TopTop
Begin typing your search above and press return to search.

സ്‌പെയിന്‍ - പോര്‍ച്ചുഗല്‍ മത്സരത്തില്‍ തുടങ്ങാം; റഷ്യ 2018ല്‍ കണ്ടിരിക്കേണ്ട 4 മത്സരങ്ങള്‍

സ്‌പെയിന്‍ - പോര്‍ച്ചുഗല്‍ മത്സരത്തില്‍ തുടങ്ങാം; റഷ്യ 2018ല്‍ കണ്ടിരിക്കേണ്ട 4 മത്സരങ്ങള്‍

ലോകത്തെ വിപ്ലവങ്ങളുടെ പുതിയ പാഠങ്ങള്‍ പഠിപ്പിച്ച പഴയ സോവിയറ്റ് യുനിയന്റെ മണ്ണില്‍ പന്തുരുളുമ്പോള്‍ കളിക്കളത്തില്‍ പയറ്റിതെളിഞ്ഞവരും പുതിയ പോരാളികളും തങ്ങളുടെ മികവ് ലോകത്തോട് വെളിപ്പെടുത്താന്‍ ബൂട്ടുകെട്ടുകയാണ്. അളന്നു മുറിച്ച തന്ത്രങ്ങളുമായി കളത്തിലിറങ്ങുന്ന യൂറോപ്യന്‍ ടീമുകളും ആക്രമണ ഫുട്‌ബോളിന്റെ തികഞ്ഞ സൗന്ദര്യത്തോടെ മൈതാനത്ത് വിസ്മയം തീര്‍ക്കുന്ന ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും ആധിപത്യത്തിന്റെ ചരിത്രമുള്ള ലോകകപ്പില്‍ ഇത്തവണയും ആരും അട്ടിമറികള്‍ പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും ഏഷ്യയുടെയും ആഫിക്കയുടെ കരുത്തായി ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി ഒറ്റപ്പെട്ട അട്ടിമറി സാധ്യതകളും തള്ളിക്കളയാനാവില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ ഇന്നാരംഭിച്ച് കൃത്യം ഒരു മാസങ്ങള്‍ക്ക് അപ്പുറം ജൂലായ് 15 ഫൈനല്‍ നടക്കുമ്പോള്‍ വാണവരേക്കാള്‍ കൂടുതല്‍ പരാജയപ്പെട്ടവരായിരിക്കും കൂടുതല്‍. ഇതിനിടെ വെട്ടിനിരത്തി മുന്നേറാന്‍ കരുത്താര്‍ജ്ജിക്കുന്ന ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില പോരാട്ടങ്ങളുണ്ട് അവയില്‍ ചിലത്.

ജൂണ്‍ 15: സ്‌പെയിന്‍ - പോര്‍ച്ചുഗല്‍

റഷ്യന്‍ ലോകകപ്പിലെ ക്ലാസിക് പോരാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മത്സരം, ലോകകപ്പ് ആരംഭിച്ച് രണ്ടാം ദിനം തന്നെ അരങ്ങേറുമ്പോള്‍ ശ്വാസം അടക്കിപ്പിടിച്ചല്ലാതെ ഫുട്ബോള്‍ പ്രേമികള്‍ക്ക് മല്‍സരം കണ്ടു തീര്‍ക്കാനാവില്ലെന്ന് ഉറപ്പാണ്. സാങ്കേതിക തികവോടെ കളിക്കളം നിറഞ്ഞു കളിക്കുന്ന യുറോപ്യന്‍ ശൈലിയുടെ തികഞ്ഞ വക്താക്കളായ രണ്ട് ടിമുകള്‍, ഫുട്‌ബോളിന്റെ സൗന്ദര്യ തികവാര്‍ന്ന കളിപുറത്തെടുക്കുന്ന സ്‌പെയിനും, സ്പാനിഷ് അടവുകളും പയറ്റിത്തെളിഞ്ഞ ക്രിസ്റ്റിയാനോയും സംഘവുമാണ് കളം നിറയും. യുറോപ്യന്‍ കിരീട ജേതാക്കളെന്ന ഖ്യാതിയുമായാണ് പോര്‍ച്ചുഗല്‍ ടൂര്‍ണമെന്റിനെത്തുന്നതെങ്കില്‍ 2010ലെ കിരീട ജേതാക്കളായിട്ടും കഴിഞ്ഞ ഗ്രൂപ്പ് ഘട്ടം പോലും പിന്നിടാനായില്ലെന്ന അപകീര്‍ത്തി മറികടക്കാനുള്ള പോരാട്ടമായിരിക്കും സ്പാനിഷ് നിര ശ്രമിക്കുക.

