TopTop
Begin typing your search above and press return to search.

ഐപിഎലിലെ മികച്ച ഇന്നിംഗ്‌സുകള്‍; ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നാലാമനായി സഞ്ജുവിനെ പരിഗണിക്കുമോ?

ഐപിഎലിലെ മികച്ച ഇന്നിംഗ്‌സുകള്‍; ലോകകപ്പിലെ ഇന്ത്യന്‍ ടീമില്‍ നാലാമനായി സഞ്ജുവിനെ പരിഗണിക്കുമോ?

ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തയാറെടുക്കുന്ന ടീം ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നാലാമനായി ബാറ്റിങ്ങിനിറക്കേണ്ടത് ആരെയാണ് എന്നത്. ഇന്ത്യയില്‍ ഓസീസിനെതിരെയുള്ള പരമ്പരകളില്‍ നിറം മങ്ങിയ പ്രകടനത്തിന് ശേഷം ടീം ഇന്ത്യ വളരെ ഗൗരവമായി കണ്ട വിഷയവും ഇതു തന്നെയായിരുന്നു. ഒരു ഘട്ടത്തില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് നാലാമനായി ഇറങ്ങാന്‍ ഏറ്റവും അനുയോജ്യന്‍ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിന് ശേഷമായിരുന്നു ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിച്ചത്. ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്ന താരങ്ങള്‍ പരിക്കിന് പിടിയിലാകുമോ എന്ന ആശങ്ക ഇന്ത്യന്‍ ക്യാമ്പ് പങ്കുവയ്ക്കുമ്പോഴും ലോകകപ്പിലേക്കുള്ള വാതിലാണ് ഐപിഎല്‍ എന്നും കരുതുന്നവരുമുണ്ട്. പറഞ്ഞു വരുന്നത് കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടം നേടാന്‍ ഐപിഎല്‍ ഒരു വാതിലാകുമോ എന്നതാണ്.

ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സ് - സണ്‍റൈസേഴ്‌സ് മത്സരമാണ് സഞ്ജുവിന് ലോകകപ്പ് സാധ്യതകള്‍ അകലെയല്ല എന്ന സൂചനകള്‍ നല്‍കുന്നത്. രാജസ്ഥാന്‍ താരമായ സഞ്ജു 55 പന്തുകള്‍ നേരിട്ട് 102 റണ്‍സാണ് മത്സരത്തില്‍ നേടിയത്. പത്ത് ഫോറും നാല് സിക്‌സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. 102 റണ്‍സ് നേടിയ താരത്തെ പുറത്താക്കാനും ഹൈദരാബാദ് ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. ഐപിഎല്ലില്‍ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഈ മത്സരത്തിന് ശേഷം താരത്തിന്റെ ബാറ്റിംഗിനെ പുകഴ്ത്തി നിരവധി പേര്‍ രംഗത്തു വന്നിരുന്നു. നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജുവാണെന്ന് ഗംഭീര്‍ വ്യക്തമാക്കുന്നു. ലോകകപ്പില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യേണ്ട താരമാണ് സഞ്ജുവെന്നും ഗംഭീര്‍ പറഞ്ഞു. 2012 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും ഒരു മത്സരം പോലും കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. പീന്നീട് രാജസ്ഥാന്‍ റോയല്‍സിലെത്തിയ താരം ടീമിന്റെ നിര്‍ണായക ഘടകമായി മാറുകയായിരുന്നു. സീസണില്‍ യംഗസ്റ്റ് ഹാഫ് സെഞ്ചൂറിയന്‍ എന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. സണ്‍റൈസേഴസ് ഹൈദരബാദിനെരിരെയുള്ള സെഞ്ച്വറി പോലെ മികച്ച ഇന്നിംഗ്‌സുകള്‍ എടുത്തു കാണിക്കത്തക്ക ഇന്നിംഗ്‌സുകള്‍ ഐപിഎലിലും കരിയറിലും ഉണ്ടായിട്ടുണ്ടെങ്കിലും സ്ഥിരത ഇല്ലായ്മ തന്നെയാണ് താരത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ വില്ലനായി എത്തുന്നത്. അതുകൊണ്ട് തന്നെ ഐപിഎലില്‍ തുടര്‍ച്ചയായി മികച്ച ഇന്നിംഗ്‌സുകള്‍ കാഴ്ചവെച്ചാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലേക്കുള്ള വഴി കാണിക്കും.

