TopTop
Begin typing your search above and press return to search.

ഇന്ത്യന്‍ റണ്‍മലയും കടന്നു; ബാറ്റിങ്‌നിര തിളങ്ങിയ മത്സരത്തില്‍ ഓസീസിന് ജയം

ഇന്ത്യന്‍ റണ്‍മലയും കടന്നു; ബാറ്റിങ്‌നിര തിളങ്ങിയ മത്സരത്തില്‍ ഓസീസിന് ജയം

ഇന്ത്യയും ഓസീസും ബാറ്റിംഗ് മികവ് കാണിച്ച മൊഹാലി ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 359 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്തുകള്‍ ശേഷിക്കെയായിരുന്നു ഓസ്‌ട്രേലിയ മറികടന്നത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയില്‍ ഓസീസ് 2-2ന് ഇന്ത്യക്കൊപ്പമെത്തി. ഹാന്‍ഡ്സ്‌കോംപ്(117), കവാജ(91)യുടേയുമൊപ്പം രണ്ടാം ഏകദിനം മാത്രം കളിക്കുന്ന ആഷ്ടണ്‍ ടര്‍ണര്‍(43 പന്തില്‍ 84*) എന്നിവരുടെ ബാറ്റിംങാണ് ഓസീസിന് ജയമൊരുക്കിയത്. ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാനും(143) രോഹിത്ത് ശര്‍മ്മയു(95)മാണ് തിളങ്ങിയത്. അവസാന ഏകദിനം ബുധനാഴ്ച നടക്കും.

മോശം തുടക്കത്തോടെ ആയിരുന്നു ഓസീസിസിന്റെ മറുപടി ബാറ്റിംഗ്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ആരോണ്‍ ഫിഞ്ചിനെ നഷ്ടമായി. ഭുവിയുടെ ഒരു ഇന്‍സ്വിങ്ങറില്‍ ഫിഞ്ചിന്റെ ലെഗ് സ്റ്റംപ് തെറിച്ചു. നാലാം ഓവറില്‍ മാര്‍ഷും പവലിയനില്‍ തിരിച്ചെത്തി. ബുംറയുടെ ഒരു പേസി യോര്‍ക്കറില്‍ മാര്‍ഷിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. പിന്നീട് ഒത്തുച്ചേര്‍ന്ന് ഖവാജ- ഹാന്‍ഡ്‌സ്‌കോംപ് സഖ്യം 192 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ബുംറയെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ ഖവാജ പുറത്തായി. ആറ് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെയാണ് ഹാന്‍ഡ്‌സ്‌കോംപ് സെഞ്ചുറി നേടി. കുല്‍ദീപിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ മാക്‌സ്വെല്‍ (23) മടങ്ങിയത് ഓസീസിന് തിരിച്ചടിയായി. ഇതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമെന്ന് തോന്നിച്ചു. എന്നാല്‍ ഹാന്‍ഡ്സ്‌കോംപിനൊപ്പം ഒത്തുച്ചേര്‍ന്ന ടര്‍ണര്‍ അനായാസം ബാറ്റേന്തി. ഇരുവരും 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഹാന്‍ഡ്സ്‌കോംപിന് അധികനേരം പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹാന്‍ഡ്സ്‌കോംപ് പുറത്തായതോടെ ക്രീസിലെത്തിയത് അലക്സ് കാരി. വിക്കറ്റ് കീപ്പര്‍ക്കൊപ്പം 86 റണ്‍സ് കൂട്ടിച്ചേര്‍ത്ത ടര്‍ണര്‍ ഓസീസിനെ അനായാസം വിജയത്തിലേക്ക് നയിച്ചു.

നിര്‍ണ്ണായകഘട്ടത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വരുത്തിയ പിഴവുകളും ആസ്ട്രേലിയന്‍ ജയം എളുപ്പമാക്കി. അവസാന അഞ്ച് ഓവറില്‍ 73 റണ്‍സാണ് ആസ്‌ട്രേലിയ അടിച്ചെടുത്തത്. ഇന്ത്യക്കെതിരായ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ആസ്ട്രേലിയ മൊഹാലിയില്‍ മറികടന്നത്. ഏകദിന ക്രിക്കറ്റിലെ തന്നെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോര്‍ പിന്തുടര്‍ന്നുള്ള ജയവുമാണ് ആസ്ട്രേലിയ സ്വന്തമാക്കിയത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 8.5 ഓവറില്‍ 63 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ 67ഉം യൂസ്വേന്ദ്ര ചാഹല്‍ 10 ഓവറില്‍ 80ഉം കുല്‍ദീപ് 10 ഓവറില്‍ 64 റണ്‍സും വഴങ്ങി. മൂവരും ഓരോ വിക്കറ്റ് വീഴ്ത്തി.

Next Story

Related Stories