TopTop
Begin typing your search above and press return to search.

ബ്രാഡ്മാനും ലാറയും പിന്നെ കോഹ്ലിയും

ബ്രാഡ്മാനും ലാറയും പിന്നെ കോഹ്ലിയും

സർ ഡൊണാൾഡ് ബ്രാഡ്മാൻ, ബ്രയാൻ ലാറ -ടെസ്റ്റ് ക്രിക്കറ്റെന്നല്ല, ക്രിക്കറ്റ് ഉള്ളിടത്തോളം കാലം സ്മരിക്കപ്പെടുന്ന രണ്ടു പേരുകളാകുമിത്. ടെസ്റ്റ് ക്രിക്കറ്റിൽ മാന്ത്രിക സംഖ്യകൾ സ്വന്തമാക്കിയ രണ്ടുപേർ. 99.94 എന്ന ബാറ്റിങ് ശരാശരിയാണ് ബ്രാഡ്മാന്റെ മാന്ത്രികസംഖ്യയെങ്കിൽ, 400 റൺസെന്ന വ്യക്തിഗത സ്കോർ ലാറയെ വേറിട്ടുനിർത്തുന്നു. ഇപ്പോൾ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്ലിയും ഇവരുടെ പാതയിലാണോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

പരിമിത ഓവർ ക്രിക്കറ്റിലാണ് കോഹ്ലിയുടെ ശക്തിയെന്ന് വിശേഷിപ്പിച്ചിരുന്നതെങ്കിൽ കഴിഞ്ഞ കുറച്ചുകാലത്തിനിടെ പ്രത്യേകിച്ച് നായകനായ ശേഷം കോഹ്ലി ടെസ്റ്റ് ക്രിക്കറ്റും അ‌ടക്കിവാഴുകയാണ്. പ്രതികൂല സാഹചര്യങ്ങളിൽ സടകുടഞ്ഞെഴുന്നേൽക്കുന്ന കോഹ്ലിയുടെ പോരാട്ടവീര്യം ക്രിക്കറ്റ് ലോകം ഇന്നേവരെ കണ്ട ബാറ്റ്സ്മാൻമാരിൽ നിന്നെല്ലാം അ‌ദ്ദേഹത്തെ വേറിട്ടുനിർത്തുന്നു. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റിൽ നേടിയ സെഞ്ച്വറി ഇതിന് അ‌ടിവരയിടുന്നു.

എന്തുകൊണ്ട് ബ്രാഡ്മാനും ലാറയും?

തന്റെ സമകാലികരായ ജോ റൂട്ട്, കെയിൻ വില്ല്യംസൺ, സ്റ്റീവൻ സ്മിത്ത് തുടങ്ങിയവർക്കൊന്നും അ‌വകാശപ്പെടാനില്ലാത്ത സ്ഥിരതയാണ് കോഹ്ലി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും നിലനിർത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ, പുതിയൊരു തലത്തിലുള്ള പ്രകടനമാണ് ഇന്ത്യൻ നായകൻ നടത്തുന്നത്. അ‌ർധസെഞ്ച്വറികൾ സെഞ്ച്വറികളാക്കുന്നതിലും അ‌ത് 150-ലേക്കും 200-ലേക്കും എത്തിക്കുന്നതിലും കോഹ്ലിയ്ക്കുള്ള മിടുക്കിന് ലോകക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഉദാഹരണങ്ങൾ കുറവാണ്.

നിലവിൽ അ‌ർധസെഞ്ച്വറി സെഞ്ച്വറിയാക്കുന്നതിൽ (50-100 ) കോഹ്ലിയ്ക്ക് മുന്നിലുള്ളത് സാക്ഷാൽ ബ്രാഡ്മാൻ മാത്രമാണ്! അ‌ർധസെഞ്ച്വറി പിന്നിട്ട 42ൽ 29 തവണയും ബ്രാഡ്മാൻ സെഞ്ച്വറി നേടിയപ്പോൾ ഇതുവരെ 38 തവണ അർധസെഞ്ച്വറി കടന്ന കോഹ്ലി 22 തവണയും നൂറിലെത്തി. തന്റെ ഒമ്പതാമത്തെ ടെസ്റ്റ് സെഞ്ച്വറിയിലാണ് കോഹ്ലി ആദ്യമായി 150 കടക്കുന്നത്. ഇതുവരെ ആകെ നേടിയത് 22 സെഞ്ച്വറികൾ. തന്റെ കരിയറിന്റെ രണ്ടാം പകുതിയിൽ, അ‌തായാത് 2016 മുതലുള്ള കാലഘട്ടത്തിൽ കോഹ്ലിയുടെ കൺവേർഷൻ റേറ്റ് അ‌തിശയകരമാണ്.

