TopTop
Begin typing your search above and press return to search.

ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഫെയര്‍വെല്‍ പാര്‍ട്ടി; മെക്‌സിക്കന്‍ ലോകകപ്പ് ടീം വിവാദത്തില്‍

ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ഫെയര്‍വെല്‍ പാര്‍ട്ടി; മെക്‌സിക്കന്‍ ലോകകപ്പ് ടീം വിവാദത്തില്‍

റഷ്യ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മെക്‌സിക്കന്‍ ടീമിനെ ചുറ്റിപ്പറ്റി പുതിയ വിവാദം. ലോക കപ്പ് മത്സരങ്ങള്‍ക്കായി യാത്ര തിരിക്കുന്നതിനു മുന്നോടിയായി ടീം അംഗങ്ങള്‍ സ്ത്രീ ലൈംഗിക തൊഴിലാളികള്‍ക്കൊപ്പം ആഘോഷം നടത്തി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ടീമിന് നാണക്കേട് ഉണ്ടാക്കിയിരിക്കുന്നത്. ടിവിനോട്ടസ് എന്ന ഗോസിപ്പ് മാഗസിനാണ് മെക്‌സിക്കന്‍ ടീമംഗങ്ങളുടെ പ്രവര്‍ത്തികളുടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ലോകകപ്പ് സ്‌ക്വാഡിലുള്ള കളിക്കാര്‍ മെക്‌സിക്കോ സിറ്റിയിലുള്ള ഒരു സ്വകാര്യയിടത്തില്‍ ഏതാണ്ട് മുപ്പതോളം സ്ത്രീകളുമായി കഴിഞ്ഞ ശനിയാഴ്ച രത്രി ചെലവഴിച്ചു എന്നാണ് മാഗസിന്‍ എഴുതുന്നത്. കളിക്കാര്‍ ഇവിടെ എത്തുന്ന ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത. സ്‌കോട്‌ലാന്‍ഡുമായി നടന്ന മത്സരത്തിലെ വിജയിത്തിനുശേഷമായിരുന്നു കളിക്കാരുടെ ഈ ആഘോഷം.

എന്നാല്‍ ഇത്തരമൊരു പ്രവര്‍ത്തി കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പേരില്‍ ആര്‍ക്കെതിരേയും നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് മെക്‌സിക്കന്‍ ഫുട്‌ബോള്‍ അധികൃതര്‍ പറയുന്നത്. കളിക്കാര്‍ക്ക് അവരുടെ ഒഴിവു സമയം എങ്ങനെ ഉപയോഗിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. കളിക്കാര്‍ അവരുടെ പരിശീലനത്തില്‍ വീഴ്ച്ച വരുത്തിയിട്ടില്ല, ഒഴിവു സമയം എങ്ങനെ ഉപയോഗിക്കണമെന്നത് അവരുടെ ഇഷ്ടമാണ്. ഇക്കാര്യത്തില്‍ ഒരാള്‍ക്കെതിരേയും ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. ഒഴിവ് ദിവസം ഒഴിവ് ദിവസം തന്നെയാണ്. ഒരാളുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ല; മെകിസ്‌ക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഗ്വല്ലെര്‍നോ കന്റ്യു ഈ വാര്‍ത്തയോട് ഇത്തരത്തിലാണ് പ്രതികരിച്ചതെന്ന് മറ്റു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുതിയ വിവാദം തങ്ങളെപ്പറ്റി ഉയരുമ്പോള്‍ മെക്‌സിക്കന്‍ ടീം ഇപ്പോള്‍ കോപ്പന്‍ഹേഗനില്‍ ഡെന്മാര്‍ക്കുമായുള്ള സൗഹൃദ മത്സരത്തിന്റെ തയ്യാറെടുപ്പിലാണുള്ളത്.

അതേസമയം, ഇത്തരം വിവാദങ്ങള്‍ ഇതാദ്യമായല്ല മെക്‌സിക്കന്‍ ടീമിനെതിരേ ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. 2010 സെപ്തംബറില്‍ മോണ്‍ടേറേയില്‍ നടന്നൊരു മത്സരത്തിനുശേഷം സ്ത്രീകള്‍ക്കൊപ്പം പാര്‍ട്ടി ആഘോഷിച്ച കളിക്കാര്‍ക്കെതിരേ നടപടി വന്നിരുന്നു. കളിക്കാരില്‍ നിന്നും പിഴ ഈടാക്കുകയും ഡിഫന്‍ഡര്‍ എഫ്രൈന്‍ യ്വാറെസിനെയും ഫോര്‍വേഡ് കാര്‍ലോസ് വേലയേയും ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

2011 ലെ കോപ്പ അമേരിക്കയില്‍ പങ്കെടുക്കുന്നതിനായി പോകുന്നതിനു മുമ്പായി ഇക്വഡോറിലെ ഒരു ഹോട്ടലിലേക്ക് ലൈംഗിക തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുവരുത്തിയതിനും ഏതാനും കളിക്കാര്‍ക്കെതിരേ വിലക്കും പിഴയും വിധിച്ചിരുന്നു.


Next Story

Related Stories