2010ലെ ലോകകപ്പ് കിരീടത്തില്‍ പങ്കാളികളായ എട്ട് താരങ്ങളുമായാണ് ഇത്തവണയും സ്‌പെയിന്‍ കരുത്തുകാട്ടാനിറങ്ങുന്നത്. നായകന്‍ സെര്‍ജിയോ റാമോസും ജെറാര്‍ഡ് പിക്വെയും സെര്‍ജിയോ ബുസ്‌കെറ്റ്‌സും സാവിയും ഇനിയേസ്റ്റയും പെഡ്രോയും ഡേവിഡ് വിയ്യയും ഇതില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ആവോളം പരിചയ സമ്പത്തുള്ള ഇവര്‍ അണിനിരക്കുമ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ വാനോളമാണ്.

കര്‍വാചലും ജെറാര്‍ഡ് പിക്വെയും ജോര്‍ഡി ആല്‍ബയും സെര്‍ജിയോ റാമോസും നാച്ചോ മോണ്‍ഡ്രിയലും ഉള്‍പ്പെട്ട പ്രതിരോധനിരയ്ക്ക് പകരം നില്‍ക്കാനായി കോച്ച് മിനുക്കിയെടുത്തതാണ് നാച്ചോയെയും ജാവി മാര്‍ട്ടിനസിനെയും അസ്പ്ലിക്യൂട്ടയെയും. ഇനിയേസ്റ്റ, യുവാന്‍ മാട്ട, സെര്‍ജിയോ ബുസ്‌കെറ്റ്‌സ്, പെഡ്രോ,കോക്കെ,ഡേവിഡ് സില്‍വ, അസെന്‍സിയോ, വിറ്റോളോ, സോള്‍ നിഗ്വെസ് എന്നിവര്‍ രണ്ടു ഫോര്‍മാറ്റിലും കളിക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. മുന്നേറ്റ നിരയില്‍ ഇസ്‌കോയും മൊറോട്ടോയും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. വിയ, കോസറ്റ, സുസോ, നോളിറ്റോ, ഡിഫ്‌ളു, വാസ്‌ക്വെസ്, ആസ്‌പെസ്, അഡൂരിന്‍, അല്‍കാന്‍ഡ്ര എന്നീ കരുത്തരായ പോരാളികള്‍ അപ്പോഴും സ്പാനിഷ് നിരയില്‍ ബാക്കിയാണ്.

ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് പോര്‍ച്ചുഗല്‍ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടിയത്. സ്വിസര്‍ലന്‍ഡിന്റെയും ഹംഗറിയുടെയും പോരാട്ടവീര്യത്തെ ചെറുത്ത് തോല്‍പ്പിച്ചാണ് പോര്‍ച്ചുഗല്‍ റഷ്യയില്‍ പന്ത് തട്ടാന്‍ അവകാശം സ്വന്തമാക്കിയത്. 15 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഒമ്പത് ഗോളുകള്‍ നേടിയ ആന്‍ഡ്രേ സില്‍വയുമാണ് പോര്‍ച്ചുഗല്ലിന്റെ ലോകകപ്പ് മോഹങ്ങള്‍ അനായാസമാക്കിയത്. പോര്‍ച്ചുഗല്ലിന്റെ ഇതുവരെയുള്ള ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച താരമെന്ന ബഹുമതിയുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളത്തിലിറങ്ങുകയാണ്. എന്നാല്‍ കാല്‍പന്തില്‍ കണക്കുകള്‍ക്ക് സ്ഥാനമില്ല. കളിമികവുകൊണ്ട് മാത്രമാണ് റഷ്യയില്‍ ഉത്തരങ്ങള്‍ പറയേണ്ടത്. ആദ്യം മല്‍സരം സ്‌പെയിനിനോടും. എന്നാല്‍ മുന്‍ പോര്‍ച്ചുഗീസ് പ്രതിരോധ നിര താരമായിരുന്ന ഫെര്‍ണാണ്ടോ സാന്റോസിന്റെ ശിക്ഷണത്തിന് കീഴിലാണ് പോര്‍ച്ചുഗല്‍ ഇത്തവണ ബൂട്ടണിയുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ലക്ഷ്യം പിഴയ്ക്കാത്ത കാലുകളും നായകത്വത്തിലും മാത്രമാണ് പോര്‍ച്ചുഗല്‍ എന്ന പഴയ അധിനിവേശ ശക്തിയുടെ പാരമ്പര്യമുള്ള ജനതയുടെ പ്രതീക്ഷ. ലെഫ്റ്റ് മിഡ്ഫീല്‍ഡില്‍ ജാവോ മരിയയും ബെര്‍ണാഡോ സില്‍വയും സെന്‍ഡ്രല്‍ മിഡ്ഫീല്‍ഡില്‍ വില്യം കര്‍വാലോയും റെനാറ്റോ സാഞ്ചസും പോര്‍ച്ചുഗലിന് കരുത്തേകാന്‍ ഒപ്പമുണ്ട്. റൈറ്റ് ബാക്കില്‍ നെല്‍സണ്‍ ബുമണ്ടോയും റാഫേല്‍ ഗുറേറോയും ഇരുവിങ്ങുകളുടെ ശക്തിയാണ് .മുന്‍നിരയില്‍ നായകന്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ആന്ദ്രേ സില്‍വയും ചേരുമ്പോള്‍ സ്‌പെയിനും കരുതിയിരിക്കണം.

ജൂണ്‍ 17 : ജര്‍മനി - മെക്‌സിക്കോ

ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍പട്ടം തുടര്‍ച്ചയായ രണ്ടാം തവണയും നാട്ടിലെത്തിക്കുക എന്ന് ലക്ഷ്യമിട്ടാണ് ഇത്തവണ ലോക ഒന്നാം നമ്പര്‍ ടീമായ ജര്‍മനിയുടെ പടയൊരുക്കം. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ ആതിഥേയരായ ബ്രസീലിനെ ഏഴുഗോളുകള്‍ക്ക് മലര്‍ത്തിയടിച്ച്, എക്‌സ്‌ട്രൈ ടൈമിലേക്ക് നീണ്ട ഫൈനലില്‍ അര്‍ജന്റീനയെ മരിയോ ഗോഡ്‌സെയുടെ മികവുറ്റ ഗോളിലൂടെ പരാജയപ്പെടുത്തി തങ്ങളുടെ നാലാം കിരീടം ചൂടിയ കരുത്താണ് ജര്‍മനിയുടെ ആത്മവിശ്വാസം. എന്നാല്‍ ലോകകപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മല്‍സരങ്ങളിലെ നിറം മങ്ങിയ പ്രകടനങ്ങള്‍ ജര്‍മ്മനിയുടെ ആരാധകര്‍ക്ക ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നിരുന്നാലും വലിയ അട്ടിമറികള്‍ക്കൊന്നും സാധ്യതയില്ലെങ്കില്‍ ട്രോഫി നേടാന്‍ ഏറ്റവും അര്‍ഹതയുള്ളതും ജര്‍മനി തന്നെ. മാനുവല്‍ ന്യൂയര്‍ ഗോള്‍ വല മാത്രമല്ല കാക്കുന്നത്, ടീമിന്റെ മൊത്തം പ്രകടനത്ത തന്നെയായിരിക്കും. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ജെറോം ബോട്ടെങ്, മാറ്റ് ഹമ്മന്‍സ്, മധ്യനിരയിലെ കരുത്തന്‍മാരായ മെസൂദ് ഓസില്‍, ടോണി ക്രൂസ്, സാമി ഖെദീര, മുന്‍ നിരയിലെ മുള്ളര്‍ എന്നിവര്‍ക്ക് എട്ടു വര്‍ഷം ഒന്നിച്ചു കളിച്ചതിന്റെ ഒത്തുരുമയും കരുത്താണ്. ഫിലിപ് ലാമിന് പകരമെത്തിയ ജോഷ്വോ കിമ്മിലും അപാര ഫോമിലാണ്. തിമോ വെര്‍ണരും ആക്രമണങ്ങളുടെ കുന്തമുനയാവും.

