TopTop
Begin typing your search above and press return to search.

ANALYSIS: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ 'കണ്ണാടി നോക്കേണ്ട' സമയം അതിക്രമിച്ചിരിക്കുന്നു

ANALYSIS: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കണ്ണാടി നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

'വാലറ്റത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട് -ഇശാന്തും ഉമേഷും പിടിച്ചുനിന്നു. ഇത്തരം കാര്യങ്ങള്‍ ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സമാനെന്ന നിലയില്‍ നിങ്ങളെ കണ്ണാടി നോക്കേണ്ട അവസ്ഥയിലെത്തിക്കുന്നു' -ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് തോല്‍വിയ്ക്ക് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞ വാക്കുകളാണിവ. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തങ്ങളുടെ പ്രകടനം വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന സൂചന തന്നെയാണ് കോഹ്‌ലിയുടെ വാക്കുകളെന്ന് മൂന്നുതരം. ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായത് മുന്‍നിര ബാറ്റിങിലെ പരാജയം തന്നെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയും (149) രണ്ടാമിന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും (51) നേടിയ കോഹ്‌ലിയെ കൂടാതെ ഇന്ത്യന്‍ നിരയില്‍ 30 റണ്‍സെങ്കിലും കടന്നത് ഒരാള്‍ മാത്രം - രണ്ടാമിന്നിങ്‌സില്‍ 31 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യ 274 റണ്‍സെടുത്ത ഒന്നാമിന്നിങ്‌സില്‍ കോഹ്‌ലി കഴിഞ്ഞാല്‍ രണ്ടാമത്തെ ടോപ്പ് സ്‌കോറര്‍ ശിഖര്‍ ധവാനാണ്. 26 റണ്‍സ്!

ഇംഗ്ലണ്ടില്‍ രണ്ടിന്നിങ്‌സിലും ടോപ് സ്‌കോററാകുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ നായകനെന്ന കോഹ്‌ലിയുടെ നേട്ടം അദ്ദേഹത്തിന്റെ മികവിനേക്കാളേറെ മറ്റുള്ളവരുടെ പരാജയത്തെയാണ് എടുത്തുകാണിക്കുന്നത്. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ സ്‌കോര്‍ ചെയ്ത 436 റണ്‍സില്‍ 200 റണ്‍സുമെടുത്തത് നായകനായിരുന്നു. 339 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതും കോഹ്‌ലി ക്രീസിലുള്ളപ്പോഴും. ആദ്യ ഇന്നിങ്‌സില്‍ 54 റണ്‍സുള്ളപ്പോള്‍ ക്രീസിലെത്തിയ കോഹ്‌ലി പത്താമനായാണ് പുറത്തായത്. രണ്ടാമിന്നിങ്‌സിലാകട്ടെ 22 റണ്‍സില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായി. 141 റണ്‍സില്‍ ഏഴാമനായി കോഹ്‌ലി പുറത്തായ ശേഷം ടീം ഇന്ത്യ കൂട്ടിച്ചേര്‍ത്തത് 21 റണ്‍സും.

Read More-കോഹ്‌ലിക്കും കഴിഞ്ഞില്ല; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 31 റൺസ് തോൽവി

