TopTop
Begin typing your search above and press return to search.

പരിശീലനത്തിലെ പ്രൊഫഷണലിസം: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗബ്രിയേല്‍ കാലത്തെ കുറിച്ച്

പരിശീലനത്തിലെ പ്രൊഫഷണലിസം: ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗബ്രിയേല്‍ കാലത്തെ കുറിച്ച്

ഒരുകാലത്ത് ഒന്നുമല്ലാതിരുന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം തൊണ്ണൂറുകളുടെ അവസാനം കൃത്യമായി പറഞ്ഞാല്‍ 96, 97, 98 വര്‍ഷങ്ങളില്‍ അത്ഭുതകരമായ ഒരു മുന്നേറ്റമാണ് നടത്തിയത്. 1996ല്‍ ഫിഫ റാങ്കിംഗില്‍ 120-ാം സ്ഥാനത്തും 97ല്‍ 112-ാം സ്ഥാനത്തും 98ല്‍ 110-ാം സ്ഥാനത്തും ഇന്ത്യ ഉണ്ടായിരുന്നു. 98ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ കപ്പിലേക്ക് പ്രവേശനം ലഭിച്ചതാണ് ടീം റാങ്കിംഗ് 110ല്‍ എത്തിച്ചത്. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങള്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയ്ക്ക് നൂറില്‍ താഴെ റാങ്കില്‍ എത്താന്‍ സാധിച്ചത്. തൊണ്ണൂറുകളിലെ ആ നേട്ടത്തില്‍ മുന്നണി പോരാളികളായി വി പി സത്യന്‍, ഐഎം വിജയന്‍, ജോപ്പോള്‍ അഞ്ചേരി തുടങ്ങിയ എക്കാലത്തെയും ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങളാണെന്ന് നാം അഭിമാനത്തോടെ പറയുമെങ്കിലും അവരെ പരിശീലിപ്പിച്ചത് ഒരു മലയാളിയാണെന്നത് നാം പലപ്പോഴും ഓര്‍ക്കാറില്ല.

ഗബ്രിയേല്‍ ഇ ജോസഫ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോളിലെ ആദ്യത്തെ മലയാളി പരിശീലകന്‍ മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന്റെ കോച്ചുമാരെ പരിശീലിപ്പിച്ച ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. സി വി പാപ്പച്ചന്‍, വി പി സത്യന്‍, ഷറഫലി തുടങ്ങിയ ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ അധികായന്മാര്‍ ദേശീയ ടീമിലെത്തിയതും ഇദ്ദേഹത്തിന്റെ പരിശീലനത്തിന്റെ സഹായത്തോടെയാണ്. സ്‌കോളര്‍ഷിപ്പോടു കൂടി ജര്‍മ്മനിയില്‍ പോയാണ് അദ്ദേഹം ഫുട്‌ബോള്‍ പരിശീലനത്തിന് യോഗ്യത നേടിയത്. ഏറെക്കാലം ടൈറ്റാനിയത്തിന്റെ കോച്ചായിരുന്നു. തിരുവനന്തപുരം പേട്ടയിലെ അദ്ദേഹത്തിന്റെ വീട്ടിലിരുന്ന് അഴിമുഖത്തോട് മനസ് തുറന്നപ്പോള്‍ അതില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ വളര്‍ച്ചയും പൂര്‍വകാലവും പ്രൊഫഷണലിസവും എല്ലാമുണ്ടായിരുന്നു.

ഇന്ത്യന്‍ ഫുട്‌ബോളിനെ അതിന്റെ അത്യുന്നതങ്ങളിലെത്തിക്കാന്‍ സാധിച്ച ഒരു പരിശീലകനാണ് താങ്കള്‍. അന്നുണ്ടായിരുന്ന കോച്ചിംഗ് രീതികളെ കുറിച്ച് ഒന്നു പറയാമോ?

