ഫ്രഞ്ച് കപ്പ് ഫൈനലിന് ശേഷം ആരാധകനെ അടിച്ച സംഭവത്തില്‍ പി.എസ്.ജി സൂപ്പര്‍ താരം നെയ്മറിന് കടുത്ത ശിക്ഷ ലഭിച്ചേക്കുമെന്ന് റിപോര്‍ട്ടുകള്‍. അപമര്യാതയായി പെരുമാറിയതിനെ തുടര്‍ന്ന് താരത്തിന് കുറഞ്ഞത് അഞ്ച് മത്സരങ്ങളില്‍ നിന്നെങ്കിലും വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
ഫ്രഞ്ച് കപ്പ് ഫൈനലില്‍ റെനസിനോട് തോറ്റ് കിരീടം നഷ്ടപ്പെട്ടതിനു പിന്നാലെ രണ്ടാം സ്ഥാനക്കാര്‍ക്കുള്ള മെഡല്‍ വാങ്ങാന്‍ പോകുന്നതിടയ്ക്കാണ് സംഭവം. ഇതിനിടെ ആരാധകന് നെയ്മറിനോട് എന്തോ പറയുകയും ദേഷ്യം വന്ന നെയ്മര്‍ ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് നടന്ന വാക്കുതര്‍ക്കത്തിനൊടുവില്‍ ആരാധകന്റെ മുഖത്തിടിക്കുകയായിരുന്നു നെയ്മര്‍. സുരക്ഷാ ഉദ്യോഗസ്ഥരും സഹതാരങ്ങളും ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു.
സഭംവം വിവാദമായതോടെ നെയ്മറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പി.എസ്.ജി. പരിശീലകന് തോമസ് ടുഷെലും സഹതാരങ്ങളും നെയ്മറിനെതിരെ രംഗത്തെത്തുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന് താരത്തിനെതിരെ നടപടിയെടുക്കുമെന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കേസ് അസോസിയേഷന്റെ അച്ചടക്ക സമിതി പരിഗണിക്കുന്നുണ്ട്. നേരത്തെ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ യുണൈറ്റഡിനെതിരായ തോല്‍വിക്ക് ശേഷം റഫറിമാരെ അധിക്ഷേപിച്ചതിന് മൂന്ന് യൂറോപ്യന്‍ മത്സരങ്ങളില്‍ നെയ്മറിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.