TopTop
Begin typing your search above and press return to search.

ഏറെ കാത്തിരിക്കേണ്ടി വരില്ല, ഒരു ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിന് ഇന്ത്യക്ക്

ഏറെ കാത്തിരിക്കേണ്ടി വരില്ല, ഒരു ഫിഫ വേള്‍ഡ് കപ്പ് മത്സരത്തിന് ഇന്ത്യക്ക്

ഫുട്‌ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ തോല്‍പിക്കുക! നാം സ്വപ്നം കാണാന്‍ പോലും മടിച്ച നേട്ടമാണത്. സമീപഭാവിയിലെങ്ങും സാധ്യമാകില്ലെന്ന് കരുതിയിരുന്ന കാര്യം. അതാണ് അണ്ടര്‍-20 ടീമിലെ ചുണക്കുട്ടികള്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. അണ്ടര്‍-20 ടൂര്‍ണമെന്റിലാണ് ഇന്ത്യ ലാറ്റിനമേരിക്കന്‍ കരുത്തന്‍മാരെ തോല്‍പിച്ചതെന്നത് ആ നേട്ടത്തിന്റെ മാറ്റ് ഒട്ടുംതന്നെ കുറയ്ക്കുന്നില്ല. അണ്ടര്‍-20 വിഭാഗത്തിലും കരുത്തരായ ടീമാണ് അര്‍ജന്റീനയുടേത്. കോട്ടിഫ് കപ്പില്‍ ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പ് എയിലെ ഒന്നാംസ്ഥാനക്കാര്‍. ആറു തവണ ലോക ചാമ്പ്യന്‍മാരുമായിട്ടുണ്ട് ഈ ടീം. അതായത് നാളത്തെ ഡിബാലയും ഹിഗ്വെയ്‌നും പെരെസുമൊക്കെയാണ് ഇന്നത്തെ ഈ ടീമിലുള്ളതെന്നര്‍ത്ഥം.

40 മിനിറ്റ് കളിച്ചത് പത്തു പേരുമായി

അര്‍ജന്റീനയെ തോല്‍പിച്ചു എന്നതു മാത്രമല്ല പകുതിയോളം സമയം പത്തു പേരുമായാണ് ഇന്ത്യ കളിച്ചതെന്നതും അമ്പരപ്പിക്കുന്ന വസ്തുതയാണ്. രണ്ടാം പകുതി തുടങ്ങി അഞ്ചു മിനിറ്റായപ്പോള്‍ ഇന്ത്യക്ക് അനികേത് ജാദവിനെ നഷ്ടമാവുകയായിരുന്നു. ജാദവ് ചുവപ്പു കാര്‍ഡ് കണ്ടതോടെ പിന്നീടുള്ള സമയം പത്തു പേരുമായാണ് ഇന്ത്യ കളിച്ചത്. അര്‍ജന്റീനയ്‌ക്കെതിരെ പതറാതെ പിടിച്ചുനില്‍ക്കാന്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്കായി. ഇതിനിടെ 68-ാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ കഴിഞ്ഞതും ടീമിന്റെ ആത്മവിശ്വാസം കൂട്ടി. അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യന്‍ ടീമിന്റെ മനോവീര്യം ചോര്‍ത്താന്‍ അവര്‍ക്കായില്ല. ഇന്ത്യ പ്രകടിപ്പിച്ച ഈ 'ക്യാരക്ടര്‍' തന്നെയാണ് ഭാവിയിലേക്കും നമുക്കേറെ പ്രതീക്ഷ നല്‍കുന്നത്.