കോച്ചിംഗ് രീതികള്‍ കാലഘട്ടത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. അക്കാലത്ത് ഇന്ത്യയില്‍ പൊതുവെ യോഗ്യതയുള്ള പരിശീലകരൊന്നും അധികമില്ലായിരുന്നു. പഴയ കളിക്കാര്‍ പിന്നീട് പരിശീലകരായി മാറുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. നല്ല ഒരു കളിക്കാരന് ഒരിക്കലും നല്ല പരിശീകന്‍ ആകാന്‍ സാധിക്കണമെന്നില്ല, അതുപോലെ നല്ല പരിശീലകന്‍ നല്ല കളിക്കാരനായിരുന്നിരിക്കണം എന്നുമില്ല. കളിക്കാര്‍ പരിശീലകരായിരുന്നപ്പോള്‍ ഗ്രൗണ്ടില്‍ നിന്നും ലഭിച്ച അനുഭവ സമ്പത്ത് കളിക്കാര്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കും. പക്ഷെ കളിയുടെ ശാസ്ത്രീയമായ രീതികള്‍ പരിശീലിപ്പിച്ചെടുക്കാന്‍ സാധിക്കണമെന്നില്ല. അന്നത്തെ കളി നീട്ടിയടിക്കുന്നതും പൊക്കിയടിക്കുന്നതുമായ ശൈലിയായിരുന്നു. കളിക്കാരും കാണികളും അതാണ് ആസ്വദിച്ചിരുന്നത്. എന്നാല്‍ 1956ല്‍ റഷ്യന്‍ ടീമിന്റെ ഇന്ത്യന്‍ ടൂര്‍ണമെന്റ് ഈ സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ചു. തിരുവനന്തപുരത്തും വന്നിരുന്നു. അവര്‍ കുറുകിയ പാസുകളുമായി മൈതാനങ്ങളെ കീഴടക്കി. അതിന് ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോളില്‍ മാറ്റം വന്നത്.

അന്ന് ഇന്നത്തേത് പോലെ ആശയവിനിമയ സംവിധാനങ്ങളും ഉണ്ടായിരുന്നില്ല. പുതിയൊരു പരിശീലന രീതി വന്നുകഴിഞ്ഞാല്‍ അത് ഇവിടെ അറിയണമെങ്കില്‍ തന്നെ മൂന്ന് നാല് വര്‍ഷമെടുത്തിരുന്നു. ഉദാഹരണത്തിന് കളിക്ക് നിയമങ്ങളുണ്ട്. ഇന്റര്‍നാഷണല്‍ ബോര്‍ഡ് ഓഫ് ഫുട്‌ബോള്‍ അസോസിയേഷന്‍ എല്ലാവര്‍ഷവും അതില്‍ ഭേദഗതി വരുത്താറുണ്ട്. വരുത്തിയ മാറ്റങ്ങള്‍ ജൂണ്‍, ജൂലൈ ആകുമ്പോഴായിരിക്കും അത് പ്രിന്റ് ചെയ്ത് ഡ്രാഫ്റ്റ് ആക്കുന്നത്. അത് നമ്മുടെ നാഷണല്‍ ഫെഡറേഷനില്‍ എത്തിച്ചേരാന്‍ പിന്നെയും ഒന്നോ രണ്ടോ മാസമെടുക്കും. അതു പിന്നീട് സംസ്ഥാനങ്ങളിലേക്കും ജില്ലകളിലേക്കുമെല്ലാമെത്തുമ്പോഴേക്കും ഒരുവര്‍ഷത്തില്‍ കൂടുതല്‍ കാലതാമസമെടുക്കും. ഇന്ന് അതല്ല സാഹചര്യം. ഇത്തരത്തില്‍ എന്ത് ഭേദഗതികളുണ്ടായാലും മിനിറ്റുകള്‍ക്കകം തന്നെ അറിയാനുള്ള സംവിധാനം നമുക്കുണ്ട്. പക്ഷെ എന്നിരുന്നാലും ഒരു പ്രൊഫഷണല്‍ സ്വഭാവം നമുക്കിപ്പോഴും കൈവന്നിട്ടില്ല.

എങ്ങനെയാണ് നമ്മള്‍ പ്രൊഫഷണല്‍ സ്വഭാവത്തിലേക്ക് വരുന്നത്?