അ‌വസാനത്തെ 11 സെഞ്ച്വറികളെടുത്താൽ (ഇംഗ്ലണ്ടിനെതിരായത് ഉൾപ്പെടെ), ഇതിൽ ആറു തവണയും കോഹ്ലി 200 കടന്നിട്ടുണ്ട്. രണ്ടു തവണ 150തും. ഇതിൽ കുറവ് സ്കോർ നേടിയ രണ്ടുതവണ നോട്ടൗട്ട് ആയിരുന്നു. അ‌തായത് കഴിഞ്ഞ 11 തവണയും സെഞ്ച്വറി പിന്നിട്ടിട്ട് 150 തികയ്ക്കാതെ പുറത്തായത് ഇംഗ്ലണ്ടിനെതിരെ മാത്രമാണ് -149 റൺസ്. ക്യാപ്ടനായ ശേഷം ഏറ്റവും വേഗത്തിൽ 7000 അ‌ന്താരാഷ്ട്ര റൺസ് നേടിയ താരമെന്ന റെക്കോഡും കോഹ്ലി ഈ ഇന്നിങ്സിൽ സ്വന്തമാക്കി. 164 ഇന്നിങ്സിൽ 7000 റൺസ് കടന്ന ബ്രയാൻ ലാറയുടെ റെക്കോഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. ഈ നേട്ടത്തിലെത്താൻ കോഹ്ലിയ്ക്ക് വേണ്ടിവന്നത് വെറും 124 ഇന്നിങ്സ് മാത്രം.

England v India 1st Test Day 2 2018 - Highlightsപൊരുതിനിന്നു കത്തിക്കയറി

കണക്കുകൾ കാണിക്കുംപോലെ അ‌ത്ര എളുപ്പത്തിലായിരുന്നില്ല ബര്‍മിങ്ങാമിൽ കോഹ്ലിയുടെ ഇന്നിങ്സ്. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ പ്രേതം കോഹ്ലിയെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്ന് തോന്നിക്കുന്നതായിരുന്നു തുടക്കം. അ‌ന്ന് 10 ഇന്നിങ്സിൽ 134 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഇതിൽ നാലു തവണ പുറത്താക്കിയത് ജെയിംസ് ആൻഡേഴ്സണും. ഇത്തവ​ണയും പിച്ചിൽ നിന്നും അ‌ന്തരീക്ഷത്തിൽ നിന്നും ഇരുവശത്തേക്കും സ്വിങ് ചെയ്യുന്ന ആൻഡേഴ്സന്റെ പന്തുകൾ കോഹ്ലിയെ കുഴക്കി. പലതവണ പന്ത് എഡ്ജ് ചെയ്ത് സ്ലിപ്പിലേക്കും ഗളളിയിലേക്കും പറന്നു. വ്യക്തിഗത സ്കോർ 21-ൽ നിൽക്കേ കോഹ്ലി നൽകിയ ക്യാച്ച് ഇംഗ്ലണ്ട് നിലത്തിട്ടു.

ഇന്നിങ്സിന്റെ തുടക്കത്തിൽ ഇത്തരം അ‌സ്വസ്ഥത കാണിക്കാറുള്ള കോഹ്ലി പിന്നീട് ക്രീസിൽ നിലയുറപ്പിച്ചു. ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ അ‌നാവശ്യമായി ബാറ്റ് വെക്കാൻ ശ്രമിക്കാതെ ശ്രദ്ധയോകെ കളിച്ചു. പതിയെ 100 പന്തുകളിൽ അ‌ർധസെഞ്ച്വറി പിന്നിട്ടു. ഇതിനിടെ മറുഭാഗത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുന്നുണ്ടായിരുന്നു. എന്നാൽ, സാഹചര്യം കടുക്കുന്തോറും കോഹ്ലിയുടെ മികവുമേറി.

അ‌ർധസെഞ്ച്വറി പിന്നിട്ടതോടെ കോഹ്ലി കുറേക്കൂടി അ‌നായാസമായി കളിച്ചുതുടങ്ങി. അ‌ടുത്ത 72 പന്തിൽ 50 റൺസ് കൂടി നേടിയ കോഹ്ലി പിന്നീടുള്ള 49 റൺസ് നേടാനെടുത്തത് 53 പന്തുകൾ മാത്രം. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് സ്കോറിന് 105 റൺസകലെ എട്ടു വിക്കറ്റിന് 182 റൺസെന്ന നിലയിലായിരുന്ന ടീമിനെ വാലറ്റത്ത് ഇഷാന്ത് ശർമയെയും (5) ഉമേഷ് യാദവിനെയും കൂട്ടുപിടിച്ച് കോഹ്ലി 13 റൺസ് അ‌ടുത്തെത്തിച്ചു. 9, 10 വിക്കറ്റ് കൂട്ടുകെട്ടുകളിൽ 92 റൺസാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. ഇതിൽ ആറു റൺസ് മാത്രമായിരുന്നു കോഹ്ലിയുടെ പങ്കാളികളുടെ സംഭാവന.

തലേന്ന് ഇംഗ്ലീഷ് ക്യാപ്ടൻ ജോ റൂട്ടിനെ റണ്ണൗട്ടാക്കിയ ശേഷം ​മൈക്ക് ഡ്രോപ്പ് ആഘോഷം അ‌നുകരിച്ച​ കോഹ്ലി ബാറ്റിങിനിറങ്ങിയപ്പോൾ കൂക്കുവിളികളോടെയാണ് ഇംഗ്ലീഷ് കാണികൾ സ്വീകരിച്ചതെങ്കിൽ ഉജ്ജ്വലമായ ഇന്നിങ്സ് കാഴ്ചവെച്ച കോഹ്ലിയെ മണിക്കൂറുകൾക്ക് ശേഷം അ‌തേ കാണികൾ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് അ‌ഭിനന്ദിച്ചത്. പ്രതിഭയ്ക്ക് പകരം വെയ്ക്കാൻ മറ്റൊന്നുമില്ലെന്ന് പറയാതെ പറയുകയായിരുന്നു ബര്‍മിങ്ങാമിലെ ക്രിക്കറ്റ് ആരാധകർ.


Next Story

Related Stories