ഗ്രൂപ്പില്‍ ജര്‍മനിക്ക് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് മെക്‌സിക്കോ എന്നതുകൊണ്ടു തന്നെയാണ് ജൂണ്‍ 17 മല്‍സരം ശ്രദ്ധേയമാവുന്നത്. അവസാനം കളിച്ച ആറ് ലോകകപ്പിലും ഗ്രൂപ്പ് ഘട്ടം കടന്ന ടീമാണ് ലാറ്റനേരിക്കന്‍ ടീമായ മെക്‌സിക്കോ. അതിനാല്‍ ഇത്തവണയും ജര്‍മനിക്കെതിരായ മല്‍സരം ഒഴികെ രണ്ടാം റണ്ടിലേക്കുള്ള മല്‍സരങ്ങള്‍ അനായാസം മെക്‌സിക്കോ കടക്കുമെന്നാണ് പ്രവചനം. എന്നാല്‍ പ്രമുഖ ക്ലബ്, അന്താരാഷ്ട്ര മല്‍സരങ്ങള്‍ കളിച്ച താരങ്ങളുടെ അഭാവമാണ് മെക്‌സികോയുടെ ദൗര്‍ബല്യം. 143 മല്‍സരങ്ങള്‍ കളിച്ച റാഫേല്‍ മാര്‍ക്യൂസാണ് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരം. മിഡ്ഫീല്‍ഡര്‍ ജിയോവനി ഡോസ് സാന്റോസും പ്രതീക്ഷാ താരങ്ങളാണ്. പോര്‍ട്ടോയുടെ താരം ഹെക്ടര്‍ ഹെരേരയെയും എതിരാളികള്‍ ശ്രദ്ധ പതിപ്പിക്കേണ്ട താരമാണ്. ലോകകപ്പ് സൗഹൃദ മല്‍സരങ്ങളിലും പ്രതീക്ഷ നല്‍കുന്ന പ്രകടനമായിരുന്നു മെക്‌സിക്കോയുടേത്. ബോസ്‌നിയയെ 1-0നും ഐസ്‌ലാന്‍ഡിനെ 3-0നും തോല്‍പ്പിച്ച മെക്‌സിക്കോയ്ക്ക് പക്ഷേ ക്രൊയേഷ്യയോട് 1-0ന് പരാജയം നേരിടേണ്ടി വന്നിരുന്നു. കോളംബിയന്‍ മുന്‍ ഇന്റര്‍നാഷനല്‍ ജുവാന്‍ കാര്‍ലോസ് ഒസോറിയോയുടെ പരിശീലനത്തിന് കീഴില്‍ ബൂട്ടണിയുന്ന മെക്‌സിക്കോ ജര്‍മനിക്ക് വലിയ ഭീഷണി തന്നെ ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരും ടൂര്‍ണമെന്റില്‍ കറുത്ത കുതിരകളാവാന്‍ സാധ്യതയുള്ളവരും തന്നെയാണ്.

