TopTop
Begin typing your search above and press return to search.

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്ര വിജയം; ഡേവ് വാട്‌മോറിനും കൈയ്യടിക്കണം

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്ര വിജയം;  ഡേവ് വാട്‌മോറിനും കൈയ്യടിക്കണം

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ചരിത്ര വിജയത്തിന് പിന്നില്‍ ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്‌മോറുമുണ്ട്. ടീമിന്റെ വിജയത്തിന് പരിശീലകന്റെ നിര്‍ണായക തീരുമാനങ്ങള്‍ എപ്പോഴും ഗുണം ചെയ്തിട്ടുണ്ട്. രഞ്ജിയിലും അത്തരത്തിലൊരു തീരമാനം ഉണ്ടായിരുന്നു. ഹിമാചല്‍പ്രദേശിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിജോമോന്‍ ജോസഫെന്ന ബൗളറെ വണ്‍ഡൗണ്‍ പൊസിഷനില്‍ ബാറ്റിംഗിനിറക്കിയ തന്ത്രം ഈ മത്സരത്തിലും അദ്ദേഹം തുടര്‍ന്നു. ശക്തരായ ഗുജറാത്തിനെതിരേയും ഇതേ തന്ത്രം തന്നെയാണ് വാട്ട്മോര്‍ പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 19 പന്തില്‍ 8 റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്തുള്ളുവെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ കളിമാറി. തന്നില്‍ ഏല്പിച്ച ഉത്തരവാദിത്വം സിജോമോന്‍ കൃത്യമായ നടപ്പിലാക്കി. ഒരുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോഴും പിടിച്ചുനിന്ന സിജോ പതിയെ സ്‌കോര്‍ ഉയര്‍ത്തി. 148 പന്തുകള്‍ നേരിട്ട് 56 റണ്‍സെടുത്ത സിജോ തന്നെയാണ് കേരളത്തിന്റെ ടോപ്സ്‌കോറര്‍ ആയതും.

ശ്രീലങ്കയെ ലോക ചാംപ്യന്‍മാരാക്കുകയും ബംഗ്ലാദേശിനെ കരുത്തരാക്കി വളര്‍ത്തുകയും ചെയ്ത വാട്‌മോറിനെ പോലൊരു രാജ്യാന്തര പരിശീലകന്‍ ഇന്ത്യയില്‍ മറ്റൊരു രഞ്ജി ടീമിനും അവകാശപ്പെടാനില്ലാത്തതാണ്. അപ്രതീക്ഷിതമായാണ് ആ ഭാഗ്യം കേരളത്തെ തേടിയെത്തുന്നത്. ചെന്നൈ ശ്രീരാമ കൃഷ്ണ മെഡിക്കല്‍ കോളജില്‍ ട്രൂകോച്ച് പദ്ധതിയുടെ ഭാഗമായാണു വാട്‌മോര്‍ ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് സീസണ്‍ നടക്കുന്ന 6 മാസത്തോളം അദ്ദേഹത്തിനു കോളജില്‍ പരിശീലനമില്ലാത്ത സമയമാണ്. അവിടെ ക്രിക്കറ്റ് പ്രോജക്ട് തലവനായിരുന്ന കേരളത്തിന്റെ മുന്‍ രഞ്ജി ടീം ക്യാപ്റ്റന്‍ എസ്.രമേശ് ആണു വാട്‌മോറിന് ഒഴിവുള്ള ഈ 6 മാസക്കാലം കേരളത്തിനായി ഉപയോഗപ്പെടുത്താനാവുമോ എന്ന ആശയം കെസിഎയുമായി പങ്കുവയ്ക്കുന്നത്. കെസിഎ ഭാരവാഹികള്‍ ചെന്നൈയിലെത്തി ചര്‍ച്ച നടത്തിയപ്പോള്‍ ദുര്‍ബലരെ കരുത്തരാക്കുന്നതില്‍ ഹരം കാണുന്ന വാട്‌മോര്‍ ആ വെല്ലുവിളി സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്‌മോറെ കൂടാതെ ഓള്‍റൗണ്ട് മികവു കൊണ്ടു വിജയങ്ങളിലെ മുഖ്യഘടകമായ മധ്യപ്രദേശുകാരന്‍ ജലജ് സക്‌സേനയുടെ മികവും എടുത്തു പറയണം. ഇതര സംസ്ഥാന കളിക്കാരെ കേരളം മുന്‍പും പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജലജ് സക്‌സേനയെ പോലെ ഇത്രയേറെ മികവു പുലര്‍ത്തിയ നിര്‍ണായക താരത്തെ ലഭിക്കുന്നതും ഇതാദ്യം. കേരള ക്രിക്കറ്റിനു പരിചയ സമ്പന്നനായ ഒരു ഓള്‍റൗണ്ടറെ വേണമെന്ന മുന്‍കാല താരങ്ങളുടെ അഭിപ്രായം പരിഗണിച്ചു നടത്തിയ അന്വേഷണമാണ് ഇന്ത്യ എ ടീമില്‍ ഇടം പിടിച്ചിട്ടുള്ള ജലജിലെത്തിയത്. ബാറ്റ്‌സ്മാനെന്ന നിലയിലും ഓഫ് സ്പിന്നറെന്ന നിലയിലും ജലജ് കഴിഞ്ഞ മൂന്നു സീസണിലും കേരളത്തിനു മുതല്‍ക്കൂട്ടാണ്. കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബോളറായി. ഈ സീസണില്‍ ആറ് മല്‍സരങ്ങളില്‍ നിന്ന് 479 റണ്‍സാണ് അടിച്ചു കൂട്ടിയത്.

ഗുജറാത്തിനെ വീഴ്ത്തി സെമിയിലെത്തിയ കേരളത്തിന്റെ വിജയത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് ബൗളിംഗ് നിര തന്നെയാണ്. ഗുജറാത്തിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കഥന്‍ ഡി പട്ടേലിനെ(5) മടക്കിയ ബേസില്‍ തമ്പിയാണ് ഗുജറാത്ത് ബാറ്റിംഗ് നിരയുട തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പിയും നാല് വിക്കറ്റെടുത്ത സന്ദീപ് വാര്യരും ചേര്‍ന്നാണ് ഗുജറാത്തിനെ തകര്‍ത്തത്.

Next Story

Related Stories