TopTop
Begin typing your search above and press return to search.

ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ കൂട്ടപ്പൊരിച്ചില്‍; ധോണി വിരമിക്കാറായോ..?

ടീമില്‍ വിക്കറ്റ് കീപ്പര്‍മാരുടെ കൂട്ടപ്പൊരിച്ചില്‍; ധോണി വിരമിക്കാറായോ..?

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നഷ്ടത്തിനു ശേഷം ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട താരം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയാണ്. അവസാന രണ്ട് ഏകദിനങ്ങളിലെ ധോണിയുടെ മെല്ലെപ്പോക്കാണ് ധോണിയ്‌ക്കെതിരെ വിമര്‍ശകര്‍ക്ക് ആയുധം നല്‍കിയത്. രണ്ട് ഇന്നിങ്‌സുകളുടെയും മധ്യത്തിലെ നിര്‍ണായക ഘട്ടത്തില്‍ ധോണിയുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായതെന്നു വരെ വിമര്‍ശനമുയര്‍ന്നു. അവസാന മത്സരത്തിന് ശേഷം ധോണി അമ്പയറില്‍ നിന്ന് കളിക്കുപയോഗിച്ച പന്ത് വാങ്ങിക്കുക കൂടി ചെയ്തതോടെ ധോണി വിരമിക്കുകയാണെന്ന അഭ്യൂഹവും ശക്തമായി. അഭ്യൂഹങ്ങള്‍ തള്ളി ടീം ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി തന്നെ രംഗത്തെത്തിയെങ്കിലും ജൂലൈ ഏഴിന് മുപ്പത്തേഴു വയസ്സ് തികഞ്ഞ ധോണിയെ ഇനിയും ടീമില്‍ നിലനിര്‍ത്തരുതെന്ന് വാദവും പ്രതിവാദവും തുടരുകയാണ്.

ഇംഗ്ലണ്ടിലെ ധോണിയുടെ ബാറ്റിങ് പരാജയം മാത്രമല്ല, ടീമിലെ വിക്കറ്റ് കീപ്പര്‍മാരുടെ കൂട്ടപ്പൊരിച്ചില്‍ കൂടിയാണ് വിമര്‍ശകരുടെ വാദത്തിന് മൂര്‍ച്ച കൂട്ടുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന-ട്വന്റി20 ടീമുകളിലെ അംഗങ്ങളായിരുന്ന ദിനേശ് കാര്‍ത്തിക്കും ലോകേഷ് രാഹുലും വിക്കറ്റ് കീപ്പര്‍മാരാണ്. പരിചയ സമ്പത്തുകൂടി കൈമുതലായുള്ള കാര്‍ത്തിക് കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. എങ്കിലും, ഇപ്പോഴും ടീമില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. യുവതാരം ലോകേഷും ഫോമിലാണ്. കളിക്കാന്‍ അവസരം ലഭിച്ചില്ലെങ്കിലും 16 അംഗ ടീമില്‍ ഇടംപിടിച്ചിരുന്ന അമ്പാട്ടി റായുഡുവിനെയും വിക്കറ്റ് കീപ്പറായി ഉപയോഗിക്കാം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഉജ്ജ്വല പ്രകടനമാണ് റായുഡു കാഴ്ചവെച്ചത്. ടെസ്റ്റ് ടീമിലേക്ക് അവസരം ലഭിച്ച വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ഇവരേക്കാളെല്ലാം മേലെ നില്‍ക്കുന്നു. ധോണിയുടെ പിന്‍ഗാമയായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ് ഇരുപതുകാരനായ പന്ത്. ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന സഞ്ജു സാംസണെ പോലുള്ളവര്‍ വേറെയുമുണ്ട് ഇന്ത്യക്ക് വിക്കറ്റ് കീപ്പിങ് ഓപ്ഷനായി.