ജൂണ്‍ 21: അര്‍ജന്റിന- ക്രൊയേഷ്യ

ഫുട്‌ബോളിനെ സ്്‌നേഹിക്കുന്ന ആര്‍ക്കും മറന്നു കളയാന്‍ പറ്റാത്ത ഒന്നാണ് 2014ലെ ബ്രസീല്‍ ലോകകപ്പ് ഫൈനല്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറിയ അര്‍ജന്റീനയുടെ ഇടനെഞ്ചിലേറ്റ വെടിയുണ്ടപോലുള്ള ഗോളില്‍ കിരീടം നഷ്ടപ്പെട്ട് തലകുനിച്ച് മടങ്ങിയ മെസ്സിയെന്ന അതുല്യ പ്രതിഭയുടെ ദൃശ്യം അത്രയും വേദനാ ജനകമായിരുന്നു. എന്നാല്‍ സൗഹൃദ മല്‍സരത്തില്‍ സ്‌പെയ്‌നിനോടേറ്റ 1-6ന്റെ അപ്രതീക്ഷിത തോല്‍വി അര്‍ജന്റീനയ്ക്ക് നല്‍കുന്നത് പ്രകടനം മെച്ചപ്പടുത്തേണ്ടതിന്റെ വലിയ മുന്നറിയിപ്പാണ്. അതിനാല്‍ തന്നെ പിഴവുകള്‍ പരിഹരിച്ച് ലോകകപ്പില്‍ മുന്നോട്ടുള്ള വഴികള്‍ ശുദ്ധീകരിക്കാനാവും അര്‍ജന്റീന ശ്രമിക്കുക. യോഗ്യതാ മല്‍സരങ്ങളില്‍ പോലും കിതച്ചായിരു്ന്നും മുന്‍ ഫൈനലിസ്റ്റുകളുടെ പ്രകടനം. നിര്‍ണായകമായ അവസാന യോഗ്യതാമല്‍സരത്തില്‍ മെസ്സിയുടെ ഹാട്രിക് ഗോള്‍ മികവില്‍ മാത്രമാണ് അര്‍ജന്റീന റഷ്യന്‍ ലോകകപ്പ് ബര്‍ത്ത് ഉറപ്പിക്കുന്നത്. അതിനാല്‍ മെസ്സിയെന്ന പ്രതിഭയെ ആദരിക്കാന്‍ കപ്പില്‍ കുറഞ്ഞതൊന്നും അര്‍ജന്റനയക്ക് മതിയാവില്ല. കോച്ച് ജോര്‍ഗെ സാംപോളി യുടെ തന്തങ്ങളിലെ ആക്രമണമാണ് അര്‍ജന്റീനിയന്‍ കരുത്ത്. അര്‍ജന്റീനയുടെ ഗോള്‍ സ്‌കോറര്‍ സെര്‍ജിയോ അഗ്യുറോ അലട്ടുമ്പോഴും മെസ്സി ഉള്‍പ്പെടുന്ന മുന്നേറ്റനിരയില്‍ നിരയില്‍ പൗലോ ഡിബാല, ഗോണ്‍സാലോ ഹിഗ്വെയന്‍, എയ്ഞ്ചല്‍ ഡി മരിയ, മൗറോ ഇക്കാര്‍ഡി എന്നിവരുടെ സാന്നിധ്യവും കരുത്താണ്.

