TopTop
Begin typing your search above and press return to search.

ആവേശപ്പോരാട്ടത്തിൽ കാലിടറി ചെന്നൈ; ഐപിഎൽ പന്ത്രണ്ടാം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്

ആവേശപ്പോരാട്ടത്തിൽ കാലിടറി ചെന്നൈ; ഐപിഎൽ പന്ത്രണ്ടാം സീസൺ കിരീടം മുംബൈ ഇന്ത്യൻസിന്

ഐപിഎൽ പന്ത്രണ്ടാം സീസൺ ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ചെന്നൈ സുപ്പർ കിംങ്സിനെ തകർത്ത് മുംബൈ ഇന്ത്യൻസിന് ജയം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ കിംഗ്‌സിനെ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സ് മറികടന്നത് ഒരു റണ്‍സിന്. ഒപ്പം ഐപിഎല്‍ കിരീടവും.

അവസാന രണ്ടോവറില്‍ ചെന്നെയ്ക്ക് വിജയിക്കാന്‍ വേണ്ടിയിരുന്നത് 18 റണ്‍സ്. ബൗളര്‍ ജസ്പ്രീത് ബൂമ്‌റ. ആദ്യ പന്തില്‍ ഷെയ്ണ്‍ വാട്‌സണ്‍ സിംഗിള്‍ എടുക്കുന്നു. ജസ്പ്രീത് ബ്രൂമ്‌റയ്‌ക്കെതിരെ അടുത്ത പന്ത് നേരിടുന്നത് ഡെയന്‍ ബ്രാവോ. 149 കിലോ മീറ്റര്‍ സ്പീഡില്‍ കുതിച്ച പന്ത് ഓഫ് സൈഡിലേക്ക് ഗതി മാറുമ്പോള്‍ ബ്രാവോയുടെ ബാറ്റ്. പന്ത് ക്വിന്റണ്‍ ഡി കോക്കിന്റെ കൈയില്‍ ഭദ്രം- ഔട്ട്.

ഇനി 10 ബോളില്‍ വേണ്ടത് 17 റണ്‍സ്. വാട്‌സണിനൊപ്പം ക്രീസില്‍ എത്തിയിരിക്കുന്നത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ. രണ്ടു റണ്‍സ്. ബൂമ്‌റ വീണ്ടും ജഡേജയ്ക്ക് നേരെ. ഫുള്‍ ലെംഗ്ത് ബോളില്‍ ഒന്നും ചെയ്യാനാവാതെ ജഡേജ. വേണ്ടത് ഒമ്പതു ബോളില്‍ 15 റണ്‍സ്. ജഡേജ വീണ്ടും- 19-ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ വീണ്ടും രണ്ടു റണ്‍സ്. പന്ത് കണക്ട് ചെയ്യുന്നതില്‍ ജഡേജ പരാജയപ്പെട്ടെങ്കിലും ക്വിന്റണ്‍ ഡി കോക്കിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറിയിലേക്ക്. നിര്‍ണായക നിമിഷത്തില്‍ നാല് ബൈ റണ്‍സ്.

അവസാന ഓവറില്‍ ചെന്നൈയ്ക്ക് വിജയിക്കാന്‍ വേണ്ടത് ഒമ്പതു റണ്‍സ്.

ലസിത് മലിംഗെ വീണ്ടും. അവസാന ഓവര്‍. മലിംഗെയുടെ യോര്‍ക്കറില്‍ വാട്‌സണ് ഒരു റണ്‍. അഞ്ചു ബോളില്‍ എട്ടു റണ്‍സ്.

വീണ്ടും ജഡേജ ക്രീസില്‍- താഴ്ന്നു വന്ന ഫുള്‍ടോസില്‍ വീണ്ടും സിംഗിള്‍. നാലു ബോളില്‍ ഏഴു റണ്‍സ്

മലിംഗ് ടു വാട്‌സണ്‍- രണ്ടു റണ്‍സ്. വിജയിക്കാന്‍ മൂന്നു ബോളില്‍ അഞ്ചു റണ്‍സ്.

അപാര ഫോമിലുള്ള വാട്‌സണ്‍ വീണ്ടും ക്രീസില്‍. ഓഫ് സൈഡില്‍ കൂടി പോയ ബോളില്‍ വാട്‌സന്റെ തുഴയല്‍. ആദ്യ റണ്ണിനായി ഓട്ടം. രണ്ടാം റണ്ണിനായി ഓടുന്നതിനിടെ, ക്വിന്റണ്‍ ഡി കോക്കിന്റെ ത്രോ സ്റ്റംപ് തകര്‍ത്തു. വാട്‌സണ്‍ ഔട്ട്. നാലു സിക്‌സറും എട്ടു ഫോറും ഉള്‍പ്പെടെ 59 ബോളില്‍ 80 റണ്‍സുമായി വാട്‌സണ്‍ പവലിയനിലേക്ക്. ഇനി രണ്ടു ബോളില്‍ നാലു റണ്‍സ് വിജയലക്ഷ്യം.