സഞ്ജുവിന്റെ ബാറ്റിംഗിനെ കുറിച്ച്

ഒന്നു മുതല്‍ ഏഴ് വരെ പൊസിഷനുകളില്‍ അനായാസം ബാറ്റ് വീശാന്‍ സഞ്ജുവിന് കഴിയും. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായി സഞ്ജു ബാറ്റ് ചെയ്യുന്നു. ഫ്‌ളക്സിബിലിറ്റിയുള്ള താരം, സ്പിന്നര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും അനായാസം നേരിടുന്നു. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലും ഒരേപോലെ കളിക്കുന്ന താരമാണ് സഞ്ജു. ഓഫ് സൈഡില്‍ നല്ല റേഞ്ചില്‍ ബാറ്റ് വീശുന്നതാണ് സഞ്ജുവിന്റെ ബാറ്റിംഗിലെ മറ്റൊരു പ്രത്യേകത. ക്വാളിറ്റിയുള്ള താരമാണെങ്കിലും കണ്‍സിസ്റ്റന്‍സി തന്നെയാണ് സഞ്ജുവിന് ലോകകപ്പില്‍ ഇടം നേടുന്നതില്‍ വെല്ലുവിളിയാകുന്നത്. നാലാം നമ്പരില്‍ കളിക്കാന്‍ സഞ്ജുവിന് സാധിക്കുമെന്ന് പറയുമ്പോഴും വിജയ് ശങ്കറിനെപോലെയുള്ള ഓള്‍റൗണ്ട് മികവുള്ള താരങ്ങള്‍ സഞ്ജുവിന് വെല്ലുവിളി ഉയര്‍ത്തുന്നു. റിഷഭ് പന്തിനെക്കാള്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച രീതിയില്‍ വിക്കറ്റ് കീപ്പിംഗ് മികവുള്ള താരത്തിന് ധോണിക്ക് പകരക്കാരനാകാന്‍ കഴിഞ്ഞേക്കും. എന്നാല്‍ രഞ്ജിയില്‍ അടക്കം സ്ഥിരമായി വിക്കറ്റ് കീപ്പിംഗ് ചെയ്യാത്തത് ദേശീയ ടീമില്‍ എത്തുന്നതും വെല്ലുവിളിയാകുന്നു.

ഐപിഎലില്‍ ദ്രാവിഡിന് കീഴില്‍ രാജസ്ഥാന്‍ ടീമില്‍ കളിക്കാന്‍ അവസരം കിട്ടിയതോടെയാണ് സഞ്ജുവിന്റെ കരിയര്‍ തന്നെ മാറുന്നത്. സഞ്ജുവിന്റെ കരിയര്‍ ഷേപ്പ് ചെയ്തെടുത്തതും നിര്‍ണായക മത്സരങ്ങളില്‍ സഞ്ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതും ദ്രാവിഡായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ദ്രാവിഡ് ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്ന സമയത്താണ് സഞ്ജുവിന്റെ മികച്ച ഇന്നിംഗ്‌സുകള്‍ ഉണ്ടായത്.

84 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നാണ് സഞ്ജു 2000 റണ്‍സ് ക്ലബിലെത്തി കഴിഞ്ഞു. രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളും അടക്കം 27.87 ശരാശരിയിലാണ് സഞ്ജു രണ്ടായിരം ക്ലബിലെത്തിയത്. ഈ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പുറത്താകാതെ നേടിയ 102 റണ്‍സാണ് സഞ്ജുവിന്റെ ടോപ് സ്‌കോര്‍.


Next Story

Related Stories