ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ ആരൊക്കെയെന്ന ആകാംക്ഷമയാടെയാണ് ആരാധകര്‍. ടീമില്‍ സ്ഥാനം പിടിക്കുന്ന താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ലോകവും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം. ഈ സമയം ഇന്ത്യന്‍ ടീം റിസര്‍വ് ഓപ്പണറായി ആരെ പരിഗണിക്കണം എന്ന ചോദ്യത്തിന് ഇന്ത്യന്‍ മുന്‍ നായകന് സുനില്‍ ഗാവസ്കറുടെ മറുപടി ഇങ്ങനെയാണ്.
രണ്ട് ഇന്നിങ്സിലും വലിയ സ്കോര്‍ കണ്ടെത്താനായില്ലെങ്കിലും ശുഭ്മന്‍ ഗില്‍ താന്‍ ഭാവി വാഗ്ദാനമാണെന്ന് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ലോക കപ്പിലേക്ക് പോകുമ്പോള്‍ ഗില്ലില്‍ വിശ്വാസം അര്‍പ്പിച്ചു പോവുക എന്നതിന് സെലക്ടര്‍മാര്‍ മുതിര്‍ന്നേക്കില്ല. കെ.എല്‍. 2019ല്‍ വിവാദത്തിന് ശേഷം കളിക്കാനിറങ്ങിയിട്ടും രാഹുലിന് സെലക്ടര്‍മാരെ ആകര്‍ഷിക്കും വിധം കളി പുറത്തെടുക്കാനായില്ല.
ഇന്ത്യ എയ്ക്ക് വേണ്ടി ഒരു ഡക്ക് ഉള്‍പ്പെടെ മൂന്ന് കളിയില്‍ നിന്നും 55 റണ്‍സാണ് രാഹുല്‍ നേടിയത്. രാഹുല്‍ ലോക കപ്പ് ടീമില്‍ ഇടം നേടുമോയെന്ന് വ്യക്തവുമല്ല. അങ്ങിനെ വരുമ്പോള്‍ റിസര്‍വ് ഓപ്പണര്‍ സ്ഥാനത്തേക്ക് ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണം എന്നാണ് സുനില്‍ ഗാവസ്കര്‍ പറഞ്ഞത്. ഗവാസ്കറുടെ അഭിപ്രായം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.
മധ്യനിരയിലും ഫിനിഷറുടെ റോളിലുമാണ് ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ റിസര്‍വ് ഓപ്പണറായി പരിഗണിക്കണം എന്നാണ് ഗാവസ്കര്‍ പറയുന്നത്. റിഷഭ് പന്തും ടീമില്‍ ഇടംപിടിച്ചാല്‍ മൂന്ന് വിക്കറ്റ് കീപ്പറുമായി ഇന്ത്യയ്ക്ക് ടീമിനെ ശക്തിപ്പെടുത്താമെന്നും ഗവാസ്കര്‍ പറഞ്ഞു.