ഈ സാഹചര്യത്തില്‍ 2019 ലോകകപ്പ് മുന്നില്‍ കണ്ട് ധോണി സ്ഥാനമൊഴിയണമെന്നും പുതിയൊരാള്‍ക്ക് ടീമിന്റെ ഭാഗമാകാന്‍ അവസരം നല്‍കണമെന്നുമാണ് ധോണിയുടെ വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്. അതേസമയം, അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കാറുണ്ടെങ്കിലും 2019 ലോകകപ്പ് ലക്ഷ്യമിട്ടാണ് ടെസ്റ്റില്‍ നിന്ന് വിരമിച്ചിട്ടും ധോണി പരിമിത ഓവര്‍ ക്രിക്കറ്റില്‍ തുടരുന്നതെന്നത് വ്യക്തമാണ്. നിലവിലെ മങ്ങിയ ഫോമും ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ സാന്നിധ്യവും ധോണിയുടെ വിരമിക്കലിന് അനുകൂലമായ സമയം ഇതാണെന്ന് പറയുന്നവരുടെ വാദത്തെ ശരിവെക്കുന്നുണ്ടോ. ധോണി ഇപ്പോള്‍ വിരമിക്കുന്നത് ടീമിന് ഗുണകരമാകുമോ. ധോണിയുടെയും ടീം ഇന്ത്യയുടെ അവസ്ഥ പരിഗണിച്ചാല്‍ ഇല്ലെന്നു തന്നെയാകും ഉത്തരം. 2019 ലോകകപ്പില്‍ ടീമില്‍ ധോണിയെ പോലൊരു സീനിയര്‍ താരത്തിന്റെ സാന്നിധ്യം അത്യാവശ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

അന്നും ഇന്നും ചോരാത്ത കൈകള്‍

പ്രായം ധോണിയുടെ താടിയുടെ കറുപ്പിനെ മാത്രമല്ല ബാറ്റിങിലെ ചടുലതയെയും ബാധിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. റിഫ്‌ലക്‌സില്‍ സംഭവിച്ചിരിക്കുന്ന കുറവ് തീര്‍ച്ചയായും ഏറ്റവും മികച്ച ഫിനിഷറെന്ന സ്ഥാനവും ഇളക്കിയിട്ടുണ്ട്. എങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇപ്പോഴും ഏത് യുവതാരത്തോടും കിടപിടിക്കും ഈ മുപ്പത്തേഴുകാരന്‍. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ ധോണിയുടെ ഒപ്പം പിടിക്കാന്‍ കഴിയാതെ വലയുന്നവര്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോഴുമുണ്ട്. 50 ഓവര്‍ കീപ്പിങ് പോലും ധോണിയെന്ന കായികതാരത്തിന്റെ ക്ഷമതയ്ക്ക് ഇന്നും ഒരു വെല്ലുവിളിയും ഉയര്‍ത്തുന്നില്ലെന്ന് ഇംഗ്ലണ്ടിനെതിരായ ഒടുവിലത്തെ പരമ്പര പോലും സാക്ഷ്യം പറയും.

വിക്കറ്റിന് മുന്നില്‍ അല്‍പം മങ്ങിയെങ്കിലും വിക്കറ്റിനു പിന്നിലെ പ്രകടനത്തില്‍ ധോണി ഇപ്പോഴും പുലി തന്നെയാണ്. ഇംഗ്ലണ്ടിനെതിരായ ട്വന്റി-20, ഏകദിന പരമ്പരകളില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. മൂന്നാമത്തെ ട്വന്റി-20യില്‍ അഞ്ചു കാച്ചുകളെടുത്ത ധോണി ലോകറെക്കോഡിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതുകൂടാതെ മത്സരത്തില്‍ ഒരു റണ്ണൗട്ടും ധോണി സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ജെയിംസ് വിന്‍സിന്റെ റണ്ണൗട്ട് ധോണിയിലെ അത്‌ലറ്റിനെയും വിക്കറ്റ് കീപ്പിങ് മികവിനെയും ഒരുപോലെ കാണിക്കുന്നതായിരുന്നു. പന്ത് സ്റ്റമ്പില്‍ നിന്ന് മാറി താഴ്ന്നുവന്ന ഹാര്‍ദിക് പാണ്ഡ്യയുടെ ത്രോ ചാടിമറിഞ്ഞ് ഒരു കൈകൊണ്ട് പിടിച്ചെടുത്ത് സ്റ്റമ്പ് ചെയ്തത് ഒരു മുപ്പത്തേഴുകാരനാണെന്ന് കണ്ടവരാരും പറയില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മുന്നൂറാമത്തെ ക്യാച്ചെന്ന നാഴികക്കല്ലും ധോണി പിന്നിട്ടു. ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ ഇരകളുള്ള വിക്കറ്റ് കീപ്പറും ധോണിയാണ്.

