TopTop
Begin typing your search above and press return to search.

ആര്‍സനല്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചു; ക്ഷമാപണം നടത്തി ബോളിവുഡ് നടി

ആര്‍സനല്‍ താരത്തെ വംശീയമായി അധിക്ഷേപിച്ചു; ക്ഷമാപണം നടത്തി ബോളിവുഡ് നടി

ആര്‍സനല്‍ താരം അലക്‌സ് ഇവോബിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ ആര്‍സനല്‍ അംബാസഡറും ബോളിവുഡ് നടിയുമായ ഇഷാ ഗുപ്ത ക്ഷമാപണം നടത്തി. കഴിഞ്ഞ 28 ന് ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇഷ പങ്കുവച്ച സ്‌ക്രീന്‍ ഷോട്ടിലാണ് ഇവോബിയെ വംശീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

'എന്റെ അജ്ഞത കാരണം ചെയ്ത പ്രവൃത്തിയില്‍ മാപ്പ് ചോദിക്കുന്നു. വര്‍ഷങ്ങളായി ആര്‍സനല്‍ ആരാധികയാണ് ഇവോബിയ്ക്ക് എഴുതിയ കത്തില്‍ പറയുന്നു. തന്റെ പോസ്റ്റില്‍ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ പശ്ചാതപ്പിക്കുന്നതായും നടി പറഞ്ഞു. തന്റെ പരാമര്‍ശം നിങ്ങളുടെ വികാരങ്ങളെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാനാവുന്നില്ല. വംശീയതയ്ക്ക് ഒരിക്കലും എന്റെ ഹൃദയത്തില്‍ സ്ഥാനമില്ല. ഇത്തരമൊരു സംഭവം എന്റെ ഭാഗത്തുനിന്ന് ഇനി ഒരിക്കലും ഉണ്ടാകില്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നെന്നും തന്നോട് ക്ഷമിക്കണമെന്നും ഇഷ കത്തില്‍ കുറിച്ചു.

ആര്‍സനല്‍ എഫ്‌സിയ്ക്കും ഇഷ കത്ത് അയച്ചിട്ടുണ്ട്. ക്ലബിന് തന്റെ ക്ഷമാപണം സ്വീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എനിക്ക് തെറ്റ് തിരുത്താനുള്ള അവസരം തരണം. ഇവിടം മുതല്‍ താന്‍ വളരെ ഉത്തരവാദിത്വമുള്ള ആളായിരിക്കുമെന്ന് ഉറപ്പുതരുന്നതായും ഇഷ കത്തില്‍ കുറിച്ചു.

വാട്ട്സാപ്പ് ചാറ്റിനിടെ ഇവോബിയുടെ പ്രകടനത്തെ വിലയിരുത്തുന്നതിനിടയിലാണ് ഇഷ വംശീയമായി അധിക്ഷേപിച്ചത്. പിന്നീട് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് ആക്കിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇഷയും സുഹൃത്തും തമ്മിലുള്ള ചാറ്റിലാണ് വംശീയ പരാമര്‍ശങ്ങള്‍ ഉന്നയിച്ചത്. ചാറ്റിങ്ങിനിടെ ഇഷയുടെ സുഹൃത്ത് ഇവോബിയെ ഗോറില്ലാ എന്ന് വിളിക്കുകയായിരുന്നു. ഈ മെസേജിന് ഇഷ ചിരിക്കുകയും എന്തിനാണ് അദ്ദേഹത്തിന് ഇത്രയും പ്രാധാന്യം നല്‍കുന്നതെന്ന് അറിയില്ലെന്ന് മറുപടി നല്‍കുകയും ചെയ്തു.

വിവാദമായതിനെ തുടര്‍ന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. ഇവോബിയെ വംശീയമായി അധിക്ഷേപിച്ചത് മോശമായെന്ന് പറഞ്ഞ് താരത്തിനെതിരെ വിമര്‍ശനവുമായി ലോകമെമ്പാടുമുള്ള ആര്‍സനല്‍ ഫാന്‍സ് രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇഷ മാപ്പ് പറഞ്ഞ് രംഗത്ത് വന്നത്.

Next Story

Related Stories