TopTop
Begin typing your search above and press return to search.

സിറ്റി... സിറ്റി... മാഞ്ചസ്റ്റര്‍ സിറ്റി...; പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

സിറ്റി... സിറ്റി... മാഞ്ചസ്റ്റര്‍ സിറ്റി...;  പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍

പ്രീമിയര്‍ ലീഗിലെ അവസാന മത്സരത്തിന് ആദ്യ വിസില്‍ മുഴങ്ങുമ്പോള്‍ ഫുട്‌ബോള്‍ പ്രേമികളുടെ ചങ്കിടിപ്പ് ഇങ്ങനെ വായിക്കാമായിരുന്നു. 37 കളികളില്‍ നിന്ന് 95 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഒറ്റ ജയത്തിലൂടെ തുടര്‍ച്ചയായി രണ്ടാം വട്ടവും കിരീടത്തില്‍ മുത്തമിടാം. എന്നാല്‍ സിറ്റി തളയ്ക്കപ്പെടുകയോ തോല്‍ക്കുകയോ ചെയ്താല്‍? 94 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ക്യാമ്പ് ഒന്ന് സന്തോഷിക്കും. പക്ഷേ, പെപ്പ് ഗുവാര്‍ഡിയോളയുടെ പിള്ളേര്‍ ഒന്നിനും ഇടകൊടുത്തില്ല- ചാമ്പ്യന്മാരായി തന്നെ കപ്പുയര്‍ത്തി. എതിരാളികളായ ബ്രൈട്ടണ്‍ ആന്‍ഡ് ആല്‍ബിയോണിനെ തറപറ്റിച്ചത് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക്. പോയിന്റ് 98. കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ രണ്ടു പോയിന്റ് കുറവ്- അയല്‍ക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു ശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായി കിരിടം നിലനിര്‍ത്തിയ ടീമായി സിറ്റി മാറി.

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ച ലിവര്‍പൂള്‍ ആകട്ടെ, 2-0-ത്തിന് എതിരാളികളായ വോള്‍വര്‍ഹാംപ്റ്റണെ തോല്‍പ്പിച്ച് 97 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.

ഫുട്‌ബോളിന്റെ എല്ലാ അനിശ്ചിതത്വങ്ങളും നിറഞ്ഞ കളിയായിരുന്നു തുടക്കം മുതല്‍ ഇരു ഗ്രൗണ്ടിലും. സിറ്റിക്കെതിരെ ആദ്യ ഗോള്‍ നേടിയത് ബ്രൈട്ടണ്‍. അപ്പുറത്ത് ലിവര്‍പൂളും ഒരു ഗോളിന് മുന്നില്‍. അങ്ങനെ നോക്കിയാല്‍ 27 മിനിറ്റ് വരെ ചാമ്പ്യന്മാരായിരുന്നു ലിവര്‍പൂള്‍. പിന്നെയൊക്കെ മാറിമറിഞ്ഞു. സെര്‍ജിയോ അഗ്വിറോയും അയ്‌മെറിക് ലപോര്‍ട്ടെയും റിയാദ് മെഹ്‌റാസും ഇല്‍ക്കെ ഗുണ്ടോഗനും തുടര്‍ച്ചയായി വല കുലുക്കിയതോടെ പ്രീമിയര്‍ ലീഗ് സിറ്റിയുടെ അലമാരയില്‍ ഭദ്രം.

2002-ല്‍ ആര്‍സനല്‍ നേടിയ റിക്കോര്‍ഡ് തകര്‍ത്തുകൊണ്ട് തുടര്‍ച്ചയായ 14-ാം വിജയം എന്ന റിക്കോര്‍ഡും ഇതോടെ സിറ്റിയുടെ പേരിലായി. എട്ടു സീസണുകളില്‍ നിന്നായി നാലാം കിരീടവും.