എങ്ങനെയാണ് ഫുട്‌ബോള്‍ പരിശീലിപ്പിച്ചെടുക്കേണ്ടതെന്ന അറിവ് നമുക്ക് പണ്ട് കുറവായിരുന്നു. അതിന്റെ ഒരു പ്രധാന കാരണം നമ്മുടെ സാമ്പത്തിക അവസ്ഥ തന്നെയാണ്. പണ്ടൊക്കെ ഏതെങ്കിലും ഒരു ഗ്രൗണ്ടില്‍ പരിശീലിക്കുകയും ഏതെങ്കിലും സ്‌കൂളില്‍ കായികതാരങ്ങളെ താമസിപ്പിക്കുകയും ചെയ്യുന്നതായിരുന്നു രീതി. ഏതെങ്കിലും ടൂര്‍ണമെന്റിന് പോകുമ്പോള്‍ ഒരു ഹ്രസ്വകാല പരിശീലനം മാത്രമാണ് അന്നത്തെ താരങ്ങള്‍ക്ക് ലഭിച്ചിരുന്നത്. കോച്ചുമായി ഇടപഴകുന്നതും ആ ചെറിയ കാലഘട്ടത്തിലാണ്. പക്ഷെ അന്നത്തെ അവസ്ഥയിലും ഇന്ത്യന്‍ ടീം നന്നായി കളിച്ചിട്ടുണ്ട്. ഒരിക്കലും പുതിയ ഇന്ത്യന്‍ ഫുട്‌ബോളിനെയും പഴയ ഇന്ത്യന്‍ ഫുട്‌ബോളിനെയും താരതമ്യം ചെയ്യാനാകില്ല. കാരണം അന്നത്തെ കളിക്കാര്‍ക്കും കൂടെയുള്ള മറ്റുള്ളവര്‍ക്കും സാമ്പത്തികം വലിയ പ്രശ്‌നമായിരുന്നു.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലൂടെ പരിശീലനം നേടാന്‍ പണം ആവശ്യമാണ്‌. പിന്നെ പ്രൊഫഷണല്‍ സംവിധാനത്തെക്കുറിച്ച് അറിയാനുള്ള താല്‍പര്യക്കുറവും ഉണ്ടായിരുന്നു. ദേശീയ തലത്തില്‍ നോക്കിയാല്‍ ഒരു സെക്രട്ടറിയും ചിലപ്പോള്‍ ഒരു ക്ലര്‍ക്കും കാണും. ഇന്ന് അത് മാറി. നമുക്കിപ്പോള്‍ ഫിഫയുടെ ഏഷ്യന്‍ ഫുട്‌ബോള്‍ ഓഫ് അസോസിയേഷനുണ്ട്, നാഷണല്‍ ഫെഡറേഷനുമുണ്ട്. ഏതാണ്ട് 2000 ഒക്കെയാകുമ്പോഴാണ് ഫിഫയും എഎഫ്എയും ഏഷ്യന്‍ രാജ്യങ്ങളിലെ ഫുട്‌ബോളിനെ നന്നാക്കാനായിട്ട് വരുന്നത്. അവര്‍ അതിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു. അതിന്റെ ഭാഗമായി 2005ല്‍ ഡല്‍ഹിയില്‍ ഫിഫയുടെ കീഴില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സ്ഥാപിച്ചു. അവിടെ പ്രസിഡന്റ്, സെക്രട്ടറി, മറ്റ് ഡയറക്ടര്‍മാര്‍, ടീം ഹെഡുകള്‍ എന്നിങ്ങനെയുണ്ടായി. അവിടെ ഇവരെയെല്ലാം ശമ്പളം കൊടുത്ത് നിര്‍ത്തേണ്ടതുണ്ട്. പണ്ട് ഒരു ടൂര്‍ണമെന്റ് വന്നാല്‍ ഉടന്‍ കമ്മിറ്റി വിളിക്കും ആ കമ്മിറ്റി ആരെയെങ്കിലുമൊക്കെ താല്‍ക്കാലികമായി നിയമിക്കും. ആരും ചോദ്യം ചെയ്യാതെ ആ ജോലി ഏറ്റെടുക്കും. അവരൊക്കെ അവരുടെ യഥാര്‍ത്ഥ ജോലികള്‍ തീര്‍ത്തിട്ടായിരിക്കും ഇതിലേക്ക് വരുന്നത്. എന്നാല്‍ സ്ഥിരമായി ശമ്പളം കൊടുത്ത് നിര്‍ത്തുന്ന ഒരു സാഹചര്യം ഇന്ത്യന്‍ ഫുട്‌ബോളിലും ഇതോടെ ആരംഭിച്ചു. എത്രയോ കാലം മുമ്പ് തന്നെ ഇംഗ്ലണ്ടും ജര്‍മ്മനിയുമെല്ലാം ഫുട്‌ബോളിനെ ഈ വിധത്തില്‍ പ്രൊഫഷണലായി സമീപിക്കാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യ ഈയടുത്തകാലത്ത് മാത്രമാണ് പ്രൊഫഷണലായി തുടങ്ങിയത്. അതും പൂര്‍ണമാണെന്ന് പറയാനാകില്ല.