എന്നാല്‍ ഗ്രുപ്പ് ഘട്ടത്തില്‍ ആര്‍ജന്റീന ഏറ്റവു കരുതിയിരിക്കേണ്ടത് ഇന്റര്‍ മിലാന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഇവാന്‍ പെരിസിച്ചിന്റെ ക്രൊയേഷ്യയെയാണ്. യൂറോപ്പില്‍ നിന്ന് ഗ്രീസിനെ 4-1ന് പരാജയപ്പെടുത്തി അധികാരികതയോടെയാണ് ക്രൊയേഷ്യ ലോകകപ്പില്‍ തങ്ങളുടെ അഞ്ചാം യോഗ്യത നേടുന്നത്. ഇക്കഴിഞ്ഞ 2016 യൂറോ കപ്പില്‍ 2014ലെ ചാംപ്യന്‍മാരായ സ്‌പെയിനിനെ അട്ടിമറിച്ച ചരിത്രവീര്യവും ക്രൊയേഷ്യക്കുണ്ട്. അതിനാല്‍ ഇത്തവണ അട്ടിമറികള്‍ ക്രൊയേഷ്യയില്‍ നിന്നും തീര്‍ച്ചയായും പ്രതീകഷിക്കാം. അതുതന്നെയാണ് അര്‍ജന്റീന എന്ന ഫേവറിറ്റുകള്‍ പേടിക്കേണ്ടതും.

ജൂണ്‍ 28: ഇംഗ്ലണ്ട്- ബെല്‍ജിയം

പോരാട്ടങ്ങള്‍ ഏറെ കനക്കുന്ന ഗ്രൂപ്പാണ് ജി യിലാണ് കരുത്തരായ ഇംഗ്ലണ്ടും ബെല്‍ജിയവും. ഫുട്‌ബോള്‍ ലോകകപ്പുകള്‍ വാരിക്കൂട്ടിയ ഇംഗ്ലണ്ടിന് വില്ലന്‍മാരാവുന്നതും കരുത്തരായ ബെല്‍ജിയം തന്നെയാണ്. കളിക്കരുത്തിലൂടെ വീണ്ടുമൊരു കിരീടം റഷ്യയില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ഇംഗ്ലണ്ടും കിട്ടാക്കനിയായി മാറിയ കിരീടം ചൂടാനായി ബെല്‍ജിയയവും ഇത്തവണ കച്ചമുറുക്കി തന്നെയാണ് കളത്തിലിറങ്ങുന്നത്. ഇത്തവണ കിരീടനേട്ടത്തിന് വരെ സാധ്യതുള്ള ടീമുകളാണ് ഇരുവരും. അതിനാല്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച ഗ്രൂപ്പ് ജിയില്‍ ആതിപത്യം ഉറപ്പിക്കാനാവും ബെല്‍ജിയത്തിന്റെ ശ്രമം. ഇങ്ങനെ വന്നാല്‍ ജൂണ്‍ 28ന് നടക്കുന്ന ബെല്‍ജിയം ഇംഗ്ലണ്ട് മല്‍സരം ചരിത്രത്തില്‍ ഇടം നേടുമെന്ന് ഉറപ്പാണ്.

