TopTop
Begin typing your search above and press return to search.

തോറ്റോട്ടെ; പക്ഷേ ഈ സ്ത്രീകളാണ് ഇന്ന് ഇന്ത്യ എന്ന വികാരം

തോറ്റോട്ടെ; പക്ഷേ ഈ സ്ത്രീകളാണ് ഇന്ന് ഇന്ത്യ എന്ന വികാരം

ഇത്തവണയും വനിതാ ലോകകപ്പില്‍ മുത്തമിടാനുള്ള ഭാഗ്യം നമ്മുടെ വനിതാ ക്രിക്കറ്റ് ടീമിന് ഉണ്ടായില്ല. തീര്‍ച്ചയായും നിരാശയുണ്ട്, പക്ഷെ അതിലുപരി മറ്റ് പല ഭാഗ്യങ്ങള്‍ക്കുമുള്ള തുടക്കം ഇവര്‍ക്ക് ലഭിച്ചു കഴിഞ്ഞു എന്ന സന്തോഷവുമുണ്ട്. ഈ ലോകകപ്പ് ഇവര്‍ക്ക് പരാജയങ്ങളുടേതായിരുന്നില്ല, നേട്ടങ്ങളുടേതായിരുന്നു. ഇനിയുള്ള നാളുകള്‍ ഇവരുടെ പേര് എഴുതി ചേര്‍ക്കാന്‍ കൂടി ഉള്ളതാണ് നമ്മുടെ കായിക ലോകം, പ്രത്യേകിച്ച് ക്രിക്കറ്റ് . ഈ ലോകകപ്പോട് കൂടി ലോകത്തിലെ ഏറ്റവും വിശ്വസ്തരായ ഒരു കൂട്ടം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ഈ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനു മേല്‍ വീണുകഴിഞ്ഞു. ഇനി ഈ ആരാധകര്‍ നയിച്ചോളും നിങ്ങളെ... പുരുഷ താരങ്ങളുടെ നിഴലില്‍ ഒതുങ്ങേണ്ടതല്ല ഒരാളും എന്ന തിരിച്ചറിവാണ് ക്രിക്കറ്റ് ഭരണാധികാരികള്‍ക്കും ഒപ്പം ക്രിക്കറ്റ് ആരാധകര്‍ക്കും ഈ ഇന്ത്യന്‍ ടീം ഉണ്ടാക്കിയത്.

