TopTop
Begin typing your search above and press return to search.

കൊച്ചി കൈവിട്ടു; കളി കാര്യവട്ടത്ത്

കൊച്ചി കൈവിട്ടു; കളി കാര്യവട്ടത്ത്

കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ തത്കാലം ഫുട്‌ബോള്‍ മത്സരങ്ങള്‍ മതിയെന്ന നിലപാട് തന്നെ ജയിച്ചു. നവംബര്‍ ഒന്നിനു നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് മത്സരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടത്താന്‍ തീരുമാനം ആയെന്നാണ് അറിയുന്നത്. ബിസിസിഐയാണ് ഇപ്പോഴുണ്ടായിരിക്കുന്ന തര്‍ക്കത്തിന് ഇങ്ങനെയൊരു പരിഹാരം ഉണ്ടാക്കിയത്. കെസിഎയും ജിസിഡിഎയും തമ്മില്‍ ഇന്ന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ക്രിക്കറ്റ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് ക്രിക്കറ്റ് മത്സരം മാറ്റുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്രിക്കറ്റ് പ്രേമികള്‍ക്ക് കളികാണാന്‍ എത്തിച്ചേരാനുള്ള സൗകര്യാര്‍ത്ഥമാണ് കൊച്ചിയില്‍ കളി നടത്താന്‍ തങ്ങള്‍ ആഗ്രഹിച്ചതെന്നും കേരള ക്രിക്കറ്റ് അസോസിയേഷനും അറിയിച്ചു. എന്നാല്‍ കൊച്ചി സ്‌റ്റേഡിയത്തില്‍ തങ്ങളെ അവഗണിക്കുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ നടക്കുന്നതില്‍ കെസിഎ കടുത്ത അതൃപ്തിയിലാണെന്നും അറിയുന്നു.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കം കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നതിനെ എതിര്‍ത്ത് രംഗത്ത് വന്നത് കെസിഎയ്ക്ക് തിരിച്ചടിയായിരുന്നു. സച്ചിനു പുറമെ ശശി തരൂര്‍ എംപിയും കൊച്ചിയില്‍ ഫുട്‌ബോള്‍ മത്സങ്ങള്‍ക്കായി സജ്ജമാക്കിയിരിക്കുന്ന സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നിരുന്നു. ഇതോടെയാണ് ബിസിസിഐ ഇക്കാര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് രംഗത്തിറങ്ങുകയും ഇന്ത്യ-വിന്‍ഡീസ് മത്സരം കാര്യവട്ടത്ത് നടത്താമെന്ന് ധാരണയിലെത്തിയത്. ഇന്ത്യ-ന്യൂസിലാന്‍ഡ് ട്വന്റി-ട്വന്റി മത്സരത്തിന് ശേഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമായിരിക്കും ഇത്. കീവീസുമായുള്ള ട്വന്റി-മത്സരം കാണാന്‍ സറ്റേഡിയം നിറച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ക്രിക്കറ്റ് പ്രേമികള്‍ എത്തിയിരുന്നു. അന്ന് മഴ പെയ്ത് ഏറെ നേരം കളി തടസപ്പെടുകയും ഒടുവില്‍ എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി-20 പരമ്പര നേടുകയുമാണ് ചെയ്തത്. ഗ്രീന്‍ഫീല്‍ഡിലെ ഗ്രൗണ്ടിനെ അന്ന് ഇന്ത്യയുടെയും ന്യീസിലന്‍ഡിന്റെയും കളിക്കാര്‍ ഏറെ പുകഴ്ത്തുകയും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ ഇവിടെ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരം ആദ്യം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനം എങ്കിലും കൊച്ചിയില്‍ നടത്തിയാല്‍ മതിയെന്ന് കെസിഎ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ കൊച്ചിയില്‍ ഇപ്പോള്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരേ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങള്‍ അടക്കം നിരവധി പ്രമുഖര്‍ രംഗത്തു വന്നതോടെ കെഎസിഎക്ക് അപ്രതീക്ഷിത തിരിച്ചടി കിട്ടി. ആദ്യം സമ്മതം മൂളിയെങ്കിലും ജിസിഡിഎയും തങ്ങളുടെ നിലപാട് മുറുക്കിയതോടെ കളി കൈവിട്ടുപോയ സ്ഥിതിയിലായി കെസിഎ. കോടികള്‍ മുടക്കി നിര്‍മിച്ച ടര്‍ഫ് കുത്തിപ്പൊളിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെയല്ലാതെ വേണമെങ്കില്‍ മത്സരം നടത്തിക്കോളാനുമായിരുന്നു ജിസിഡിഎയുടെ നിലപാട്. ഇന്ന് വീണ്ടും കെസിഎ-ജിസിഡിഎ യോഗം നടത്താന്‍ തീരുമാനിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ യോഗത്തില്‍ കൊച്ചിയില്‍ മത്സരം നടത്തുന്നില്ലെന്നു വ്യക്തമാക്കുക മാത്രമായിരിക്കും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിക്കുക.

എന്നാല്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയ്‌ക്കെതിരേ കെസിഎയുടെ ഭാഗത്തു നിന്നു കടുത്ത പ്രതിഷേധം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം. കലൂര്‍ സ്റ്റേഡിയത്തില്‍ തങ്ങള്‍ കോടികള്‍ മുടക്കിയിട്ടുണ്ടെന്നും അതിനൊന്നും യാതൊരു വിലയുമില്ലെന്നാണോ എന്നാണ് കെസിഎ ഭാരവാഹികള്‍ ചോദിക്കുന്നത്. സ്‌റ്റേഡിയവുമായി കെസിഎയ്ക്ക് 30 വര്‍ഷത്തെ കരാര്‍ ഉണ്ടെന്ന കാര്യവും ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. കൂടാതെ ഐഎസ്എല്‍ ഉള്‍പ്പെടെയുള്ള മറ്റു മത്സരങ്ങള്‍ക്കുള്ള അനുബന്ധ സൗകര്യങ്ങളൊരുക്കിയതും കെസിഎ ആണെന്നും ഓര്‍മിപ്പിക്കുന്നു.

Next Story

Related Stories