ഇപ്പോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്നതിലും ആര്‍ക്കാണ് പരിശീലനം കൊടുക്കുന്നതെന്ന് തീരുമാനിക്കുന്നതിലുമൊക്കെ മാറ്റം വന്നിട്ടുണ്ട്. പണ്ടെല്ലാം ദേശീയ തലത്തിലാണെങ്കിലും സംസ്ഥാന തലത്തിലാണെങ്കിലും പരിശീലനം കൊടുക്കുന്നത് അണ്ടര്‍ 15, അണ്ടര്‍ 19, സീനിയര്‍ ടീം എന്നീ തലങ്ങളിലായിരുന്നു. ഇതില്‍ അണ്ടര്‍ 15ല്‍ കളിച്ചിരുന്നത് സീനിയര്‍ ടീമില്‍ സെലക്ഷന്‍ ലഭിക്കാതിരുന്ന 25 വയസ്സുകാരനൊക്കെയാണ്. ക്ലീന്‍ ഷേവും ചെയ്ത് വ്യാജ സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാണ് ഇവരെ കളിപ്പിച്ചിരുന്നത്. അത് യഥാര്‍ത്ഥ അണ്ടര്‍ 15 കളിക്കാര്‍ക്ക് ദോഷം ചെയ്തു. അവര്‍ക്ക് പൊങ്ങിവരാന്‍ സാധിക്കാതെ വന്നു. അതായത് അടിത്തട്ടില്‍ നിന്നുള്ള കളിക്കാര്‍ക്ക് മുകള്‍ തട്ടിലേക്ക് കയറി വരാന്‍ സാധിക്കാതെ വന്നു. ഇപ്പോള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫഡറേഷന് കീഴില്‍ അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 തുടങ്ങിയ ടൂര്‍ണമെന്റുകള്‍ ആരംഭിച്ചു. അതിന് പോകണമെന്നുണ്ടെങ്കില്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ കളിക്കാരുടെ ലിസ്റ്റ് നിശ്ചിത ദിവസത്തിന് മുമ്പായി തന്നെ സമര്‍പ്പിക്കണം, അവരുടെ ജേഴ്‌സി നമ്പര്‍ നല്‍കണം, നിയമപ്രകാരമുള്ള ഏതെങ്കിലും സര്‍ട്ടിഫിക്കറ്റ് തന്നെ നല്‍കുകയും വേണം. ഇതിലെന്തെങ്കിലും വീഴ്ച വന്നാല്‍ എഎഎഫ്‌സി ഇത് അംഗീകരിക്കില്ല. നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് നേരത്തെ പാസ്‌പോര്‍ട്ട് ആയിരുന്നു ഇപ്പോള്‍ അത് ആധാര്‍ ആക്കി. അത് ഇന്ത്യന്‍ ഫുട്‌ബോളിന് നല്ല രീതിയില്‍ ഗുണം ചെയ്യുന്നുണ്ട്. അടുത്തിടെ അണ്ടര്‍ 16 മത്സരത്തില്‍ ഇന്ത്യ ജോര്‍ദ്ദാനെ തോല്‍പ്പിച്ചതൊക്കെ അതിന്റെ ലക്ഷണമാണ്. പണ്ടത്തേത് പോലെയല്ല ഇപ്പോള്‍ ഇന്ത്യന്‍ ടീം വിദേശങ്ങളില്‍ പോയി പരിശീലനങ്ങള്‍ നടത്തുന്നുണ്ട്. പല പ്രായഘട്ടത്തിലുള്ള കുട്ടികള്‍ക്കും ഇപ്പോള്‍ വിദേശ മണ്ണ് സുപരിചിതമായിരുന്നു. പണ്ടൊക്കെ കുറഞ്ഞ പക്ഷം ശ്രീലങ്കയിലോ സിംഗപ്പൂരിലോ പോയി പരിശീലനം നടത്തണമെന്ന് പറഞ്ഞാല്‍ അപ്പോള്‍ ഫണ്ട് പ്രശ്‌നം മുമ്പോട്ട് വരുമായിരുന്നു. ഫുട്‌ബോള്‍ പ്രൊഫഷണലാകണമെങ്കില്‍ കൂടുതല്‍ പണം ഇതിനായി കണ്ടെത്താന്‍ തയ്യാറാകണം.

