UPDATES

കായികം

ഇനി ക്ലബ് ഫുട്ബാൾ കാർണിവൽ; ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് കിക്ക്‌ ഓഫ്

ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളില്‍ മേല്‍ക്കോയ്മ നേടാനായി 20 ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. പ്രധാനമായും മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ആഴ്സനല്‍ തുടങ്ങി അഞ്ചു ക്ലബുകളുടെ പോരാട്ടമാണ് ആരാധകള്‍ ഉറ്റുനോക്കുന്നത്.

റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന് ശേഷം ഫുട്‌ബോള്‍ ലോകത്തിന് ആവേശം പകര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ലീഗില്‍ കുടുതല്‍ തവണ ചാമ്പ്യന്‍മാരെന്ന റെക്കോര്‍ഡുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡും ലെസ്റ്റര്‍ സിറ്റിയും തമ്മിലാണ് ആദ്യ മല്‍സരം. യുണൈറ്റഡിന്റെ മൈതാനമായ ഓള്‍ഡ്ട്രാഫോഡില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

ഇംഗ്ലീഷ് ക്ലബ്ബ് ഫുട്ബോളില്‍ മേല്‍ക്കോയ്മ നേടാനായി 20 ടീമുകളാണ് അങ്കത്തിനിറങ്ങുന്നത്. പ്രധാനമായും മാഞ്ചസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി, ലിവര്‍പൂള്‍, ആഴ്സനല്‍ തുടങ്ങി അഞ്ചു ക്ലബുകളുടെ പോരാട്ടമാണ് ആരാധകള്‍ ഉറ്റുനോക്കുന്നത്. അതേസമയം ക്ലബില്‍ പൊരുതി കളിക്കുന്ന ക്ലബുകളായ ടോട്ടനം ഹോട്സ്പര്‍, എവര്‍ട്ടന്‍ എന്നിവരുടെ പോരാട്ടവും ശ്രദ്ധിക്കപ്പെടും. അടുത്ത സീസണിലെ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു യോഗ്യതയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരഫലങ്ങള്‍ അടിസ്ഥാനമാക്കിയാണ്. പോയിന്റ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ക്കാണ് യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പുഘട്ടത്തിലേക്കു യോഗ്യത നേടുന്നത്. അവസാന മൂന്ന് സ്ഥാനക്കാര്‍ അടുത്ത സീസണില്‍ ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെടും.

ലീഗിലെ കരുത്തുറ്റ ആറ് ടീമുകളെ പരിചയപ്പെടാം

മാഞ്ചസ്റ്റര്‍ സിറ്റി

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഫുട്‌ബോള്‍ ക്ലബ്ബാണ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്.സി. 1880-ല്‍ സെയ്ന്റ് മാര്‍ക്ക്‌സ് (വെസ്റ്റ് ഗോര്‍ട്ടന്‍) എന്ന പേരില്‍ സ്ഥാപിതമായ ക്ലബ്ബില്‍ 1887-ല്‍ ആര്‍ഡ്വിക്ക് അസോസിയേഷന്‍ ഫുട്‌ബോള്‍ ക്ലബ്ബ് എന്നും 1894-ല്‍ മാഞ്ചസ്റ്റര്‍ സിറ്റി എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു. 90-ഓളം വര്‍ഷം മെയ്ന്‍ റോഡ് സ്റ്റേഡിയത്തില്‍ കളിച്ച ഇവര്‍ 2003-ല്‍ സിറ്റി ഓഫ് മാഞ്ചസ്റ്റര്‍ സ്റ്റേഡിയത്തിലേക്ക് മാറി. 1960-കളും 70-കളുമായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബിന്റെ ഏറ്റവും മികച്ച കാലം. ഈ കാലയളവില്‍ അവര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ്, എഫ്.എ. കപ്പ്, ലീഗ് കപ്പ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് എന്നിവ നേടി. ജോ മെഴ്‌സര്‍, മാല്‍കം ആലിസണ്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ കോളിന്‍ ബെല്‍, മൈക്ക് സമ്മര്‍ബീ, ഫ്രാന്‍സിസ് ലീ എന്നിവരടങ്ങിയ ടീമുകളാണ് ഈ നേട്ടങ്ങള്‍ കൈവരിച്ചത്.