ടീമിന്റെ മെന്റര്‍

ഏറെക്കാലം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ടീം ഇന്ത്യക്കായി ചെയ്ത ധര്‍മമാണ് ധോണി ഇപ്പോള്‍ നിര്‍വഹിക്കുന്നത്. കളത്തില്‍ ടീമിന്റെ വഴികാട്ടി കൂടിയാണ് മഹേന്ദ്രസിങ് ധോണി. ക്യാപ്റ്റനും സഹതാരങ്ങള്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ധോണി, മൈതാനത്തെ സാധാരണ കാഴ്ചയാണ്. ക്യാപ്റ്റനെന്ന നിലയിലും സീനിയര്‍ താരമെന്ന നിലയിലുമുള്ള ധോണിയുടെ അനുഭവ പരിചയം പോസിറ്റീവായി ഉപയോഗപ്പെടുത്തുന്നതില്‍ വിരാട് കോഹ്ലിയ്ക്കും സന്തോഷം. ചിലപ്പോള്‍ ഫീല്‍ഡിങ് അഡ്ജസ്റ്റുമെന്റുകള്‍ പോലും ധോണി നടത്താറുണ്ട്. സീനിയര്‍ താരത്തെ ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്നത് ടീമിന് മൊത്തത്തില്‍ ഗുണകരമാണ്.

നിര്‍ണായക ഘട്ടത്തില്‍ ക്യാപ്റ്റന്‍ കോഹ്ലി, ധോണിയുമായി കൂടിയാലോചന നടത്തിയാണ് തീരുമാനങ്ങളെടുക്കുന്നത്. വിക്കറ്റിനായി അമ്പയറിന്റെ തീരുമാനത്തിനെതിരെ റിവ്യൂ നല്‍കുമ്പോള്‍ (ഡിസിഷന്‍ റിവ്യൂ സിസ്റ്റം -ഡിആര്‍എസ്) ധോണിയുടെ തീരുമാനമാണ് ടീം ഇന്ത്യയില്‍ അന്തിമമെന്നത് കൊച്ചു കുട്ടികള്‍ക്ക് പോലുമറിയാം. വിക്കറ്റിനു പിന്നില്‍ നിന്ന് ലെഗ് ബിഫോറിലും മറ്റും കൃത്യമായി റിവ്യൂ വേണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള ധോണിയുടെ പാടവത്തില്‍ കമന്റേറ്റര്‍മാര്‍മരെ പോലും അത്ഭുതപ്പെടുത്തുന്നതാണ്. ഡിആര്‍എസിനെ 'ധോണി റിവ്യൂ സിസ്റ്റം' എന്ന് വിളിക്കാനുള്ള കാരണം മറ്റൊന്നല്ല. ലോകകപ്പില്‍ ധോണിയുടെ ഈ പാടവം ടീമിന് മുതല്‍ക്കൂട്ടാകും.

