UPDATES

ട്രെന്‍ഡിങ്ങ്

മുപ്പത്തിയേഴാം വയസ്സില്‍ ഇനിയൊരു അങ്കത്തിന് ശ്രീശാന്തിന് ബാല്യമുണ്ടോ? ബുംറ, ഭുവനേശ്വര്‍, ഷമി ത്രയം നയിക്കുന്ന പേസ് പടയില്‍ സ്ഥാനമെവിടെ?

ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് സാധാരണയായി 28 വയസു വരെയാണ് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്നത്

ഒത്തുകളി ആരോപണത്തില്‍ മലയാളി താരം എസ്.ശ്രീശാന്തിന് ബിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങിയിരിക്കുകയാണ്. താരത്തിന്റെ വിലക്ക് ഏഴ് വര്‍ഷമായി കുറച്ചതോടെ അടുത്ത വര്‍ഷം സെപ്റ്റംബര്‍ മുതല്‍ താരത്തിന് കളിക്കാം. എന്നാല്‍ ഫിറ്റ്‌നസും പ്രായവുമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്താന്‍ ശ്രീശാന്തിന് മുന്നിലുള്ള വെല്ലുവിളി. 2020 ഓടെ താരത്തിന് വയസ് 37 ലേക്ക് കടക്കും. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ച് സാധാരണയായി 28 വയസു വരെയാണ് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയുന്നത്. എന്നാല്‍ ആശിഷ് നെഹ്‌റയെയും ഇപ്പോള്‍  ആഷസ് കളിക്കുന്ന ഓസീസ് താരം പിറ്റര്‍ സിഡിലു(35)മായി താരതമ്യം ചെയ്യുമ്പോള്‍ ശ്രീശാന്തിന് ഒരു പക്ഷെ തിരിച്ച് വരാന്‍ കഴിഞ്ഞേക്കും.  ഇവരെക്കാള്‍ ഏറെ ഫിറ്റ്‌നസില്‍ ശ്രദ്ധ ചെലുത്തുന്ന ശ്രീശാന്തിന് അനായാസം ക്രിക്കറ്റിലേക്ക് തിരിച്ച് വരാന്‍ കഴിയുമെന്നും മുന്‍ കേരള ടീം ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ നിലവില്‍ ബുംറ, ഭുവനേശ്വര്‍, മുഹമ്മദ് ഷമി തുടങ്ങി ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ശ്രീശാന്തിന് ഇടം ലഭിക്കുക പ്രയാസമായേക്കാം. അതേസമയം വേഗതയേറിയ പന്തുകള്‍ എറിയുന്നത് കൂടാതെ  വളരെ വൈകി സ്വിങ് ചെയ്യിക്കാനുള്ള ബൗളിങിലെ കഴിവ് താരത്തിന് തിരിച്ചു വരവിനുള്ള സാധ്യത നല്‍കിയേക്കാം. ഏകദിന ക്രിക്കറ്റില്‍ റണ്‍സ് വഴങ്ങുമെങ്കിലും വിക്കറ്റ് നേടുന്നതില്‍ ശ്രീശാന്ത് മുന്നിലാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. സൌത്ത് ആഫ്രിക്ക അടക്കം വിദേശ പിച്ചുകളില്‍ മികവ് തെളിയിക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടുണ്ടെന്നതും താരത്തിന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ പ്രതീക്ഷ നല്‍കുന്നു.

ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച ആദ്യ മലയാളി താരമാണ് ശ്രീശാന്ത്. 2007 സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ശ്രീശാന്ത് ഫൈനലില്‍ ബൗളിംഗില്‍ നിറം മങ്ങിയെങ്കിലും ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയതുള്‍പ്പെടെ രണ്ടു ക്യാച്ചുകളെടുത്തു. 2007ല്‍ വെസ്റ്റിന്‍ഡീസില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല.2011 ലോകകപ്പില്‍ ആദ്യം ടീമില്‍ അവസരം ലഭിച്ചില്ലെങ്കിലും പേസ് ബൗളറായ പ്രവീണ്‍ കുമാറിന്റെ പരിക്കിനെത്തുടര്‍ന്ന് ശ്രീശാന്തിനെയും ടീമിലെടുത്തു. ഫൈനല്‍ ഉള്‍പ്പെടെ പലകളികളിലും ശ്രീശാന്ത് കളിക്കുകയും ചെയ്തു.

2013 മെയ് 16 ന് ഒത്തുകളി വിവാദം മൂലം അറസ്റ്റ് ചെയ്യപ്പെടുകയും ബിസിസിഐ  സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയുമായിരുന്നു. ഇപ്പോള്‍ ഒത്തുകളി ആരോപണത്തില്‍ താരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഏഴു വര്‍ഷമായി കുറച്ചതായി ബിസിസിഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയ്ന്‍ ഉത്തരവിറക്കുകയായിരുന്നു. ഇതോടെ അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും.

2013 ഓഗസ്റ്റിലാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. ആ വര്‍ഷത്തെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഒത്തുകളിച്ചെന്ന് ആരോപിച്ചായിരുന്നു ഈ വിലക്ക്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബിസിസിഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബിസിസിഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബിസിസിഐ തീരുമാനം വ്യക്തമാക്കിയത്.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