Top

ആദ്യ അങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; ഈ ലോകകപ്പില്‍ ധോണി നിര്‍ണായകമാകുന്നത് എങ്ങനെ?

ആദ്യ അങ്കത്തിന് ഇന്ത്യ ഇറങ്ങുന്നു; ഈ ലോകകപ്പില്‍ ധോണി നിര്‍ണായകമാകുന്നത് എങ്ങനെ?
ലോകകപ്പില്‍ കിരീട സ്വപന്‌വുമായായി ടീം ഇന്ത്യ മികച്ച താരങ്ങളുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, തുടങ്ങിയ മിന്നും താരങ്ങള്‍ ടീമിലുണ്ടെങ്കിലും ആരാധകര്‍ ഏറെ പ്രതീക്ഷയോടെ നോക്കുന്നത് മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയിലേക്കാണ്. മൈതാനത്തെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിലും വിക്കറ്റിന് പിന്നിലെ മികവും പോരാത്തതിന് ഐപിഎല്‍ മത്സരങ്ങളിലും സന്നാഹ മത്സരങ്ങളിലും പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് ഇവയെല്ലാം കണക്ക്കൂട്ടുമ്പോള്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ തലയില്‍ തന്നെയാകും എന്നുറപ്പിക്കാം.  അവസാന ലോകകപ്പ് എന്ന നിലയില്‍ ഈ ലോകകപ്പില്‍ തന്റെ ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ തന്നെയായാകും താരത്തിന്റെ തീരുമാനം.

കരിയറിലെ നാലാം ലോകകപ്പാണ് ധോണി കളിക്കാനൊരുങ്ങുന്നത്. 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി.  കടുത്ത സമ്മര്‍ദ്ദഘട്ടങ്ങളെ മറികടന്ന് ടീമിനു ലോകകപ്പ് നേടിത്തന്ന ധോണിയെ പൊലാരാളുടെ അനുഭവസമ്പത്ത് ഇന്ത്യക്കു ഒഴിച്ചു കൂടാനാവാത്തതാണ്. അതുകൊണ്ടു തന്നെയാണ് ഈ ലോകകപ്പില്‍ ധോണി വില മതിക്കാനാവാത്ത താരമായി മാറുന്നതും. നായകന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനോഹരമായ ചില നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മഹേന്ദ്രസിങ് ധോണി. 2007ല്‍ ടി-20 ലോകകപ്പും 2011ല്‍ ലോകകപ്പും 2013ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യക്ക് നേടിത്തന്ന നായകനാണ് അദ്ദേഹം. സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൌരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് ശേഷം 10000 റണ്‍സ് തികക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. കൂടാതെ വിക്കറ്റ് കീപ്പിങിലും ചരിത്രം സൃഷ്ടിച്ചിട്ടുള്ള താരം തീര്‍ച്ചയായും ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാള്‍ തന്നെയാണ്.

ഈ ലോകകപ്പില്‍ ക്യാപ്റ്റന്‍ അല്ലെങ്കിലും നായകന്‍ കോഹ്‌ലിക്ക് പിന്തുണയേകുകയെന്നതാണ് ധോണിയെ ഈ ലോകകപ്പില്‍ നിര്‍ണായകമാക്കുന്നത്. വിക്കറ്റിന് പിന്നില്‍ ബൗളര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നത് ധോണി സ്വയം ഏറ്റെടുത്ത ഉത്തരവാദിത്വം തന്നെയാണ്. പലപ്പോഴും യുവ ബൗളര്‍മാര്‍ക്ക് ധോണിയുടെ ഉപദേശം ഏറെ ഗുണം ചെയ്യാറുമുണ്ട്. ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളി നേരിട്ട ഒന്നാണ് ബാറ്റിംഗില്‍ മധ്യനിരയുടെ പ്രകടനം. നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നതടക്കമുള്ള നീണ്ട ചര്‍ച്ചകള്‍ നടന്നു. ബംഗ്ലാദേശിനെതിരെയുള്ള സന്നാഹമത്സരത്തില്‍ നാലാമനായി ഇറങ്ങിയ കെ.എല്‍ രാഹുല്‍ സെഞ്ച്വറി പ്രകടനം നടത്തിയും ധോണി നേടിയ സെഞ്ച്വറിയും ടീമിനെ സംബന്ധിച്ച് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ബെസ്റ്റ് ഫിനീഷറെന്ന പേര് ഇത്തവണയും താരം അന്വര്‍ഥമാക്കിയേക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.

ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമ്മര്‍ദ്ദങ്ങളെ പക്വമായ രീതിയില്‍ നേരിടുക എന്നതും വലിയ കാര്യമാണ്. ഇത് ധോണിയുടെ വലിയ കഴിവുകളില്‍ ഒന്നാണ്. 15 വര്‍ഷത്തെ നീണ്ട പരിചയസമ്പത്ത് 2019ല്‍ ഇന്ത്യക്ക് മുതല്‍കൂട്ടാവും എന്നതില്‍ തര്‍ക്കമില്ല. മറു ഭാഗത്തുള്ള ബാറ്റ്‌സ്മാന് കളിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി ഓടി റണ്ണുകള്‍ നേടി എതിര്‍ ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തുന്ന കളിശൈലി ഇന്ത്യന്‍ മധ്യനിരക്ക് ശക്തി പകരും. അത് കൂടാതെ ലോകത്തിലെ ഏറ്റവും നല്ല കീപ്പറുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ ശക്തി തന്നെയാണ്. കളിച്ച രണ്ടു മല്‍സരങ്ങളിലും തോറ്റതിന്റെ ക്ഷീണത്തില്‍ ഇറങ്ങുന്ന ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ഇന്നത്തെ എതിരാളികള്‍. ജയത്തോടെ തന്നെ ടൂര്‍ണമെന്റിനു തുടക്കം കുറിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് വിരാട് കോലിയും സംഘവും.

Next Story

Related Stories