TopTop
Begin typing your search above and press return to search.

ഗ്രൗണ്ടിലേക്കിറങ്ങുന്നതിന് തൊട്ടു മുമ്പ് വരെ മിതാലി രാജ് ഇത്ര കാര്യമായി ഏത് പുസ്തകമാണ് വായിച്ചിരുന്നത്?

ഗ്രൗണ്ടിലേക്കിറങ്ങുന്നതിന് തൊട്ടു മുമ്പ് വരെ മിതാലി രാജ് ഇത്ര കാര്യമായി ഏത് പുസ്തകമാണ് വായിച്ചിരുന്നത്?

"ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് മൈ എനര്‍ജി" എന്നാണ് 90കളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നമ്മളോട് പറഞ്ഞത്. സച്ചിന്റെ ഊര്‍ജ്ജത്തിന്റെ രഹസ്യം അത് തന്നെയായാരുന്നോ എന്ന് നമുക്ക് അറിയില്ല. ആവാന്‍ സാദ്ധ്യതയില്ല. അതൊരു പരസ്യവാചകം മാത്രം. ഊര്‍ജം നേടാനും കളിയിലെ പിരിമുറുക്കം ഒഴിവാക്കാനും ക്രിക്കറ്റ് താരങ്ങള്‍ക്ക്‌ വ്യത്യസ്ത രീതികളുണ്ടാകും. പാട്ടുകള്‍ കേള്‍ക്കുന്നവരുണ്ടാകാം. മറ്റ് പല വഴികളും തേടുന്നവരുണ്ടാകാം. ചിലര്‍ക്ക് അത് അന്ധവിശ്വാസങ്ങളായിരിക്കാം. എന്നാല്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ഊര്‍ജ്ജം പകരുന്നതും പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കുന്നതും വായനയാണ്. പുരുഷ താരങ്ങളെ പോലെ വിപണി മൂല്യവും പ്രതീക്ഷകളുടെ ഭാരവും സമ്മര്‍ദ്ദവും പിരിമുറുക്കവുമൊന്നും വനിതാ താരങ്ങള്‍ക്ക് ഉണ്ടാവേണ്ട കാര്യം നിലവില്‍ ഇല്ലെങ്കിലും, അവരും ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുന്നവരും ഈ കളിയെ വളരെ ഗൗരവമായി സമീപിക്കുന്നവരുമാണ്.

ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉചിതമായ മറുപടി നല്‍കി അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകരുടെ വായടപ്പിച്ച മിതാലി രാജ് വ്യാപക പ്രശംസ നേടിയിരുന്നു. "ആരാണ് പ്രിയപ്പെട്ട പുരുഷ ക്രിക്കറ്റര്‍?" എന്ന ചോദ്യത്തിന് "നിങ്ങള്‍ ഇതുപോലെ ആരാണ് പ്രിയപ്പെട്ട വനിതാ ക്രിക്കറ്റര്‍ എന്ന് പുരുഷ താരങ്ങളോട് ചോദിക്കാറുണ്ടോ?" എന്നായിരുന്നു മിതാലിയുടെ മറുചോദ്യം. മിതാലിയോട് ചോദ്യം ചോദിച്ചവര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. പുരുഷന്മാരെ പോലെ തന്നെ തങ്ങളും കളിക്കുന്നത്‌ ക്രിക്കറ്റാണെന്ന് മുഖത്തടിച്ച പോലെ പറയുകയായിരുന്നു മിതാലി. പുരുഷന്മാരുടെ ഫുട്‌ബോള്‍ ലോകകപ്പ് ഫിഫ ലോകകപ്പായും പുരുഷന്മാരുടെ ക്രിക്കറ്റ് ലോകകപ്പ് ഐസിസി ലോകകപ്പായും നിലനില്‍ക്കുന്ന കാലത്തോളം വനിതാ ഫുട്‌ബോളിനും വനിതാ ക്രിക്കറ്റിനുമെല്ലാ ഏറെ പരിമിതികളുണ്ടാകും. പുരുഷ ലോകകപ്പിനും വനിതാ ലോകകപ്പിനും ഒരു പോലെ പ്രാധാന്യം ലഭിക്കുന്ന അവസ്ഥ എന്നെങ്കിലും

വന്നുകൂടായ്കയുമില്ല. എന്തായാലും മിതാലി രാജ് താരമായിരിക്കുന്നു.

