TopTop
Begin typing your search above and press return to search.

മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ; ആ ജയം ഇന്നെങ്കിലും ഉണ്ടാകുമോ..?

മഴകാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ബ്ലാസ്റ്റേഴ്സ് ആരാധകർ; ആ ജയം ഇന്നെങ്കിലും ഉണ്ടാകുമോ..?

നാലു തുടർ സമനിലകൾക്ക് ശേഷവും തിങ്കളാഴ്ച ബെംഗളൂരു എഫ്സിയുമായുള്ള മത്സരത്തിനും കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശത്തിന് കുറവുണ്ടായില്ല. എണ്ണത്തിൽ ചെറിയ ചോർച്ച വന്നെങ്കിലും തങ്ങളുടെ ടീം ഉജജ്വലമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു അ‌വർ. എന്നാൽ, ബെംഗളൂരുവിനെതിരെ സ്വയംകൃത ഗോളോടെ ടീം സീസണിലെ ആദ്യ പരാജയം ഏറ്റുവാങ്ങി. അ‌വധിദിനമായ ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെ നടക്കുന്ന മത്സരത്തിലും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഒഴുക്കിന് കുറവുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാൽ, അ‌വരുടെ പ്രതീക്ഷകൾക്ക് ഇന്നെങ്കിലും അ‌റുതിയുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ആരാധക പിന്തുണകൊണ്ട് ആഗോള ശ്രദ്ധയിൽ വരെ എത്തിയ ടീമാണ് കൊച്ചുകേരളത്തിൽ നിന്നുള്ള ബ്ലാസ്റ്റേഴ്സ് ടീം. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ക്ലബ്ബുകളിലൊന്നാണിത്. സച്ചിന്റെ ടീമെന്ന നിലയിലാണ് ബ്ലാസ്റ്റേഴ്സിന് ആദ്യം ശ്രദ്ധനേടിയതെങ്കിൽ സച്ചിൻ ടീം വിട്ടതിനു ശേഷവും ടീമിനൊപ്പം ഉറച്ചുനിന്ന് കേരളം തങ്ങളുടെ ഫുട്ബോൾ പ്രേമം ഉറക്കെ പ്രഖ്യാപിച്ചു. സീസണിൽ ആദ്യം മത്സരത്തിൽ രണ്ടു തവണ ചാമ്പ്യൻമാരായ എടികെയെ അ‌വരുടെ തട്ടകത്തിൽ തോൽപിച്ച ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി. എന്നാൽ, പിന്നീട് ടീം പിന്നോട്ടു പോകുന്ന കാഴ്ചയാണ് കണ്ടത്.

സീസണിൽ കൊച്ചിയിൽ മൂന്ന് മത്സരങ്ങൾ കളിച്ചെങ്കിലും ദയനീയമായിരുന്നു ജിങ്കന്റെയും ടീമിന്റെയും പ്രകടനം. രണ്ട് സമനിലയും ഒരു തോൽവിയും. മുംബൈ സിറ്റിയോടും ഡെൽഹി ഡൈനാമോസിനോടും സമനില വഴങ്ങിയ ടീം കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനോട് തോറ്റു. അ‌തേസമയം, എവേ മത്സരങ്ങളിൽ കുറേക്കൂടി ഭേദമാണ് ടീമിന്റെ പ്രകടനം. രണ്ട് സമനിലയും ഒരു ജയവും. ആദ്യ മത്സരത്തിൽ കൊൽക്കയോടാണ് ജയം. പുണെ സിറ്റിയോടും ജംഷെഡ്പൂരിനോടും സമനിലയും.

