്ങനെ നോക്കുമ്പോള്‍ സ്പിന്നറും ബാറ്റ്‌സ്മാനുമായ വിജയ് ശങ്ങള്‍ ടീമില്‍ ഇടം നേടാന്‍ സാധ്യത ഏറയാണ്.

മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി മികച്ച ബൗളിംഗ് നിര ഇന്ത്യക്കുണ്ടെന്ന് പറയും ജസ്പ്രിത് ബുമ്രയും, ഭുവനേഷ്വര്‍ കുമാറും, ഉമേഷ് യാദവും, ഹാര്‍ദ്ദിഖ് പാണ്ഡ്യയും ഉള്‍പ്പെടെ മികച്ച പേസ് നിരയും രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, തുടങ്ങിയ കരുത്തുള്ള സ്പിന്‍ നിരയും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. അതേസമയം സാധ്യത ഇലവനെ തെരഞ്ഞെടുക്കുന്നടെ കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രകടനവും വിലയിരുത്തിയാവണം ടീം തിരഞ്ഞെടുപ്പെന്നും വൈസ്‌ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നു. താരങ്ങളുടെ ഐപിഎലിലെ പ്രകടനം സെലക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും രാജ്യാന്തര തലത്തിലെ മികവ് തന്നെ ആയിരിക്കും പ്രധാനമായും പരിഗണിക്കുക. ട്വന്റി 20യിലെ മികവ് മാത്രം പരിഗണിച്ച് ഏകദിന ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കാനാവില്ല. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ഏറ്റുമുട്ടുന്ന മത്സരങ്ങള്‍ മാത്രമാണിത്.

ഇംഗ്ലണ്ടിലെ സാഹചര്യങ്ങളും ടീമിന്റെ ആവശ്യവും പരിഗണിച്ചായിരിക്കണം ടീം തെരഞ്ഞെടുപ്പ്. വരണ്ട കലാവസ്ഥയാണെങ്കില്‍ ഒരു സ്പിന്നറെയോ, സീമിംഗ് സാഹചര്യങ്ങളാണെങ്കില്‍ ഒറു പേസറെയോ, മധ്യനിര ബാറ്റ്‌സ്മാനെയോ ടീമില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഏത് കളിക്കാരനെയാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് ക്യാപ്റ്റന്റെ നിര്‍ദേശം കൂടി പരിഗണിച്ചാവും. കാരണം റിസര്‍വ് താരങ്ങള്‍ ആരായിരിക്കണമെന്നതിനെക്കുറിച്ച് ക്യാപ്റ്റന് നല്ല ധാരണയുണ്ടാവും. ടീമിനെ കുറിച്ചുള്ള ഏകദേശ ധാരണ ആയതായും ഒന്നോരണ്ടോ സ്ഥാനങ്ങളില്‍ മാത്രമേ തീരുമാനം എടുക്കാനുള്ളൂ എന്നുമാണ് രോഹിത് ശര്‍മ്മ പറയുന്നത്. ഇംഗ്ലണ്ടില്‍ മെയ് 30 നാണ് ലോകപ്പിന് തുടക്കമാകുന്നത്.


Next Story

Related Stories