Top

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ക്രിസ്റ്റ്യാനോയുടെ പകരക്കാരനാവുമോ ?

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ക്രിസ്റ്റ്യാനോയുടെ പകരക്കാരനാവുമോ ?
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ് വിട്ടതിന് ശേഷം ഗോളുകള്‍ കണ്ടെത്താന്‍ പാടുപെടുന്ന റയല്‍മാഡ്രിഡ് സൂപ്പര്‍ താരത്തിന് പകരക്കാരനായി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ പരിഗണിക്കുന്നതായി റിപോര്‍ട്ടുകള്‍. റൊണാള്‍ഡോയുടെ വിടവ് നികത്താന്‍ നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താന്‍ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവില്‍ ടീമിലുള്ള താരങ്ങള്‍ ഗോള്‍ നേടുന്നതില്‍ വിജയിക്കാന്‍ കഴിയാതായതോടെയാണ് പുതിയ താരത്തെ ക്ലബ് തേടുന്നത്.

ഇതോടെയാണ് വരുന്ന വിന്റര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ യുഎസ് ലീഗില്‍ കളിക്കുന്ന സ്ലാട്ടന്‍ ഇബ്രാഹിമോവിനെ കൊണ്ടുവരാനാണ് റയലിന്റെ നീക്കം. എല്‍.എ ഗ്യാലക്‌സിയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇബ്രാഹിമോവിച്ച്. 25 മത്സരങ്ങളില്‍ നിന്നായി 22 ഗോളുകള്‍ ഇബ്ര നേടി. പ്രായം 37 ആയെങ്കിലും അതിനെ വെല്ലുന്ന പ്രകടനമാണ് ഇബ്രയുടെത്. അസാധ്യമായ പൊസിഷനില്‍ നിന്ന് വരെ ഗോള്‍ കണ്ടെത്തുന്ന ഇബ്രയുടെ കഴിവ് പന്ത് തട്ടുന്നവര്‍ക്കെല്ലാം അറിയുന്ന കാര്യവും. അതേസമം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇബ്രയെ നോട്ടമിട്ടിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ എങ്ങനെയാണോ റയല്‍ മാഡ്രിഡ്, അതെ അവസ്ഥയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും.

നേരത്തെ ലാലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി ഇബ്ര ബൂട്ടണിഞ്ഞിട്ടുണ്ട്. 2009-11 സീസണുകളിലായിരുന്നു ബാഴ്‌സയിലെ ഇബ്രയുടെ കാലം. ലാലിഗയില്‍ ഏഴാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ഗോളടിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. മൂന്ന് മത്സരങ്ങള്‍ തോറ്റു, രണ്ട് എണ്ണം സമനില എന്നിങ്ങനെയാണ് റയലിന്റെ അക്കൗണ്ടിലുള്ളത്.ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവം റയല്‍മാഡ്രിഡിനെ കാര്യമായി ബാധിച്ചെന്ന് പ്രതിരോധ താരം നാച്ചോ പ്രതികരിച്ചിരുന്നു. 'ക്രിസ്റ്റിയാനോ തങ്ങളുടെ ടീമില്‍ തന്നെ തിരിച്ചെത്തണമെന്നാണ് നാച്ചോ പറഞ്ഞത്.

അതേസമയം റയല്‍ മാഡ്രിഡിന്റെ പരിശീലകനെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഒന്‍പതു വര്‍ഷത്തെ റയല്‍ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിലാണ് റൊണാള്‍ഡോ ഇറ്റാലിയന്‍ ലീഗിലെ റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ യുവന്റസിലേക്കു ചേക്കേറിയത്.

Next Story

Related Stories