TopTop
Begin typing your search above and press return to search.

റൊട്ടി വിൽപ്പനക്കാരനിൽ നിന്നും ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ താരോദയം

റൊട്ടി വിൽപ്പനക്കാരനിൽ നിന്നും ക്രിക്കറ്റിന്റെ നെറുകയിലേക്ക്; ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ താരോദയം

രാജ്യം അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടം ചൂടിയപ്പോള്‍ ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മഹാരാഷ്ട്രക്കാരനായ യഷസ്വി ജയ്സ്വാളിന്റെ സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയുന്നതല്ല. ശ്രീലങ്കയെ ഫൈനല്‍ മത്സരത്തില്‍ നേരിട്ടപ്പോള്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി മെച്ചപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് ജയ്സ്വാള്‍ 113 ബൗളുകളില്‍ നിന്ന് നേടിയ 85 റണ്‍സായിരുന്നു. ശ്രീലങ്കയെ 144 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ അണ്ടര്‍-19 ടീം ആറാം തവണ ഏഷ്യന്‍ ചാമ്പ്യന്‍മാരായത്. നിശ്ചിത 50 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്ത ഇന്ത്യക്കായി ബാറ്റിങ്ങിന് ഇറങ്ങിയ അഞ്ചില്‍ നാലുപേരും അര്‍ധസെഞ്ച്വറി നേടി. മത്സരത്തിന് ശേഷം ഇന്ത്യന്‍ വിജയത്തെ പ്രശംസിക്കുന്നതിനോടൊപ്പം മത്സരത്തില്‍ മിന്നും പ്രകടനം കാഴ്ചവെച്ച യഷസ്വി ജയ്സ്വാളിന്റെ ബാറ്റിംഗിനെയും താരത്തിന്റെ ക്രിക്കറ്റിലേക്ക് എത്തുന്നതിനുള്ള പ്രയത്‌നവുമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.

മത്സരത്തില്‍ മികച്ച റണ്‍സ് നേടി ശ്രദ്ധ നേടിയെങ്കിലും നല്ലൊരു ക്രിക്കറ്റ് താരമാകുന്നതിനുള്ള താരത്തിന്റെ പ്രയത്മാണ് കൂടുതല്‍ കൈയ്യടി നേടുന്നത്. ക്രിക്കറ്റ് കളിയോടുള്ള പ്രണയം കാരണം മുംബൈയിലെത്തിയ ജയ്സ്വാള്‍ തനിക്ക് ക്രിക്കറ്റ് പരിശീലിക്കാന്‍ കഴിയുന്ന മൈതാനങ്ങള്‍ തേടിയുള്ള അലച്ചിലിലായിരുന്നു. മൈതാനങ്ങള്‍ അടുത്തുള്ള കടമുറികളിലും വീടുകളിലും താമസിച്ച് ക്രിക്കറ്റ് പരിശീലനവും ഒപ്പം പരിശീലനത്തിനുള്ള വരുമാനവും കണ്ടെത്തിയത് നിരവധി ജോലികള്‍ ചെയ്താണ്.

2012 ല്‍ സ്വന്തം ഗ്രാമത്തില്‍ നിന്ന് ക്രിക്കറ്റ് കളിക്കാന്‍ വേണ്ടി പത്തു വയസുള്ളപ്പോഴായിരുന്നു ജയ്സ്വാള്‍ മുംബൈയിലെത്തിയത്. ആദ്യം ബന്ധുവിന്റെ വീട്ടില്‍ താമസമാക്കിയെങ്കിലും പിന്നീട് ക്രിക്കറ്റ് പരിശീലനം മൈതാനത്തേക്കുള്ള ദൂരം തടസമായപ്പോള്‍ ഇവിടെ നിന്നു ജയ്സ്വാള്‍ ഇറങ്ങി. പിന്നീട് ക്ഷീരോല്‍പാദന സാധനങ്ങളുടെ കടയിലേക്ക് താമസം മാറ്റി. കൂടെ അവിടെ ചെറിയ ജോലിയും. എന്നാല്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കേണ്ടതിനാല്‍ മുഴുവന്‍ സമയവും ജോലിയില്‍ മുഴുകാന്‍ സാധിച്ചില്ല.

