കായികം

ആരാധകരെ നിരാശരാക്കിയില്ല ; സച്ചിനെ പിന്നിലാക്കി 10,000 റണ്‍സ് തികയ്ക്കുന്ന വേഗമേറിയ താരമായി കോഹ്‌ലി

നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോലി സ്വന്തം പേരിലാക്കിയിരുന്നു

ആരാധകര്‍ കാത്തിരുന്നത് പോലെ തന്നെ സംഭവിച്ചു, വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ തന്നെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ചു. വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ് ലിയുടെ പേരില്‍. മത്സരത്തില്‍ 81 റണ്‍സ് പിന്നിട്ടപ്പോഴാണ് കോഹ്‌ലി റെക്കോഡ് സ്വന്തമാക്കാക്കിയത്. 205ാം ഇന്നിങ്സിലാണ് കോഹ്‌ലി 10,000 പിന്നിട്ടത്. 212 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കോലിക്ക് 58.69 റണ്‍സ് ശരാശരിയാണ് ഉള്ളത്. ഇതില്‍ 36 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടുന്നു.

നേരത്തെ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് റെക്കോഡുണ്ടായിരുന്നത്. 259 ഇന്നിംഗ്സുകളില്‍ നിന്നാണ് സച്ചിന്‍ 10000 ക്ലബ്ബിലെത്തിയത്. 263 ഇന്നിംഗ്സുകളില്‍ നിന്ന് 10000 റണ്‍സ് ക്ലബ്ബിലെത്തിയ സൗരവ് ഗാംഗുലിയാണ് നിലവില്‍ അതിവേഗക്കാരുടെ പട്ടികയില്‍ രണ്ടാമന്‍. 266 ഇന്നിംഗ്സുകളില്‍ 10000 ക്ലബ്ബിലെത്തിയ മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ് മൂന്നാം സ്ഥാനത്ത്.

നേരത്തെ നാട്ടില്‍ നടക്കുന്ന മത്സരങ്ങളില്‍ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും കോഹ്‌ലി സ്വന്തം പേരിലാക്കിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സിനെയാണ് താരം പിന്നിലാക്കിയത്. 10,000 റണ്‍സ് ക്ലബിലെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് കോലി. സച്ചിന് പുറമെ, രാഹുല്‍ ദ്രാവിഡ് (10,889), സൗരവ് ഗാംഗുലി (11,363) എന്നിവരാണ് 10,000 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍. എം.എസ് ധോണി 10,000 നേടിയിട്ടുണ്ടെങ്കിലും ഇതില്‍ 174 റണ്‍ ഏഷ്യന്‍ ഇലവന് വേണ്ടിയായിരുന്നു.

ആദ്യ ഏകദിനത്തിലെ സെഞ്ചുറിയോടെ 60 രാജ്യാന്തര സെഞ്ചുറികളെന്ന നേട്ടവും കോലി സ്വന്തമാക്കിയിരുന്നു. അതിവേഗം ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്സ്മാനും കോലിയാണ്. 386 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയതെങ്കില്‍ സച്ചിന്‍ കോലിയേക്കാള്‍ 40 ഇന്നിംഗ്സുകള്‍ അധികം കളിച്ചാണ് 60 രാജ്യാന്തര സെഞ്ചുറികളിലെത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