96 മുതല്‍ 98 വരെയായിരുന്നു സാര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായിരുന്നത്. അക്കാലഘട്ടമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ കാലഘട്ടമെന്നും പറയാം. ഐഎം വിജയനും ജോപ്പോള്‍ അഞ്ചേരിയും ബെയ്ചുംഗ് ബൂട്ടിയയുമെല്ലാം ടീമിലുണ്ടായിരുന്ന കാലഘട്ടം കൂടിയാണ് അത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഫിഫ റാങ്കില്‍ നൂറിന് തൊട്ടടുത്തേക്ക് എത്തിയതും അപ്പോഴാണ്. പക്ഷെ ആ കളിക്കാരുടെ നിലവാരം എങ്ങനെ സാറിന്റെ കാലഘട്ടത്തില്‍ മാത്രം ഉയര്‍ന്നു?

അത് എന്റെ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകത കൊണ്ടല്ല സംഭവിച്ചത്. എനിക്ക് മുമ്പുണ്ടായിരുന്നവര്‍ മുതല്‍ നടത്തിയ നിരന്തര പരിശീലനങ്ങളുടെ ഫലമാണ് അത്. പരിശീലനമെന്നത് മുഴുവന്‍ സമയ ജോലിയായത് കൊണ്ടു കൂടി സംഭവിച്ചതാണ്. കാരണം കയ്യില്‍ കിട്ടിയിട്ടുള്ളതിനേക്കാള്‍ നല്ല കളിക്കാരെ ഇനിയും കിട്ടുമോയെന്ന് അന്വേഷിക്കാന്‍ മുഴുവന്‍ സമയ ജോലിയിലൂടെയേ പറ്റൂ. പിന്നെ പരിശീലകരുടെ സമീപനവും പ്രധാനമായിരുന്നു. യുവാക്കളെ പ്രചോദിപ്പിക്കുന്നത് തന്നെയാണ് അവരുടെ ജോലി. പണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് പാകിസ്ഥാനില്‍ ഒരു ടൂര്‍ണമെന്റുണ്ടായിരുന്നു. അതിന്റെ പരിശീലനം നടക്കുന്നത് കൊല്‍ക്കത്തയിലെ സായിയിലാണ്. അവിടെ ഒരു വോളീബോള്‍ ടീമിന്റെ പരിശീലനവും നടക്കുന്നുണ്ടായിരുന്നു. അത് സായിയുടെ കോച്ചിംഗ് ആയിരുന്നില്ല. അവര്‍ മുമ്പ് പാകിസ്ഥാനില്‍ പോയി കളിച്ചിട്ടുള്ളവരാണ്. അവിടെ അവര്‍ക്ക് കാണികളില്‍ നിന്നും സപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. അതുമാത്രമല്ല, വോളിബോള്‍ കോര്‍ട്ട് കാണികളുമായി വളരെ അടുത്തല്ലേ. അവര്‍ ചപ്പെല്ലാം വാരിയെറിഞ്ഞു. ആ പരിശീലകന്‍ എന്റെ കുട്ടികളോട് പറഞ്ഞത് ഇന്ത്യയ്ക്ക് പാകിസ്ഥാനില്‍ പോയാല്‍ ജയിക്കാന്‍ പറ്റില്ലെന്നാണ്. അതോടെ അവരെല്ലാം പരിശീലനം മടുത്തു. ഏതൊരു രാജ്യത്ത് കളി നടന്നാലും അവിടുത്തെ കാണികള്‍ ആ ടീമിനെയല്ലേ പ്രോത്സാഹിപ്പിക്കൂ എന്നൊക്കെ പറഞ്ഞ് എനിക്ക് ഊര്‍ജ്ജം കൊടുക്കേണ്ടി വന്നു. ഒടുവില്‍ അവര്‍ പാകിസ്ഥാനില്‍ വരാന്‍ തയ്യാറായി.

കളിയുടെ ആദ്യ പകുതിയില്‍ നമ്മള്‍ നന്നായി കളിച്ചെങ്കിലും നമ്മുടെ ടീമിന് ഒരു ഗോള്‍ വഴങ്ങേണ്ടി വന്നു. ഇതോടെ അവര്‍ നിരാശരായി. റിഫ്രഷ്‌മെന്റിനുള്ള ഭാഗത്തേക്ക് പോകാതെ അവര്‍ ഗ്രൗണ്ടിന്റെ ഒരു മൂലയില്‍ നിലത്തിരിക്കുകയായിരുന്നു. പക്ഷെ എനിക്ക് ഉറപ്പായിരുന്നു ആ കളി നമ്മള്‍ ജയിക്കുമെന്ന്. കാരണം പാകിസ്ഥാനേക്കാള്‍ നന്നായി എന്റെ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അത് ഞാന്‍ അവരോടും പറഞ്ഞു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നമ്മള്‍ നേടുകയും ടീം ജയിക്കുകയും ചെയ്തു. പരിശീലകരുടെ സമീപനമനുസരിച്ചായിരിക്കും ടീമിന്റെ ഒത്തിണക്കമെന്നതിന് ഞാന്‍ എന്റെ ജീവിതത്തില്‍ നിന്നും ഒരു ഉദാഹരണം പറഞ്ഞുവെന്നേയുള്ളൂ.

മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മാത്രമായിരുന്നു ഒരു കാലത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍. ഈ രണ്ട് ടീമുകളിലുമുള്ളവര്‍ മാത്രമാണ് 99 ശതമാനവും ഇന്ത്യന്‍ ടീമിലെത്തുക. അബദ്ധത്തില്‍ ഒന്നോ രണ്ടോ പേര്‍ ഡല്‍ഹിയില്‍ നിന്നോ ബോംബെയില്‍ നിന്നും കാണും. ആന്ധ്ര പോലീസ് ടീം വന്നതോടെ അവിടെ നിന്നും ആരെയെങ്കിലും കണ്ടാലായി. സന്തോഷ് ട്രോഫിയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒന്നോ രണ്ടോ പേരെ കേരളത്തില്‍ നിന്നും തെരഞ്ഞെടുത്താലും അവര്‍ ആത്മവിശ്വാസത്തോടെയായിരുന്നില്ല പോയിരുന്നത്. ടൈറ്റാനിയത്തില്‍ കളിച്ചിരുന്ന രത്‌നാകരനൊക്കെ ക്യാമ്പിലേക്ക് സെലക്ഷന്‍ കിട്ടിയിട്ടും പോകാതിരുന്നിട്ടുണ്ട്. രണ്ട് മൂന്ന് മാസം സായിയില്‍ ഇവര്‍ പരിശീലനം നടത്തും. എന്നാല്‍ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളിലുമുള്ള താരങ്ങള്‍ അവസാന ദിവസമൊക്കെയായിരിക്കും ഈ ക്യാമ്പില്‍ എത്തിച്ചേരുന്നത്. വരുന്നത് തന്നെ ഭയങ്കര സ്റ്റൈലിലായിരിക്കും. അവസാനം സെലക്ട് ചെയ്യപ്പെടുന്നത് ഈ കളിക്കാര്‍ മാത്രമായിരിക്കും.

നന്നായി കളിക്കുന്ന ഒരുപാട് പേര്‍ പുറത്തു നില്‍ക്കുകയും ഇന്ത്യ കളിക്കുന്ന മത്സരങ്ങളിലെല്ലാം തോല്‍ക്കുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഉണ്ടായിരുന്നത്. ഇതിനൊരു മാറ്റം വരുത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫുട്‌ബോള്‍ താരങ്ങളെ പരിശീലിപ്പിക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ദേശീയ പതാകയെ പോലെ രാജ്യത്തെ മൂന്ന് നിറങ്ങളായി വേര്‍തിരിച്ചു. ഇന്ത്യ സഫ്രോണ്‍, ഇന്ത്യ വൈറ്റ്, ഇന്ത്യ ഗ്രീന്‍ എന്നിങ്ങനെ മൂന്ന് ടീമുകളെയും വെവ്വേറെ പരിശീലിപ്പിക്കാനും സമ്മതിച്ചു. നോര്‍ത്ത് ഈസ്റ്റ്, ബംഗാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കൊടുത്തത് സഫ്രോണ്‍ ആണ്. കെ കെ ബാനര്‍ജി, അരുണ്‍ ജോഷി തുടങ്ങിയവരായിരുന്നു പരിശീലകര്‍. ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങീ മധ്യേന്ത്യ മുതലുള്ള പ്രദേശങ്ങളില്‍ നിന്നുള്ളവരെ കൂട്ടിച്ചേര്‍ത്ത് ഇന്ത്യ വൈറ്റ് എന്നാണ് പേര് കൊടുത്തത്. സുക്കന്ദര്‍ സിംഗ്, കുന്തര്‍ സിംഗ് എന്നിവരാണ് ഇവരെ പരിശീലിപ്പിച്ചത്. ഇന്ത്യ ഗ്രീന്‍സിനെ പരിശീലിപ്പിക്കാന്‍ അമര്‍ ബഹദൂര്‍, ഞാന്‍ എന്നിവരാണുണ്ടായിരുന്നത്. അന്നത്തെ ക്യാമ്പില്‍ നിന്നാണ് വി പി സത്യനും സി വി പാപ്പച്ചനും ഷറഫലിയുമെല്ലാം ഉദയം കൊണ്ടത്.