മുന്‍ ഇന്ത്യന്‍ പുരുഷ ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയെ പോലെ തന്നെ ക്യാപ്റ്റന്‍ കൂളാണ് വനിതാ ടീമിന്റെ ഈ നായികയും. ഡെര്‍ബിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ക്രീസിലിറങ്ങാന്‍ തയ്യാറായി പാഡും കെട്ടി ഒരു പ്ലാസ്റ്റിക് കസേരയില്‍ ഇരിക്കുന്ന മിതാലി കാര്യമായ വായനയില്‍ മുഴുകിയിരിക്കുന്നത് ചാനല്‍ ക്യാമറകള്‍ പിടികൂടിയിരുന്നു. 71 റണ്‍സെടുത്ത മിതാലി തുടര്‍ച്ചയായ ഏഴാം മത്സരത്തിലും അര്‍ദ്ധ സെഞ്ചുറി നേടി. 281 റണ്‍സെടുത്തിരുന്ന ഇന്ത്യ 35 റണ്‍സിനാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഓപ്പണ്‍മാരായ സ്മൃതി മന്ഥാനയും (90) പൂനം റാവതും (86) മികച്ച പ്രകടനം നടത്തി. സ്മൃതിക്കും പൂനത്തിനും മിതാലിക്കും വനിതാ ടീമിനും അഭിനന്ദനങ്ങളുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ട്വീറ്റുമെത്തി.

ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നതിന് തൊട്ടുമുമ്പ് വരെ യാതൊരു ടെന്‍ഷനുമില്ലാതെ പുസ്തക വായനയില്‍ മുഴുകിയിരുന്ന മിതാലി രാജ് ഇത്ര കാര്യമായി ഏത് പുസ്തകമാണ് വായിച്ചിരുന്നത്?. "അത് റൂമിയാണ്" - മിതാലി പറയുന്നു. 13ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോകപ്രശസ്തനായ പേര്‍ഷ്യന്‍ സൂഫി കവി ജലാലുദീന്‍ റൂമി. "റൂമി ജീവിതത്തെ കുറിച്ച് പറയുകയാണ്. അതാണ് വായിച്ചിരുന്നത്". മിതാലി പറഞ്ഞു. 34കാരിയായ മിതാലി രാജ് കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്നു. "കിന്‍ഡില്‍ ഇ റീഡര്‍ ഉപയോഗിക്കാന്‍ കഴിയാത്തത് കൊണ്ട് കോച്ചിനോട് പറഞ്ഞ് പുസ്തകങ്ങള്‍ വാങ്ങി. കിന്‍ഡിലും പുസ്തകങ്ങളുമെല്ലാം പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്".

"ഞങ്ങള്‍ക്ക് പുരുഷ താരങ്ങളെ പോലെ ടെലിവിഷന്‍ പരിഗണനയും ശ്രദ്ധയും കിട്ടാത്തിനാല്‍ അവരുമായി ഏറെ വ്യത്യാസങ്ങളുണ്ട്. ഇപ്പോള്‍ ബിസിസിഐ കുറച്ച് പരിഗണനയൊക്കെ തന്ന് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നടന്ന രണ്ട് പരമ്പരകള്‍ ടിവിയില്‍ സംപ്രേഷണം ചെയ്യപ്പെട്ടു. സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചാരം കിട്ടുന്നുണ്ട്. കോച്ച് തുഷാര്‍ അരോതെയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ടീമിനെ ഏറെ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. തീര്‍ച്ചയായും പുരുഷ ടീമിനെ പിന്തുടരാനും അവര്‍ക്കൊപ്പം എത്താനും തന്നെയാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. എന്നാല്‍ അതിന് വളരെയേറെ ദൂരം പോകേണ്ടതുണ്ട്" - മിതാലി പറഞ്ഞു. ഏതായാലും ഇന്ത്യന്‍ വനിതാ ടീമിന് മാധ്യമശ്രദ്ധ കിട്ടിത്തുടങ്ങിയ സാഹചര്യത്തില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റനോട് എന്നെങ്കിലും മാധ്യമങ്ങള്‍ ചോദിക്കുമായിരിക്കും: "ആരാണ് നിങ്ങള്‍ക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട വനിതാ ക്രിക്കറ്റര്‍" ?


Next Story

Related Stories