അന്‍വര്‍ അലി സ്‌പെഷ്യല്‍

നാലാം മിനിറ്റില്‍ ദീപക് താംഗ്രിയിലൂടെ നേടിയ ഗോളോടെയാണ് ഇന്ത്യ മത്സരം ആരംഭിച്ചത്. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ച കോര്‍ണര്‍ കിക്ക് താംഗ്രി സമര്‍ത്ഥമായൊരു ഹെഡ്ഡറിലൂടെ അര്‍ജന്റീനന്‍ ഗോള്‍ കീപ്പറെ കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. 1-0ന് അവസാനിച്ച ആദ്യ പകുതിയ്ക്ക് ശേഷം 68-ാം മിനിറ്റിലാണ് ഇന്ത്യക്കൊരു ഫ്രീകിക്ക് ലഭിക്കുന്നത്. പെനാല്‍റ്റി ബോക്‌സിനും പുറത്തുനിന്നെടുത്ത കിക്ക് ഗോളാകാന്‍ 50-50 ചാന്‍സ് മാത്രം. എന്നാല്‍, അലിയുടെ വലന്‍കാലനടി അര്‍ജന്റീനന്‍ പ്രതിരോധത്തിന് മുകളിലൂടെ പറന്ന് പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി, അളന്നുമുറിച്ചതുപോലെ പോസ്റ്റിലിടിച്ച് വലകുലുക്കുമ്പോള്‍ അര്‍ജന്റീനന്‍ ഗോളി വെറും കാഴ്ചക്കാരന്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ മാത്രം കാണാന്‍ കിട്ടുന്ന ഒരു സുവര്‍ണ ഗോളായിരുന്നു അത്. അന്‍വര്‍ അലിയും ഇന്ത്യന്‍ കാണികളും ഏറെക്കാലമോര്‍മിക്കും ആ മനോഹര ഗോള്‍.

വല കാക്കാന്‍ ഗില്‍, കളിമെനയാന്‍ സിങ്

ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രഭുസുഖന്‍ ഗില്ലാണ് മത്സരത്തില്‍ എടുത്തുപറയേണ്ട പ്രകടനം നടത്തിയ മറ്റൊരാള്‍. ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങള്‍ ഗില്‍ അപകടമില്ലാതെ ഒഴിവാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നടത്തിയ സേവിനെ അവിശ്വസനീയമെന്നേ വിശേഷിപ്പിക്കാനാകൂ. അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തില്‍ മധ്യനിരയും ഉജ്ജ്വല ഫോമിലായിരുന്നു. സുരേഷ് സിങ് വാംഗജാമിന്റെയും ബോറിസ് സിങിന്റെയും ഭാവനാസമ്പന്നമായ നീക്കങ്ങളാണ് ഇന്ത്യന്‍ മുന്നേറ്റങ്ങള്‍ക്ക് പിന്‍ബലമേകിയത്. ഇവരുടെ നീക്കങ്ങളില്‍ പലപ്പോഴും അര്‍ജന്റീനക്കാര്‍ കളിക്കളത്തില്‍ കാഴ്ചക്കാരായി മാറി.

തോല്‍വികളില്‍ നിന്ന് പഠിച്ചു; വമ്പന്‍മാരെ തളച്ചു

ടൂര്‍ണമെന്റിലെ അവസാന മത്സരത്തിലെ അര്‍ജന്റീനയ്‌ക്കെതിരായ വിജയം കൊട്ടിഘോഷിക്കപ്പെടുമ്പോഴും ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുടക്കം അത്ര ആശാവഹമായിരുന്നില്ല. കളിച്ച നാലു കളികളില്‍ രണ്ടു തോല്‍വിയും ഒരു സമനിലയും ഒരു ജയവുമാണ് സമ്പാദ്യം. ആദ്യ മത്സരങ്ങളില്‍ താരതമ്യേന ദുര്‍ബലരായ മുര്‍ഷിയ അണ്ടര്‍-20 ടീമിനോടും (20) മൗറിറ്റാനിയ അണ്ടര്‍-20 ടീമിനോടും തോറ്റിരുന്നു (30). എന്നാല്‍, ആ തോല്‍വികളില്‍ നിന്നു പാഠമുള്‍ക്കൊണ്ട ടീം പിന്നീടുള്ള മത്സരങ്ങളില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. മൂന്നാം മത്സരത്തില്‍ നിലവിലെ അണ്ടര്‍-20 ലോകകപ്പ് റണ്ണേഴ്‌സപ്പായ വെനെസ്വേലയെ സമനിലയില്‍ തളച്ചാണ് ഇന്ത്യ അര്‍ജന്റീനയ്‌ക്കെതിരെ ഇറങ്ങിയത്. എ ഗ്രൂപ്പില്‍ നിന്ന് ഒമ്പത് പോയിന്റോടെ അര്‍ജന്റീന ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ഏഴു പോയിന്റുള്ള വെനെസ്വേല രണ്ടാം സ്ഥാനത്തുമെത്തി. ഇരു ടീമുകളും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. ഏഴിന് നടക്കുന്ന സെമിയില്‍ അര്‍ജന്റീന ഉറുഗ്വായേയും വെനെസ്വേല റഷ്യയെയും നേരിടും.

