UPDATES

കപിലിന്റെ ചെകുത്താന്‍മാരുടെ വിജയകഥ കോഹ്‌ലിയും കൂട്ടരും മറക്കരുത്; ഇത്തവണ ലോകകപ്പ് വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായി ഓവലില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തിനിറങ്ങും.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ടീം ഇന്ത്യ ലോകകിരീടത്തില്‍ മുത്തമിട്ടത് സാക്ഷാല്‍ കപില്‍ ദേവിന്റെ നായകത്വത്തിലാണ്. 1983-ല്‍ എതിരാളികളില്ലാത്ത ടീമെന്ന് വിശേഷിപ്പിച്ചിരുന്ന വെസ്റ്റിന്‍ഡീസിനെ തറപറ്റിച്ചാണ് കപിലിന്റെ ചെകുത്താന്‍മാര്‍ ലോകകിരീടം ആദ്യമായി ഇന്ത്യയിലെത്തിച്ചത്. ലോകകിരീടത്തിനായുള്ള ഈ പോരാട്ടം നടന്നത് ഇംഗ്ലണ്ടിലായിരുന്നു.  അതുകൊണ്ട് തന്നെ 83 വീണ്ടും ആവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കാത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളും കാണില്ല. ചരിത്രം പരിശോധിക്കുമ്പോള്‍ 83 ലെ ലോകകപ്പില്‍ കപില്‍ നേടിയ 175 റണ്‍സ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളില്‍ ഒന്നായും വിലയിരുത്തപ്പെട്ടു. ഇന്ത്യന്‍ ഇലവന്‍ ശക്തമാണെന്ന് പറയുമ്പോഴും അവിടെ ഭാഗ്യനിര്‍ഭാഗ്യ ഘടകങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇംഗ്ലണ്ട് ടീം ഇന്ത്യയുടെ ഭാഗ്യ മണ്ണാണ് എന്നും വിലയിരുത്താം.

മുന്‍ ലോകകപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും മികച്ച പത്ത് ടീമുകളാണ് ഇത്തവണ ലോകകപ്പിനുള്ളത്. ഗ്രൂപ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ടീമുകളും ആദ്യ ഘട്ട മത്സരത്തില്‍ തന്നെ പരസ്പരം ഏറ്റുമുട്ടുന്നു. കൂടുതല്‍ പോയിന്റ് നേടുന്ന ടീമുകളാകും സെമി ഫൈനലില്‍ പ്രവേശിക്കുന്നത്. അതുകൊണ്ട് തന്നെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. മികച്ച ഇലവനില്‍ കളിക്കുന്ന ഇന്ത്യയ്ക്ക്‌ ഇത് നേട്ടമാകുമെന്നാണ് പ്രതീക്ഷ. ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ്മ കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിക്കും. വലിയ ഇന്നിംഗ്‌സുകള്‍ പടുത്തുയര്‍ത്തുന്ന ഇരുവരും പേസിനെയും സ്പിന്നിനെയും നന്നായി നേരിടുമെന്നതും ഇന്ത്യയ്ക്ക്‌ പ്രതീക്ഷയാണ്. മികച്ച തുടക്കം ലഭിക്കുകയും പിന്നീടെത്തുന്ന വിരാട് കോഹ്‌ലി, എംഎസ് ധോണി എന്നിവര്‍ കരുത്ത് കാണിക്കുകയും ചെയ്യുമ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് നിരയായി ഇന്ത്യന്‍ ടീം മാറുന്നു. കെ.എല്‍ രാഹുല്‍, വിജയ് ശങ്കര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരും അവസരത്തിനൊത്ത് ഉയരുന്ന താരങ്ങള്‍ തന്നെയാണ്.

ഇന്ത്യയ്ക്ക്‌ പ്രതീക്ഷകള്‍ നല്‍കുന്ന മറ്റൊരു ഘടകമാണ് ജസ്പ്രിത് ബുംറ നയിക്കുന്ന പേസ് നിര. ലോകകപ്പില്‍ മികച്ച ബൗളര്‍ ആകുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്ന താരമാണ് ബുംറ. അനുഭവ സമ്പത്തുള്ള ഭുവനേശ്വര്‍ കുമാര്‍ ന്യൂ ബോളില്‍ മികവ് തെളിയിക്കും. ലൈന്‍ ആന്‍ഡ് ലംഗ്ത്താണ്‌ ഷാമിയുടെ ആയുധം. ഇതൊന്നും പോരാത്തതിന് ഓള്‍റൗണ്ടള്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ സാന്നിധ്യം കൂടുതല്‍ കരുത്ത് പകരും. കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നീ രണ്ട് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുന്നതോടെ ബൗളിംഗ് നിരയും ശക്തമാകും എന്ന് തന്നെ പറയാം.

ലോകകപ്പ് മത്സരങ്ങള്‍ക്ക് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പേപ്പറിലെങ്കിലും കരുത്തര്‍ ഇന്ത്യ തന്നെയാണ്. കളിക്കളത്തിലെത്തുമ്പോള്‍ എല്ലാ മേഖലകളിലെയും ശേഷി തെളിയിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചാല്‍ മൂന്നാം വട്ടവും ഐസിസി ലോകകപ്പ് ഇന്ത്യയിലേക്കെത്തും.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