TopTop
Begin typing your search above and press return to search.

ഇതിഹാസതാരത്തെയും മറികടന്ന് മെസിയുടെ ചരിത്രനേട്ടം

ഇതിഹാസതാരത്തെയും മറികടന്ന് മെസിയുടെ ചരിത്രനേട്ടം

ലാ ലിഗയില്‍ പുതിയ നേട്ടം കൈവരിച്ചിരിക്കുകയാണ് ബാഴ്‌സലോണന്‍ ഇതിഹാസം സാക്ഷാല്‍ ലയണല്‍ മെസി. ഏറ്റവുമധികം മത്സരങ്ങളില്‍ വിജയം നേടിയ കളിക്കാരനെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയിരിക്കുന്നത്. അത്‌ലറ്റിക്കോ മഡ്രിഡിനെതിരായ മത്സരത്തിലെ വിജയത്തോടെയാണ് മെസി നേട്ടം സ്വന്തം അക്കൗണ്ടിലാക്കിയത്.

അത്‌ലറ്റിക്കോയ്‌ക്കെതിരായ വിജയത്തോടെ ലാ ലിഗയില്‍ 335 മത്സരങ്ങള്‍ വിജയിച്ച താരമായി മെസി മാറി. 334 ലാ ലിഗ മത്സരങ്ങളില്‍ വിജയം കൈവരിച്ച് റയല്‍ മഡ്രിഡിന്റെയും സ്‌പെയിന്റെയും ഇതിഹാസതാരമായിരുന്ന ഐക്കര്‍ കസിയസിനെയാണ് മെസി മറികടന്നത്. 447 ലാ ലിഗ മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ 335 വിജയം. അതേസമയം കസിയസാകട്ടെ 510 ലീഗ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 333 മത്സരങ്ങള്‍ വിജയിച്ച അന്റോണി സുബിസരെറ്റ, 324 മത്സരങ്ങള്‍ ജയിച്ച റൗള്‍ ഗൗണ്‍സാലസ്, 322 മത്സരങ്ങള്‍ ജയിച്ച സാവി ഹെര്‍ണാണ്ടസ് എന്നിവരാണ് വിജയങ്ങളുടെ കാര്യത്തില്‍ ആദ്യ അഞ്ചില്‍ ഉള്ള മറ്റു കളിക്കാര്‍. മെസിയുടെ ഈ സീസണിലെ ലാ ലിഗ ഗോളുകളുടെ എണ്ണം 33 ആയി. രണ്ടാം സ്ഥാനത്തുള്ള ലൂയിസ് സുവാരസിനാകാട്ടെ 20 ഗോളുകളാണ് സ്വന്തം പേരിലുള്ളത്. ലാ ലിഗയിലേതുള്‍പ്പെടെ സീസണിലാകെ 43 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്.


Next Story

Related Stories