Top

തീപാറും പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ : മൂര്‍ച്ചയേറിയ ബൗളിംഗ് കരുത്തിനെ വെല്ലാന്‍ ലോകോത്തര ബാറ്റിംഗ് നിരയ്ക്കാവുമോ ?

തീപാറും പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ : മൂര്‍ച്ചയേറിയ ബൗളിംഗ് കരുത്തിനെ വെല്ലാന്‍ ലോകോത്തര ബാറ്റിംഗ് നിരയ്ക്കാവുമോ ?

2017 ലെ ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ഇതാ ഏഷ്യ കപ്പില്‍ നേര്‍ക്ക് നേര്‍ പോരാട്ടത്തിനിറങ്ങുന്നു. വൈകുന്നേരം അഞ്ചിന് ദുബായ് സ്‌റ്റേഡിയത്തില്‍ തീപാറുന്ന പോരാട്ടം കാണാനായി ഇരുടീമുകളുടെയും ആരാധകര്‍ ഒപ്പത്തിനൊപ്പം ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്.


ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ലണ്ടനിലെ ഓവല്‍ മൈതാനത്തു ഇന്ത്യയെ കനത്ത പരാജയത്തിലേക്ക് തള്ളിവിട്ട പാക്കിസ്ഥാനുള്ള മറുപടിയായിരിക്കും ഏഷ്യ കപ്പിലെ ഇന്ത്യയുടെ ഈ പോരാട്ടം. ഒാവലിന്‍ നടന്ന മത്സരത്തില്‍ പാക്ക് യുവതാരമായ ഫഖര്‍ സമാന്റെ സെഞ്ചുറിയില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ 338 എന്ന വലിയ സ്‌കോര്‍ നേടിയപ്പോള്‍. പാക്കിസ്ഥാന്റെ ബോളിംഗ് നിരയോട് തോറ്റ് 30.3 ഓവറില്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ് 158 ല്‍ അവസാനിച്ചു. അന്ന് 180 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ഇരു ടീമുകളും പരസ്പരം ആകെ 196 മല്‍സരങ്ങള്‍ കളിച്ചതില്‍ പാക്കിസ്ഥാന്‍ 86 മല്‍സരങ്ങള്‍ ജയിച്ചു. ഇന്ത്യ 67 കളികളും.
ഏഷ്യ കപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെക്കാള്‍ ഒരു പടി മുന്നിലാണ്. ആറു മത്സരങ്ങളില്‍ ഇന്ത്യ വിജയം കണ്ടപ്പോള്‍ അഞ്ച് മത്സര വിജയങ്ങളാണ് പാക്കിസ്ഥാന് സ്വന്തമായുള്ളത്.


നേരിട്ട മത്സരങ്ങളില്‍ എതിരാളികളെ മൂര്‍ച്ചയേറിയ ബൗളിംഗിലൂടെ വീഴ്ത്തുന്താണ് പാക്കിസ്ഥന്റെ കരുത്ത്. അതു തന്നെയാകും ഇന്ത്യക്കെതിരെയുള്ള മത്സരങ്ങളിലും പാക്ക് പട ആയുധമായി എടുക്കുക. കോഹ്‌ലിയുടെ അഭാവത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗില്‍ തിളങ്ങാനായാല്‍ മത്സരം അനുകൂലമാക്കാം. ഇന്നലെ ഹോങ്കോംഗിനെ നേരിട്ട ലാഘവത്തോടെ ബാറ്റ് വീശിയാല്‍ പോര നല്ലൊരു റണ്‍സ് പടുത്തുയര്‍ത്തണമെങ്കില്‍ വേഗത്തിലും കൃത്യതയോടെയും കളിക്കണം.

കഴിഞ്ഞ മത്സരത്തിലെ ടീമിലേക്ക് കെ.എല്‍ രാഹുലും ഹര്‍ദിക് പാണ്ഡ്യയും, ബുമ്രയും തിരിച്ചെത്തിയേക്കും. ഏകദിനത്തില്‍ ഫോമില്ലാതെ വലയുന്ന ഭുവനേശ്വറിന് പരിചയ സമ്പന്നതയുടെ പേരില്‍ ഇന്നു അവസരം ലഭിച്ചേക്കും. ഖലീല്‍ അഹമ്മദും സ്ഥാനം നിലനിര്‍ത്തും എന്ന് തന്നെയാണ് കരുതപ്പെടുന്നത്. ശര്‍ദൂല്‍ താക്കൂര്‍, ദിനേശ് കാര്‍ത്തിക്ക്, കേദാര്‍ ജാദവ് എന്നിവരാകും പുറത്ത് പോവുക. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുന്നത് ഇവരില്‍ നിന്നാകും.രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍ രാഹുല്‍, അമ്പാട്ടി റായുഡു, മനീഷ് പാണ്ഡ, കേദാര്‍ ജാദവ്, എം.എസ് ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ശാര്‍ദ്ദൂല്‍ ഠാക്കൂര്‍, ദിനേഷ് കാര്‍ത്തിക്, ഖലീല്‍ അഹ്മദ്

പാക്കിസ്ഥാന്‍ നിരയില്‍ ഫാഖാര്‍ സമാന്‍ കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കളിച്ച മത്സരങ്ങളില്‍ മൂന്നു ശതകങ്ങളും ഒരു അര്‍ധശതകവും നേടിയിട്ടുണ്ട്. ബാബര്‍ അസം, ഷൊഹൈബ് മാലിക്, ഇമാം ഉല്‍ ഹഖ്, ആസിഫ് അലി, സര്‍ഫറാസ് അഹമ്മദ് എന്നിവരും ചേരുന്ന ബാറ്റിംഗ് യൂണിറ്റ് തരക്കേടില്ലാത്തതാണ്. എങ്കിലും ബൗളിംഗിലെ പാക്ക് പടയുടെ മൂര്‍ച്ചയ്ക്ക് കുറവൊന്നും ഉണ്ടാകാനിടയില്ല. മുഹമ്മദ് ആമിര്‍ കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല പകരം വന്നേക്കാവുന്ന ജുനൈദ് ഖാനും മികച്ച ബൗളര്‍ തന്നെയാണ്. ഹസന്‍ അലി, ഫഹീം അഷ്റഫ്, ഉസ്മാന്‍ ഖാന്‍, ശദാബ് ഖാന്‍ എന്നിങ്ങനെ ശക്തരായ ബൗളിംഗ് നിരയിലാകും പാക്കിസ്ഥാന്റെ ആത്മവിശ്വാസം. പാക്കിസ്ഥാന്‍ ടീം ഇവരില്‍ നിന്ന് സര്‍ഫ്രാസ് അഹ്മദ് (ക്യാപ്റ്റന്‍വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇമാമുല്‍ ഹഖ്, ബാബര്‍ അസം, ഷാന്‍ മസൂദ്, ശുഐബ് മാലിക്, ഹാരിസ് സൊഹൈല്‍, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഹസന്‍ അലി, ജുനൈദ് ഖാന്‍, ഉസ്മാന്‍ ഖാന്‍, ഷഹീന്‍ അഫ്രീദി, ആസിഫ് അലി, മുഹമ്മദ് ആമിര്‍

Next Story

Related Stories