നിലരിലെ ചാമ്പ്യന്‍മാരായ സിറ്റി ഇത്തവണയും കിരീടം നിലനിര്‍ത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൈതാനം ഏതായാലും ടീം വര്‍ക്കോടെ കളിക്കുന്നതാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയ രഹസ്യം. ലീഗിലെ ഏത് എതിരാളിയെയും തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബല്‍ജിയത്തിന്റെ ലോകകപ്പിലെ സൂപ്പര്‍താരം കെവിന്‍ ഡിബ്രയ്ന്‍ ആണ് ടീമിലെ ശ്രദ്ധേയ താരം. ലെസ്റ്റര്‍സിറ്റിയില്‍നിന്ന് റിയാദ് മഹറെസ് വന്നത് മധ്യനിരയ്ക്ക് കരുത്താകും. പെപ് ഗാർഡിയോള എന്ന പരിശീലകനാണ് സിറ്റിയുടെ മികച്ച പ്രകടനത്തിനു പ്രചോദനം. യൂറോപ്പിലെ ഏറ്റവും വില പിടിപ്പുള്ള പരിശീലകൻ ആണ് ഗാർഡിയോള.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ഇംഗ്ലണ്ടിലെ ഒരു പ്രമുഖ ഫുട്‌ബോള്‍ ക്ലബാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. പലതവണ ഇംഗ്ലീഷ് എഫ്.എ. കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എന്നിവ നേടിയിട്ടുള്ള ഈ ടീം യുറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 1878-ല്‍ ന്യൂട്ടണ്‍ ഹെത്ത് എന്ന പേരിലാണ് ഈ ക്ലബ്ബ് സ്ഥാപിതമായത്. ഇംഗ്ലണ്ടിലെ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡിലുള്ള ഓള്‍ഡ് ട്രാഫോര്‍ഡ് കളിക്കളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ക്ലബ്ബ് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്‌ബോള്‍ ക്ലബായി കണക്കാക്കപ്പെടുന്നു. മാത്രമല്ല 1964-65 മുതല്‍ ആറു സീസണിലൊഴികെ ഇംഗ്ലീഷ് ഫുട്‌ബോളില്‍ യുണൈറ്റഡിന്റെ കളികാണാനെത്തുന്നവരുടെ ശരാശരി എണ്ണം മറ്റു ടീമുകളെ അപേക്ഷിച്ച് ഏറ്റവും അധികമാണ്. 1986-87 സീസണ്‍ മുതല്‍ ഇരുപതു വര്‍ഷക്കാലം 18 പ്രധാന ടൂര്‍ണമെന്റുകള്‍ വിജയിച്ചിട്ടുണ്ട്.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലും അതിന്റെ മുന്‍ഗാമിയുമായ ഫുട്‌ബോള്‍ ലീഗും ഇരുപതു വട്ടം നേടിയിട്ടുണ്ട്. ഫ്രാന്‍സിനായി ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച പോള്‍ പോഗ്‌ബെയാണ് യുണൈറ്റഡിന്റെ പ്രധാന താരം. ഫ്രാന്‍സിനായി കാഴ്ചവച്ച പ്രകടനം പോഗ്‌ബെയുടെ കാലുകളില്‍ നിന്നുണ്ടായാല്‍ യുണൈറ്റഡിന് വലിയ നേട്ടമാക്കാം. പ്രഗൽഭ പരിശീലകൻ ഹോസെ മൗറിഞ്ഞോ ആണ് മാഞ്ചസ്റ്ററിനു തന്ത്രങ്ങൾ മെനയുന്നത്.

ടോട്ടനം ഹോട്ട്‌സ്പര്‍

വടക്കേ ലണ്ടനിലെ ടോട്ടന്‍ഹാം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് ആണ് ടോട്ടനം ഹോട്ട്‌സ്പര്‍. ‘സ്പര്‍സ്’ , ‘ലില്ലിവൈറ്റ്‌സ്’ തുടങ്ങിയ വിളിപ്പേരുകളുള്ള ടോട്ടനം ഹോട്ട്‌സ്പര്‍ ഇംഗ്ലണ്ടിലെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ ഒന്നാണ്. ക്ലബ്ബ് 1882ലാണ് സ്ഥാപിതമായത്. 1901ല്‍ തങ്ങളുടെ ആദ്യത്തെ എഫ്.എ. കപ്പ് നേട്ടത്തോടെ ഫൂട്‌ബോള്‍ ലീഗ് വന്നതിനു ശേഷം ലീഗിലില്ലാതെ പ്രസ്തുത നേട്ടം കൈവരിച്ച ഏക ക്ലബ്ബായി ടോട്ടന്‍ഹാം . ലീഗ് കപ്പ് , എഫ്.എ. കപ്പ് എന്നീ കിരീടങ്ങള്‍ 1960-61 സീസണില്‍ നേടി ഈ ഇനങ്ങളില്‍ ഇരട്ട കിരീടം കരസ്ഥമാക്കിയ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ക്ലബ്ബ് , 1963ല്‍ യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ് കിരീട വിജയത്തോടെ യുവേഫയുടെ ക്ലബ് മല്‍സരങളില്‍ കിരീടം നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് , 1972ല്‍ യുവേഫ കപ്പിന്റെ പ്രഥമ ജേതാക്കളായതോടെ രണ്ട് പ്രധാന വ്യത്യസ്ത യൂറോപ്യന്‍ ക്ലബ് മത്സര കിരീടങ്ങള്‍ നേടിയ ആദ്യ ബ്രിട്ടീഷ് ക്ലബ് ഇവയെല്ലാം ടീമിന്റെ നേട്ടങ്ങളാണ്.

