UPDATES

കായികം

‘സ്‌ട്രൈക്ക് നല്‍കുകയാണെങ്കില്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാം’; ട്വന്റി20യിലെ ആദ്യ സെഞ്ച്വറിയെ കുറിച്ച് ഹര്‍മന്‍പ്രീത് കൗര്‍

51 പന്തുകളില്‍ നിന്നാണ് ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തത്. എട്ട് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്സ്.

വെസ്റ്റ് ഇന്‍ഡീസില്‍ ആരംഭിച്ച വനിത ട്വന്റി20 യില്‍ ഇന്ത്യന്‍ ടീം ജയത്തോടെ തന്നെ തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മിന്നും പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. വനിത ട്വന്റി20-യില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഹര്‍മന്‍പ്രീത് നേടി. 51 പന്തുകളില്‍ നിന്നാണ് ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തത്. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്.

ഹര്‍മന്‍പ്രീതിന്റെ ഈ നേട്ടം സഹതാരങ്ങളെ അമ്പരിപ്പിക്കുന്നതായിരുന്നു. മത്സരത്തിന്റെ തലേദിവസം പുറം വേദന ഉള്‍പ്പെടെയുള്ള ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ വലഞ്ഞ താരം അതൊന്നും തന്റെ പ്രകടനത്തില്‍ കാണിച്ചില്ല. ‘ഇന്നലെ കഠിനമായ പുറം വേദനയും മറ്റ് പ്രശന്ങ്ങളമുണ്ടായിരുന്നു. രാവിലെ അതിന് വലിയ മാറ്റമൊന്നും ഉണ്ടായില്ല. ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ പേശീവലിവുള്‍പ്പെടെയുള്ള അസ്വസ്ഥകള്‍ അനുഭവപ്പെട്ടു. സിംഗിളുകളും ഡബിളുകളും എടുക്കുക തന്നെ സംബന്ധിച്ചിടുത്തോളം ഏറെ പ്രയാസമായിരുന്നു. ഇതിനിടെ ടീം ഫിസിയോ മെഡിസിന്‍ നല്‍കി. അതിനു ശേഷം അല്‍പം ആശ്വാസമായി.’ ഹര്‍മന്‍പ്രീത് പറഞ്ഞു.

‘ശാരീരിക അസ്വസ്ഥകള്‍ കാരണം പിന്നെ ബാറ്റിംഗ് ശൈലി മാറ്റുകയായിരുന്നു. വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ച് റണ്‍സ് ഉയര്‍ത്തുക അതായിരുന്നു ലക്ഷ്യം. ഒപ്പം ക്രീസില്‍ ഉണ്ടായിരുന്ന സഹതാരം ജെമിയോട്(ജമീമ റോഡ്രിഗസ്) പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്ക് സ്‌ട്രൈക്ക് നല്‍കുകയാണെങ്കില്‍ ഞാന്‍ വലിയ ഷോട്ടുകള്‍ക്ക് ശ്രമിക്കാം എന്നായിരുന്നു. മത്സരത്തിനിടയില്‍ എത്ര റണ്‍സ് നേടിയെന്ന് ശ്രദ്ധിച്ചിരുന്നില്ല. ജയത്തിനായി ടീമിനെ എത്ര സ്‌കോറിലെത്തിക്കാന്‍ സാധിക്കുമെന്നായിരുന്നു ചിന്ത. 150 റണ്‍സാണ് ടീം നേടുന്നതെങ്കില്‍ തോല്‍വി ഉറപ്പണെന്ന് അറിയാമായിരുന്നു.’ മത്സരശേഷം ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ ലോകകപ്പ് സെമി ഫൈനലില്‍ ഹര്‍മന്‍പ്രീത് 115 ബോളില്‍ നിന്ന് 171 റണ്‍സ് നേടിയിരുന്നു. ഇന്നലെ ട്വന്റി20 ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹര്‍മന്‍പ്രീതിന്റെ സെഞ്ചുറി(103) യോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് മറുപടി ബാറ്റിംഗില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

ഹര്‍മന്‍പ്രീത് കൗറിന്റെ പവര്‍ ഷോട്ടുകള്‍

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വുറി കരുത്തില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