TopTop
Begin typing your search above and press return to search.

ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ്; ശ്രീശാന്തിന് മുന്നിലുള്ള വെല്ലുവിളി എന്ത്?

ക്രിക്കറ്റിലേക്കുള്ള തിരിച്ചു വരവ്; ശ്രീശാന്തിന് മുന്നിലുള്ള വെല്ലുവിളി എന്ത്?

ഐപിഎല്‍ ഒത്തുകളി വിവാദത്തെതുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവാനന്ത വിലക്ക് സുപ്രീംകോടതി നീക്കിയെങ്കിലും ക്രിക്കറ്റിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ് അനിശ്ചിതത്തിലാണ്. വിലക്ക് ഭാഗീകമായാണ് നീക്കിയിട്ടുള്ളതു അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടാണ് നിര്‍ണായകമാകുക. ശ്രീശാന്തിനെതിരെയുള്ള നടപടി പുന:പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

വാതുവയ്പ് വിവാദം തുടങ്ങിയതു മുതല്‍ ശ്രീശാന്തിനെതിരെ കടുത്ത നിലപാടാണ് ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായത്. ബിസിസിഐയുടെ പ്രത്യേക സമിതിയുടെ അന്വേഷണത്തില്‍ ശ്രീശാന്ത് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുനന്നു ഇത്. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായെങ്കിലും പ്രത്യേക സമിതിയുടെ റിപോര്‍ട്ടാണ് ശ്രീശാന്തിന് തിരിച്ചടിയാവുന്നത്. സാധാരണ ഇത്തരം കേസുകളില്‍ പരമാവധി അഞ്ചുവര്‍ഷത്തെ വിലക്കാണ് ബിസിസിഐ താരങ്ങള്‍ക്ക് നല്‍കാറുളളത്. നിലവില്‍ ശ്രീശാന്ത് കളിക്കളത്തില്‍ നിന്ന് മാറിയിട്ട് ആറുവര്‍ഷമായി. വിലക്ക് മാറിയാല്‍ ദേശീയ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നതിനാല്‍ ഇതിനുള്ള സാധ്യത കുറവാണ്. എങ്കിലും വിദേശ ലീഗുകളിലടക്കം കളിക്കാന്‍ ശ്രീശാന്തിന് കഴിയും. നേരത്തെ ഒത്തുകളി വിവാദത്തില്‍ നടപടി നേരിട്ട മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടും ഐ പി എല്ലില്‍ നിന്ന് പുറത്താക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സിനോടും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ശ്രീശാന്തിന്റെ കാര്യത്തില്‍ ഇതാവര്‍ത്തിക്കുമോ

എന്ന് കണ്ടറിയണം.

അതേസമയം കോടതി ഉത്തരിവിനെ തുടര്‍ന്നുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. ക്രിക്കറ്റിലേക്ക് തിരിച്ചുവരുമെന്നും സ്‌കോട്ടിഷ് ലീഗില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. ബി.സി.സി.ഐയില്‍ പൂര്‍ണ വിശ്വാസമുണ്ട്. അനുകൂല തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ശിക്ഷാ കാലവധി എത്ര തന്നെയാണെങ്കിലും അത് പിന്നിട്ടു കഴിഞ്ഞെന്നും ശ്രീശാന്ത് വ്യക്തമാക്കി. ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള അവസരമാണ്. ആറു വര്‍ഷമായി കളിക്കുന്നില്ല. വളരെ ആശ്വാസം പകരുന്ന വിധിയാണ്. പരിശീലനം നടത്തുന്നുണ്ട്. മൂന്നു മാസം ഇനിയും കാത്തിരിക്കണം ശ്രീശാന്ത് പറഞ്ഞു.

ഐപിഎലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്‌തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു. തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു. മേയ് 23ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു. മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടക്കുകയായിരുന്നു.

Next Story

Related Stories