മികച്ച കളി പുറത്തെടുക്കുന്നുണ്ടെങ്കിലും കിരീടം ഉറപ്പിക്കാവുന്ന ടീമായി വിശ്വസിക്കാന്‍ പ്രയാസമാണ്. ലീഗിലെ ആദ്യ നാലില്‍ കടന്ന് ചാമ്പ്യൻസ് ലീഗിന് യോഗ്യത ഉറപ്പാക്കാനാകും ശ്രമം. ഡെന്മാര്‍ക്കിന്റെ ലോകകപ്പ് താരം ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആയിരിക്കും പ്രധാനതാരം. മധ്യനിരയില്‍ എറിക്‌സണ്‍ തുടരുന്ന ഫോമിലാകും ടീമിന്റെ പ്രതീക്ഷകള്‍. കഴിഞ്ഞവര്‍ഷം 30 ഗോളടിച്ചുകൂട്ടിയ ഹാരി കെയ്ന്‍ ഇത്തവണയും ഗോളടിച്ചുകൂട്ടുമെന്ന് കണക്കുകൂട്ടുന്നു. പരിശീലകന്‍ മൗറീസിയോ പൊച്ചട്ടീനൊയുടെ തന്ത്രങ്ങള്‍ക്ക് ടോട്ടനമിന്റെ മുന്നേറ്റത്തില്‍ കാര്യമായ പങ്കുണ്ട്.

ലിവര്‍പൂള്‍

വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ ആസ്ഥാനമായ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബാണ് ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്. ഇംഗ്ലീഷ് ചാമ്പ്യന്‍ഷിപ്പ് പതിനെട്ട് തവണയും എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യന്‍സ് ലീഗ് അഞ്ച് തവണയും നേടിയിട്ടുണ്ട്. ആന്‍ഫീല്‍ഡാണ് ലിവര്‍പൂളിന്റെ സ്വന്തം തട്ടകം.1892ലാണ് ക്ലബ് സ്ഥാപിതമായത്.അതിനടുത്ത വര്‍ഷം ഫുട്‌ബോള്‍ ലീഗില്‍ അംഗമായി.1970കളിലും ’80കളിലും ബില്‍ ഷാങ്ക്‌ലിയും ബോബ് പേയ്സ്ലിയും ചേര്‍ന്ന് 11 ലീഗ് പട്ടങ്ങളും ഏഴ് യൂറോപ്യന്‍ കിരീടങ്ങളും എന്ന തലത്തിലേയ്ക്ക് ക്ലബ്ബിനെ നയിച്ചപ്പോള്‍ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും വന്‍ശക്തികളായി അവര്‍ മാറി.

ഇത്തവണ താരവിപണിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ടീമാണ് ലിവര്‍ പൂള്‍. തുടര്‍ച്ചയായ രണ്ട് നാലാം സ്ഥാനങ്ങളില്‍നിന്നുള്ള മുന്നേറ്റം ലക്ഷ്യമിട്ടുതന്നെയാണ് ഇത്തവണത്തെ ഒരുക്കങ്ങള്‍. കിരീട പോരട്ടത്തിരികെ ആത്മവിശ്വാസത്തോടെ കളിക്കുമെങ്കിലും അപ്രതീക്ഷ പരാജയം ഏറ്റുവാങ്ങുന്ന ടീം കുടുതല്‍ കരുതലോടെ തന്നെ ഇത്തവണ കളിച്ചില്ലെങ്കില്‍ പരജയം തന്നെയാകും ഫലം. ലീഗിലെ ടോപ് സ്‌കോറര്‍ പദവി സ്വന്തമായ മുഹമ്മദ് സലായി ആണ് ശ്രദ്ധാ കേന്ദ്രം. വന്‍ വിലകൊടുത്തു വാങ്ങിയ ഗോള്‍കീപ്പര്‍ അലിസണ്‍ ടിമിനൊപ്പമുള്ളപ്പോള്‍ പ്രതിരോധ് നിരയ്ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. ജര്‍മന്‍കാരനായ യുര്‍ഗന്‍ ക്ലോപ്പാണ് പരിശീലകന്‍.

