Top

മൂന്നാം ഭാര്യ ഉപേക്ഷിച്ചു; വിവാഹമോചനത്തില്‍ ഇമ്രാന്‍ ഖാന് ഹാട്രിക്

മൂന്നാം ഭാര്യ ഉപേക്ഷിച്ചു; വിവാഹമോചനത്തില്‍ ഇമ്രാന്‍ ഖാന് ഹാട്രിക്
ഫെബ്രുവരിയില്‍ മൂന്നാമതും വിവാഹിതനായ മുന്‍ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ വിവാഹ ജീവിതം താറുമാറായതായി റിപ്പോര്‍ട്ട്. വഴക്കിനെ തുടര്‍ന്ന് ഇമ്രാന്റെ മൂന്നാം ഭാര്യയായ ബുഷ്‌റ മനേക അദ്ദേഹത്തെ ഉപേക്ഷിച്ച് പോയെന്നാണ് ഉറുദു പത്രമായ ഡെയ്‌ലി ഉമ്മത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുഷ്‌റയുടെ മകനെ ഇസ്ലാമാബാദിലെ ഇമ്രാന്‍ ഖാന്റെ കൊട്ടാരസമാനമായ വീട്ടില്‍ കൂടുതല്‍ ദിവസം താമസിപ്പിച്ചതാണ് വഴക്കിന് കാരണമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തന്റെ ആത്മീയ ഗുരുവാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇമ്രാന്‍ ബുഷ്‌റയെ വിവാഹം കഴിച്ചത്. പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയാണ് ഇമ്രാന്‍.

വിവാഹത്തിന് മുമ്പ് തന്നെ ബുഷ്‌റയുടെ കുടുംബാംഗങ്ങളെയാരെയും അധിക ദിവസം ബാനി ഗാലയിലെ വീട്ടില്‍ താമസിപ്പിക്കാനാകില്ലെന്ന് ഇരുവരും ധാരണയായിരുന്നു. എന്നാല്‍ ബുഷ്‌റയുടെ മുന്‍വിവാഹത്തിലെ മകന്‍ സ്ഥിരമായി ഈ വീട്ടില്‍ തങ്ങുന്നത് ഇമ്രാനെ അസ്വസ്ഥനാക്കിയെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇമ്രാന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളെ ഈ വീട്ടിലേക്ക് തിരികെയെത്തിച്ചതോടെയാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീണതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേരത്തെ തന്റെ മതവിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് ബുഷ്‌റ ഈ നായ്ക്കളെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. കൂടാതെ ഇമ്രന്റെ സഹോദരിമാര്‍ ബാനി ഗാലയില്‍ താമസിക്കുന്നതും വീട്ടുകാര്യങ്ങള്‍ നോക്കി നടത്തുന്നതും ബുഷ്‌റയ്ക്ക് ഇഷ്ടമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വാര്‍ത്ത പുറത്തുവന്നതോടെ ട്വിറ്ററിലൂടെയും മറ്റും ഇമ്രാന് വലിയ തോതിലുള്ള വിവാഹ ഉപദേശങ്ങളാണ് ലഭിക്കുന്നത്. ഒരു വിവാഹമോചിതയെ ഭാര്യയായി സ്വീകരിച്ച ഖാന് എന്തുകൊണ്ട് അവരുടെ മക്കളെയും സ്വന്തം മക്കളായി അംഗീകരിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ഒരു ട്വിറ്റെരാറ്റി ചോദിക്കുന്നത്. എന്നാല്‍ ഇമ്രാന്‍ എപ്പോഴെങ്കിലും യഥാര്‍ത്ഥ സ്‌നേഹം കണ്ടെത്തിയിട്ടുണ്ടോയെന്നാണ് മറ്റൊരാളുടെ ചോദ്യം.

1995ല്‍ ആദ്യ വിവാഹം കഴിച്ച ഇമ്രാന്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ജെമിമ ഗോള്‍ഡ്‌സ്മിത്തില്‍ നിന്നും വിവാഹ മോചനം നേടിയിരുന്നു. പിന്നീട് ഇദ്ദേഹം രെഹാം ഖാനെ വിവാഹം കഴിച്ചെങ്കിലും പത്ത് മാസങ്ങള്‍ക്ക് ശേഷം ആ ബന്ധവും തകര്‍ന്നു. ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അദ്ദേഹത്തിന്റെ മൂന്നാം ദാമ്പത്തിക ബന്ധം റെക്കോര്‍ഡ് കാലയളവിനുള്ളിലാണ് അവസാനിക്കുന്നത്.

Next Story

Related Stories