ഈ ക്യാമ്പില്‍ നിന്നാണ്... അങ്ങനെയാണ്, കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്കും ദേശീയ ടീമില്‍ ഇടംപിടിക്കാമെന്ന അവസ്ഥ വന്നത്. 1985ലെ നെഹ്രു കപ്പ് തിരുവനന്തപുരത്ത് നടന്നപ്പോള്‍ ഇന്ത്യന്‍ ടീമിനെ ചാമ്പ്യന്മാരാക്കിയ ടീം രൂപീകരിച്ചത് ഈ ടീമില്‍ നിന്നാണ്. സത്യനെന്നും പാപ്പച്ചനെന്നും ഷറഫലിയെന്നുമെല്ലാം ഈ തലമുറയും ആഘോഷിക്കുമ്പോള്‍ ഒരു കാര്യം ആലോചിക്കണം അതിന് മുമ്പ് എത്ര താരങ്ങള്‍ കേരളത്തില്‍ നിന്നും ദേശീയ ടീമിലെത്തിയത്. പേര് പറയാന്‍ ഒരു റഹ്മാന്‍ മാത്രമുണ്ട്. റഹ്മാന്‍ ദേശീയ ടീമിലെത്തിയത് കേരളത്തിന് വേണ്ടി കളിച്ചതുകൊണ്ടല്ല. പകരം മോഹന്‍ ബഗാന് വേണ്ടി കളിച്ചതു കൊണ്ടാണ്. അതിന് മുമ്പോ പിന്നീടോ ഇത്തരത്തിലൊരു ക്യാമ്പ് നടന്നിട്ടില്ല. മറ്റ് രാജ്യങ്ങളില്‍ ഫുട്‌ബോളില്‍ മുമ്പോട്ട് പോകുമ്പോഴും നമ്മള്‍ മാത്രം പിന്നോട്ട് പോയതും അതുകൊണ്ടാണെന്ന് തോന്നുന്നു.

സ്‌കൂള്‍ തലങ്ങളില്‍ നിന്നല്ലേ നല്ല ഫുട്‌ബോളര്‍മാരെ വാര്‍ത്തെടുക്കേണ്ടത്? പക്ഷെ പല സ്‌കൂളിലും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നത് ഒരു പേര് മാത്രമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും കായിക പരിശീലകന്‍ ഗ്രൗണ്ടിന്റെ ഒരു മൂലയ്ക്ക് നില്‍ക്കുന്നതാണ് പതിവ്. പലപ്പോഴും അവര്‍ക്ക് താല്‍പര്യമുള്ള കായിക ഇനം മാത്രമാണ് അവര്‍ പരിശീലിപ്പിക്കുക. അതിനാല്‍ തന്നെ ഫുട്‌ബോളിന് സ്‌കൂളുകളില്‍ പ്രത്യേക പരിശീലകര്‍ ഉണ്ടാകുന്നതാണ് നമുക്ക് കൂടുതല്‍ നല്ല കായിക താരങ്ങളെ ലഭിക്കാന്‍ നല്ലത്?