ഈയൊരു ടെസ്റ്റിലെ പ്രകടനം മാത്രമല്ല കോഹ്‌ലിയുടെ പരാമര്‍ശത്തിന് കാരണം. കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ മുന്‍നിരയുടെ പ്രകടനം ആശങ്കാജനകമാം വിധം മോശമാണ്. അവസാന നാലിന്നിങ്‌സുകളില്‍ ഇന്ത്യയുടെ മുന്‍നിരക്കാരുടെ പ്രകടനം ഇങ്ങനെയാണ് - ശിഖര്‍ ധവാന്‍ (71 റണ്‍സ്), മുരളി വിജയ് (59 റണ്‍സ്), ലോകേഷ് രാഹുല്‍ (33 റണ്‍സ്) അജിങ്ക്യ രഹാനെ (74 റണ്‍സ്), ചേതേശ്വര്‍ പൂജാര (70 റണ്‍സ്). തുടര്‍ച്ചയായ മോശം പ്രകടന മൂലം, ഏറെക്കാലമായി മൂന്നാം നമ്പറിലെ വിശ്വസ്തനായ, സാങ്കേതിത്തികവുള്ള ചേതേശ്വര്‍ പൂജാരയ്ക്ക് അവസാന ഇലവനില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്തു. പകരമെത്തിയ ലോകേഷ് രാഹുലിന് കാര്യമായൊന്നും ചെയ്യാനുമായില്ല.

മുന്‍നിരയില്‍ ഒരാളെങ്കിലും ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയിരുന്നെങ്കില്‍ ഈ മത്സരത്തിന്റെ ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സിന്റെ നേരിയ ലീഡ് വഴങ്ങിയ ഇന്ത്യക്ക് ഒരുപക്ഷേ, നിര്‍ണായകമായ ലീഡ് നേടി മത്സരത്തിലുടനീളം മാനസിക മുന്‍തൂക്കം ഉറപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ രണ്ടാമിന്നിങ്‌സില്‍ നല്ലൊരു കൂട്ടുകെട്ടൊരുക്കി കയ്യെത്തും ദൂരത്തുണ്ടായിരുന്ന ജയം എത്തിപ്പിടിക്കാമായിരുന്നു. എന്നാല്‍, കോഹ്ലി ഒഴികെയുള്ള ആദ്യത്തെ അഞ്ചു പേര്‍ ചേര്‍ന്ന് ആദ്യ ഇന്നിങ്‌സില്‍ നേടിയത് 65 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 47 റണ്‍സും മാത്രം. അതുകൊണ്ട് തന്നെയാകും വാലറ്റത്തിന്റെ പ്രകടനത്തെയും -ഇഷാന്തിനെയും ഉമേശിനെയും- കോഹ്ലി പ്രശംസിച്ചതും. ഇന്ത്യ എട്ടിന് 186 എന്ന നിലയില്‍ തകര്‍ന്ന ഘട്ടത്തില്‍ ഇവരെ കൂട്ടുപിടിച്ച് കോഹ്ലി കൂട്ടിച്ചേര്‍ത്ത 92 റണ്‍സാണ് ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതില്‍ ആകെ ആറു റണ്‍സ് മാത്രമാണ് ഇവരുടെ സംഭാവനയെങ്കിലും ഒരറ്റത്ത് വിക്കറ്റ് കാത്ത ഇഷാന്തും ഉമേശും കോഹ്ലിയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിന് അവസരം നല്‍കുകയായിരുന്നു.

വാലറ്റത്തിന്റെ ഈ പ്രകടനം പോലുമാവര്‍ത്തിക്കാന്‍ മുന്‍നിരയ്ക്കായില്ല. പേസും ബൗണ്‍സും മാത്രമല്ല അസാമാന്യ സ്വിങുമുള്ള എഡ്ജ്ബാസ്റ്റണിലെ പിച്ചില്‍ ബാറ്റിങ് ദുഷ്‌ക്കരമാണെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. ഇംഗ്ലീഷ് ബൗളര്‍മാര്‍ സാഹചര്യം പരമാവധി മുതലെടുക്കുകയും ചെയ്തു. സ്‌ട്രൈക്ക് ബൗളര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സണെയും സ്റ്റുവര്‍ട്ട് ബ്രോഡിനെയും കൂടാതെ ഓള്‍റൗണ്ടറായ ബെന്‍ സ്റ്റോക്ക്‌സും ഇരുപതുകാരനായ സാം കുറനും ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്. ഓരോ പന്തും ഒരു പോരാട്ടമാകുന്ന അവസ്ഥ. ഇതിനിടെ ഒരു ഭാഗത്ത് തുടര്‍ച്ചയായി വിക്കറ്റ് വീഴുന്ന അവസ്ഥ ബാറ്റ്‌സ്മാന് ഒന്ന് ശ്വാസം വിടാന്‍ പോലുമാകാത്ത സ്ഥിതിവിശേഷമാകും ഉണ്ടാക്കുക. ഈ ടെസ്റ്റിലെ ശരാശരി നോക്കിയാല്‍ 21.8 റണ്‍സില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് വീണു എന്ന് വ്യക്തമാകും. അതിനെയൊക്കെ അതിജീവിച്ച് 200 റണ്‍സ് സ്‌കോര്‍ ചെയ്തു എന്നതാണ് കോഹ്‌ലിയുടെ ഇന്നിങ്‌സിനെ സമീപകാലത്തെ ഏറ്റവും മികച്ചവയില്‍ ഒന്നായി പരിഗണിക്കാന്‍ ക്രിക്കറ്റ് വിദഗ്ധരെ പ്രേരിപ്പിക്കുന്നതും.

