TopTop
Begin typing your search above and press return to search.

റയല്‍ മാഡ്രിഡിനെ തിരിച്ചു കൊണ്ടുവരാന്‍ സിദാന്‍ ഇറങ്ങുന്നു; ലാലിഗയില്‍ പ്രതീക്ഷയോടെ റയല്‍

റയല്‍ മാഡ്രിഡിനെ തിരിച്ചു കൊണ്ടുവരാന്‍ സിദാന്‍ ഇറങ്ങുന്നു; ലാലിഗയില്‍ പ്രതീക്ഷയോടെ റയല്‍

ഓരിടവേളയ്ക്ക് ശേഷം റയല്‍മാഡ്രിഡിലേക്ക് സിദാന്‍ തിരികെ എത്തിയിരിക്കുന്നു. ആരാധകരെ ആവേശത്തിലാക്കുന്ന ഒന്നു തന്നെയാണിത്. വലിയ പ്രതിസന്ധികളെ മറിടകടന്ന് ചരിത്രം ആവര്‍ത്തിക്കാന്‍ റയലിന് കഴിയുമോ എന്നത് തന്നെയാണ് ഇനി മുന്നിലുള്ള ചോദ്യം. ടീമിനെ ഇനി പഴയ പ്രതാപത്തിലെത്തിക്കുവാന്‍ സിദാന് കടമ്പകള്‍ കുറച്ചൊന്നും കടന്നാല്‍ പോരെന്നതാണ് മറ്റൊരു സത്യം.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ ഏല്‍ക്കേണ്ടി വന്ന റയലിന്റെ അപ്രതീക്ഷിത തോല്‍വി റയലില്‍ നിലവിലെ സ്ഥിതി ശുഭകരമല്ലെന്ന് വായിച്ചെടുക്കാവുന്നതാണ്. ടീമിനെ ഒത്തിണക്കത്തോടെ കൊണ്ടുപോവുകയെന്നതാണ് സിദാന്റെ മുന്നിലുള്ള വലിയ വെല്ലുവിളി. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ അയാക്സിനോടാണ് മാഡ്രിഡ് തോല്‍വി ഏറ്റുവാങ്ങിയത്. ടീമിനുള്ളില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും ഈ തോല്‍വിയോടെ പുറത്തു വരികയായരുന്നു. സൂപ്പര്‍ താരം റൊണാള്‍ഡോ ക്ലബ് വിട്ടതിന് ശേഷം താരങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അതൃപ്തിയും ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. സൂപ്പര്‍ താരങ്ങളുടെ അഭാവം ടീമില്‍ ഉണ്ടെന്ന സൂചന തന്നെയാണ് പരിശീലകന്റെ കുപ്പായം ഏറ്റെടുത്ത സിദാന്റെയും അഭിപ്രായം എന്ന് തന്നെയാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിയത്തിനായി കൂടുതല്‍ സൂപ്പര്‍ താരങ്ങളെ ടീമില്‍ എത്തിക്കാനുള്ള അണിയറ നീക്കങ്ങളാകും ആദ്യ ഘട്ടത്തില്‍ സിദാന്‍ നടത്തുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ കെയ്‌ലിയന്‍ എംബാപ്പെയെയോ നെയ്മറെയോ ടീമിലെത്തിക്കുക. ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിന്റെ കൈമാറ്റം വേഗത്തിലാക്കുക. ഗാരത് ബെയ്‌ലിനെ പുറത്താക്കുക, ബെന്‍സേമയെയും മാഴ്‌സലോയെയും നിലനിര്‍ത്തുക എന്നതാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളെന്നാണ് വിവരം.

ചില താരങ്ങളെ ടീമില്‍ എത്തിച്ച് ടീം ശക്തമാക്കണം സിദാന്‍ ആവശ്യപ്പെട്ടതായി റയല്‍ പ്രസിഡന്റ് പെരെസ് പറഞ്ഞതായും റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു. രണ്ട് താരങ്ങള്‍ റയലിന്റെ ലിസ്റ്റിലുണ്ടെന്നും പെരെസ് വ്യക്തമാക്കി. പി എസ് ജി താരങ്ങളായ എമ്പപ്പെയും നെയ്മാറും റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്ന താരങ്ങളാണെന്നാണ് പെരെസ് പറഞ്ഞത്.

ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറിലെ തോല്‍വിക്ക് ശേഷം ക്ലബ്ബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരേസ് റയല്‍ താരങ്ങളെ വിമര്‍ശിച്ചതും ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസുമായി വാക്കുതര്‍ക്കമുണ്ടായതും ടീമിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ റാമോസും മാഴ്സലോയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിദാന്റെ കാലത്തെ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന ഇസ്‌കോയ്ക്കും ടീമിനോട് പഴയ മമതയില്ല. സീനിയര്‍ താരം ഗാരത് ബെയ്‌ലും അത്ര തൃപ്തനല്ല. അതുകൊണ്ട് തന്നെ സിദാന്റെ മുന്നില്‍ വെല്ലുവിളി ചെറുതൊന്നുമല്ല ഉള്ളത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി മൂന്നു തവണ റയലിനെ രാജാവാക്കിയ സിദാന്‍ ലാ ലിഗയും സൂപ്പര്‍ കോപ്പയും ഓരോ തവണയും യുവേഫ സൂപ്പര്‍ കപ്പും ഫിഫ ക്ലബ്ബ് ലോകകപ്പും രണ്ടു തവണയും സ്വന്തമാക്കിയിട്ടുണ്ട്. ഈ ആത്മവിശ്വാസം തന്നെയാകും പരിശീലകന് മുന്നോട്ടു പോകാന്‍ നല്‍കുന്ന ശക്തിയും. ചാമ്പ്യന്‍സ് ലീഗിലെ പ്രതീക്ഷകള്‍ അസ്തമിച്ച റയലിന്റെ മുന്നിലുള്ളത് ലാ ലിഗ മാത്രമാണ്. 27 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 51 പോയിന്റുള്ള റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്. 56 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തും ചിരവൈരികളായ ബാഴ്സലോണ 63 പോയിന്റോടെ ഒന്നാം സ്ഥാനത്തുമുണ്ട്. 11 മത്സരങ്ങളാണ് ഇനി ലാലിഗയില്‍ അവശേഷിക്കുന്നത്. ഒന്നാം സ്ഥാനക്കാരുമായി 12 പോയിന്റെ വ്യത്യാസമുള്ളതിനാല്‍ റയല്‍ ലീഗ് കിരീടം നേടുമോ എന്നതും മുന്നിലുള്ള മറ്റൊരു ചോദ്യമാണ്.

Next Story

Related Stories