തീര്‍ച്ചയായും. പണ്ടെല്ലാം ആര്‍ക്ക് വേണമെങ്കിലും കുട്ടികളെ പരിശീലിപ്പിക്കാമെന്നതായിരുന്നു അവസ്ഥ. പല മുതിര്‍ന്ന താരങ്ങളും പരിശീലകരായി എത്തിയിരുന്നത് അങ്ങനെയാണ്. എന്നാല്‍ ഇപ്പോഴത്തെ നിയമം അനുസരിച്ച് പരിശീലകനാകാനുള്ള സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ പാടുള്ളൂ. എന്‍എഎസ് കോഴ്‌സ് പാസാകുന്നവര്‍ക്ക് മാത്രമേ ഇന്ന് പരിശീലിപ്പിക്കാന്‍ പറ്റൂ. അതേസമയം ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കണമെങ്കില്‍ അതും പോര എഎഫ്‌സി കോഴ്‌സു കൂടി പാസായവര്‍ക്ക് മാത്രമേ അത് സാധ്യമാകൂ. ടീം ജയിക്കുമ്പോള്‍ മാത്രമല്ല കോച്ചിനെ മുന്നില്‍ കാണേണ്ടത്. പകരം കുട്ടികളെ കഠിനാധ്വാനം ചെയ്യിപ്പിക്കുന്നവര്‍ കൂടിയാകണം അവര്‍. ഇവിടെ നിലവിലുള്ള ഒരു ഫുട്‌ബോള്‍ ടീമിനും യോഗ്യതയില്ലാത്തവരെ പരിശീലകരായി നിയമിക്കാനാകില്ല. സ്‌കൂളുകളിലും ഇതേ വിധത്തില്‍ തന്നെയായാല്‍ സ്‌കൂള്‍ ഗ്രൗണ്ടുകളില്‍ നിന്നു തന്നെ ഇന്ത്യന്‍ താരങ്ങളെ നമുക്ക് കണ്ടെത്താനാകും. എന്നാല്‍ സ്‌കൂള്‍ കുട്ടികളെ പരിശീലിപ്പിക്കുമ്പോള്‍ രണ്ട് വയസ്സിന്റെ മാത്രം വ്യത്യാസത്തില്‍ തരംതിരിച്ചായിരിക്കണം പരിശീലിപ്പിക്കേണ്ടത്. എന്നാലേ അവര്‍ക്ക് പരിശീലനം ഗ്രൗണ്ടില്‍ പ്രയോജനം ചെയ്യൂ. കൂടാതെ 25 കുട്ടികളെ പരിശീലിപ്പിക്കാന്‍ രണ്ട് കോച്ചുമാരെങ്കിലും വേണം.

ഇന്ത്യക്കാരന്‍ കോച്ചാകുമ്പോള്‍ പലര്‍ക്കും പറയാന്‍ മടി കാണിക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും സായിപ്പിന്റെ പേര് പറയാന്‍ പലര്‍ക്കും വലിയ ഉത്സാഹമാണ്. എന്നാല്‍ ഇപ്പോള്‍ ഈ അഭിപ്രായം മാറിത്തുടങ്ങിയിട്ടുണ്ട്. അതുപോലെ ഒരു കാലത്ത് ഇന്ത്യക്കാര്‍ക്ക് ഗോളടിക്കാന്‍ അറിയില്ലെന്നാണ് പണ്ട് പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ അഭിപ്രായത്തിനും മാറ്റം വന്നിട്ടുണ്ട്. 2005ല്‍ ജപ്പാന്‍ തയ്യാറാക്കിയിരിക്കുന്നത് പോലുള്ള ഒരു പദ്ധതിയാണ് നമുക്കും വേണ്ടത്. 2050ല്‍ ലോകകപ്പിന് വേദിയാകുമെന്ന് മാത്രമല്ല, ജേതാക്കളുമാകണമെന്നാണ് അവര്‍ ലക്ഷ്യമിടുന്നത്. ഇന്ന് ജനിച്ചിട്ട് പോലുമില്ലാത്തവരായിരിക്കും 2050ല്‍ ജപ്പാന് വേണ്ടി കളിക്കുന്നതെന്ന് കൂടി ആലോചിക്കണം. അത്രമാത്രം അവര്‍ തയ്യാറെടുക്കുകയാണ്.

ഏഴുപത് പിന്നിട്ടിട്ടും ഗബ്രിയേല്‍ സാറിന്റെ മനസ് മുഴുവന്‍ ഇന്നും ഫുട്‌ബോള്‍ ആണ്. ഫുട്‌ബോള്‍ കളിയിലെ സാങ്കേതികയെക്കുറിച്ച് ആദ്യമായി പുസ്തകം രചിച്ചത് ഇദ്ദേഹമാണ്. മോഡേണ്‍ കോച്ചിംഗ്, മോഡേണ്‍ കോച്ച് എഡ്യൂക്കേഷന്‍ തുടങ്ങീ നിരവധി പുസ്തകങ്ങളാണ് ഫുട്‌ബോളിനെക്കുറിച്ച് എഴുതിയിരിക്കുന്നത്. രാജ്യത്തിന് വേണ്ടി ഇത്രയേറെ നേട്ടങ്ങള്‍ കൊയ്തിട്ടും ഒരു പരിശീലകന് രാജ്യം നല്‍കുന്ന പരമോന്നത ബഹുമതിയായ ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കാത്തതില്‍ അദ്ദേഹത്തിന് തെല്ലും പരിഭവമില്ല. ഒരു അവാര്‍ഡും ആഗ്രഹിച്ചല്ല താന്‍ ഫുട്‌ബോള്‍ പരിശീലകനായതെന്ന ഒരു ചിരി മാത്രം.

Next Story

Related Stories