ഇംഗ്ലീഷ് സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിങ് ടെക്‌നിക്കില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രധാന പ്രശ്‌നം. പിച്ചില്‍ നിന്നു മാത്രമല്ല അന്തരീക്ഷത്തിലും പന്തിന്റെ ഗതിയിലുണ്ടാകുന്ന മാറ്റം പലപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ണയിക്കാനാകുന്നില്ല. വൈകി പന്ത് സ്വിങ് ചെയ്യുന്നതിനെ തടയാന്‍ ക്രീസിന് പുറത്തു നിന്ന് ബാറ്റ് ചെയ്യുക എന്ന തന്ത്രമാണ് കോഹ്ലി സ്വീകരിച്ചത്. ഇത് ഫലം കാണുകയും ചെയ്തു. പന്തിന്റെ ലേറ്റ് സ്വിങ് തടയുക മാത്രമല്ല സ്റ്റമ്പില്‍ നിന്ന് അകലം കൂടുതലുള്ളതിനാല്‍ ലെഗ് ബിഫോര്‍ വിക്കറ്റുകളെ ഒരു പരിധി വരെ തടയാനും എഡ്ജ് ചെയ്യുന്ന പന്തുകള്‍ പോലും പലപ്പോഴും വിക്കറ്റ് കീപ്പറുടേയോ സ്ലിപ്പ് ഫീല്‍ഡറുടെയോ അടുത്തു വരെ എത്താതിരിക്കാനും ഇതുകൊണ്ടു സാധിക്കുന്നു. സാങ്കേതികമായി മികച്ചു നിന്നിട്ടും അജിങ്ക്യ രഹാനെയും ലോകേഷ് രാഹുലുമൊക്കെ വീണുപോയതും ഇവിടെയാണ്.

ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും നന്നായി തുടങ്ങിയിട്ടും മുന്നോട്ടു പോകാനായില്ല. ആദ്യ ഇന്നിങ്‌സില്‍ ഡക്ക് ആയിട്ടും രണ്ടാമിന്നിങ്‌സില്‍ കോഹ്‌ലിയ്ക്ക് സമാനമായ രീതിയില്‍ ക്രീസിന് പുറത്തു നിന്ന് ഗാര്‍ഡെടുത്ത ദിനേശ് കാര്‍ത്തിക് പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കോഹ്‌ലിയും കാര്‍ത്തിക്കും ഒന്നിച്ചപ്പോഴാണ് ഇന്ത്യ വിജയത്തിലേക്കെന്ന് തോന്നിത്തുടങ്ങിയത്. എന്നാല്‍, മൂന്നാം ദിവസം കളിയവസാനിക്കുമ്പോഴുണ്ടായിരുന്ന ശുഭപ്രതീക്ഷ പിറ്റേന്ന് രണ്ടു റണ്‍സ് കൂടിയെടുത്ത് കാര്‍ത്തിക് ആന്‍ഡേഴ്‌സന്റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് കൊടുത്ത് മടങ്ങിയതോടെ അസ്ഥാനത്തായി. ആറാം വിക്കറ്റില്‍ ഇവര്‍ ചേര്‍ത്ത 34 റണ്‍സാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ വലിയ കൂട്ടുകെട്ട്.

