TopTop
Begin typing your search above and press return to search.

ഖത്തറിന് ചരിത്ര നേട്ടം; ജപ്പാനെ തകര്‍ത്ത് ആദ്യ ഏഷ്യന്‍ കപ്പ് നേടി ഖത്തര്‍ പട

ഖത്തറിന് ചരിത്ര നേട്ടം;  ജപ്പാനെ തകര്‍ത്ത് ആദ്യ ഏഷ്യന്‍ കപ്പ് നേടി ഖത്തര്‍ പട

ഏഷ്യന്‍കപ്പില്‍ അട്ടിമറികളിലൂടെ കരുത്തരെ തറപറ്റിച്ച ഖത്തര്‍ ജപ്പാനെതിരെ ഫൈനല്‍ മത്സരത്തില്‍ തുടക്കത്തിലെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. മത്സരം തുടങ്ങി 12ാം മിനിറ്റില്‍ മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ അല്‍മോസ് അലിയാണ് ഖത്തറിന് ആദ്യ ഗോള്‍ നല്‍കി ലീഡ് സമ്മാനിച്ചത്. ഒരു ബൈസൈക്കിള്‍ കിക്കിലൂടെയാണ് താരം ഗോള്‍ കണ്ടെത്തിയത്.

ഇന്നലെ വിജയം ഉറപ്പിച്ചിറങ്ങിയ ഖത്തര്‍ ഒടുവില്‍ കരുത്തരായ ജപ്പാനെ മുട്ടുകുത്തിച്ച് ഏഷ്യന്‍ ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി. ഏഷ്യ കപ്പ് നാല് തവണ നേടിയിട്ടുള്ള ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മടക്കിയാണ് ഖത്തര്‍ വിജയം കുറിച്ചത്. ഫിഫ റാങ്കിങില്‍ 50ാം സ്ഥാനത്തുള്ള ജപ്പാന്‍ ആദ്യമായാണ് ഏഷ്യന്‍ കപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്. ഫിഫ റാങ്കിങില്‍ 93ാം സ്ഥാനക്കാരായ ഖത്തര്‍ ഇറാഖ്, ദക്ഷിണ കൊറിയ, യുഎഇ എന്നിവരെ അട്ടിമറിച്ചാണു ഫൈനലിലെത്തിയത്. കളിയുടെ ആദ്യ പകുതിയില്‍ തന്നെ രണ്ടു തവണ ജപ്പാന്‍ വല കുലുക്കിയ ഖത്തര്‍, മത്സരം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. 12ാം മിനിറ്റില്‍ മനോഹരമായ സിസര്‍കട്ട് ഗോളിലൂടെ അല്‍മോസ് അലിയാണ് ഖത്തറിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. അധികം വൈകാതെ, 27ാം മിനിറ്റില്‍ തന്നെ അബ്ദല്‍ അസീസ് ഹാതിമിലൂടെ രണ്ടാം തവണയും ജപ്പാന്‍ വല കുലുക്കി ഖത്തര്‍ ആദ്യ പകുതി പൂര്‍ത്തിയാക്കി.

69ാം മിനിറ്റില്‍ ഏഷ്യന്‍ കപ്പില്‍ ആദ്യമായി ഖത്തറിന്റെ ഗോള്‍ വല കുലുങ്ങി തകുമിയായിരുന്നു സ്‌കോറര്‍. ഒരു ഗോള്‍ മടക്കിയതിന്റെ ആവേശത്തില്‍ ജപ്പാന്‍ താരങ്ങള്‍ ആക്രമിച്ചു കളിച്ചതോടെ ഖത്തര്‍ പ്രതിരോധ കോട്ട ശക്തമാക്കി. ഇതിനിടെ, ക്യാപ്റ്റന്‍ മയ യോഷിദയുടെ ഹാന്‍ഡ്‌ബോളില്‍ നിന്നു ലഭിച്ച പെനാല്‍റ്റി അക്രം അഫിഫ് വലയിലെത്തിച്ചതോടെ ജപ്പാന്റെ പതനം പൂര്‍ണം (31). ഖത്തര്‍ ഏഷ്യന്‍ കപ്പ് കിരീടം നേടുമെന്നു പ്രവചിച്ച മുന്‍ സ്പാനിഷ് താരം ചാവി ഹെര്‍ണാണ്ടെസിന്റെ പ്രവചനം ശരിയായി.

ഫൈനലിലെ ഗോള്‍നേട്ടത്തോടെ ഖത്തര്‍ യുവതാരം അല്‍മോസ് അലി ഒരു ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും അധികം ഗോള്‍നേടുന്ന താരം (9 ഗോള്‍) എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇറാന്‍ ഇതിഹാസ താരം അലി ദേയി 1996ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണു അല്‍മോസ് പഴങ്കഥയാക്കിയത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഏഷ്യന്‍ അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പില്‍ ഖത്തറിനെ മൂന്നാം സ്ഥാനത്തെത്തിച്ചതും അല്‍മോസിന്റെ മിന്നും പ്രകടനമാണ്. അല്‍മോസ് തന്നെയായിരുന്നു (6 ഗോള്‍) ടൂര്‍ണമെന്റ് ടോപ് സ്‌കോററും. സുഡാന്‍ വംശജനായ ഇരുപത്തിരണ്ടുകാരന്‍ അല്‍മോസ് 2016 മുതല്‍ ഖത്തര്‍ ദേശിയ ടീം അംഗമാണ്.


Next Story

Related Stories