UPDATES

കായികം

വിജയറണ്‍ കുറിച്ചത് ധോണി; ഓസീസിനെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം

ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് ജാദവ് 81 റണ്‍സടിച്ചത്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ജയത്തോടെ തുടക്കം. കേദാര്‍ ജാദവും എം എസ് ധോണിയും തിളങ്ങിയ മത്സരത്തില്‍
ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ആറ് വിക്കറ്റിന്റെ ജയം നേടി. ഓസീസ് ഉയര്‍ത്തിയ 237 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. അഞ്ചാം വിക്കറ്റില്‍ 138 റണ്‍സ് കൂട്ടിചേര്‍ത്ത ധോണി-ജാദവ് സഖ്യമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. ജാദവ് 87 പന്തില്‍ 81 റണ്‍സും ധോണി 72 പന്തില്‍ 59 റണ്‍സും നേടി. കേദാര്‍ ജാദവാണ് കളിയിലെ കേമന്‍. സ്‌കോര്‍ ഓസ്‌ട്രേലിയ 50 ഓവറില്‍ 236/7, ഇന്ത്യ 48.2 ഓവറില്‍ 240/4.

ഓസീസ് ഇന്നിംഗ്‌സിന്റെ തനിയാവര്‍ത്തനം പോലെയായിരുന്നു ഇന്ത്യയുടെ ഇന്നിംഗ്‌സും. സ്‌കോര്‍ ബോര്‍ഡില്‍ നാലു റണ്‍സെത്തിയപ്പോഴെ നേരിട്ട ആദ്യ പന്തില്‍ ശീഖര്‍ ധവാന്‍(0) മടങ്ങി. പിന്നീട് കോലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 80 റണ്‍സിലെത്തിച്ചു. 44 റണ്‍സെടുത്ത കോലിയെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുക്കിയതിന് പിന്നാലെ രോഹിത് ശര്‍മയെ(37)കോള്‍ട്ടര്‍നൈലും മടക്കിയതോടെ ഓസീസിന് ജയപ്രതീക്ഷയായി. എന്നാല്‍ ടോണി – ജാദവ് സഖ്യം ഓസീസ് പ്രതീക്ഷകളെ ഇല്ലാതാക്കി. ഒമ്പത് ബൗണ്ടറിയും ഒരു സിക്‌സറും അടക്കമാണ് ജാദവ് 81 റണ്‍സടിച്ചത്. ധോണിയുടെ ഇന്നിംഗ്‌സില്‍ ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നു. സ്റ്റോയിനസിനെ ബൗണ്ടറി കടത്തി വിജയ റണ്ണെടുത്തും ധോണിയാണ്.

ആസ്‌ട്രേലിയന്‍ ഇന്നിങ്‌സ് നേരത്തെ 236 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തിന് മുന്നില്‍ ഓസീസ് നിര തകര്‍ന്നടിഞ്ഞു. ഓസീസിനെ തന്റെ മികച്ച ഫോം തുടര്‍ന്ന് ഉസ്മാന്‍ ഖ്വാജ പിടിച്ചുനിര്‍ത്തി. നാല് ഫോറുകളും ഒരു സിക്‌സും പറത്തി ഖ്വാജ അര്‍ധസെഞ്ച്വറി കുറിച്ചു. മൂന്നാമനായി എത്തിയ മാര്‍ക്കസ് സ്റ്റോയിന്‍സ് 37 റണ്ണെടുത്ത് ഖ്വാജക്ക് മികച്ച പിന്തുണ നല്‍കി. ഒരു ഘട്ടത്തില്‍ മികച്ച നിലയില്‍ ഇന്നിങ്‌സ് തുടര്‍ന്ന ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കി കേദാര്‍ ജാദവ് സ്റ്റോയിന്‍സിനെ പുറത്താക്കുകയായിരുന്നു. 10 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ 50 റണ്ണടിച്ച ഉസ്മാന്‍ ഖ്വാജ പുറത്തായി. കുല്‍ദീപിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് ഹാന്‍സ്‌കോമ്പും മടങ്ങി. പിന്നീട്
അലക്‌സ് ക്യാരിയും(36 നോട്ടൗട്ട്), നേഥന്‍ കോള്‍ട്ടര്‍നൈലും(28) ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ഓസീസിന് ഭേദ്ദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മാക്‌സ്‌വെല്‍ അഞ്ച് ഫോറുകളുടെ പിന്‍ബലത്തില്‍ 40 റണ്ണുകള്‍ കൂട്ടിച്ചേര്‍ത്തു. 10 ഓവറില്‍ 44 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഷമി ബൗളിംഗില്‍ ഇന്ത്യക്കായി തിളങ്ങിയപ്പോള്‍ 60 റണ്‍സ് വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റെടുത്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