പരാജയപ്പെട്ടത് ധോണി മാത്രമല്ല

ഇംഗ്ലണ്ടിലെ ധോണിയുടെ ബാറ്റിങ്ങിന് നാലു ഭാഗത്തുനിന്നും വിമര്‍ശനം നേരിടേണ്ടിവരുമ്പോള്‍ സൗകര്യപൂര്‍വം മറന്നുകളയുന്ന മറ്റൊരു കാര്യമുണ്ട്. ടൂര്‍ണമെന്റില്‍ ധോണി മാത്രമല്ല, ഇന്ത്യയുടെ മധ്യനിര മൊത്തം പരാജയപ്പെട്ടിരുന്നു. ഈ ടൂര്‍ണമെന്റിലെന്നല്ല സമീപകാലത്തായി ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാത്ത മത്സരങ്ങളില്‍ ഇന്ത്യ ജയിക്കുന്നത് വിരളമാണെന്നതാണ് യാഥാര്‍ത്ഥ്യം. ഇംഗ്ലണ്ടില്‍ അത് കുറേക്കൂടി പ്രകടമായെന്ന് മാത്രം. എന്നാല്‍, പരമ്പര കഴിയുമ്പോള്‍ ചര്‍ച്ചകള്‍ ധോണിയിലേക്ക് മാത്രം ഒതുങ്ങുകയായിരുന്നു.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (3 ഇന്നിങ്‌സുകളില്‍ 154) ശിഖര്‍ ധവാനും (3 ഇന്നിങ്‌സുകളില്‍ 120), വണ്‍ഡൗണ്‍ കോഹ്ലിയും (3 ഇന്നിങ്‌സുകളില്‍ 191) കഴിഞ്ഞാല്‍ കൂടുല്‍ റണ്‍സെടുത്തത് ധോണിയാണ് (2 ഇന്നിങ്‌സുകളില്‍ 79). നാലാം സ്ഥാനക്കാരനായുള്ള ഇന്ത്യയുടെ പരീക്ഷണം ഇംഗ്ലണ്ടിലും തുടര്‍ന്നപ്പോള്‍ ലോകേഷ് രാഹുലിനും (2 ഇന്നിങ്‌സുകളില്‍ 9) ദിനേശ് കാര്‍ത്തിക്കിനും (ഒരിന്നിങ്‌സില്‍ 21) വലുതായൊന്നും ചെയ്യാനായില്ല. സുരേഷ് റെയ്‌ന (2 ഇന്നിങ്‌സുകളില്‍ 47) മറക്കാനാഗ്രഹിക്കുന്ന പരമ്പരയാകും ഇത്. പാണ്ഡ്യക്കും (2 ഇന്നിങ്‌സുകളില്‍ 42) വലിയ ഇന്നിങ്‌സുകള്‍ കളിക്കാനായില്ല.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവസാന ഏകദിനത്തിന് അവസാന ഏകദിനത്തിന് ശേഷം ക്യാപ്റ്റന്‍ കോഹ്ലിയും രംഗത്തെത്തിയിരുന്നു. പരാജയപ്പെട്ടത് ധോണി മാത്രമല്ല. ഞങ്ങള്‍ക്കാര്‍ക്കും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. ധോണിയെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ല. എല്ലാ മത്സരങ്ങളിലും ആര്‍ക്കും ഫോമാകാനാകില്ല. ചില ദിവസങ്ങളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായെന്നു വരില്ല. കോഹ്‌ലി പറഞ്ഞു.

കാണാതെ പോകുന്ന നേട്ടങ്ങള്‍

കരിയറിന്റെ തുടക്കം മുതല്‍ ധോണിയ്ക്ക് ആരാധകരെ പോലെ തന്നെ വിമര്‍ശകരുമുണ്ടായിരുന്നു. തുടക്കത്തില്‍ കാടനടിക്കാരനെന്നാണ് വിളിച്ചിരുന്നെങ്കില്‍ പിന്നീട് സാങ്കേതികത്തികവില്ലാത്ത താരം ഏറെ നാള്‍ ടീമില്‍ നില്‍ക്കില്ലെന്നായി. എന്നാല്‍, വിമര്‍ശകരുടെയെന്നല്ല ആരാധകരുടെ പോലും പ്രതീക്ഷകളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് ഈ റാഞ്ചിക്കാരന്‍ പിന്നീട് കാഴ്ചവെച്ചത്. ഇന്ത്യയെ എല്ലാ ഫോര്‍മാറ്റിലും ഒന്നാമതെത്തിച്ച ധോണി ഏകദിന-ട്വന്റി20 ലോകകിരീടങ്ങളും നാട്ടിലെത്തിച്ചു. ഇന്ത്യയുടെ തന്നെയല്ല ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച നായകനായി. വിക്കറ്റ് കീപ്പറായി. ഫിനിഷറായി.