2017 വനിതാ ലോകകപ്പ് ഫൈനലിന്റെ ഹൈലെറ്റ്‌സ്

2005-ലും വേള്‍ഡ് കപ്പ് ഫൈനലിലെത്തി പരാജയം രുചിച്ച ടീമിലെ രണ്ട് (മിതാലി രാജ്, ജൂലന്‍ ഗോസ്വാമി) പേരൊഴിച്ച് ബാക്കിഎല്ലാവരും പുതുമുഖങ്ങളായിരുന്നു. ആ രണ്ട് താരങ്ങളെ ഒഴിച്ച് ഇന്ത്യയെ അന്ന് ഫൈനലില്‍ എത്തിച്ച പഴയ താരങ്ങളെ ആരും ഓര്‍ക്കുന്നത് പോലും ഉണ്ടാവില്ല. ഓര്‍ക്കാന്‍ അവരെ ആരെയും നമ്മള്‍ക്ക് അറിയുമായിരുന്നില്ല എന്ന് പറയുന്നതാവും ശരി. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. ഇന്ത്യ പരാജയപ്പെട്ടിട്ട് പോലും ടീമിലെ ഓരോ താരങ്ങളെയും വിലയിരുത്തി അവരെ കുറിച്ചുള്ള വിശദീകരണങ്ങള്‍ ക്രിക്കറ്റ് ആരാധകരിലേക്ക് പ്രവഹിക്കുകയാണ്. അതുകൊണ്ടാണ് ഇതുവരെ കണ്ണടച്ചിരുന്ന ബിസിസിഐയ്ക്കും ക്രിക്കറ്റ് പണ്ഡിതര്‍ക്കും നിരൂപകര്‍ക്കും മാധ്യമങ്ങള്‍ക്കും ഇന്ന് ഈ വനിതാ താരങ്ങളിലേക്ക് തിരിയേണ്ടി വന്നത്. കഴിവിനൊപ്പം ഗ്ലാമറും ഒരു ഘടകമായിട്ടുണ്ട് എന്നതും സത്യമാണ്. സ്മൃതി മന്ദാനയെന്ന താരത്തിന്റെ കളിക്കളത്തിലെ ഒരു പുഞ്ചിരി ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോഴേ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലേക്ക് ആളുകള്‍ എത്തി. ക്യാപ്റ്റന്‍ മിതാലി രാജ് ഒരു മാധ്യമ പ്രവര്‍ത്തകന് നല്‍കിയ, ഏതൊരു സ്ത്രീക്കും അഭിമാനം തോന്നുന്ന ഉത്തരം, ഈ താരങ്ങളെ കുറിച്ച് മാറി ചിന്തിക്കാന്‍ എല്ലാവരെയും പ്രേരിപ്പിച്ചു. ഹര്‍മന്‍പ്രീത് കൗര്‍ എന്ന പഞ്ചാബിയുടെ പവര്‍ ഷോട്ടുകള്‍ ശരിക്കും ആരാധകരുടെ ഹൃദയത്തില്‍ തന്നെ എത്തി. കരിയര്‍ അവസാനിക്കാറായിട്ടും വിക്കറ്റ് വേട്ട മതിയാക്കാത്ത ജൂലന്‍ ഗോസ്വാമിയെ കണ്ട് അഭിമാനം കൊണ്ടു. കുറവുകളുണ്ടെങ്കിലും ഈ വനിതാ ടീമില്‍ നിന്ന് പുരുഷ ടീമിനും പലതും പഠിക്കാനുണ്ട്.

ഇന്നലത്തെ തോല്‍വിക്ക് ക്യാപ്റ്റന്‍ മിതാലിക്കാണ് മുഖ്യ പങ്കെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ എത്തി കഴിഞ്ഞു. റണ്‍റേറ്റ് അനുസരിച്ച് ബാറ്റിംഗ് പിന്തുടരാന്‍ ശ്രമിച്ചില്ലെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്താത്തതും ക്യാപ്റ്റന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനങ്ങള്‍. ശരിയായാലും തെറ്റായാലും ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അവരുടെ പ്രകടനത്തിന്റെ പേരില്‍ അളക്കാന്‍ തുടങ്ങിയത് നല്ലൊരു പ്രവണതയാണ്.

സമ്മര്‍ദ്ദമായിരുന്നു ഇന്ത്യന്‍ ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന വിലയിരുത്തലുകളുമുണ്ട്. പെട്ടെന്ന് കിട്ടിയ ശ്രദ്ധയും ആരാധനയും പ്രതീക്ഷയും ടീമിനെ ഒന്ന് ഉലച്ചിരിക്കാം. ചരിത്രത്തില്‍ ആദ്യമായി വനിതാ ക്രിക്കറ്റ് ടീമിന്റെ മത്സരം കാണുവാന്‍ ഗ്യാലറികള്‍ നിറഞ്ഞ് കവിഞ്ഞിരുന്നു ഇന്നലെ. ലോര്‍ഡ്‌സിലെ ആരാധകരുടെ പ്രവാഹം ഇന്ത്യന്‍ വനിതാ താരങ്ങളെ അമ്പരപ്പിച്ചിരിക്കും. ഈ ഘട്ടത്തിലൂടെ കടന്നുപോയതിന്റെ അനുഭവങ്ങള്‍ സീനിയര്‍ താരങ്ങള്‍ക്ക് പോലും ഇല്ല എന്നതും ഓര്‍ക്കേണ്ടതാണ്.