2014ല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബെല്‍ജിയം ഇത്തവണ അതു കടന്നു മുന്നറാനായിരിക്കും ശ്രമിക്കുക. വിന്‍സന്റ് കംപാനിയും ജാന്‍വെര്‍ട്ടോഗനും മ്യൂണിയറും ആള്‍സര്‍ വീള്‍ഡും ബെല്‍ജിയം പ്രതിരോധത്തിന് കരുത്തേകുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം കെവിന്‍ ഡി ബ്രുയിനും യുനൈറ്റഡ് താരം ലുക്കാക്കുവുമാണ് ടീമിന്റെ യഥാര്‍ഥ പ്ലേ മേക്കേര്‍സ്. സെന്‍ട്രല്‍ മിഡ്ഫീല്‍ഡില്‍ നൈഗോളന്റെ സ്‌ട്രൈക്കറിങ്ങ് ഡിഫന്‍ഡിങ്ങ് മികവും കരുത്തേകുന്നു. ഇദന്‍ ഹസാര്‍ഡ്, മൗസാ ഡെംബലെ എന്നിവര്‍ ആക്രമണം കനപ്പിച്ചാല്‍ ബെല്‍ജിയത്തെ പിടിച്ചുകെട്ടുക ഇംഗ്ലണ്ടിനും വെല്ലുവിളിയാവും. ഗോള്‍ കീപ്പര്‍ ടിബോട്ട് കോര്‍ട്ടോ വലയ്ക്ക കാവലാവും. ഇനിയും പ്രതിഭകള്‍ ബാക്കിയാണ് ബെല്‍ജിയത്തിന് ഡിബ്രുയിനും ഹസാര്‍ഡും, ലുക്കാക്കുവും അവസാന പതിനൊന്നില്‍ ഇടം പിടിച്ചാല്‍ തോര്‍ഗന്‍ ഹസാര്‍ഡ്, ഒറിഗി, ലൂറി ടെലമാന്‍സ് എന്നീ യുവപ്രതിഭകള്‍ പുറത്തിരിക്കേണ്ടിവരും. ഇത്രയേറെ യുവപ്രതിഭകളുള്ള മറ്റൊരും ടീമും ഇത്തവണയില്ല.

മുന്‍ റഷ്യന്‍ ചാരനെ ഇംഗ്ലണ്ടില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവുമായി ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങിയിടത്തു നിന്നാണ് സൗത്ത് ഗേറ്റ് പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട് ടീം ലോകകപ്പിനെത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിറഞ്ഞാടുന്ന താരങ്ങളാണ് ടീമിന്റെ കരുത്ത്. കൈല്‍ വാക്കര്‍, ജോണ്‍ സ്റ്റോണ്‍സ്, റഹീം സ്റ്റെര്‍ലിങ്, കൈറന്‍ ട്രിപ്പിയര്‍, ഡാനി റോസ്, എറിക് ഡയര്‍, ഡെലെ അലിയും, ഹാരി കെയ്ന്‍, ഗാരി കാഹില്‍, ആഷ്‌ലി യങും ജെസ്സി, ലിങ്കാര്‍ഡ്, മാര്‍ക്കസ് റാഷ്ഫാര്‍ഡ്, അലെക്‌സ് ഒക്‌സ്ലെയ്ഡ്, ജോഡന്‍ ഹെന്‍ഡേഴ്‌സന്‍, ആദം ലല്ലാന, ജെയ്ക് ലിവര്‍മോര്‍, ലെവിസ് കുക്ക്, ജാമി വാര്‍ഡി, ഡാനി വെല്‍ബെക്ക് എന്നിവര്‍ ഒരുങ്ങി ഇറങ്ങിയാല്‍ ഇംഗണ്ട് അജയ്യരാവാനാണ് സാധ്യത. ജാക്ക് ബട്ട്‌ലന്‍ഡും ജോ ഹാര്‍ട്ടും ജോര്‍ഡന്‍ പിക്‌ഫോര്‍ട്ടും ഇംഗ്ലണ്ട് വല കാക്കാന്‍ കഴിവുള്ള പ്രതിഭകള്‍ തന്നെയാണ്. യൂത്ത് ലോകകപ്പില്‍ മാറ്റ് തെളിയിച്ച ഹാരി കെയ്‌നും ആഷ്‌ലി യങും ജെസ്സി ലിങ്കാര്‍ഡും ഡെലെ അലിയും മാര്‍ക്കസ് റാഷ്‌ഫോര്‍ഡും ജാമി വാര്‍ഡിയുമൊക്കെ ഇംഗ്ലണ്ടിന് നല്‍കുന്ന പ്രതീക്ഷയും ചെറുതല്ല.


എന്‍.പി അനൂപ്

എന്‍.പി അനൂപ്

സീനിയര്‍ സബ് എഡിറ്റര്‍‌

Next Story

Related Stories