TopTop
Begin typing your search above and press return to search.

ഹര്‍മന്‍പ്രീത് കൗറിന്റെ പവര്‍ ഷോട്ടുകള്‍

ഹര്‍മന്‍പ്രീത് കൗറിന്റെ പവര്‍ ഷോട്ടുകള്‍

ഒട്ടേറെ കഴിവുള്ള താരങ്ങളെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചുവെന്നതാണ് ഇത്തവണത്തെ വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ പ്രധാനനേട്ടം. മുമ്പത്തെ പോലെയല്ലായിരുന്നു ഇത്തവണത്തെ വനിതാ ലോകകപ്പ്. മുമ്പും ഈ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇവിടെയുണ്ടായിരുന്നു, ഗംഭീരമായ പ്രകടനങ്ങള്‍ കാഴ്ച വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജനശ്രദ്ധ നേടിയെടുക്കാന്‍ അവര്‍ക്ക് 2017 ലോകകപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. മാധ്യമങ്ങള്‍ പുരുഷ താരങ്ങളിലേക്കും അവരുടെ കളികളിലേക്കും ചുരുങ്ങിയപ്പോള്‍ നിഴലില്‍ ഒതുങ്ങിപ്പോയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഇപ്പോള്‍ അതില്‍ നിന്നൊക്കെ പുറത്തുവന്നിരിക്കുകയാണ്.

മിതാലി രാജ്, സ്മൃതി മന്ദാന, ദീപ്തി ശര്‍മ്മ, ഏകതാ ബിഷത്, ജൂലന്‍ ഗോസ്വാമി, ഹര്‍മന്‍പ്രീത് കൗര്‍ ഇവരൊക്കെ നിലവിലെ മികച്ച ഇന്ത്യന്‍ താരങ്ങളില്‍ ചിലരാണ്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഓരോ മത്സരവും കഴിയുമ്പോള്‍ ഓരോ പേരുകള്‍ ഉയരുകയാണ്. ഇപ്പോഴത്തെ താരം ഹര്‍മന്‍പ്രീത് കൗറാണ്. സെമിഫൈനലില്‍ വിസ്‌ഫോടനാത്മകമായി ബാറ്റ് ചെയ്ത് ക്രിക്കറ്റ് പ്രേമികളുടെ മനം കവര്‍ന്ന ഈ ഇരുപത്തെട്ടുകാരിയുടെ ഷോട്ടുകള്‍ കണ്ട് നിലവിലെ ഇന്ത്യന്‍ പുരുഷ ടീമിലെ താരങ്ങള്‍ പോലും വിരണ്ടുപോയതില്‍ അതിശയപ്പെടേണ്ട കാര്യമില്ല.

1989 മാര്‍ച്ച് ഒന്‍പതിന് പഞ്ചാബിലെ മോഗയിലായിരുന്നു ഹര്‍മന്‍പ്രീത് കൗറിന്റെ ജനനം. വോളീബോള്‍, ബാസ്‌കറ്റ് ബോള്‍ താരം കൂടിയ അച്ഛന്‍ ഹര്‍മന്ദര്‍ സിംഗ് ബുള്ളറിന്റെയും അമ്മ സതീന്ദര്‍ കൗറിന്റെയും ഉറച്ച പിന്തുണയാണ് ഇന്നത്തെ ഹര്‍മനെ ഇന്ത്യക്ക് സമ്മാനിച്ചത്. ഗ്യാര്‍ ജ്യോതി സ്‌കൂളിലെ ക്രിക്കറ്റ് അക്കാദമിയില്‍ എത്തിയതോട് കൂടിയാണ് ഹര്‍മന്റെ ക്രിക്കറ്റ് കരിയറിന്റെ വളര്‍ച്ച ആരംഭിക്കുന്നത്. വലംകൈ ബാറ്റിംഗ് താരമായ ഹര്‍മന്‍ തുടക്കത്തില്‍ വലംകൈ മീഡിയം പേസ് ബോളറായിരുന്നു. അക്കാദമിയിലെ പരിശീലകന്‍ യദവീന്ദര്‍ സിംഗ് സോധി പരിശീലനകനായി എത്തിയതോടെ ഹര്‍മന്‍ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നേട്ടങ്ങള്‍ കൊയ്യാന്‍ തുടങ്ങി.

