Top

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വുറി കരുത്തില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം

ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ച്വുറി കരുത്തില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് വിജയതുടക്കം
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറി കരുത്തില്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറി(103) യോടെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു.ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

51 പന്തുകളില്‍ നിന്നാണ് ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തത്. എട്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ക്യാപ്റ്റന്റെ ഇന്നിങ്‌സ്. ട്വന്റി20യില്‍ ഒരു ഇന്ത്യന്‍ വനിത താരത്തിന്റെ ആദ്യ സെഞ്ചുറിയാണ് ഹര്‍മന്‍പ്രീതിന്റേത്. ഇന്നിംഗ്സിന്റെ തുടക്കത്തിലെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. തായിന ഭാട്ടിയ (9), സ്മൃതി മന്ഥാന (2), ദയാലന്‍ ഹേമലത (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ശേഷം ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് എന്നവരുടെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച റണ്‍സ് സമ്മാനിച്ചത്. ജമീമ 59 റണ്‍സെടുത്ത് പുറത്തായി. ഇരുവരും 133 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിനോട് കൂട്ടിച്ചേര്‍ത്തത്. 103 റണ്‍സെടുത്ത ഹര്‍മന്‍പ്രീതിനെ ഇന്ത്യന്‍ ഇന്നിങ്‌സിലെ അവസാന പന്തില്‍ ഡിവൈന്‍ പുറത്താക്കി. ലിയ തഹുഹു കിവീസിനായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ന്യൂസിലന്‍ഡ് ഓപ്പണര്‍ സൂസി ബേറ്റ്‌സിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബേറ്റ്‌സ് 67 റണ്‍സെടുത്തു. വിക്കറ്റ് കീപ്പര്‍ കാത്തി മാര്‍ട്ടിന്‍ 39 റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.

https://www.azhimukham.com/sports-indian-women-cricket-team-player-harmenpreet-kaurs-power-shots/

Next Story

Related Stories