അമിത ആത്മവിശ്വാസത്തിലേക്ക് വഴുതി പോകാതെയും നിയന്ത്രണം നഷ്ടപ്പെടാതെയും കളിക്കളത്തില്‍ നില്‍ക്കുക എന്നത് പ്രധാനമാണ്. നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ടീം പക്വതയോടെ കളിച്ചുവെന്നാണ് കാണാന്‍ കഴിയുക. അവസാന ഓവറുകളില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയത് തീര്‍ച്ചയായും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. പക്ഷെ ഈ താരങ്ങള്‍ നന്നായി കളിച്ചു. എതിരാളികളായ ഇംഗ്ലണ്ട് വീണുകിട്ടിയ ദൗര്‍ബല്യം നന്നായി മുതലെടുത്തു. ഇവിടെയാണ് ഒരു എക്‌സിപീരിയന്‍സ് പ്ലെയര്‍ ടീമിനെ രക്ഷിക്കുന്നത്. മിതാലിക്ക് അതിനായില്ല. പക്ഷെ ഈ പരാജയവും അവര്‍ക്ക് ഒരു പാഠമാണ്. അടുത്ത കളികളില്‍ ഈ താരങ്ങള്‍ ഇവിടെ പഠിച്ച പാഠങ്ങള്‍ മറക്കില്ല.

ഈ ലോകകപ്പ് സമ്മാനിച്ചത് കഴിവുള്ള ഒട്ടേറെ ഇന്ത്യന്‍ വനിതാ താരങ്ങളെ അളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങി എന്നതു കൂടിയാണ്. മിതാലി രാജിനെ ക്രിക്കറ്റ് ആരാധകര്‍ക്ക് മുമ്പേ പരിചയമുണ്ട്. പക്ഷെ അവര്‍ക്ക് ഈ രീതിയിലുള്ള അംഗീകാരം കിട്ടിയത് ഈ ലോകകപ്പോട് കൂടിയാണ്. ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ ബാറ്റിംഗ് പ്രതിഭകളുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ സ്ഥാനമുള്ള താരമാണ് മിതാലി. ജൂലന്‍ ഗോസ്വാമി എന്ന മുപ്പത്തിനാലുകാരിയെ ഒരു ഇതിഹാസം എന്ന് തന്നെ വിളിക്കണം. 163 ഏകദിനങ്ങളില്‍ നിന്ന് ജൂലന്‍ നേടിയത് 195 വിക്കറ്റുകളാണ്. 2005 വേള്‍ഡ് കപ്പില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ എത്തിയപ്പോള്‍ കളിച്ചിരുന്ന താരങ്ങളില്‍ ഇന്നും ടീമിലുള്ളവര്‍ മിതാലിയും ജൂലനും മാത്രമാണ്.

ജൂലന് പിന്‍ഗാമിയായ ഒരു താരമാണ് മാനസി ജോഷി. ഉത്തരഖണ്ഡുകാരിയായ മാനസിയായിരിക്കും ജൂലന് ശേഷം ഇന്ത്യന്‍ പേസ് ബൗളിംഗിന്റെ കുന്തമുനയാകുന്നത്. ഇന്ത്യയുടെ സ്പിന്‍ ബൗളിംഗിലെ പ്രധാനിയാണ് ഉത്തരാഖണ്ഡുകാരിയായ ഏക്ത ബിഷ്ട്. റണ്‍ കൊടുക്കുന്നതില്‍ വളരെ പിശുക്ക് കാണിക്കുന്ന ഒരു ബൗളറാണ് ഏക്ത. മറ്റൊരു സ്പിന്നറാണ് കര്‍ണാടക സ്വദേശി രാജേശ്വരി ഗെയ്ക്ക്‌വാദ്. ലെഫ്റ്റ് ആാം ബൗളറായ രാജേശ്വരിയെ നേരിടുക അല്‍പം വെല്ലുവിളിയാണ്.