ഇംഗ്ലണ്ടനെതിരായ പരമ്പരയില്‍ ധോണി കരിയറിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ഏകദിനത്തില്‍ 10,000 റണ്‍സ് എന്ന നാഴികക്കല്ല്. ഈ നേട്ടത്തിലെത്തുന്ന പന്ത്രണ്ടാമത്തെ താരമാണെങ്കിലും ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ സ്ഥിരം ബാറ്റ് ചെയ്യുന്നൊരാള്‍ അഞ്ചക്കം തികയ്ക്കുന്നത് ആദ്യമാണ്. മാത്രമല്ല, സച്ചിനും ലാറയും പോണ്ടിങും ഇന്‍സമാമും ഗാംഗുലിയും ദ്രാവിഡും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ പട്ടികയിലുണ്ടെങ്കിലും അമ്പതിന് മുകളില്‍ ശരാശരിയില്‍ ആരും ഇതുവരെ 10,000 റണ്‍സിലെത്തിയിട്ടില്ല. 10,000 ക്ലബ്ബില്‍ 51.25 ശരാശരിയുള്ള ധോണി കഴിഞ്ഞാല്‍ മികച്ച ശരാശരിയുള്ള സാക്ഷാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കാണ്. 18426 റണ്‍സുള്ള സച്ചിന്റെ ശരാശരി പക്ഷേ 44.83 ആണെന്നു മാത്രം. സ്‌ട്രൈക്ക് റേറ്റില്‍ 91.20 ഉള്ള ജയസൂര്യ മാത്രമേ ധോണിക്ക് മുന്നിലുള്ളൂ. ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് മൂന്ന് പോയിന്റ് മാത്രം പുറകില്‍ 88.23 ആണെങ്കില്‍ ശരാശരിയില്‍ ജയസൂര്യ ഏറെ പിന്നിലാണ്. 32.36. പതിനായിരം ക്ലബ്ബില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ളപ്പോള്‍ ഏറ്റവും കുറഞ്ഞ ശരാശരിയും ജയസൂര്യയുടേത് തന്നെ.

അമ്പറയറില്‍ നിന്ന് പന്ത് വാങ്ങുന്ന ധോണി

വിക്കറ്റ് കീപ്പറല്ലാത്ത ധോണി?

എല്ലാക്കാലത്തും കളിക്കളത്തിലെ പ്രകടനം കൊണ്ടും കൊയ്‌തെടുത്ത നേട്ടങ്ങള്‍ കൊണ്ടും വിമര്‍ശകര്‍ക്ക് മറുപടി പറഞ്ഞ താരമാണ് എം.എസ്.ധോണി. ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരുടെ ആധിക്യവും ധോണിയെന്ന താരത്തിന്റെ ആവിര്‍ഭാവത്തില്‍ നിന്നുരുത്തിരിഞ്ഞതാണ്. അത്യാവശ്യം ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പറെന്ന സങ്കല്‍പത്തേക്കാള്‍ ഏറ്റവും നന്നായി ബാറ്റ് ചെയ്യുന്ന വിക്കറ്റ് കീപ്പര്‍ക്കേ ടീമില്‍ സ്ഥാനം പിടിക്കാനാവൂ എന്ന അവസ്ഥ വന്നു. ധോണിയുടെ വരവോടെ ടീമില്‍ സ്ഥാനം നഷ്ടപ്പെട്ട ദിനേശ് കാര്‍ത്തിക് ഇപ്പോള്‍ ബാറ്റ്‌സ്മാനായി തിരിച്ചുവന്നിരിക്കുന്നു. ലോകേഷ് രാഹുലും ഋഷഭ് പന്തുമൊക്കെ ഭാവിയില്‍ ഇന്ത്യന്‍ ബാറ്റിങിനെ തന്നെ നയിക്കാന്‍ കെല്‍പുള്ളവരാണ്. ഇവരില്‍ രണ്ടുപേരെങ്കിലും ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്നുറപ്പ്. ലോകകപ്പില്‍ ധോണിയെ വിക്കറ്റ് കീപ്പിങ് ചുമതലയില്‍ നിന്നൊഴിവാക്കി ബാറ്റ്‌സ്മാനായി മാത്രം ഉള്‍പ്പെടുത്തിയാല്‍ പോലും അധികമാകില്ല.