മലിംഗ വീണ്ടും. ചെന്നൈയുടെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാര്‍ കഴിയുന്നു. അടുത്ത ബാറ്റ്‌സ്മാന്‍- ഷര്‍ദുര്‍ താക്കൂര്‍, ബൗളര്‍.

മലിംഗെയുടെ ആദ്യ ബോള്‍ ലെഗ് സൈഡ് ഫുള്‍ടോസ്- താക്കൂര്‍ അത് ഡീപ് ബാക്ക്‌വാര്‍ഡ് സ്‌ക്വയറിലേക്ക് വഴി തിരിച്ചു വിടുന്നു. രണ്ടു റണ്‍സ്

ചെന്നൈയ്ക്ക് അവസാന ബോളില്‍ വിജയിക്കാന്‍ വേണ്ടത് രണ്ടു റണ്‍സ്.

ക്രീസില്‍ താക്കൂര്‍. ബൗളര്‍ മലിംഗ.

താക്കൂറിന്റെ കാലിനു നേര്‍ക്ക് ലെഗ് സ്റ്റംബ് ലാക്കാക്കി സ്ലോ യോര്‍ക്കര്‍. പന്ത് പാഡില്‍. അമ്പയറുടെ കൈ ഉയരുന്നു. താക്കൂര്‍ ഔട്ട്

മുംബൈയ്ക്ക് ഒരു റണ്‍ വിജയം. ഒപ്പം കിരീടവും.

മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ ചെറിയ ലക്ഷ്യമായ 150 റണ്‍സ് എന്ന ടാര്‍ഗറ്റിന് ഒരു റണ്‍സ് അകലെ വച്ചാണ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കടപുഴകി വീണത്. വിജയം രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ പക്ഷേ, ആ തീരുമാനം ശരിയായിരുന്നില്ല എന്ന വിധത്തിലായിരുന്നു പ്രകടനം. ക്വിന്റന്‍ ഡി കോക്ക്- 17 പന്തഇല്‍ 29, രോഹിത് ശര്‍മ- 14 പന്തില്‍ 15, സൂര്യകുാമര്‍ യാദവ് - 17 പന്തില്‍ 15, ഇഷാന്‍ കിഷന്‍- 26 പന്തില്‍ 23, ക്രുനാല്‍ പാണ്ഡ്യ- ഏഴു പന്തില്‍ ഏഴ്, ഹാര്‍ദിക് പാണ്ഡ്യ- 10 പന്തില്‍ 16, രാഹുല്‍ ചഹര്‍- പൂജ്യം എന്നിങ്ങനെയായിരുന്നു മുംബൈ ബാറ്റ്‌സ്മാന്‍മാരുടെ സ്മകാര്‍. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കീറോണ്‍ പൊള്ളോക്കിന്റെ ഇഇന്നിംഗ്‌സാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്- 25 പന്തില്‍ പുറത്താകാതെ 41 റണ്‍സ്.

ചെന്നൈയ്ക്കു വേണ്ടി ചഹര്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂര്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ചെന്നൈ ഇത്തവണ ഫൈനലിൽ ഇറങ്ങിയത്. സീസണിൽ ഇരുടീമുകളും തമ്മിൽ നാലു തവണ ഏറ്റുമുട്ടിയപ്പോൾ കഴിഞ്ഞ മൂന്ന് തവണയും വിജയം മുംബൈക്കൊപ്പമായിരുന്നു.

2010, 2011, 2018 വർഷങ്ങളിലാണ് ചെന്നൈ കിരീടം നേടിയത്. 2013, 2015, 2017 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസും കിരീടം സ്വന്തമാക്കി. ചെന്നൈക്കെതിരെ മുംബൈ 16 മത്സരങ്ങൾ ജയിച്ചപ്പോൾ 11 എണ്ണത്തിലാണ് ചെന്നൈക്ക് ജയിക്കാൻ സാധിച്ചിട്ടുള്ളത്. ‌‌‌‌‌

https://www.azhimukham.com/sports-manchester-city-defeated-brigton-in-premier-league-and-won-the-championship-in-second-time


Next Story

Related Stories