സ്വന്തം തട്ടകത്തിലെ ബ്ലാസ്റ്റേഴ്സിന്‍െ ദയനീയ പ്രകടനം ഈ സീസണിൽ ആരംഭിച്ചതല്ല. കൊച്ചിയിൽ കളിച്ച കഴിഞ്ഞ 12 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ടീം വിജയമറിഞ്ഞത്. രണ്ടു ജയങ്ങളും കഴിഞ്ഞ സീസണിൽ. മൂന്നെണ്ണത്തിൽ തോറ്റപ്പോൾ ഏഴു മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ഗോവയ്ക്കെതിരെ ഡേവിഡ് ജെയിംസിന്റെ ടീം ഇന്നിറങ്ങുമ്പോൾ മഴ കാത്തിരിക്കുന്ന വേഴാമ്പലിന്റെ അ‌വസ്ഥയിലാണ് ടീമിന്റെ വിജയത്തിനായി ദാഹിക്കുന്ന ആരാധകർ.

മികച്ച പ്രതിരോധമുണ്ടെങ്കിലും തൊണ്ണൂറു മിനിറ്റും ടീമിന്റെ മികവ് നിലനിർത്താനാകാത്തതും ഫിനിഷിങിലെ പോരായ്മകളുമാണ് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകുന്നത്. മികവുകൾ തേച്ചുമിനുക്കുന്നതിനൊപ്പം പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിലാണ് ഒരു ടീമിന്റെ വിജയ സാധ്യതയെങ്കിൽ ബ്ലാസ്റ്റേഴ്സ് തുടർച്ചയായി ഒരേ പിഴവുകൾ ആവർത്തിക്കുകയാണ് ചെയ്യുന്നത്. എതിരാളികൾക്ക് കൃത്യമായി ടീമിന്റെ ദൗർബല്യങ്ങൾ മുതലെടുക്കാനാകുന്നതും ഇതുകൊണ്ടു തന്നെ.

പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള ടീമാണ് എഫ്സി ഗോവയെന്നത് ബ്ലാസ്റ്റേഴ്സിന് ഇന്ന് കാര്യങ്ങൾ ഒട്ടും എളുപ്പമാക്കില്ല. ആറു മത്സരങ്ങളിൽ നാലെണ്ണത്തിലും ജയിച്ച ഗോവയ്ക്ക് ഒരു സമനിലയും ഒരു തോൽവിയുമുൾപ്പെടെ 13 പോയിന്റുണ്ട്. ഉജ്ജ്വലമായ അ‌റ്റാക്കിങ് ടീമുള്ള ഗോവ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം കൂടിയാണ്. 18 എണ്ണം! അ‌തുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പ്രതിരോധവും ഗോവൻ ആക്രമണ നിരയും തമ്മിലുള്ള പോരാട്ടമാകും കൊച്ചി കാണുക.

മറുഭാഗത്ത് ഗോൾക്ഷാമം നേരിടുന്ന ബ്ലാസ്റ്റേഴ്സ് ആകട്ടെ ആറു മത്സരങ്ങളിൽ അ‌ടിച്ചത് വെറും എട്ടു ഗോളുകൾ. എന്നാൽ, ഏഴു ഗോളുകൾ മാത്രം വഴങ്ങി പ്രതിരോധത്തിലെ ശക്തിയും ബ്ലാസ്റ്റേഴ്സ് തെളിയിച്ചിട്ടുണ്ട്. മറുഭാഗത്ത് ഇതുവരെ 11 ഗോളുകൾ വഴങ്ങിയ ദുർബലമായ ഗോവൻ പ്രതിരോധത്തിലാകും ബ്ലാസ്റ്റേഴ്സിന്റെ കണ്ണ്. അ‌തു മുതലാക്കാൻ സ്ലാവിസയ്ക്കും വിനീതിനുമായാൽ ടീമിന് പ്രതീക്ഷകൾക്ക് വകയുണ്ട്. അ‌വസരങ്ങൾ തുലയ്ക്കുന്ന പതിവു തുടർന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കാത്തിരിപ്പും നീളും.

https://www.azhimukham.com/sports-west-indies-vs-india-twenty-20/

https://www.azhimukham.com/sports-cricket-harmanpreet-kaur-response-century-record/


Next Story

Related Stories