ഹാര്‍ദിക് പാണ്ഡ്യയാണ് കോഹ്‌ലി കഴിഞ്ഞാല്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെച്ച താരം. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സെടുത്ത പാണ്ഡ്യ അടുത്ത ഇന്നിങ്‌സില്‍ 31-ലെത്തി. അതുകൊണ്ടു തന്നെ, അഞ്ചാം ബൗളറായി കാര്യമായി ഉപയോഗിച്ചില്ലെങ്കിലും പാണ്ഡ്യയെ അടുത്ത ടെസ്റ്റിലും നിലനിര്‍ത്താം. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ടെങ്കിലും, പരിക്കുകളില്ലെങ്കില്‍ അവസാന ഇലവനെ മാറ്റമില്ലാതെ ലോര്‍ഡ്‌സിലും എത്തിക്കാനാണ് സാധ്യത. എന്നാല്‍, അവിടെയും പരാജയപ്പെടുന്നവരുടെ ഭാവിയെന്തെന്ന് കണ്ടുതന്നെ അറിയേണ്ടിവരും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരില്‍ പ്രതിഭാദാരിദ്ര്യം ഒട്ടുമില്ലെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എന്നാല്‍, തങ്ങളുടെ ബാറ്റിങിലെ വിടവുകള്‍ കണ്ടെത്തി അവയടയ്ക്കുക എന്നതാണ് പ്രധാനം. പുതിയ സാഹചര്യത്തിനനുസരിച്ച് തയാറെടുപ്പുകള്‍ നടത്തുക. ടെസ്റ്റൊന്നേ ആയിട്ടുള്ളൂ, തിരിച്ചുവരാന്‍ ഇനിയും നാലു ടെസ്റ്റുകളുടെ നീളമുണ്ട്.

വാല്‍ക്കഷ്ണം: ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ക്കും എഡ്ജ്ബാസ്റ്റണില്‍ അത്ര നല്ല സമയമായിരുന്നില്ലല്ലോ എന്ന് വേണമെങ്കില്‍ വാദിക്കാം. ഇംഗ്ലണ്ടില്‍ കളിച്ചപ്പോഴുള്ള ഇന്ത്യയുടെ മുന്‍കാല ചരിത്രത്തിലെ തോല്‍വികളും നിരത്താം. പക്ഷേ, പ്രതികൂല സാഹചര്യങ്ങളില്‍ എങ്ങനെ അഡാപ്റ്റ് ചെയ്യുന്നു എന്നയിടത്താണ് ഒരു ബാറ്റ്‌സ്മാന്റെ മഹത്വമിരിക്കുന്നത്. ഇംഗ്ലീഷ് ബാറ്റസ്മാന്‍മാരുടെ കാര്യം പറയുന്നവര്‍ കോഹ്‌ലിയുടെ ഈ ടെസ്റ്റിലെ ഇന്നിങ്‌സുകള്‍ കൂടി പരിഗണിക്കേണ്ടി വരും. കഴിഞ്ഞ ഇംഗ്ലീഷ് പരമ്പരയില്‍ (2014) പത്ത് ഇന്നിങ്‌സുകളില്‍ ആകെ 134 റണ്‍സെടുത്തയാളാണ് കോഹ്‌ലി. അതുകൊണ്ടുതന്നെ മുന്‍കാല ചരിത്രം മാത്രം നോക്കി കാര്യങ്ങളെ വിലയിരുത്തരുത്.


Next Story

Related Stories