ഫിനിഷറെന്നതിനേക്കാള്‍ നേരത്തേ ബാറ്റ് ചെയ്യേണ്ടിവരുമ്പോഴുള്ള അതിസമ്മര്‍ദ്ദമാണ് ധോണിക്ക് വിനയാകുന്നത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 28-ാം ഓവറിലും അവസാന ഏകദിനത്തില്‍ 25-ാം ഓവറിലുമാണ് ധോണി ഇറങ്ങിയത്. ആദ്യ തവണ 59 പന്തില്‍ 37 റണ്‍സെടുത്ത് 47-ാം ഓവറിലും രണ്ടാംതവണ 64 പന്തില്‍ 42 റണ്‍സെടുത്ത് 46-ാം ഓവറിലും പുറത്തായി. മധ്യഓവറുകളില്‍ ഒരു ആങ്കറുടെ റോള്‍ ഏറ്റെടുക്കുകയും അവസാനം കത്തിക്കയറാന്‍ ശ്രമിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമാവുകയും ചെയ്യുന്നതാണ് ധോണിയുടെ പ്രശ്‌നം. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ അമിത പ്രതിരോധത്തിലേക്ക് വലിഞ്ഞതും ധോണിയെ തന്റെ സ്വാഭാവിക ശൈലിയില്‍ നിന്നകറ്റി. ഇംഗ്ലീഷ് ബൗളര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ താരം ഏറെ വലയുകയും ചെയ്തു. അടുത്ത ലോകകപ്പ് നടക്കുന്നത് ഇംഗ്ലണ്ടിലാണെന്നത് ടീം ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

മധ്യനിരയില്‍ മറ്റുള്ളവര്‍ക്ക് ഫോമിലേക്കുയരാനായാല്‍ ധോണിയ്ക്ക് സമ്മര്‍ദ്ദത്തെ മറികടക്കാനും സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചുവരാനുമാകും. എന്നാല്‍, സീനിയര്‍ താരമെന്ന നിലയില്‍ അതിന് കോപ്പു കൂട്ടേണ്ട ബാധ്യത ധോണിയുടേതാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ധോണിയിലെ ക്രിക്കറ്റര്‍ ശ്രമമാരംഭിച്ചെന്നു വേണം കരുതാന്‍. അവസാന ഏകദിനത്തിനു ശേഷം (ധോണിയുടെ വിരമിക്കല്‍ അഭ്യൂഹത്തിന് ആക്കം കൂട്ടി..) അമ്പറയറില്‍ നിന്ന് പന്ത് വാങ്ങിയത് ബൗളിങ് കോച്ച് ഭഗത് അരുണിനെ കാണിച്ച് പന്തില്‍ വന്ന മാറ്റങ്ങള്‍ പഠിക്കാനായിരുന്നെന്നാണ് രവി ശാസ്ത്രി നല്‍കിയ വിശദീകരണം. അത് സത്യമെങ്കില്‍ ഇന്ത്യയെ സംബന്ധിച്ച് അതിലും പോസിറ്റീവായ മറ്റൊരു വാര്‍ത്തയില്ല.

https://www.azhimukham.com/video-what-happened-sarfraz-ahmed-immitated-dhoni/

Next Story

Related Stories