ചെല്‍സി

പടിഞ്ഞാറന്‍ ലണ്ടനിലെ ഫുള്‍ഹാം ആസ്ഥാനമായ ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബാണ് ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ്. 1905-ല്‍ സ്ഥാപിതമായ ക്ലബ്ബിന്റെ രൂപീകരണം മുതല്‍, 41,837 സീറ്റുകളുള്ള സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് മൈതാനമാണ് ഹോം ഗ്രൗണ്ട്. 1955 ലീഗ് ചാംപ്പ്യന്‍ഷിപ് വിജയത്തോടെയാണ് ചെല്‍സിയുടെ പ്രധാന നേട്ടങ്ങള്‍ ആരംഭിക്കുന്നത്. കൂടാതെ 1960, 1970, 1990, 2000 കാലഘട്ടങ്ങളില്‍ മറ്റ് പല നേട്ടങ്ങളും ക്ലബ് സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ക്ലബ്ബ് മികച്ച വിജയങ്ങള്‍ രുചിക്കുകയും, 1997 മുതലുള്ള വര്‍ഷങ്ങളില്‍ പ്രധാനപ്പെട്ട 15 കിരീടങ്ങള്‍ ചെല്‍സി നേടുകയും ചെയ്തു. ചെല്‍സി ഇതുവരെ 4 പ്രീമിയര്‍ ലീഗ് കിരീടങ്ങളും, 7 എഫ്.എ. കപ്പുകളും, 4 ലീഗ് കപ്പുകളും, 4 എഫ്.എ. കമ്മ്യൂണിറ്റി ഷീല്‍ഡുകളും നേടി. യൂറോപ്യന്‍ മത്സരങ്ങളില്‍ 2 തവണ യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പും, ഓരോ തവണ വീതം യുവേഫ സൂപ്പര്‍ കപ്പും, യുവേഫ യൂറോപ്പ ലീഗും, യുവേഫ ചാമ്പ്യന്‍സ് ലീഗും നേടി. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ മുന്നു തവണ ചാമ്പ്യന്‍സ്ലീഗ് യോഗ്യത കൈവിട്ട ചെല്‍സി പ്രതിസന്ധിയിലാണ്. വില്ലിയനെ നഷ്ടമാകാത്തത് ആശ്വാസം. ഏദന്‍ ഹസാര്‍ഡ് തന്നെ ടീമിന്റെ പ്രധാന താരം. പുതുതായി വാങ്ങിയ ജോര്‍ഗിന്യോയും കരുത്തുപകരും. മൗറീസിയോ സാറി എന്ന പരിശീലകന്‍ ടീമുമായി ഇണങ്ങുമോയെന്ന് ഈ സീസണില്‍ അറിയാം.

ആഴ്‌സണൽ

വടക്കന്‍ ലണ്ടനിലെ ഹോളോവേ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബാണ് ആഴ്‌സണല്‍ ഫുട്‌ബോള്‍ ക്ലബ് ഇംഗ്ലീഷ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ് ആഴ്‌സണല്‍. 13 തവണ ഒന്നാം ഡിവിഷന്‍-പ്രീമിയര്‍ ലീഗ് ജേതാക്കളായ ഇവര്‍ 11 തവണ എഫ്.എ. കപ്പ് നേടിയിട്ടുണ്ട്. 1886-ലാണ് ക്ലബ് സ്ഥാപിതമായത്. 1893-ല്‍ ഫുട്‌ബോള്‍ ലീഗില്‍ തെക്കേ ഇംഗ്ലണ്ടില്‍ നിന്നുള്ള ആദ്യ അംഗമായി. 1930-കളില്‍ ആഴ്‌സണല്‍ പ്രധാന ട്രോഫികള്‍ ആദ്യമായി കരസ്ഥമാക്കി. അഞ്ച് തവണ ഫുട്‌ബോള്‍ ലീഗ് കിരീടവും 2 തവണ എഫ്.എ. കപ്പും നേടി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രകടനം മോശമായ ആഴ്‌സണല്‍ 1970-71-ല്‍ ലീഗും എഫ്.എ. കപ്പും നേടി തിരിച്ചുവരവു നടത്തി. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ലണ്ടനില്‍നിന്നുള്ള ആദ്യ ക്ലബ് ആഴ്‌സണലാണ്. ഇത്തവണ അവസാന നാലില്‍ എത്തുക എന്നതാണ് പ്രധാന ലക്ഷ്യം. പുതിയ പരിശീലകനുകീഴില്‍ കിരീടമെന്ന സ്വപ്നം അതിമോഹമായിരിക്കും. താരവിപണിയില്‍ വലിയ നേട്ടമുണ്ടാക്കാത്തതും പ്രതീക്ഷകളുടെ കനം കുറയ്ക്കുന്നു. ഉനെയ് എമെറി ബോണ്‍മൗത്താണ് പരിശീലകന്‍.

ചിത്രം കടപ്പാട് : സ്കൈ സ്പോർട്സ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