ഇരട്ടി മധുരമായി അണ്ടര്‍-16 ജയം

അണ്ടര്‍-20 ടീം അര്‍ജന്റീനയെ തളച്ച വാര്‍ത്തയുടെ ചൂടാറും മുമ്പാണ് അണ്ടര്‍-16 ടീമിന്റെ വിജയഗാഥയെത്തുന്നത്. ജോര്‍ദാനില്‍ നടക്കുന്ന ഡബ്ല്യു.എ.എഫ്.എഫ് ടൂര്‍ണമെന്റില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനെയാണ് കൗമാരതാരങ്ങള്‍ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചത്. ഇഞ്ചുറി ടൈമിലാണ് ഗോളിന്റെ ഭാഗ്യം തുണച്ചതെങ്കിലും മത്സരത്തിലുടനീളം ടീം ആധിപത്യം പുലര്‍ത്തിയിരുന്നു. ഭുവനേശ്വറാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. ഗിവ്‌സണ്‍, ഗുര്‍കിരത്, വിക്രം, ഹര്‍പ്രീത് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു.പ്രയത്‌നങ്ങള്‍ ഫലം കണ്ടു തുടങ്ങി; മുന്നേറാന്‍ ഇനിയുമേറെ

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്, ഫിഫ അണ്ടര്‍-17 ലോകകപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളും അവ നല്‍കിയ അവസരങ്ങളും ഇന്ത്യന്‍ ഫുട്‌ബോളിന് ചെറുതല്ലാത്ത ഉണര്‍വ് നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ കളിക്കുന്നവരുടെയും കാണുന്നവരുടെയും എണ്ണം കൂടി. മികച്ച കളിയെയും കളിക്കാരെയും അംഗീകരിക്കാന്‍ ആളുണ്ടായി. ഫുട്‌ബോള്‍ അക്കാദമികള്‍ കാര്യക്ഷമമായിത്തുടങ്ങി. തുടങ്ങിയ പോസിറ്റീവായ പല മാറ്റങ്ങളും രാജ്യത്തുണ്ടായി. ഇവയ്‌ക്കെല്ലാം ഒരു ഏകീകൃത രൂപമുണ്ടാകാഞ്ഞിട്ടു പോലും നമ്മുടെ യുവാക്കള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മെന്‍സ് ടീം നൂറിനകത്ത് കടന്നതും ഇതിനോട് ചേര്‍ത്തുവായിക്കാം.

അണ്ടര്‍-17 ലോകകപ്പില്‍ കളിച്ച എട്ടു താരങ്ങളാണ് കോട്ടിഫ് കപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നത്. വലിയ മത്സരങ്ങളില്‍ കളിച്ചുള്ള പരിചയമാണ് അര്‍ജന്റീനയ്‌ക്കെതിരെ കടുത്ത സമ്മര്‍ദ്ദ ഘട്ടത്തില്‍ പോലും പിടിച്ചുനില്‍ക്കാനുള്ള കരുത്ത് ടീമിന് നല്‍കിയതെന്നതില്‍ സംശയമില്ല. മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ഒരുക്കുകയും താരങ്ങള്‍ക്ക്, പ്രത്യേകിച്ച് കൗമാരക്കാര്‍ക്ക് വിദേശത്തുള്‍പ്പെടെ പരിശീലനം നേടാനുള്ള അവസരങ്ങള്‍ ഉണ്ടാവുകയും ചെയ്താല്‍ ലോക ഫുട്‌ബോളില്‍ ഇന്ത്യയും ഉയര്‍ന്നുവരുന്ന കാലം അധികം അകലെയാവില്ല.

https://www.azhimukham.com/sports-india-beats-argentina-under20-footballtournament/

Next Story

Related Stories