ലെഗ് സ്പിന്നിലെ കരുത്താണ് പൂനം യാദവ് എന്ന ആഗ്രക്കാരിയെ ടീമിലെത്തിച്ചത്. ഓള്‍ റൗണ്ടര്‍ ശിഖ പാണ്ഡെ പല നിര്‍ണായക ഘട്ടത്തിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും അത്ഭുതം കാട്ടിയിട്ടുണ്ട്. ദീപ്തി ശര്‍മ്മ എന്ന ഉത്തര്‍ പ്രദേശുകാരി ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. ഏറ്റവും അപകടകാരിയായ ബാറ്റിംഗ് താരങ്ങളുടെ നിരയിലേക്ക് ഈ പത്തൊന്‍പതുകാരി കയറിക്കഴിഞ്ഞു. മികച്ച ബൗളറും കൂടിയായ ദീപ്തി ഓള്‍റൗണ്ടര്‍ സ്ഥാനത്ത് വിശ്വസ്തയായ താരമാണ്.

സ്മൃതി മന്ദാനയെന്ന ഈ ഇരുപതുകാരി സൗന്ദര്യം കൊണ്ടും കളി മികവ് കൊണ്ടും നേടിയ ആരാധകവൃന്ദം ചില്ലറയല്ല. ഈ താരത്തെ വേണ്ട രീതിയില്‍ നയിച്ചാല്‍ ഇന്ത്യന്‍ ടീമിന് ഭാവിയില്‍ നേട്ടങ്ങള്‍ കൊയ്യാം. ഓപ്പണറായ സ്മൃതിയുടെ പങ്കാളിയാണ് പൂനം റൗത്ത്. പുരുഷ താരങ്ങളെ പോലും അസൂയപ്പെടുത്തുന്ന കരിയര്‍ ഗ്രാഫിന്റെ ഉടമയാണ് ഈ ഇരുപത്തിയേഴുകാരി.

ഹിമാചല്‍ സ്വദേശിയായ സുഷ്മ വര്‍മ വിക്കറ്റിന് പിന്നിലും മുന്നിലും ഇന്ത്യയുടെ കരുത്താണ്. മികച്ച വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും വാലറ്റത്തെ സ്‌ഫോടനാത്മകമായ ബാറ്റിംഗിലും സുഷ്മ ടീമിലെ അവിഭാജ്യമായിരിക്കുകയാണ്. മധ്യപ്രദേശിലെ നുസ്ഹത് പര്‍വീണും വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് മികച്ച പ്രകടനം നടത്തുന്നുണ്ട്. ഇരുപത്തിയൊന്നുകാരിയായ പര്‍വീണ്‍ ഭാവിയിലെ താരമാണ്.

മഹാരാഷ്ട്രയില്‍ നിന്നുള്ള മോണ മെഷ്‌റാം ബാറ്റിംഗ് നിരയിലെ കരുത്തയായ സാന്നിധ്യമാണ്. എതിരാളികള്‍ക്ക് തലവേദനയാകുന്ന ബാറ്റിംഗ് താരമാണ് മോണ. കര്‍ണാടക സ്വദേശി വേദ കൃഷ്ണമൂര്‍ത്തി വെടിക്കട്ട് ബാറ്റിംഗ് ശൈലിക്ക് ഉടമയാണ്. മറ്റൊരാള്‍ ഹര്‍മന്‍പ്രീത് കൗറാണ്. സ്‌കോര്‍ കുത്തനെ ഉയര്‍ത്താന്‍ നിലവില്‍ ഹര്‍മനൊപ്പം നില്‍ക്കുന്ന മറ്റൊരു താരം വനിതാ ക്രിക്കറ്റിലില്ല; അതിനു സെമിയിലും ഫൈനലിലും സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍.

Next Story

Related Stories