അരങ്ങേറ്റം പിഴച്ചെങ്കിലും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് വിജയ് ശങ്കര്‍ എന്ന ഓള്‍റൗണ്ടര്‍. കഴിഞ്ഞ വര്‍ഷം നടന്ന നിദാഹാസ് ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു ശങ്കറിന്റെ അരങ്ങേറ്റം. വേഗത കുറഞ്ഞ റണ്സ്കോറിംഗിന്റെ പേരിലാണ് താരം അന്ന് കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക്
ഇരയായത്. ബംഗ്ലാദേശിനെതിലായ ഫൈനലിലെ മോശം പ്രകടനമായിരുന്നു താരത്തിന് കരിയറില്‍ മുന്നോട്ടുള്ള വഴികളില്‍ വെല്ലുവിളിയായത്.
എന്നാല്‍ ഇപ്പോള്‍ ഓരോ മത്സരം കഴിയും തോറും ടീമില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ഈ തമിഴ്നാട്ടുകാരന്. ഓസ്ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടന്ന ഏകദിനത്തില്‍ 46 റണ്‍സും അവസാന ഓവറില്‍ രണ്ടു വിക്കറ്റുമെടുത്ത് ശങ്കര്‍ ഓള്‍റൗണ്ട് പ്രകടനം നടത്തിയിരുന്നു. ഹര്‍ദിക് പാണ്ഡ്യക്കു പോലും ഭീഷണിയുയര്‍ത്തുന്ന താരമെന്ന നിലയിലേക്കു വളരുകയാണ് വിജയ് ശങ്കര്‍.
നിദാഹാസ് ട്രോഫിയിലെ പ്രകടനത്തിന്റെ പേരില്‍ ശങ്കറിനെ എഴുതി തള്ളരുതെന്ന രാഹുലിന്റെ തീരുമാനം ആണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ന്യൂസിലാന്‍ഡ് എയ്ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ശങ്കറിനെയും ദ്രാവിഡ് ഉള്‍പ്പെടുത്തി. ഫിനിഷറുടെ റോളാണ് താരത്തിന് അദ്ദേഹം നല്‍കിയത്. ദ്രാവിഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. കളിച്ച മൂന്നു മല്‍സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്കിയ ശങ്കര്‍ ഇന്ത്യയുടെ പരമ്പര വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്ന് അവസരം നിഷേധിച്ച ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് ശങ്കര്‍ ഏകദിന ടീമില്‍ ഇടംപിടിക്കുന്നത്. ഓസ്ട്രേലിയക്കെതിരേ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയിലെ മൂന്നാം ഏദിനത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചു വരവ്.
മത്സരത്തില്‍ ബൗള്‍ ചെയ്യാന്‍ മാത്രമേ ശങ്കറിന് അവസരം ലഭിച്ചുള്ളൂ. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആറോവറില്‍ 23 റണ്‍സ് താരം വിട്ടുകൊടുത്തു.
എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള ഏകദിനത്തില്‍ ശങ്കറിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചു. ഇന്ത്യ നാലിന് 18 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ അദ്ദേഹം 45 റണ്‍സ് നേടി. എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ താരം റണ്ണൗട്ടാവുകയായിരുന്നു.
സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച താരം നാഗ്പൂരില്‍ ടീം ഇന്ത്യയുടെ രക്ഷകനായാണ് ശ്രദ്ധ പിടിച്ച് പറ്റിയത്. തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത താരം ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പോള്‍ അഞ്ചാമനായി ഇറങ്ങിയ താരം കോലിക്കൊപ്പം ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. അനായാസം ബാറ്റ് വീശി അര്‍ധസെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം റണ്ണൗട്ടായി പുറത്താകുകയായിരുന്നു. ആദ്യ സ്പെല്ലില് ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത താരം 13 റണ്‍സ് വഴങ്ങിയിരുന്നു. ശേഷം അവസാന ഓവറില്‍ പന്തെടുത്ത ശങ്കര്‍ ഇന്ത്യയുടെ വിജയ ശില്പിയായി മാറി.
ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന ഓവറില്‍ രണ്ട് വിക്കറ്റ് നേടി ടീമിന് വിജയം നല്കി താരമായി വിജയ് ശങ്കര്‍. ആദ്യ പന്തിലും മൂന്നാമത്തെ പന്തിലും വിക്കറ്റെടുത്ത് ശങ്കര്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.