4-3-3 എന്ന ക്രമത്തില്‍ സിറ്റി പടയ്ക്കിറങ്ങിയപ്പോള്‍ 4-5-1 ആയിരുന്നു ബ്രൈട്ടന്റേത്. സ്വതസിദ്ധമായ ശൈലിയില്‍ വേഗത്തിലുള്ള പാസുകള്‍ കൊണ്ട് സിറ്റി തുടക്കത്തില്‍ തന്നെ കളം പിടിച്ചെങ്കിലും അവരെ തടഞ്ഞു നിര്‍ത്തുന്നതില്‍ പോയിന്റ് നിലയില്‍ 17-ാം സ്ഥാനത്തുള്ള ബ്രൈട്ടണ്‍ ഒട്ടൊക്കെ വിജയിച്ചു. 27-ാം മിനിറ്റ്. ഒരു കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ഗ്ലെന്‍ മുറെയുടെ ഹെഡര്‍ ഗോളി എഡേഴ്‌സണെ മറികടന്ന് വലയിലേക്ക്. സ്‌കോര്‍ 1-0.

ഈ സമയത്ത്, 17-ാം മിനിറ്റില്‍ ലിവര്‍പൂള്‍ സാഡിയോ മെയ്‌നിലുടെ ലിവര്‍പൂളും അപ്പുറത്ത് മുന്നിലെത്തിയിരുന്നു. അതുവരെ നോക്കിയാല്‍ കപ്പിലേക്ക് ലിവര്‍പൂളിനുള്ള ദൂരം ബ്രൈട്ടന്റെ വല ഇനി കുലുങ്ങാതിരിക്കുക എന്നതു മാത്രമായി.

പക്ഷേ, ബ്രൈട്ടന്റെയും ഒപ്പം ലിവര്‍പൂളിന്റെയും പ്രതീക്ഷകള്‍ പതുക്കെ തകര്‍ന്നു തുടങ്ങൂകയായിരുന്നു. 28-ാം മിനിറ്റില്‍ അഗ്വിറോയിലൂടെ സിറ്റി ഗോള്‍വല ചലിപ്പിച്ചു. സ്‌കോര്‍- 1-1. തിരിച്ചടി ഗോള്‍ പിറന്നത് വെറും 87-മത്തെ സെക്കന്റില്‍.

പിന്നീട് ബ്രൈട്ടന്റെ ദുര്‍ബലമായ പ്രതിരോധത്തിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 38-ാം മിനിറ്റില്‍ താഴ്ന്നു വന്ന കോര്‍ണര്‍ കിക്കില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ലപോര്‍ട്ടെയുടെ തല. പന്ത് വലയില്‍- സ്‌കോര്‍-2-1.

ഇതിനിടയില്‍ ലിവര്‍പൂളിനായി മെയ്‌നെ ഒരു ഗോള്‍ കൂടി നേടി ടീംമേറ്റായ മുഹമ്മദ് സാലെയുടെ 22 ഗോളിനൊപ്പമെത്തിയിരുന്നു. അപ്പോഴും അവര്‍ക്ക് പ്രതീക്ഷകളുണ്ടായിരുന്നു. വോള്‍വര്‍ഹാംപ്റ്റണെ തോല്‍പ്പിക്കുകയും ബ്രൈട്ടണ്‍ സിറ്റിയെ സമനിലയില്‍ പിടിക്കുകയും ചെയ്താല്‍ കിരീട സാധ്യതയുണ്ടായിരുന്നു.

പക്ഷേ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പദ്ധതികള്‍ മറിച്ചായിരുന്നു. അടുത്ത ഗോള്‍ മെഹ്‌റാസിന്റെ വക. 72-ാം മിനിറ്റ്. ബ്രൈട്ടന്റെ പെട്ടിയില്‍ അവസാന ആണിയുമടിച്ച് ഗുണ്ടോഗന്റെ ഫ്രീകിക്ക്. പന്ത് വീണ്ടും വലയില്‍. സ്‌കോര്‍ 4-1.


Next Story

Related Stories