ഹര്‍മന്റെ ആദ്യ അന്താരാഷ്ട്ര മത്സരം 2009 മാര്‍ച്ച് ഏഴിന് പാക്കിസ്ഥാനെതിരെയുള്ള ഏകദിനത്തിലായിരുന്നു. 2014-ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ആദ്യ ടെസ്റ്റ് മത്സരം. 2009 ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ട്വന്റി-20 അരങ്ങേറ്റം. ഹര്‍മന്റെ ക്രിക്കറ്റ് കരിയര്‍ നോക്കിയാല്‍ അതിശയിപ്പിക്കുന്ന നേട്ടങ്ങളൊന്നും അധികമില്ല. പക്ഷെ തന്റെതായ ദിവസത്തില്‍ എതിരാളിക്ക് മേല്‍ അത്രയും ആധിപത്യം പുലര്‍ത്തുന്ന വനിതാക്രിക്കറ്റ് താരം വേറെ കാണില്ല. സെഞ്ച്വറികളുടെയും അര്‍ധ സെഞ്ച്വറികളുടെയും കണക്കെടുപ്പില്‍ ഹര്‍മന്റെ സ്ഥാനം പിന്നിലാണ്.

പല കളികളിലും ഹര്‍മന്റെ സ്‌ഫോടനാത്മകമായ ഹ്രസ്വ ഇന്നിംഗ്‌സുകള്‍ ടീമിന് മുതല്‍ക്കൂട്ടായിട്ടുണ്ട്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും ടീമിന് ആത്മവിശ്വാസത്തോടെ പൊരുതാനും ഹര്‍മന്റെ കളികള്‍ ഉപകരിച്ചിട്ടുണ്ട്. സെമി ഫൈനലില്‍ ഹെര്‍മന്‍ നടത്തിയ പോരാട്ടം നാളെ ഇംഗ്ലണ്ടിനെതിരെ ഫൈനല്‍ കളിക്കാന്‍ ഒരുങ്ങിയ ഇന്ത്യന്‍ ടീമിന് നല്‍കിയ ആത്മവിശ്വാസവും ചെറുതല്ല. എതിരാളികള്‍ക്ക് മേലുള്ള ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ മാനസിക മുന്‍തൂക്കം ശ്രദ്ധിച്ചാല്‍ ആ താരത്തിന്റെ കരുത്ത് ശരിക്കും മനസ്സിലാവും. മുമ്പ് സേവാഗ് ഓപ്പണിംഗില്‍ എത്തി ബോളര്‍മാരുടെയും എതിരാളികളുടെയും ആത്മവിശ്വാസം നശിപ്പിച്ച് ടീം ഇന്ത്യക്ക് കരുത്ത് നല്‍കിയത് പോലെ തന്നെ.

ഓസ്ട്രേലിയക്കെതിരെ നേടിയ ആ ഒരൊറ്റ സെഞ്ച്വറി ഇന്നിംഗ്സിലൂടെ ഒരു കൂട്ടം റെക്കോര്‍ഡുകളും ഹര്‍മന്‍ സ്വന്തമാക്കിയിരുന്നു. ഒരിന്നിംഗ്സില്‍ ഏറ്റവും അധികം സിക്സ് നേടുന്ന വനിതാ താരം (7 സിക്സും 20 ബൗണ്ടറികളുമായിരുന്നു ഇവര്‍ അടിച്ചുകൂട്ടിയത്), ലോകകപ്പിലെ ഒരു വനിതാ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ (ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയതില്‍ മുമ്പിലുള്ള ഇന്ത്യക്കാരി 188 റണ്‍സ് അടിച്ചിട്ടുള്ള ദീപ്തി ശര്‍മ്മയാണ്), ലോക വനിത ക്രിക്കറ്റിലെ മികച്ച നാലാമത്തെ സ്‌കോര്‍ എന്നിങ്ങനെ പോകുന്നു താരത്തിന്റെ റെക്കോര്‍ഡുകള്‍.

