ലാ ലിഗയില്‍ റയല്‍ സോസിഡഡിനെതിരെ പരാജയപ്പെട്ടതിന് പിന്നാലെ ടീമിലെ മധ്യനിര താരത്തിന് പരിക്കേറ്റത് റയല്‍ മാഡ്രിഡിന് തിരിച്ചടിയായി. മധ്യനിര താരം ടോണി ക്രൂസാണ് ഏറ്റവും ഒടുവില്‍ പരിക്കേറ്റ് പിന്മാറുന്നത്. ഈ മാസം അവശേഷിക്കുന്ന മത്സരങ്ങളെല്ലാം ക്രൂസിന് നഷ്ടമാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
ഇടതുകാല്ത്തുടയിലേറ്റ പരിക്കിനെത്തുടര്‍ന്നാണ് ക്രൂസ് പുറത്തുപോകുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരത്തിനിടയിലാണ് ക്രൂസിന് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ എത്രനാള്‍ വേണ്ടിവരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. എന്നാലും ആറ് ആഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൂപ്പര്‍ താരങ്ങളായ ഗാരത് ബെയില്‍, മാര്‍ക്കോ അസെന്‍സിയോ, മരിയാനോ തുടങ്ങിയവര്‍ ഇതിനകം തന്നെ പരിക്കിന്റെ പിടിയിലാണ്. ഇതിന് പുറമേയാണിപ്പോള്‍ മധ്യനിരയിലെ മികച്ച താരമായിരുന്ന ക്രൂസും കളം വിടുന്നത്.