ഒരു ദിവസം പരിശീലനം കഴിഞ്ഞ് വന്നപ്പോള്‍ തന്റെ സാധനങ്ങളെല്ലാം കടയ്ക്ക് പുറത്ത് വച്ചിരിക്കുന്നതാണ് കണ്ടത്. എങ്കിലും ക്രിക്കറ്റ് പരിശീലനം മുടക്കാന്‍ താരം തയ്യാറായില്ല. പിന്നീട് മറ്റൊരു ജോലിക്കും താമസത്തിനുമായി അന്വേഷണത്തിലായിരുന്നു. ഒടുവില്‍ ആസാദ് മൈതാനിലെ മുസ്ലിം യുനൈറ്റഡ് ക്ലബ് അഭയം നല്‍കി. അവിടെ ടെന്റിലായിരുന്നു താമസം. എങ്കിലും, ക്രിക്കറ്റര്‍ സ്വപ്നത്തിലേക്കുള്ള യാത്ര ദുഷ്‌കരമായിരുന്നു. പണമായിരുന്നു പ്രധാന പ്രശ്നം. ഇതോടെ ഒരു ഭക്ഷണശാലയില്‍ റൊട്ടിയുണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു ജയ്സ്വാള്‍. ക്ലീനിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്താല്‍ ഭക്ഷണവും അവിടുന്ന് തന്നെ ലഭിക്കും. മാതാപിതാക്കള്‍ തിരിച്ചുവരാന്‍ പറഞ്ഞെങ്കിലും ജയ്സ്വാള്‍ അത് കേട്ടില്ല. അവന്‍ ആ ടെന്റിലെ താമസത്തില്‍ സന്തോഷവാനായിരുന്നു. കാരണം ക്രിക്കറ്റായിരുന്നു ജയ്‌സ്വാളിന് എല്ലാം.

"എനിക്ക് ക്രിക്കറ്റ് കളിക്കണമായിരുന്നു. മുംബൈയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു ലക്ഷ്യം. അതുകൊണ്ട് ടെന്റില്‍ താമസം തുടര്‍ന്നു. റൊട്ടിയുണ്ടാക്കുന്ന ജോലി തുടര്‍ന്നു. ചില സമയങ്ങളില്‍ ടീമംഗങ്ങള്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ആ സമയങ്ങളില്‍ ഏറെ വിഷമിച്ചു. എന്നാല്‍ എന്നെ രൂപപ്പെടുത്തിയത് ഇത്തരം സംഭവങ്ങളായിരുന്നു." ജയ്സ്വാള്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

കോച്ച്, ജ്വാല സിങ്ങിനെ കണ്ടുമുട്ടിയ ശേഷമാണ് ജയ്സ്വാള്‍ എന്ന താരം രൂപപ്പെടുന്നത്. ജയ്സ്വാളിന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടനായിരുന്നു ജ്വാല. 12 വയസ് മാത്രമുണ്ടായിരുന്ന താരത്തിന്റെ ബാറ്റിംഗ് ജ്വാലയ്ക്ക് ഏറെ ഇഷ്ടപ്പെട്ടു. ഒന്നാം ഡിവിഷന്‍ ബൗളര്‍മാര്‍ക്കെതിരേ പോലും താരം മനോഹരമായി കളിക്കുന്നത് ജ്വാല മനസിലാക്കി. പിന്നീട് സുഹൃത്തക്കള്‍ വഴി ജ്വാല സിംഗ് ജയ്സ്വാളിന്റെ ക്രിക്കറ്ററാകാനുള്ള ആഗ്രഹവും അതിനു വേണ്ടിയുള്ള കഠിനാധ്വാനത്തെ കുറിച്ചും അറിയുകയായിരുന്നു. ജ്വാല സിങിന്റെ ഉപദേശം സ്വീകരിച്ച ജയ്‌സ്വാള്‍ സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ 319 റണ്‍സും 99ന് 13 വിക്കറ്റുകളും താരം സ്വന്തമാക്കി. പിന്നാലെ മുംബൈ അണ്ടര്‍ 16 ടീമില്‍ ഇടം കണ്ടെത്തി. അധികം വൈകാതെ അണ്ടര്‍ 19 ദേശീയ ടീമിലും. ഒടുവില്‍ അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി വിജയം നേടിയെടുക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതോടെ താരം ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ശ്രദ്ധനേടിയിരിക്കുന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ 79.50 ശരാശരിയില്‍ 318 റണ്‍സാണ് ജയ്സ്വാള്‍ നേടിയത്.

Next Story

Related Stories