ലാ ലീഗയില്‍ ഗെറ്റാഫെയ്ക്കെതിരെ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ഗോള്‍ രഹിത സമനില. സമനിലയോടെ 34 മത്സരങ്ങളില്‍ നിന്ന് 55 പോയിന്റുള്ള ഗെറ്റാഫെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത പ്രതീക്ഷകള്‍ സജീവമാക്കി. അതേസമയം 34 കളികളില്‍ നിന്നു 65 പോയിന്റുള്ള റയല്‍ മൂന്നാം സ്ഥാനത്ത് തുടരും. ഇത്രയും മത്സരങ്ങളില്‍നിന്നും ബാഴ്സലോണ 80 പോയന്റുമായി ഒന്നാം സ്ഥാനത്തും 71 പോയന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുമാണ്.
ലീഗില്‍ നാലാം സ്ഥാനത്തുള്ള ഗെറ്റാഫെയ്ക്കെതിരെ പന്തടക്കത്തില്‍ മേധാവിത്വം കാട്ടിയിട്ടും റയലിന് ഗോളടിക്കാന്‍ കഴിഞ്ഞില്ലെന്നയാണ് ശ്രദ്ധിക്കേണ്ട കാര്യം. കിട്ടിയ അവസരങ്ങള്‍ എല്ലാം റയല്‍ നഷ്ടപ്പെടുത്തി. റയല്‍ ഗോളി കെയ്ലര് നവാസിന്റെ മികച്ച 2 സേവുകളാണ് റയല്‍ മാഡ്രിഡിനെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. മോലിന, ജയിം മാറ്റ എന്നിവരുടെ ശ്രമങ്ങള്‍ നവാസ് തടുത്തിട്ടു. റയലിന്റെ ഏറ്റവും മികച്ച അവസരം ബെന്‍സീമക്ക് ആണ് ലഭിച്ചത്. പക്ഷെ താരത്തിന്റെ ഷോട്ട് ഗോളായില്ല. നേരത്തെ ബ്രാഹിം ദിയാസിന് ആദ്യമായി ലാ ലീഗ ആദ്യ ഇലവനില്‍ അവസരം നല്‍കിയാണ് സിദാന് ടീമിനെ ഇറക്കിയത്. മത്സരത്തില്‍ തങ്ങള്‍ ജയം അര്‍ഹിച്ചിരുന്നതായും മത്സരഫലത്തില്‍ സന്തുഷ്ടനല്ലെങ്കിലും കളിച്ച രീതിയില്‍ സന്തോഷവാനാണെന്ന് പരിശീലകന് സിനദിന്‍ സിദാന് പറഞ്ഞു. ഞായറാഴ്ച ലവന്റെയ്ക്കെതിരായ മത്സരത്തില്‍ ജയിച്ചാല്‍ ബാഴ്സയ്ക്ക് ലീഗ് ജേതാക്കളാകാം.