TopTop
Begin typing your search above and press return to search.

ഓസിസ് താരങ്ങളെ കുട്ടികളോട് ഉപമിച്ച് കളിയാക്കുന്ന സേവാഗിന്റെ ബേബിസിറ്റര്‍ പരസ്യത്തിനെതിരെ മാത്യു ഹെയ്ഡന്‍

ഓസിസ് താരങ്ങളെ കുട്ടികളോട് ഉപമിച്ച് കളിയാക്കുന്ന സേവാഗിന്റെ ബേബിസിറ്റര്‍ പരസ്യത്തിനെതിരെ മാത്യു ഹെയ്ഡന്‍

ഇന്ത്യ - ഓസ്ട്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി പുറത്തിറക്കിയ പരസ്യത്തിനെ വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ഓസ്ട്രേലിയന്‍ ടീമിനെ പരസ്യത്തിലൂടെ കളിയാക്കുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഹെയ്ഡന്‍ രംഗത്തെത്തിയത്. സംഭവത്തില്‍ വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്പോര്‍ട്സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കി.

സെവാഗിനേയും ഓസ്ട്രേലിയന്‍ ജേഴ്സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. 'അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് ചോദിച്ചു? പിന്നെന്താ എല്ലാവരും വന്നോളൂ എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി' എന്ന് പറയുന്ന സേവാഗ് കുട്ടികളെ ഇതാ ഓസീസ് പടയെത്തിക്കഴിഞ്ഞെന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കുട്ടികളോട് ഉപമിച്ച് കളിയാക്കിയതാണ് മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചത്. ഒരിക്കലും ഓസീസിനെ വിലകുറച്ചുകാണരുത് വീരുബോയ് എന്ന് പറഞ്ഞാണ് ഹെയ്ഡന്റെ മുന്നറിയിപ്പ്. ആരാണ് ലോകകപ്പിനെ 'ബേബി സിറ്റ്' ചെയ്യുന്നതെന്ന് മറക്കരുതെന്നും ഹെയ്ഡന്‍ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഹെയ്ഡനെ തണുപ്പിക്കാന്‍ ഇതിനിടെ ചില ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററിലൂടെ ശ്രമിക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പരമ്പര ഫെബ്രുവരി 24നാണ് ആരംഭിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടി20. രണ്ടാം ടി20 27ന് വിശാഖപട്ടണത്താണ് നടക്കുക. അഞ്ച് മത്സര ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ആരംഭിക്കും.

ഓസീസിനെതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലായിരുന്നു ബേബിസിറ്റര്‍ സ്ലെഡ്ജിങ്ങ് വരുന്നത്. ധോണി ടീമിലേക്ക് മടങ്ങി എത്തിയാല്‍ നിനക്ക് സ്ഥാനം നഷ്ടമാകും. വേണമെങ്കില്‍ ഞാനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോള്‍ നീ കുട്ടികളെ നോക്കുവാന്‍ വരൂ എന്നായിരുന്നു പന്തിനെ പ്രകോപിപ്പിക്കാനായി പെയ്ന്‍ പറഞ്ഞത്. നിങ്ങള്‍ താത്കാലിക നായകനെ കുറിച്ച് പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യവും ഉന്നയിച്ചായിരുന്നു പന്ത് തിരിച്ചടിച്ചത്.

ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ പ്രധാന എന്റര്‍ടെയ്ന്‍മെന്റുകളില്‍ ഒന്നായിരുന്നു അത്. ഓസീസ്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കിടയില്‍ പെയ്‌നും, പന്തും തമ്മിലുണ്ടായ സ്ലെഡ്ജിങ്ങാണ് ബേബിസിറ്റര്‍ തമാശകള്‍ക്ക് തുടക്കമിട്ടത്. പിന്നാലെയാണ് പന്ത് തന്റെ കുഞ്ഞുകളെ എടുത്ത് നില്‍ക്കുന്ന ഫോട്ടോ പെയ്‌നിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചതും.

Next Story

Related Stories