ബാക്ക് ലിഫ്റ്റും ഡ്രൈവുകളും ഹുക്കുമൊക്കെ നന്നായി കളിക്കുന്ന ഹര്‍മന്‍, ലെഫ്റ്റ് ആാം സ്പിന്‍ ബൗളര്‍ക്കെതിരെയൊക്കെ കളിക്കുന്ന സ്ലോ സ്വീപ് ഷോട്ടുകളെ കുറിച്ച് ക്രിക്കറ്റ് പണ്ഡിതര്‍ ചര്‍ച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞു. പവര്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ ഹെര്‍മന്‍ ശരിക്കും ഇന്നത്തെ പുരുഷതാരങ്ങളെ അസൂയപ്പെടുത്തുന്നുണ്ട്. അവരുടെ ഏറ്റവും വലിയ പോരായ്മ നീണ്ട ഇന്നിംഗ്‌സുകളിലേക്ക് എത്താന്‍ സാധിക്കുന്നില്ല എന്നതാണ്. എട്ടു കൊല്ലമായി ദേശീയ ടീമിലുള്ള ഹെര്‍മനെ പരിശീലകര്‍ വേണ്ട രീതിയില്‍ പരുവപ്പെടുത്താത്തതും സ്വയം നവീകരിക്കാന്‍ ശ്രമിക്കാത്തതും അതിന് ഒരു കാരണമാകാം.

ഏറ്റവും എടുത്ത് പറയേണ്ടത് നിര്‍ണായക ഒരു മത്സരത്തില്‍ (സെമി ഫൈനല്‍) അവര്‍ കാണിച്ച ആത്മവിശ്വാസമാണ്. പരുക്കില്‍ നിന്ന് മോചിതയായി എത്തി, സ്ഥിരമായി ദീര്‍ഘ ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ പരാജയപ്പെടുന്ന ഒരു താരത്തില്‍ നിന്നാണ് ഇത്ര ഗംഭീരമായ പ്രകടനം ഉണ്ടായിരിക്കുന്നത്. ലീഗ് മത്സരങ്ങളിലും മറ്റും കളിക്കുമ്പോള്‍ നല്ല ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ഹര്‍മന് സാധിക്കുന്നുണ്ട്. ഓസ്ട്രേലിയ ബിഗ് ബാഷ് ലീഗില്‍ എത്തിയ ആദ്യ ഇന്ത്യന്‍ താരം കൂടിയായ ഹര്‍മനില്‍ നിന്ന് ഇനി ഉണ്ടാകേണ്ടത് ദേശീയ ടീമില്‍ കളിക്കുമ്പോള്‍, സ്ഥിരതയാര്‍ന്ന നീണ്ട ഇന്നിംഗ്‌സുകളാണ്.

നിലിവിലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ ഹര്‍മനെ പോലെ പ്രതിഭയുടെ ധാരാളിത്തമുള്ള താരങ്ങള്‍ ധാരാളമുണ്ട്. മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടിത്തുടങ്ങിയത്തോടെ ഈ താരങ്ങള്‍ തങ്ങളുടെ പ്രതിഭ എങ്ങനെ വിനിയോഗിക്കുന്നു എന്നും വീക്ഷിക്കേണ്ടതാണ്. മുമ്പ് ഈ താരങ്ങള്‍ക്ക് മേല്‍ അധികം ശ്രദ്ധയില്ലാത്തതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ അധികമില്ലാതെ കളത്തിലിറങ്ങാമായിരുന്നു. ഇനി ആരാധകരുടെ പ്രതീക്ഷയുടെ സമ്മര്‍ദ്ദം കൂടി വഹിച്ചുവേണം കളത്തിലിറങ്ങാന്‍. നാളെത്തെ ഫൈനലില്‍ ഹോം ഗ്രൗണ്ട് അല്ലെങ്കില്‍ കൂടിയും തികഞ്ഞ ആത്മവിശ്വാസത്തോടെയും മുന്‍തൂക്കത്തോടെയുമാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുക. ആതിഥേയരായ ഇംഗ്ളണ്ടാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ ഇംഗ്ളണ്ടിനെ 35 റണ്‍സിന് തോല്‍പ്പിച്ചതിന്റെ മുന്‍തൂക്കവും ഇന്ത്യക്കുണ്ട്.


Next Story

Related Stories