TopTop
Begin typing your search above and press return to search.

പി യു ചിത്ര മുതൽ മേരി കോം വരെ: പോയ വർഷം രാജ്യത്തിൻറെ യശസ്സുണർത്തിയ വനിതാ താരങ്ങൾ

പി യു ചിത്ര മുതൽ മേരി കോം വരെ: പോയ വർഷം രാജ്യത്തിൻറെ യശസ്സുണർത്തിയ വനിതാ താരങ്ങൾ

2018 വര്‍ഷം ഇന്ത്യന്‍ കായിക രംഗത്തിന് നേട്ടങ്ങളുടെ വര്‍ഷമായിരുന്നു. തങ്ങളുടെ നേട്ടങ്ങള്‍കൊണ്ട് വാര്‍ത്തയില്‍ ഇടം നേടിയ ഇന്ത്യയുടെ നാലു വനിതാ താരങ്ങളെ കുറിച്ചറിയാം.

ലോക അണ്ടര്‍ 20 അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പിലെ 400 മീറ്റില്‍ സ്വര്‍ണമെഡല്‍ സ്വന്തമാക്കിയ സ്പ്രിന്റ് താരം ഹിമാ ദാസ് ഇന്ത്യന്‍ കായിക ചരിത്രത്തിലേക്ക് ഓടികയറിയ താരങ്ങളില്‍ ഓരാളായിരുന്നു. അസാമിലെ നാഗോണ്‍ ജില്ലയിലെ ഈ കൗമാരക്കാരി 51.46 സെക്കന്‍ഡ് കൊണ്ടാണ് ഗോള്‍ഡ് മെഡലിലേക്ക് പറന്ന് എത്തിയത്. ദിംഗ് ഗ്രാമത്തിലെ തന്റെ അച്ഛന്റെ നെല്‍പ്പാടത്ത് ഓടി പഠിച്ച ഹിമ അത്‌ലറ്റികിസിനെ ഗൗരമായി കണ്ടു തുടങ്ങിയിട്ട് രണ്ടു വര്‍ഷം പോലുമാകുന്നില്ലെന്നതാണ് ഇനിയുള്ള വര്‍ഷങ്ങളില്‍ രാജ്യത്തിന്റെയും താരത്തിന്റെ കരിയറിലെയും നേട്ടങ്ങള്‍ ഇനിയുമുണ്ടെന്ന പ്രതീക്ഷ നല്‍കുന്നത്. ജൂനിയര്‍ ലെവിലിലോ സീനിയര്‍ ലെവിലിലോ ഇന്ത്യയിലെ ഒരു വനിതാ താരവും ഇതിന് മുമ്പ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടില്ല. ഈ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ഡ് മെഡല്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരവുമാണ് ഹിമ. ഏപ്രില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്റില്‍ ആറാം സ്ഥാനം നേടിയിരുന്നു ഹിമ. അന്ന് റിലേ ടീമിലും അംഗമായിരുന്നു ഈ താരം. 2016-ല്‍ പോളണ്ടില്‍ നടന്ന ചാമ്പ്യന്‍ ഷിപ്പില്‍ ജാവലിന്‍ ത്രോ ഇനത്തില്‍ നീരജ് ചോപ്രയാണ് ഇതിനു മുന്‍പ് ഇന്ത്യക്ക് വേണ്ടി അണ്ടര്‍ 20 അത്ലറ്റിക്സില്‍ സ്വര്‍ണം നേട്ടം കൈവരിച്ച താരം.

പി.യു ചിത്ര ഈ പേര് കായിക കേരളത്തിന് അത്രപ്പെട്ടെന്ന് മറക്കാന്‍ സാധിക്കുന്ന ഒരു പേരല്ല. കായിക മേലാളന്മാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്ക് ഇരയായി ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലണ്ടനില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ ചിത്ര അതിനു ശേഷം പങ്കെടുത്ത ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ സ്വര്‍ണം നേടിക്കൊണ്ടാണ് തിരിച്ചെത്തിയത്. 2018-ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം, 2017-ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണമെഡല്‍, 2016-ല്‍ റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ മൂന്നു കി.മീ. ക്രോസ്സ് കണ്‍ട്രി ഇനത്തില്‍ സ്വര്‍ണമെഡല്‍. തിളക്കമാര്‍ന്ന വിജയങ്ങള്‍ ഇനിയുമേറെയുണ്ടായിട്ടും സ്‌കൂള്‍ മീറ്റുകളില്‍ നിന്ന് തുടങ്ങി രാജ്യാന്തര മീറ്റുകളിലേക്ക് കുതിച്ചുയര്‍ന്ന കേരളത്തിന്റെ സ്വന്തം ചിത്രയെ കേരളസര്‍ക്കാര്‍ മറന്നു എന്ന വാര്‍ത്തയാണ് ചിത്രയുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നിറഞ്ഞ് നിന്ന വാര്‍ത്തകള്‍. സംസ്ഥാന സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കിയെങ്കിലും ഇത് പാലിക്കതിരുന്നതിനെ തുടര്‍ന്ന് റെയില്‍വെ ചിത്രയ്ക്ക് ജോലി നല്‍കി എന്നും താരവുമായി ബന്ധപ്പെട്ട് വാര്‍ത്ത ഉണ്ടായിരുന്നു. ദക്ഷിണ റയില്‍വേ പാലക്കാട് ഡിവിഷണല്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ് ചിത്രയെ റയില്‍വെ നിയമിച്ചത്.

ഈ വര്‍ഷം അവസാനം തന്റെ കരിയറിലെ മിന്നും പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ വനിത ബാഡ്മിന്റണ്‍ താരം പി.വി സിന്ധു കായിക ലോകത്ത് വലിയ ചര്‍ച്ചയായത്. ലോക ബാഡ്മിന്റണ്‍ ടൂര്‍ ചാംപ്യന്‍ ഷിപ്പില്‍ നേരിട്ട എല്ലാ മത്സരങ്ങളും വിജയിച്ചാണ് സിന്ധു കിരീടം അണിഞ്ഞത്. ലോക റാങ്കിംഗിലെ മുന്‍ നിരക്കാരുമായി ഏറ്റുമുട്ടി വിജയം കൊയ്ത താരത്തിന്റെ നേട്ടം ഏറെ പ്രശംസയ്ക്കിടയാക്കിയിരുന്നു. ഒളിംപിക്സില്‍ സിന്ധു നേടിയ വെള്ളി മെഡലിന് ശേഷം രാജ്യത്തെ ഒരു കായിക താരം നേടുന്ന മികച്ച നേട്ടമാണ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ ജയം. 2018 വര്‍ഷത്തെ സിന്ധുവിന്റെ ആദ്യത്തെ കിരീട നേട്ടം കൂടിയായിരുന്ന ലോക ബാഡ്മിന്റണ്‍ ടൂര്‍ ചാംപ്യന്‍ ഷിപ്പിലേത്.

അതേസമയം ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ സംബന്ധിച്ച ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണ്ടും വെള്ളിയില്‍ അവസാനിച്ചിരിന്നു. ആദ്യ സ്വര്‍ണത്തിന് ഇന്ത്യ ഇനിയും കാത്തിരിക്കണം. റിയോ ഒളിംപ്കിസിലെ സിംഗിള്‍സ് ഫൈനലിന്റെ ആവര്‍ത്തനമായി മാറിയ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വീണ്ടും സ്‌പെയിനിന്റെ കരോളിന മാരിനോട് സിന്ധു അടിയറവ് പറഞ്ഞു.

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്വര്‍ണ നേട്ടത്തോടെയാണ് ഇടിക്കൂട്ടിലെ ഇന്ത്യന്‍ വനിത മേരികോം ഇന്ത്യന്‍ കായികലോകത്തെ വാനോളം ഉയര്‍ത്തിയത്. ഒളിമ്പിക്‌സിലെ സ്വര്‍ണ നേട്ടത്തിനുള്ള പരിശീലനത്തിലാണ് താരം ഇപ്പാള്‍. വനിതാ ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടിയ മേരി കോം ടൂര്‍ണമെന്റ് ചരിത്രത്തിലെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിങ്ങില്‍ മേരി കോം സ്വര്‍ണം നേട്ടത്തിലെത്തിയിരുന്നു. 45-48 കിലോ വിഭാഗത്തിലാണ് മേരി കോം സ്വര്‍ണ മെഡല്‍ നേടിയത്. ഫൈനലില്‍ നോര്‍ത്തെന്‍ അയര്‍ലന്‍ഡിന്റെ ക്രിസ്റ്റീന ഒഹാരയെ 5-0 എന്ന പോയിന്റ് നിലയിലാണ് മേരികോം പരാജയപ്പെടുത്തിയത്.

Next Story

Related Stories